സ്ത്രീയേ, എനിക്കും നിനക്കും എന്ത്?

‘ഓസപ്പാണോ…?!’

കാലത്തിൻറെ മണൽദേശത്ത്, വരണ്ട വിത്തിൽ വാക്കിൻറെ ജലം വീണ്, ഓർമ്മകൾ നാമ്പിട്ട അമ്മചോദ്യമെന്നിൽ പുഞ്ചിരി പരത്തി. വികൃതിച്ചിരി എന്നതാകും സത്യം. വർഷങ്ങൾ പഴക്കമുള്ള വിടലച്ചിരി.

‘നീ ഒന്ന് ശ്രദ്ധിച്ച് നോക്കിയേ?’ കസേര ശരണമാക്കിയ അപ്പൻ, എഴുപതിൽ പല്ലുകൾ വേർപിരിഞ്ഞുപോയ തൊണ്ണൂറുകളുടെ മോണകൾ കാട്ടി കയ്യടിച്ച് കൂടെച്ചിരിച്ചു. പാതി തളർന്ന വലതുകൈകൊണ്ട് അന്വേഷണത്വരയുടെ തലോടൽ അമ്മ തലയിലേക്ക് കൊണ്ടുപോയി.

‘ഓസപ്പല്ല, ഏതോ പെങ്കൊച്ചാ’. വെളിപാടിൻറെ വികലസ്വരം.

‘ഹ..ഹ..ഹ, പെങ്കൊച്ചിനെ കണ്ട കാഴ്ച്ച! തത്രിക്കാതെ ഒന്നൂടെ നോക്ക് നീ’. വാർദ്ധക്യത്തിൽ കൗമാരച്ചിരി അപ്പനിൽ വീണ്ടും പൊട്ടിക്കീറിയപ്പോൾ വിരലുകൾ ശിരസ്സിലൂടെ ഓടികൊണ്ടേയിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടപോലെ നിന്നു. തലയിലെഴുത്ത് അമ്മയംഗുലികൾ അറിഞ്ഞിട്ടുണ്ടാകുമോ? പിന്നെ, ചിരിക്കുവാനുള്ള ശ്രമം. കാലത്തിൻറെ പോക്കുവെയിലേറ്റ് വാടിപ്പോയ ഇമപൂക്കൾ വിടർന്നു. സജലങ്ങളായ കണ്ണുകൾ വെട്ടിച്ച് അമ്മ പറഞ്ഞു.

‘പെണ്ണല്ല, ഓസപ്പാ, ഓസപ്പ്!’ ഒപ്പം മഴു വീഴുന്ന മരത്തിലെ മരച്ചീളുപോലൊരു ചോദ്യവും കൂടെത്തെറിച്ചു
‘നീയെപ്പളാ കൊച്ചീന്ന് വന്നെ?’

കണ്ടെത്തലിന്റെ പരമാനന്ദത്തിൽ അമ്മ പുരനിറഞ്ഞപ്പോൾ ഒരിക്കൽ ബീഡിപ്പുകയുടെ ആവാസകേന്ദ്രമായിരുന്ന തഴമ്പിച്ച മൂക്കിലൂടെ അപ്പൻ ശ്വാസം എടുത്തുവിട്ടു.

‘പുരോഗമനമുണ്ട്, കഴിഞ്ഞതവണ വന്നപ്പോൾ സ്ക്കൂളീന്ന് എപ്പോ വന്നെന്നല്ലേ ചോയിച്ചേ? അന്ന് മുഴുവൻ ചെറുക്കന്റെ നിക്കർ ഉണങ്ങിയോ? മഴവരുന്നു, പശുവിനെ കണ്ടത്തീന്ന് കേറ്റി കെട്ട്, കോഴിക്കൂടടച്ചോ എന്നൊക്കെയായിരുന്നു പുകില്. ഇപ്പൊ കോഴീം പശുവും ഒക്കെ പോയി, വീട്ടിൽ ടി.വി വന്നടം വരെയായി’.

‘കൊച്ചീന്ന് ഇപ്പൊ വന്നേയുള്ളമ്മേ’. നൽകിയ ഉത്തരം എന്നെ കൊണ്ടുചെന്ന് കുറ്റിയടിച്ച് നിർത്തിയത് പള്ളുരുത്തിയിലാണ്. ശ്രീ ഭവാനീശ്വര മഹാക്ഷേത്രം. നീണ്ടുനിവർന്നു കിടക്കുന്ന മണൽപ്പരപ്പ്. മിന്നാമിന്നിപോലെ നക്ഷത്രങ്ങൾ തെളിയുന്ന രാവ്. കൂട്ടിന് അറന്തപ്പട്ടിണി.

