” പാലക്കാട് ഗ്രാമം.
തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.
പിന്നെ ദക്ഷിണ ഭാഗം നോക്കി ഒരു പാലത്തൈയ് നട്ടു. ബാക്കി വന്ന തീർത്ഥജലം അതിന്റെ കടയ്ക്കൽ ഒഴിച്ചു. സപ്തഭാഗങ്ങളിലേയ്ക്കും വിരൽ ചൂണ്ടുന്ന ഒരിലയെ എടുത്ത് പതുക്കെ തലോടി. അതിന്റെ അപൂർണ്ണതയോർത്ത് ദുഃഖിച്ചു.
കയ്യൂക്കുള്ളവൻ ഇനിയും വരും.
അന്നായിക്കോട്ടെ പകരം .”
(കെ.കെ.ചന്ദ്രൻ )
ആമ്പല്ലൂരിലെ ഓട്ടുകമ്പനികൾക്കപ്പുറത്ത് ‘കാളിയൻ’ തറവാടിന്റെ മുറ്റത്ത് പരിതപിക്കുന്ന കുടുംബാംഗങ്ങൾക്കിടയിൽ ഞാനും ഫസലും വിറങ്ങലിച്ചു നിന്നു. ചന്ദ്രന്റെ ശരീരം അന്ത്യകർമ്മങ്ങൾക്കായി നിലത്ത് വിരിച്ച വാഴയിലയിലേയ്ക്ക് ഇറക്കിക്കിടത്തവേ തല ഒരു വശത്തേയ്ക്ക് തൂങ്ങി .
ചന്ദ്രൻ ഞങ്ങളെ നോക്കിയതുപോലെ തോന്നി !
ഫസലേ ,എനിക്കിത് കാണാൻ വയ്യ!
ഞാൻ കയ്യിലിരുന്ന .പത്രം കൊണ്ട് മുഖം മറച്ചു .
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ ശരീരത്തെ പട്ടട വിഴുങ്ങും …….
സൈലൻറ് വാലി എന്ന വിഖ്യാത ഡോക്യുമെന്ററിയിലൂടെ കുന്തിപ്പുഴയോരത്തെ നിത്യഹരിത വനങ്ങൾ രാജ്യത്തിന്റെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട കാര്യമൊന്നും ചന്ദ്രൻ ഞങ്ങളോട് പറഞ്ഞിട്ടില്ല . ഡിഗ്രിക്കാലത്തെ വിക്ടോറിയ കോളേജാണ് അയാളിൽ നിറഞ്ഞു നിന്നത്. തസ്റാക്കിലും വടകന്യാപുരത്തും കൊല്ലങ്കോട്ടുമൊക്കെ ഞങ്ങൾ ഒരുമിച്ച് കറങ്ങി നടന്നു. .
പൂന ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്ന കാലത്ത് അയാൾ എനിക്കെഴുതി :
ജോണി, നീ എനിക്കായി കെട്ടാൻ പോകുന്ന ഏറുമാടത്തിന് ഒരു മൂവി ക്യാമറയുടെ ഭാരം കൂടി താങ്ങാനാവുമോ?
ഒരിക്കൽ’ ഉപ്പി’ന്റെ സംവിധായകൻ പവിത്രനുമായി ഒരു പാതിരയ്ക്ക് മാലൂർ കുന്നിലെ എന്റെ ക്വാർട്ടേഴ്സിൽ കയറി വന്നു .
പവിയ്ക്ക് എന്നെ പരിചയപ്പെടുത്തിയത് ,ഇങ്ങനെയാണ്.
കേട്ടോ പവീ, ഇവനുണ്ടല്ലോ ഇവനാണ് വയനാടിന്റെ കന്മദം. ഈ ജോണി ഒരൊറ്റ ഇടിയിടിച്ചാൽ മാലൂർ കുന്നിലെ കോൺക്രീറ്റ് കോട്ടകൾ മുഴുവൻ ഇടിഞ്ഞു വീഴും!
(തൊട്ടടുത്ത ബാച്ചലേഴ്‌സ് ക്വാർട്ടേഴ്‌സിൽ വെച്ചായിരുന്നു അടിയന്തിരാവസ്ഥയിൽ രാജനെ ചോദ്യം ചെയ്തത്)
രാത്രിയിലെ എന്റെ അപൂർവ്വ സന്ദർശകരുടെ കാറലും കൂവലും കേട്ട് ചുറ്റുപാടുമുള്ള പോലീസ് ബ്ലോക്കുകളിൽ വിളക്കുകൾ തെളിയുകയായി.
