വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്

വരവിളി

അന്നം തികയ്ക്കുവാനമ്മ
അന്നപൂര്‍ണ്ണേശ്വരി നാമം…
നീയെന്‍റെ കോലവും കെട്ടി
വെട്ടി വിഴുങ്ങി നീ തോറ്റം
ദുര്‍ബാധയെന്നു വിളിച്ചു.
നീ തന്നെ *വേഷങ്ങള്‍കെട്ടി
നീ തന്നെ വേഷങ്ങളാടി
ചാലിച്ചെടുത്തു നിറങ്ങള്‍
മേലാകെ കോരി നിറച്ചൂ..
രക്തം കുടിച്ചു മദിച്ചു
രക്തശ്വേരിയെന്നലറി…
വായ്ത്താരി കൊണ്ടു മയക്കി
കാലബോധത്തെക്കുരുക്കി
നായ്ക്കോലമായ് നീ കുരച്ചു
പേപ്പിശാചെന്നെന്നെയാട്ടി…
മൂന്നു ലോകങ്ങള്‍ക്ക് നീ മൂര്‍ത്തി
മൂന്നു **പുടങ്ങള്‍ മൊഴിഞ്ഞു
കര്‍മ്മവും ക്രിയയും നീയേ
ഞാനോ തിരുവുടല്‍ കാഴ്ച…
നിനക്കുഞാനംബരയക്ഷി
ഊരിന്‍വരവിളിക്കോലം
കര്‍മ്മത്തിന്‍മേല്‍ നീ കഴുകന്‍
ക്രിയയ്ക്കുമേല്‍ നീ കുറുക്കന്‍
എകിറില്‍ കണ്ടു നിന്‍ മായ
അഗ്നിശുദ്ധിക്കെന്നെ തള്ളി
തീക്കുഴിച്ചാലില്‍ നീ തുള്ളി
കെട്ടുപന്തങ്ങള്‍ വിറച്ചു
കെട്ടകാലത്തിന്‍റെ അഗ്നി
കുത്തുപന്തമായ് പുണര്‍ന്നു…
നൊന്ത കാലത്തിന്‍റെ സ്വസ്തി….

*മാട്ടൂല്‍ ദേവക്കൂത്ത് ഒഴികെ എല്ലാ തെയ്യങ്ങളും കെട്ടിയാടുന്നത് പുരുഷന്മാരാണ്,
**ത്രിപുടം – ജ്ഞാതാവ്,ജ്ഞാനം,ജ്ഞേയം

നാരീവ്യഥ

‘അമ്മേ’ വിളിയിലെന്തര്‍ത്ഥം
അമ്മക്ക് പര്യായമെന്ത് ശബ്ദം…?

വന്നുപോയകാലങ്ങളില്‍
ധന്യനിമിഷമേതമ്മേ…
വന്നുപോയ ഋതുക്കളില്‍
കനിവിന്‍കാലമേതമ്മേ….
ആരാഞ്ഞില്ലെന്‍ മനോഗതം
താരാട്ടില്‍ കരസ്പര്‍ശത്തില്‍;
ഇല്ല അതിന്‍ ശ്രുതിലയം
നീ മയങ്ങും ബ്രഹ്മചിന്തയില്‍….
ഉണ്ടൊരുലോകമപ്പുറം
വിണ്ടുകീറിയ മണ്ണില്ല
പേറ്റുനോവേറ്റ പെണ്ണില്ല
നാരീശാപപ്പേടി വേണ്ട
വെള്ളിപൂരാട,കണ്ടക-
ശനിപ്പിറവിയുമില്ല….
കര്‍മ്മബന്ധക്കുരുക്കില്ല
കാലചക്രക്കുരിശില്ല
പഞ്ചഭൂതഭ്രമം വേണ്ട
കടം വീട്ടാന്‍ ഓര്‍മ വേണ്ട
കല്ലുവെച്ച നുണ വേണ്ട
കര്‍മ്മദോഷപ്പൊരുള്‍ വേണ്ട
ജ്ഞാനഭാരച്ചുമട് വേണ്ട
ജ്ഞാനസ്നാനംനോറ്റഗ്നിയില്‍-
കോര്‍ത്തകൈകള്‍വിട്ടുപോവുക
നിന്‍റെ ചിന്തയ്ക്കു മംഗളം….
സ്വാര്‍ത്ഥം നിനക്കു പരബ്രഹ്മം
വ്യര്‍ഥമെനിക്കതിന്‍ പൊരുള്‍
എത്ര സഞ്ചാരപാതകള്‍
മുക്തിമാര്‍ഗ്ഗം നിന്‍റെ മുന്നില്‍
ബ്രഹ്മശൃംഗപ്പുറത്തേറാന്‍
നിന്‍റെ ചിന്തയ്ക്കുമംഗളം…….
കാലഭേദക്കടല്‍ക്കാഴ്ച
ജ്ഞാനത്തിലില്ലതിന്‍ തേര്‍ച്ച
ദാഹം വിശപ്പതിന്‍ നോവും
ഞാനുള്ള സത്യം നീയോര്‍ത്തോ?
ഹൃത്തില്‍ നിനക്കു ഞാനന്യ?
മര്‍ത്യാരവത്തില്‍ നീ ധന്യന്‍…

‘ഗുരുവോ പുല്ലിംഗശബ്ദം
ജ്ഞാനതൃഷ്ണയ്ക്ക് നീയധിപന്‍
ഉപ്പിന്‍റെ രുചി ഞാന്‍ പകര്‍ന്നു
നാവതിന്‍ ധര്‍മ്മം വെടിഞ്ഞു…

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്