സീബ്രീസ് ലോഡ്‌ജിൽ അന്ന് ഞെളിപിരിയുടെ ഒന്നാം ദിനത്തിൽ കൊച്ചി കോർപറേഷന്റെ ക്ളോറിൻ വെള്ളവും, ലോഡ്‌ജിന്റെ കുഴൽ കിണറ്റിലെ ഉളുമ്പ് വാടയുള്ള ചീഞ്ഞവെള്ളവുംകൊണ്ട് വയർ നിറച്ചു. അതിരാവിലെ മാത്രം മുട്ടിപ്പായി പ്രാർത്ഥിച്ചാൽ ഉത്തരമരുളുന്നതാണ് സർക്കാർ പൈപ്പ്. അത് കഴിഞ്ഞാൽ മധ്യസ്ഥപ്രാർത്ഥനയും മെഴുതിരി കത്തിപ്പും വിഫലം. ദൈവം പാപികളെത്തേടി വന്നെങ്കിലും ദൈവജനത്തിന് പുണ്യവാളന്മാരോടാണ് ഇഷ്ടം. അതിനാൽത്തന്നെ ചീഞ്ഞവെള്ളം കുടിച്ച് വയറും ചീഞ്ഞു. നാളെ ഞായർ. മറ്റെന്നാൾ ശമ്പളം കിട്ടിയേക്കാം. ഇരന്നുവാങ്ങിയ അഡ്വാൻസ് കഴിഞ്ഞ് ഇരുനൂറോ മുന്നൂറോ മാത്രം ബാക്കി കാണും.

രാത്രി. വയർ വല്ലാതെ കുത്തി അസ്വസ്ഥമാക്കുന്ന വേദന. വിശപ്പ് ഉറക്കത്തിൻറെ അന്തകൻ. തളർന്നുറങ്ങാൻ സമ്മതിക്കാതെ തലയ്ക്കുമീതെ കൊച്ചിയുടെ വളർത്തുമക്കൾ മൂളിപ്പറക്കുന്നുണ്ട്. രാഗതാളലയം ഒരുക്കി കാതുകളിൽ വന്ന് തനതായ ഭാഷയിൽ അവ പറയുന്നു; ‘ഒന്ന് പോടാപ്പാ’. ഞാനാകട്ടെ വരത്തനാണ്, കൊച്ചിയുടെ ഞങ്ങ, നിങ്ങ പഠിച്ച് വരുന്നതേയുള്ളൂ. കോർപ്പറേഷന്റെ കുഞ്ഞുങ്ങളോട് മത്സരിച്ച് ജയിക്കുവാനാകാത്തതിനാൽ എണീറ്റ് വാതിൽ തുറന്നു. അടച്ചിട്ട മുറികളുടെ ഇടനാഴി അവധിയായതിനാൽ കാലിയായിക്കിടക്കുകയാണ്. ഏകാന്തനിശയുടെ ഭീതി നെഞ്ചിൽ നെരിപ്പോടായി.

മനുഷ്യനെന്നും ഏകനാണ്; ജനനത്തിലും മരണത്തിലും. വേദന, സുഖം, വിശപ്പ്…. ഒരാളുടെ അവസ്ഥ അതേയളവിൽ മറ്റൊരാൾക്കും പങ്കിടാനാകില്ല. ആശ്വാസമാണ് അപരന് കൊടുക്കാവുന്ന ആകെ ആനന്ദം. ഉമിത്തീനീറ്റലുമായി പുറത്തേക്ക് നടക്കുമ്പോൾ മകരക്കുളിർ ഇരുകൈകളും നീട്ടി വല്ലാതെ ആലിംഗനം നൽകി. ഗേറ്റിന്റെ കരകര ശബ്‌ദം വയറ്റിലെ ശബ്‌ദവുമായി താതാമ്യം പ്രാപിച്ചപ്പോൾ ഓടയിലെ നാറ്റം ഓളമില്ലാതെ ഓടിയെത്തി. പള്ളുരുത്തി വെളിയിലെ വിശാലമായ മണൽപ്പരപ്പിൽ എത്തവേ, തെല്ലകലെ ശിശുനാദത്തിൽ രതിയുടെ വൻമല കയറുവാൻ തയ്യാറായിനിന്ന ആൺപൂച്ച എന്നെക്കണ്ട് കിന്ദമമുനി പാണ്ഡുവിന് നൽകിയ ശാപം പോലെയൊന്ന് ഞരങ്ങി ഇരുട്ടിലേക്കോടി. പോകാതെ നിന്ന പെൺപൂച്ചയെ നോക്കി ചൂളം വിളിച്ചപ്പോൾ ഓടി വന്ന് മുട്ടിയുരുമ്മി അവൾ പ്രാവിനെപ്പോലെ കുറുകി. കന്യകാത്വം നഷ്ടപ്പെട്ടൊരു പത്രത്താൾ വിരിച്ച് ഞാനിരുന്നു.