നീ ഒന്ന് ശ്രദ്ധിച്ചു നോക്ക് ചന്ദ്രാ , രാജന്റെ കരച്ചിൽ കേൾക്കുന്നില്ലേ?
പവി മൂന്നാം നിലയുടെ ടെറസിലേയ്ക്ക് വലിഞ്ഞു കേറുകയാണ്.
അപ്പുറത്തെ ജാലകങ്ങൾക്ക് പിന്നിൽ ആരൊക്കെയോ അടക്കിച്ചിരിച്ചു……….
പവിയുടെ മനോഹരമായ നീളൻ മുടി യേശുക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്നു.
കടന്നു പോയവരാരും മനസ്സിൽ നിന്നു മാഞ്ഞു പോകുന്നില്ല.
എടോ ജോണീ, തന്നെ ഓർമ്മിക്കാൻ ഞാനൊരു വിദ്യ കണ്ടിട്ടുണ്ട്. തന്റെ ‘ ഗ്രാന്റ് കാന്യൺ ‘ ഞാൻ ടെലിഫിലിമാക്കാൻ പോവുകയാണ് .അതിൽ നമ്മൾ എല്ലാവരുമുണ്ട്. നമ്മുടെ പ്രതീക്ഷകളും നൈരാശ്യങ്ങളും ആത്മഹർഷങ്ങളും എല്ലാമുണ്ട്.
പക്ഷെ അത് നടന്നില്ല. എഴുതി വന്നപ്പോൾ തിരക്കഥ പടർന്ന് പന്തലിച്ച് ക്യാൻവാസിൽ കൊള്ളാതായി . അങ്ങനെ അതവിടെ ഉപേക്ഷിച്ചു !
ആദ്യം പവിത്രൻ പോയി.
പവിത്രനു ശേഷം തുടങ്ങി വെച്ചതെല്ലാം ബാക്കിയാക്കി ചന്ദ്രനും പോയി…
സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമ്മകൾ കെട്ടു പൊട്ടുന്നത് ഉഷ്ണക്കാറ്റടിച്ചു നിൽക്കുന്ന ആ പാലക്കാടൻ കോളേജിലാണ്.
മീറ്റർ ഗേജ് തീവണ്ടിയും കുതിരകളെ പൂട്ടിയ ജഡ്ക്കയും പാലക്കാടിന്റെ മുഖ മുദ്രയാണ്. അക്കാലത്ത് കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജായിരുന്നു വിക്ടോറിയ . ഒരു പകൽ മുഴുവൻ നീളുന്ന യാത്രയുടെ അവസാന ഘട്ടത്തിലാണ് ഞാൻ കോളേജിന്റെ മുമ്പിൽ ബസ്സിറങ്ങിക്കൊണ്ടിരുന്നത്. അതു കൊണ്ട് വിക്ടോറിയ ഒരു വിദൂരഗ്രഹമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സമയത്തെ അളന്നു തള്ളുന്ന അതിന്റെ ടവ്വർ ക്ലോക്കായിരുന്നു ഏറെ ആകർഷകം. കഴുതകൾ മേയുന്ന പുൽമൈതാനവും മൈതാന മദ്ധ്യത്തിലെ റെയിൻ ട്രീയും തൊട്ടടുത്ത് കിടക്കുന്ന റൈഫിൾ റെയിഞ്ചും അപ്പുറത്തെ കരിമ്പിൻ തോട്ടവും ഒന്നും മാറിയിട്ടില്ല . പിണ്ഡ തൈലം മണക്കുന്ന കല്പാത്തി തെരുവുകളും കാനായിയുടെ യക്ഷിയും ശേഖനീ പുരത്തെ പാടങ്ങൾ നോക്കി നിൽക്കുന്ന രാജ് ടാക്കീസും അതിനൊരു പ്രാചീന സൗന്ദര്യം നൽകി.
