
ആകാശത്തിൽ
ഒറ്റച്ചിറകിൽ,
കടലിലൊരു
ചെതുമ്പലിൽ,
മണ്ണിൽ പുതു
നുകപ്പാടിൽ,
മടിയിലമ്മതൻ
കിതപ്പിന്നഗാധ
നീലിമയിൽ!
സ്വപ്നത്തിൽ
സ്വർണരഥത്തിൽ,
സുഷുപ്തിയിൽ
മഞ്ഞ മഞ്ചലിൽ,
ജാഗ്രത്തിൽ
ഉന്തുവണ്ടിയിൽ,
അന്ത്യനിദ്രയിൽ
ദിക്കറിയാതെ
പായും പാമ്പായ്
ഒറ്റ വരമ്പിൽ!
ബാല്യത്തിൽ
പാൽ ചിരിയിൽ,
കൗമാരത്തിൽ
ചൂരൽച്ചൂടിൽ,
യൗവനത്തിൽ
പിന്നിയ മുടിയുടെ
എണ്ണക്കറുപ്പിൽ,
വാർധക്യത്തിൽ
ഊന്നുവടിതൻ
ഊർധ്വനിൽ!
ഘടികാരത്തിൽ
നിലച്ചു മരച്ച
ഒറ്റ സൂചിയിൽ,
കലണ്ടറിൽ
ദുഃഖവെള്ളിയുടെ
കടും ചുവപ്പിൽ
ജാതകത്തിൽ
ജന്മ ശനിതൻ
അപഹാരത്തിൽ!
എങ്ങനെ മായുമീ-
യുന്മാദത്തിൻ
കളിയൂഞ്ഞാലിൽ
മാഞ്ഞുപോയ
കാലത്തിന്റെ
തലവര?