വാഹനങ്ങൾ ഒഴിഞ്ഞ വീഥി മുന്നിൽ. മൂടിക്കെട്ടി വച്ചിരിക്കുന്ന മൊബൈൽ ഫ്രൂട്സ് കടകൾ. അവസാന കച്ചവടവും കഴിഞ്ഞൊഴിഞ്ഞ രാജു ഹോട്ടൽ. തലോടൽ ഏറ്റപ്പോൾ പൂച്ച മടിയിലേക്ക് നൂണ്ടുകയറി. സത്യംസത്യമായി നിന്നെപ്പോലുള്ളവർ ഒരു ചൂളം വിളിയിൽ വീഴുന്നവരാകുന്നു. ഞാൻ ആകാശത്തെ നക്ഷത്രങ്ങളെയും ഭൂമിയിലെ മണൽത്തരികളെയും മാറിമാറി നോക്കി ആദ്യപിതാവിനോട് ദൈവം കൊടുത്ത വാക്കുകൾ ഓർത്തു. സന്തതി പരമ്പര വാഗ്‌ദാനം നൽകിയപ്പോൾ ദൈവമേ, എന്തുകൊണ്ട് നീ പട്ടിണി കൂടെനൽകി? സ്‌കൂളിൽ ലഭിച്ചിരുന്ന കണക്കിന്റെ ഹോം വർക്കുകൾ പോലെയാണ് ദൈവത്തിനെ ഇടപാടുകൾ. എളുപ്പമുള്ളതെല്ലാം സാറാമ്മ ടീച്ചർ ക്‌ളാസിൽ ചെയ്യും, പ്രയാസമുള്ളത് ഹോംവർക്കിനും തന്നുവിടും. എന്നിട്ടും ടീച്ചറിന് നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം കിട്ടി. വെളിവുകേടിൻറെ വെളിപാടുകൾ. ഹാ! ദൈവമേ, നീയെത്ര അത്ഭുതം!

വയറ്റിലെ ഇരമ്പൽ കേട്ടിട്ടാകണം ഇത്തിരി കഴിഞ്ഞപ്പോൾ പൂച്ചപ്പെണ്ണ് തലവെട്ടിച്ചു. പിന്നെ മടിയിൽനിന്നും പുറത്തേക്ക് എടുത്തുചാടി. കയ്യെത്തും ദൂരെ ഇരുന്ന് തിരിഞ്ഞൊന്ന് നോക്കി. ചന്ദ്രിക ആ കണ്ണുകളിൽ പ്രതിഫലിച്ചു. പട്ടിണിക്കാരന് പ്രണയം അസാധ്യമെന്ന മൊഴിചൊല്ലി അവൾ ഓടി. കണ്ണെത്താദൂരെ കള്ളകാമുകന്മാർ കാത്തിരിക്കുന്നുണ്ടാകാം.

മണിക്കൂറുകൾ…. നിലാവിന് നിറം മഞ്ഞയോ വെള്ളയോ? നക്ഷത്രങ്ങൾ എണ്ണിയെണ്ണി കാഴ്ചമങ്ങി രാവേറെയായ നേരത്ത് നിദ്രയെന്ന കൗശലക്കാരിയായ അഭിസാരിക എന്നെ വട്ടം ചുറ്റിപ്പിടിച്ചു. തിരികെ നടക്കുമ്പോൾ എവിടെനിന്നോ ഇരുമ്പുകല്ലിൽ ദോശമാവ് വീണ വാസന ദേവനർത്തകിമാരെപ്പോലെ മൂക്കിനുമുന്നിൽ അംഗങ്ങൾ ഇളക്കി നൃത്തമാടി. പാപ്പുവിന്റെ തട്ടുകടയാകണം. തട്ടുകടേ, വയറ്റിൽ തട്ടാതെ പോ; ഞാനും കിന്ദമമുനിയെപ്പോലെ ശപിച്ചു.

തിരികെ സീബ്രീസ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ കോർപറേഷൻ പൈപ്പൊന്ന് തുറന്നു നോക്കി. ലോഡ്‌ജിൻറെ നോട്ടക്കാരൻ രാമേട്ടൻ നടക്കുമ്പോൾ പോകുന്ന വായുപോലെ വെടിയും പുകയും. ‘ഒന്ന് പോടാ പണ്ടാറം’, പൈപ്പും പള്ളുവിളിച്ചു. കെട്ട വായു കെട്ടിക്കിടക്കുന്ന മുറിയിലെത്തി ബെഡ്‌ലാംപ് ഓൺചെയ്‌ത്‌ കട്ടിലിൽ കിടന്നു. പശിയുടെ നിശബ്ദതയിൽ വെറുതെ കണ്ണുകളടയ്ക്കുകയല്ലാതെ എന്തുചെയ്യാൻ?