ഈ പ്രാഗ് സ്മരണകളിൽ നിന്നാണ് ഒരുമിച്ച് പഠിച്ചിരുന്ന എല്ലാവരേയും ഒരിക്കൽക്കൂടി കാണണമെന്ന ആഗ്രഹം മുളപൊട്ടുന്നത്. ഓർക്കാപ്പുറത്ത് എങ്ങുനിന്നോ ഊർന്നു വീഴുന്ന ആ നിമിഷങ്ങളെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാൻ കഴിയുക! .ചെറിയൊരു കാലഘട്ടമൊന്നുമല്ല, അരനൂറ്റാണ്ടിന്റെ മൗനവും വിഴുങ്ങിയിട്ടാണ് ഈ കക്ഷികൾ എല്ലാവരും വരുന്നതെന്നോർക്കണം! ആ ത്രില്ലറിയണമെങ്കിൽ ഇതൊന്നു നേരിൽ കാണുക തന്നെ വേണം.
ഞങ്ങളുടെ പുന:സമാഗമത്തെക്കുറിച്ച് എനിക്ക് യാതൊരൈഡിയയുമില്ലായിരുന്നു. എനിക്കെന്നല്ല, ആർക്കും !
കണ്ടമാത്രയിൽത്തന്നെ പഴയ ചങ്ങാതിയെ കടന്നുപിടിച്ച് ആ ഞായറാഴ്ച വെയിലിനെ വകവെയ്ക്കാതെ മണിക്കൂറുകളോളം അവർ ഹാളിലേയ്ക്ക് കടന്നിരിക്കാൻ കൂട്ടാക്കിയതേയില്ല ! ഹാളിൽ കയറിയിട്ടും കയ്യിൽ കിട്ടിയ കസേരകൾ വലിച്ചിട്ട് കാലം ഒരു ഫോസ്സിൽ പോലെ സൂക്ഷിച്ചു
വെച്ച ആ മൂന്നു വർഷങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു തുടങ്ങി ………
കൺവീനർ മൈക്കിലൂടെയും നേരിട്ടും പറയുന്നതൊന്നും കുട്ടികൾ അനുസരിക്കുന്നില്ല. മാധവരാജ ക്ലബ്ബിലെ പിൻ ബഞ്ചുകാർ നേരിയ ചിരിയോടെ എല്ലാം ആസ്വദിച്ചു കൊണ്ടിരുന്നു.
ഈ സിരാ സന്ധിയിൽ അതാ കടന്നു വരുന്നു സഹദേവൻ !
ഇന്ത്യാവിഷനിലെ 24 ഫ്രെയിംസും സഫാരിയിലെ രണ്ടാം ലോകമഹായുദ്ധവും നയിച്ച സഹദേവനെ മൈക്രോഫോൺ ഏല്പിച്ച് ഞാൻ കേക്ക് മുറിക്കാനോടി…..
48 വർഷത്തിന്റെ ഏകാന്തതയെക്കുറിച്ച് നിസ്സങ്കോചം സംസാരിക്കാൻ ഞാൻ എല്ലാവരോടും ആവശ്യപ്പെട്ടു. ജീവിതത്തെ സംബന്ധിക്കുന്ന എന്തു സന്ദേശമാണ് വിക്ടോറിയ നിങ്ങൾക്ക് തന്നത്? നിങ്ങൾ ആരായിത്തീർന്നു? എന്നിട്ട് എവിടം വരെയെത്തി ? നിങ്ങളുടെ ഇന്നത്തെ നിലപാടുകൾക്കും ആദർശങ്ങൾക്കും പിന്നിൽ ഈ കോളേജിന്റെ സ്വാധീനമു ണ്ടോ? ഇത്രയും കാര്യങ്ങളാണ് എനിക്ക് ചോദിക്കാനുണ്ടായിരുന്നത്.
ചടങ്ങിൽ ഉടനീളം യാതൊന്നും തന്റെ മനസ്സിനെ ഉലയ്ക്കില്ലെന്ന് വിളിച്ചോതുന്ന മുഖവുമായി ഒരു താപസന്റ ശാന്തതയോടെ കോങ്ങാട് കേസ്സിൽ ശിക്ഷ കഴിഞ്ഞു വന്ന ചാക്കോ ഇരിക്കുന്നതു കണ്ടു.
ജില്ലാ ജഡ്ജിയായിരുന്ന ചെന്താമരാക്ഷൻ.
പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന സച്ചിദാനന്ദൻ.
കോങ്ങാട് പ്രതിയെ ജയിലിലേയ്ക്കു എസ് കോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട ഞാൻ – ഓർത്തുവെച്ചോളു , ഇത്തരം ഒരാകസ്മികത ജീവിതത്തിൽ ഇനി സംഭവിച്ചെന്നു വരില്ല !