രണ്ടാം ദിനം ഉഷസ്സായി. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സഹമുറിയൻ സതീഷിന്റെ മുഷിഞ്ഞ പാന്റിൽ നിന്നൊരെണ്ണം താഴെവീണ ശബ്‌ദമാണ് പ്രഭാതഭേരി മുഴക്കിയത്. തേനീച്ചകൂട്ടിൽ കല്ലെറിഞ്ഞെന്നവണ്ണം പാന്റിനുള്ളിലെ അന്തേവാസികളായ കൊച്ചികുഞ്ഞുങ്ങൾ ചിതറിപ്പറക്കുന്നു. വയറാകെ പുകയുകയാണ്. തലേദിവസം പിടിച്ചുവച്ച ചീമുട്ടവെള്ളം ഒരുകവിൾ അകത്തേക്ക് വിട്ടപ്പോൾ കോർപ്പറേഷൻ പൈപ്പിന്റെ ബാക്കി വെടിമേളം വയറ്റിലും.

ചുമ്മാ പുതച്ചുകിടന്ന് ഉച്ചയായി. പട്ടിണി, അതെന്താണെന്ന് ഇന്നാണ് അറിയുന്നത്. വായിക്കുവാനും, പാടുവാനും അഭിനയിക്കുവാനും ഏറെ രസം, എന്നാൽ കഥകളിൽ നിന്നും ചീന്തിയെടുത്ത പട്ടിണി രംഗം അനുഭവിക്കുമ്പോൾ ആകെപ്പാടെ എരിച്ചിൽ. അഭിനയവും അനുഭവവും പല ദേശനാണയങ്ങളുടെ വശങ്ങൾ. വെള്ളത്തിനുപോലും രുചി കയ്പാണ്. എന്തെങ്കിലും കഴിക്കാതെ ഇനി പറ്റില്ല. ഇന്നലെ മുഴുവൻ തപ്പി കണ്ടെടുത്ത അമ്പത് പൈസ കയ്യിലുണ്ട്. അതെന്തിന് തികയും? മിനിയാന്നും വേദപുസ്തകം തുറന്നപ്പോൾ വടിവൊത്ത വരികളിൽ കണ്ടു-‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’

സതീഷിന്റെ ഊർന്നുവീണ പാന്റ്സ് തിരികെയിടാൻ എടുത്തപ്പോൾ പോക്കറ്റിൽ കനം. തപ്പിനോക്കിയപ്പോൾ ഒരു രൂപ നാണയമുണ്ട്! പിന്നെ മുഷിഞ്ഞ തുണികൾ മുഴുവൻ കുടഞ്ഞിട്ട് തപ്പി. അമ്പത് പൈസ കൂടി കിട്ടിയപ്പോൾ കീറിയൊരു ടാൻറ്റെക്സ് നിക്കർ എന്നെ കളിയാക്കി കണ്ണിറുക്കുകയാണോ എന്നൊരു ആന്തൽ. വിധവയുടെ ചില്ലിക്കാശിന് സമം മൊത്തം രണ്ട് രൂപയായി. നേരെ ഫ്രാൻസിസ് ചേട്ടൻറെ കടയിലേക്ക് വച്ചുപിടിച്ചു. ‘രണ്ട് സം മൊടക്ക് കിട്ടീട്ട് വീട്ടിപോകാമ്പാടില്ലേ?’ അയാളുടെ ചോദ്യത്തിന്, ‘ഇല്ല യാത്രചെയ്യാൻ മേല, സുഖമില്ല’ എന്നുത്തരം നൽകി കുപ്പിഭരണിയിൽ കയ്യിട്ട് രണ്ട് ജിലേബിയെടുത്ത് നാണയങ്ങൾ നീട്ടി. ബാക്കി…? അയാളുടെ നോട്ടത്തിന് ബാക്കി പിന്നെത്തരാം എന്ന് ആംഗ്യലിപിയിൽ കള്ളയുത്തരം നൽകി നടക്കുമ്പോൾ നാളെ എങ്ങനെ ഇയാളെ വെട്ടിച്ച് ജോലിക്ക് പോകാം എന്നായിരുന്നു സത്യമായും ചിന്ത.

രാത്രി കിടക്കയിൽ മേലോട്ട് നോക്കിക്കിടന്നു. ഒരു ജിലേബി ഉച്ചയ്ക്കും ഒരെണ്ണം രാത്രിയിലും വിശപ്പുരോഗത്തിനുള്ള തുള്ളിമരുന്നു കണക്കെ കഴിച്ചിരുന്നു. ആ കിടപ്പിൽ മുകളിൽ മേൽക്കൂര ഇല്ലാതായി. കൺമുന്നിൽ ആകാശം. മിന്നാമിന്നിപോലെ നക്ഷത്രവെളിച്ചം; അവറ്റകൾ ഭൂമിയെനോക്കി പുഞ്ചിരിക്കുന്നു എന്നൊക്കെ മൃഷ്ടാന്നഭോജനം കഴിഞ്ഞവരുടെ വിടുവായ മാത്രം. സത്യത്തിൽ അവയൊക്കെ ഭൂമിയിലെ പട്ടിണിക്കാരെ പല്ലിളിച്ചു കാണിക്കുകയല്ലേ? ഈ വർണ്ണങ്ങൾ വിതറുന്ന എഴുത്തൊക്കെ കപടസദാചാരമല്ലേ?. ഞാൻ പുണ്യവാനെന്നും മറ്റെല്ലാവനും ചെറ്റയെന്നുമുള്ള സദാചാരമെന്ന ചാരം! എഴുത്താശാന്മാർ വർണ്ണിച്ച് വർണ്ണിച്ചാണ് ഈ ലോകം കുട്ടിച്ചോറായത്. ആത്മരതിയുടെ പാഠശാലകളാകുന്നു എഴുത്തുപുരകൾ. തന്തയ്ക്കു പിറക്കാത്ത വർണ്ണനകൾക്കുനേരെ പശിയടങ്ങാത്ത എൻറെ വയർ കയർത്തു. കൂനമ്മാവ് ലൈബ്രറിയിൽ നിന്നും സഹപ്രവർത്തകൻ ബിജുരാജ് എടുത്തുതന്ന തടിച്ച പുസ്‌തകം വലിച്ചെറിയാനോ കൊച്ചിക്കായലിൽ കല്ലുകെട്ടി താഴ്ത്തുവാനോ തോന്നി. വഴിതെറ്റി കയറിയ വീട്ടിലെന്നപോലെ ഞാനപ്പോൾ മുടിയനായ പുത്രൻറെ മുന്നിലെത്തി. പന്നികൾക്കുള്ള തവിട് കൊതിച്ച് കിടക്കുമ്പോൾ, ദൂരെ തൻറെ ഭവനത്തിൽ ജോലിക്കാർ വയറുനിറയെ കഴിക്കുന്നു! തീന്മേശയിൽ ഞാനും ഒരു മുടിയനായ പുത്രനായിരുന്നില്ലേ? അമ്മ വേവിക്കുന്ന കറികളെല്ലാം പരാതിയിട്ട് വേവിച്ച പോലെയാണ്. ഉപ്പില്ല, എരിവ്കൂടി, കരിഞ്ഞുപോയി…. അപ്പനും ഞാനും പരാതിപെട്ടിയുടെ താക്കോലുകൊണ്ടാണ് കഴിയ്ക്കുവാൻ ഇരിക്കുന്നത്. കൊച്ചിയിൽ ജോലി കിട്ടിയപ്പോൾ അമ്മയുണ്ടാക്കിയ പായസം തട്ടിയെറിഞ്ഞത് ഇപ്പോൾ മരംകൊത്തിയെപ്പോലെ തലങ്ങും വിലങ്ങും….! ചില ഓർമ്മകൾ ചലന്തിവലകളാകുന്നു. പ്രഭാത നടത്തയിൽ അറിയാതെ മുഖത്ത് മരണത്തിന്റെ തണുത്ത അവശിഷ്ടങ്ങൾ കൂടിച്ചേർന്ന് പശപോലെ പറ്റിപ്പിടിക്കും. ഇപ്പോളാകട്ടെ അപ്പൻറെ ഭവനത്തിൽ പരിചാരകർക്ക് നൽകുന്നതെങ്കിലും കൊതിക്കുന്നവനെപ്പോലെ. ആ കിടപ്പിലും ഞാൻ ആലോചിച്ചു – പട്ടിണിയും വെളിവും തന്ന ദൈവമേ, നീയെത്ര അത്ഭുതം!