തൃശൂർ എം.പി.ജയദേവൻ സംസാരിക്കാൻ എണീറ്റു. കോങ്ങാട് സംഭവത്തെപ്രതി പോലീസ് വിദ്യാർത്ഥി നേതാവായിരുന്ന അദ്ദേഹത്തേയും ചോദ്യം ചെയ്യാൻ കൊണ്ടുപോയി. തല്ലിച്ചതച്ച് രണ്ടാഴ്ച സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ട് കിടത്തി. നരകയാതനയിൽ പബ്ലിക്ക് ടാപ്പിനടിയിൽ ഇരുത്തി പൈപ്പിൽ നിന്നും വെള്ളം ചീറ്റിച്ചു ശ്വാസം മുട്ടിച്ചു. ഒട്ടും ശബ്ദമിടറാതെ യാതൊരു ചാഞ്ചല്യവും കൂടാതെ ജയദേവൻ അക്കാലത്തെക്കുറിച്ച് പറയുമ്പോൾ പലരുടേയും കണ്ണു നിറഞ്ഞു ……
അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ ഒരാളുണ്ടായിരുന്നു അക്കൂട്ടത്തിൽ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന പാലക്കാട്ടെ എലപ്പുള്ളിയിൽ നിന്നുള്ള രമേശ് നാരായണൻ. ഇറാഖ് യുദ്ധകാലത്ത് അവിടെയുള്ള ഇന്ത്യൻ സ്ഥാനപതി പലായനം ചെയ്തപ്പോൾ ആ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വന്ന രമേശ് ഇറാഖിൽ കുടുങ്ങിപ്പോയ പതിനായിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. സദ്ദാം ഹുസ്സൈൻ വ്യക്തി ബന്ധം പുലർത്തിപ്പോന്ന നാലോ അഞ്ചോ രാജ്യതന്ത്രജ്ഞരിൽ ഒരാളായിരുന്നു രമേശ്. യുദ്ധത്തിനിടയിലെ നെഞ്ചുകീറുന്ന ഡിപ്ളൊമാറ്റിക്ക് പ്രതിസന്ധികളെക്കുറിച്ചൊക്കെ രമേഷിന് വളരെയധികം പറയാനുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.
2018 ജൂൺ 24-ന്റെ ഒത്തു ചേരലിന് ക്ഷണിച്ചു കൊണ്ടുള്ള എന്റെ ഫോൺ സന്ദേശം എത്തുമ്പോൾ കോഴിക്കോട്ടെ വസതിയിലുള്ള രമേശ് അത്യാസന്ന നിലയിലായിരുന്നു. വരാൻ പറ്റുമെന്നു തോന്നുന്നില്ല , നേർത്ത ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. എങ്കിലും ആ പഴയ കാലത്തിന്റെ ഓർമ്മകൾ വീണ്ടെടുക്കാൻ സുഹൃത്തായ ജയറാമിനോട് അല്പനേരം ഫോണിൽ ഒന്ന് സംസാരിക്കണമെന്ന ഒരാഗ്രഹം മാത്രമേ ആ നിമിഷം അദ്ദേഹം പ്രകടിപ്പിച്ചുള്ളു.
മൂന്നാഴ്ചകഴിഞ്ഞ് രമേശ് മരിച്ചു !
വിക്ടോറിയ ഞങ്ങളുടെ ആത്മാവിലെ നോവാണ്.
ജീവിതത്തിൽ ഏറ്റവുമധികം കഷ്ടപ്പെട്ട കാലത്താണ് ഞങ്ങൾ എല്ലാവരും അവിടെ പഠിക്കാനെത്തുന്നത്. രാഷ്ട്രീയത്തിന്റേയും പാഠപുസ്തകങ്ങളുടേയും പുതിയ അവബോധത്തിന്റെ വെളിച്ചത്തിൽ ജീവിതാനുഭവങ്ങളുടെ മാറിയ അർത്ഥങ്ങൾ തേടിപ്പോകുന്നതും അവിടെ വെച്ചാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ജൂബിലി പാരിതോഷികമായി വാഴ്ത്തപ്പെടുന്ന വിക്ടോറിയ കോളേജ് ഒന്നര നൂറ്റാണ്ട് പിന്നിട്ടു എന്ന് വിശ്വസിക്കാനാവുന്നില്ല. കിഴക്കൻ മല കടന്നു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റിൽ കാലത്തെ അളന്നു കുറിച്ച് അക്ഷര വെളിച്ചം പരത്തി അവൾ തലയുയർത്തി നിൽക്കുന്നു.