ഫ്രാൻസിസ് ചേട്ടനെ വെട്ടപ്പെടാതെ രാവിലെ പാടുപെട്ട് ജോലിക്കിറങ്ങി, ചോരനിറമുള്ള ശകടത്തിൽ ചോരനെപ്പോലെയോ ജാരനെപ്പോലെയോ കയറിയിറങ്ങി. കാശില്ലാത്ത കീശയുമായി ടിക്കറ്റ് എടുക്കാതെ ആണുങ്ങളുടെ വാതിലിലൂടെ കയറി പെണ്ണുങ്ങളുടെ വാതിലിലൂടെ ഇറങ്ങുന്ന ആദ്യ യാത്രക്കാരനല്ല ഞാൻ. ഒച്ചിൻറെ വേഗത ശാപമായികിട്ടിയ ഇടക്കൊച്ചി – ഫോർട്ടുകൊച്ചി വണ്ടികളിൽ അല്ലെങ്കിൽത്തന്നെ ടിക്കറ്റെടുപ്പ് ആർഭാടമാകുന്നു. ഓഫീസിൽ ജോസ് സാറിൻറെ എന്തിനെന്നറിയാത്ത തെറിയഭിഷേകത്തോടെ ജോലിപ്രഭാതം പൊട്ടിവിടർന്നു. ഏറ്റവും കുറവ് വേതനം കിട്ടുന്നവനെ ഏറ്റവും കൂടുതൽ വേതനം കിട്ടുന്നവൻ പള്ളൂവിളിക്കുന്നതാണ് മാനേജ്മെന്റ്. അതിൻറെ അവാച്യമായ അനുഭൂതിയുണ്ട് സാറിന്. എന്തായാലും പത്തുമണിയായപ്പോൾ അക്കൗണ്ടന്റ് രജനിച്ചേച്ചിയുടെ ഉടലും ഉയിരും പൂത്തുലഞ്ഞ് അധരങ്ങളിൽ നിന്ന് അറിയിപ്പുയർന്നു ‘സാലറി ഇന്നൊണ്ട്‌ ട്ടാ’.

എലി കരണ്ടത്തിന്റെ മിച്ചമെന്നോണം അഡ്വാൻസ് കഴിച്ച് ബാക്കി കയ്യിലെത്തിയനേരം പട്ടിണി പിന്നെയും വിടലച്ചിരിയായി. ആഞ്ഞടിച്ച കാറ്റിലെ കുളിര് മുന്നിൽ നിറഞ്ഞപ്പോൾ ഉറപ്പിച്ചു; അമ്മയെ കാണണം. എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ എന്നൊന്ന് മനസ്സാ കേഴണം. ഞാൻ നിനക്കും തീന്മേശയ്ക്കും മുന്നിൽ പാപം ചെയ്‌തുപോയി എന്ന് വിലപിക്കണം. പനിയെന്ന് കളവ് പറഞ്ഞ് സാമ്പാർ വിരലുകൾ നെറ്റിയിൽ ഓടിക്കണം. ജോസ് സാറിൻറെ ഭീഷണിപോലും തൃണവൽഗണിച്ച് ഉച്ച കഴിഞ്ഞ് തോപ്പുംപടിയിൽ ചെന്ന് ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ പിടിച്ചു. ഇടക്കൊച്ചിയിൽ സെന്റ്‌ ലോറൻസ് സ്‌കൂളിന് മുമ്പിൽ പതിവില്ലാത്ത ട്രാഫിക്ക്. തേനീച്ചക്കൂട്ടിൽ നിന്നെന്നപോലെ തലകൾ വണ്ടിയിൽനിന്നും നീണ്ടപ്പോൾ തൊട്ടടുത്തിരുന്ന പയ്യൻ വിളിച്ചു കൂവി. ‘മമ്മുക്കാ!?’ അതുകേട്ട് ഞാനും അവൻറെ വിരൽ നീണ്ടയിടത്തേക്ക് മിഴിനട്ടു. സത്യമാണ്, മമ്മൂട്ടി തന്നെ. നിസ്‌കാരം കഴിഞ്ഞ് ഷൂട്ടിങ്ങിനായി ആരാധകരുടെ ഇടയിലൂടെ കൈ ഉയർത്തി, പുഞ്ചിരിച്ച്…. ‘സിനിമയേതാ?’ ആരോ ചോദിച്ചു. പുറത്തേക്ക് കൈവീശികൊണ്ട് പയ്യൻ മറുപടി പറഞ്ഞു. ‘എഴുപുന്നതരകൻ’. കൊട്ടാരം കണക്കെയുള്ള വീടിൻറെ മുറ്റത്തേക്ക് മണ്ണിലെ താരം നടന്നുപോയപ്പോൾ യാത്രാപഥം സുഗമമായി ബസ്സ് വീണ്ടും ഫാസ്റ്റ് പാസഞ്ചറായി.

താണ്ടിയ ദൂരവും വ്യഥകളും വറചട്ടിയിൽ ബാഷ്പീകരിച്ച് പോകുന്ന ജലകണങ്ങൾ കണക്കെയുള്ള നിമിഷമാണ് വീടണയൽ. എരിയുന്ന വയറും പൊരിയുന്ന വികാരങ്ങളുമായി സിമന്റ് ഇളകി മണ്ണിരകൾ കൂടുകെട്ടിയ പടികൾ ചവുട്ടിയപ്പോൾ അറുപത് വാട്സിന്റെ വെട്ടത്തിൽ അമ്മമുഖത്ത് നൂറുവാട്സിന്റെ പ്രകാശം. ശിരസ്സിലൂടെ കോരിയൊഴിച്ച കിണറ്റുവെള്ളത്തിൽ ചകിരിയും ചന്ദ്രികയും വേഴ്ചയിലേർപ്പെട്ട് പതഞ്ഞൊഴുകി ശുദ്ധിവന്നപ്പോൾ അത്താഴ വിളികേട്ടു. അപ്പനൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ കുത്തരിച്ചോറിനും കറികൾക്കും മാസ്മരിക സുഗന്ധം! ആവി പൊന്തുന്ന പാത്രങ്ങളിലെ ആദ്യാനന്ദം. എല്ലാം മേശപ്പുറത്ത് വച്ച് അമ്മ പറഞ്ഞു, ‘നീ വരൂന്ന് അറിയില്ലാരുന്നു’. ഞാൻ ആ മുഖത്തേക്ക് നോക്കി. അറിഞ്ഞിരുന്നെങ്കിൽ…?

സ്റ്റീൽ പാത്രത്തിൽ അമ്മ ചോറിട്ടു. മെഴുക്കുപുരട്ടി, അവിയൽ, പ്രിയപ്പെട്ട അച്ചാർ. അന്നത്തിലൊളിപ്പിച്ച അമ്മസ്‌നേഹം അത്താഴമേശയിൽ. കാഞ്ഞവയറിന് കടലോളം കരുതൽ. അതുവരെ പൊട്ടിക്കിളർക്കാത്ത രസമുകുളങ്ങൾ പ്രാണനീർസ്പർശം അറിഞ്ഞു. പെട്ടന്ന് തിന്നു തീർത്ത് അപ്പൻ കൈകഴുകി. ‘ഫൂ! എന്തൊരു കറിയാടീ ഇത്? ഉപ്പിൻറെ കഴഞ്ച്. അവിയലാണേൽ ള്ളാപിള്ളാര് തൂറ്റിയപോലെ… ഹോ, ചുമ്മാ വാ മെനക്കെടുത്തി’. സ്ഥിരം പല്ലവി പറഞ്ഞ്, വായും കഴുകി, മുണ്ടുകൊണ്ട് മുഖം തുടച്ച് കൈഞൊട്ടവിട്ട് അപ്പൻ പോയി കട്ടിലിലേക്ക് ചാഞ്ഞു. വടിച്ചുനക്കിയ അപ്പൻറെ പാത്രം നോക്കി ഉള്ളിൽ അമർഷം അലയടിക്കവെ ഞാനും എണീറ്റ് മുഖം ശുദ്ധിയാക്കി.

വരാന്തയിലിരുന്നാൽ മുറ്റത്തെ മിന്നാമിന്നികളെ കാണാം. പറക്കുന്ന പ്രകാശമുത്തുകൾ. കവിതയിലെ തൈജസകീടപംക്തി. അതിനപ്പുറം സഹദായുടെ പള്ളിസെമിത്തേരി. ആത്മാവൊഴിഞ്ഞ് മണ്ണും ചിതലും അരിച്ച മരക്കുരിശുകളും ജനനമരണമുദ്രണം പേറിയ മാർബിൾ കല്ലുകളും ചന്ദ്രികയുടെ കുളിർമ പേറുന്നു. കുരിശുകൾ മുത്തി വന്ന കാറ്റ് മുഖത്തടിച്ചപ്പോൾ ഇളം കുളിര് വദനത്തിലും വയറ്റിലും നിറയുകയായി. ആദ്യമായി ഭക്ഷണം കഴിച്ചത് അന്നാണ്. സത്യം; ആദ്യമായി അന്നമുണ്ടദിനം! തീപോലെ വിശപ്പില്ലാത്തപ്പോൾ തീന്മേശയിൽ പൊങ്ങുന്ന തിര അന്നമല്ല, ആർഭാടവും പരാതിയും മാത്രം.

ആരോ എടുത്തെറിഞ്ഞപോലെ മുറ്റത്ത് ഒരു ചെറുചെല്ലി വന്നുവീണു. ചുറ്റും ആത്മഹത്യയുടെ കാരണമന്വേഷിച്ച് ഉറുമ്പുകൾ കൂടി. സഹായിക്കാൻ കൂടിയവർ ശവമഞ്ചൽ ചുമക്കുമ്പോൾ തലയിൽ ഒരു തലോടൽ ചൂട്. സാമ്പാർ മണം! അമ്മ തൊട്ടടുത്ത് മുട്ടിയുരുമ്മിയിരുന്ന് ചോദിച്ചു,

‘ഓസേപ്പേ, പാതിരായ്ക്ക് എന്തോ നോക്കിയിരിക്കുവാ?’ വാക്കുകളുടെ ഇളംകാറ്റ്. അമ്പിളിക്കലയിൽ പുത്തനുടത്ത പുഞ്ചിരി മുഖത്തുപാകി ഞാൻ ആ മടിയിലേക്കൊന്ന് ചാഞ്ഞു. ഇതാണ് അമ്മച്ചൂട്! ഒറ്റ നിമിഷത്തിൽ പിന്നിട്ടത് ഇരുപത്തിരണ്ട് വർഷങ്ങൾ! ചാരവും, ചകിരിയും, അമ്മിക്കല്ലും, തേയ്‌മാനം വരുത്തിയ പരുക്കൻ വിരലുകളുടെ മൃദുലസ്‌പന്ദനം. മുറ്റത്തെ മിന്നാമിനുങ്ങുകളുടെ കാഴ്‌ച്ച കണ്ണിലൂറിയ ജലകണങ്ങൾ തടയിട്ടു. അന്യഗൃഹത്തിൽ പന്നിത്തീറ്റയെങ്കിലും കാംഷിച്ച പുത്രവിലാപം കേണു; ഇനി അന്നം അപമാനമാക്കരുതേ.. ചെറുനെഞ്ചിടിപ്പോടെ ഞാനെൻറെ അമ്മയുടെ കരത്തിൽ അമർത്തിപ്പിടിച്ചു. അപ്പോഴും ചുണ്ടുകളനങ്ങി,

‘ഓസേപ്പേ…നീ കൊച്ചീന്ന് എപ്പളാ വന്നേ?’ ചോദ്യം എന്നിൽ വിറയലാണ് സൃഷ്ടിച്ചത്. ശുഷ്കമായ കൈകളുടെ ചൂടുള്ള ജീവസ്‌പന്ദനം എൻറെ ഞരമ്പുകളിലാകമാനം വൈദ്യുതി കയറ്റിവിട്ടു. തളർച്ചയിലും തിളങ്ങുന്ന ആ കണ്ണുകളിൽ ഞാൻ ദൃഷ്ടിയുറപ്പിച്ചു. ഇതാ ഒരു ദാസി. എന്നെ ചുമന്ന ഉദരം, വളർത്തിയ കൈകൾ, കിടത്തിയ മടിത്തലം, സ്തന്യമൂട്ടിയ മാറ്. കാലത്തിരമാലകളിൽ തകർന്നടിഞ്ഞ് തീരത്തടിഞ്ഞ പൊങ്ങുതടികണക്കെ ഒരു ദേഹം. കത്തിയമരുവാൻ കാംക്ഷിക്കുന്ന മുൾപ്പടർപ്പ്.

മാതൃത്വമാലപ്പടക്കം കത്തിത്തുടങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ കാണുന്നത് എന്നെയാണ്; എന്നെ മാത്രം. സ്പർശനം അറിയുന്നത് എന്റേതാണ്; എന്റെമാത്രം. അപ്പൻറെ ചിരിയും ഓർമ്മകളിലെ മിന്നാമിന്നികളും, ചിതലരിച്ച കുരിശുകളും, പള്ളുരുത്തിയും…. എല്ലാം ചെല്ലിയെ ഉറുമ്പുകൾ താങ്ങിയെടുത്ത് എങ്ങോ കൊണ്ടുപോയപോലെ അപ്രത്യക്ഷമായി. അറിഞ്ഞിട്ടുള്ള ദൈവങ്ങൾ എല്ലാം ആ മാത്രയിൽ അപ്രത്യക്ഷമായപ്പോൾ കൺമുന്നിൽ തെളിയുന്നത് അമ്മയെന്ന ഏകദൈവഭാവം.

കണ്ണുകളടച്ച് ജോസഫ് എന്ന ഞാൻ പുഞ്ചിരിച്ചു. കുഞ്ഞുങ്ങൾ അടഞ്ഞകണ്ണുകളിൽ ചിരിക്കുന്നത് മാലാഖമാരെ കാണുമ്പോളത്രേ! അപ്പോൾ ആത്മ്മാവിൻ ആഴങ്ങൾ നിറയുന്ന വാക്യങ്ങൾ തുടിപ്പോടെ മനസ്സിൽ നിറഞ്ഞു- അമ്മേ, നീയെത്ര മഹാത്ഭുതം!


വര : പ്രസാദ് തോമസ്

സ്ത്രീയേ , എനിക്കും നിനക്കും എന്ത്?: കാനായിലെ കല്യാണവിരുന്നിൽ യേശു അമ്മയോട് ചോദിക്കുന്ന ചോദ്യം (ബൈബിൾ).

കിന്ദമമുനി: സ്ത്രീയുമായി വേഴ്ചയിൽ ഏർപ്പെടുമെന്ന നിമിഷം മരിക്കുമെന്ന് പാണ്ഡുവിന് ശാപം നൽകിയ മുനി (മഹാഭാരതം)

മുടിയനായ പുത്രൻ : യേശു പറഞ്ഞ കഥ (ബൈബിൾ).

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.