ഞാനക്കുറൾ – 16

കാടും പടലും വലിച്ചുകെട്ടിയെന്തോ കണ്ണുകുത്തുപുരയുടെ നേരെ ഇരച്ചുകയറിവരുന്നതു കണ്ട് ഇരവി ആദ്യം ഒന്നുപകച്ചു. വരുന്നതിന്റെ മുഖത്തും ദേഹത്തും എല്ലാം കാടു പിടിച്ചിരുന്നു. അത് ഏതോ മോട്ടോ൪ വാഹനമാണെന്ന് ഇരമ്പം വ്യക്തമാക്കി. അതിന് പുറക്കാവിലെവിടെയാണ് അത്തരം വാഹനങ്ങൾ. ഊടുവഴികളിലൂടെയും പോകാൻ സാധിക്കുന്ന ഓട്ടോറിക്ഷകൾ പോലുള്ളതൊക്കെ പാലക്കാട്ടും മറ്റും കണ്ടിട്ടുണ്ട്. പുറക്കാവിലെ ഊടുവഴികളിൽ ഏറിവന്നാൽ കുതിരവണ്ടി. അതുപോലും ആ൪ക്കുമുള്ളതായി കേട്ടിട്ടില്ല.

എന്നാൽ, അത് ഒരു മോട്ടോ൪ വാഹനം തന്നെയായിരുന്നു. ചായ്പ്പിന്റെ തൊടിക്കപ്പുറം അതു കിതച്ചു നിന്നു. അയ്യാത്തൻ അതിൽ നിന്നു പുറത്തിറങ്ങുന്നതു കണ്ടപ്പോൾ ഇരവിക്ക് അദ്ഭുതമൊന്നും തോന്നിയില്ല. അയാൾ വരാനിരിക്കുന്ന ഏതോ കാലത്തു നിന്നു പ്രത്യക്ഷപ്പെട്ടതാണെന്നാണു തോന്നിയത്. അയ്യാത്തൻ കാടും പടലും ഇളക്കി ദൂരെക്കളഞ്ഞു. അപ്പോഴത് ഒരു ആംബുലൻസായി ഇരവിക്കു വെളിപ്പെട്ടു.

അയ്യാത്തൻ ഏതോ അപകടത്തിൽ പെട്ടുവോ എന്നയാൾ തിടുക്കപ്പെട്ടില്ല. ഒരു കാര്യം ഉറപ്പായി. അയ്യാത്തൻ വരാനിരിക്കുന്ന കാലത്തു നിന്നുള്ള വരവാണ്. ഡ്രൈവ൪ സീറ്റിൽ നിന്ന് ഒരാളിറങ്ങി..അയാളെ അപ്പോഴും അവണീഷ് മണക്കുന്നുണ്ടായിരുന്നു.

“ മേഷ്ട്രരേ…യിത് യാരെന്ന് തെരിയ്മാ…?” വന്ന പാടെ അയ്യാത്തനു ചോദ്യമായിരുന്നു.

“ അത് അന്ത ആംബുലൻസോട ഡ്രൈവ൪…”

“ യെവൻ സാദാരണമാന ഡൈവറല്ലൈ…പൂമിയിലേ ശാവ്കളെ സുമന്തു ചെല്ല്ം നൻപൻ…”

“ അതെപ്പടി…”

“ ഡെഡ് ബാഡി മട്ടും…” അയ്യാത്തന് ആ വാക്ക് കതിരവനിൽ നിന്നു കിട്ടിയതായിരുന്നു.

“ യാര്മില്ലാത്തവരിക്ക്ം യെവൻ തൊണൈ….” ഇരവി പറഞ്ഞു.

“ അത് മട്ടുമല്ലൈ….ഇന്ത കതിരവൻ വന്ത് കറുപ്പയ്യനുക്ക് പേരൻ..”

ആ ഒരു മേൽവിലാസം ഇരവിക്ക് അത്ര പെട്ടെന്നു പിടികിട്ടിയില്ല.

കതിരവൻ പറഞ്ഞു… “ മുമ്പേ ഇങ്കേ ഒര് മന്ഷനാക്ക്ം.. കറുപ്പയ്യൻ. അയാളട കൊച്ചുമകൻ…”

അയ്യാത്തൻ അതു വിശദമായി പറയാനിരിക്കുകയായിരുന്നു ഇരവിയോട്. മുമ്പ്…വളരെക്കാലം മുമ്പ് പുറക്കാവിൽ ഉണ്ടായിരുന്ന കറുപ്പയ്യനെക്കുറിച്ച്. പനകേറ്റക്കാരൻ കറുപ്പു..അലിയാരുടെ ചായക്കടയ്ക്കു മുന്നിലെ അത്താണിപ്പുറത്തു കെണി പറഞ്ഞുകുത്തിയിരുന്നിരുന്ന കറുപ്പുവല്ല. മറിച്ച്, മാറിലും കൈയ്പ്പടങ്ങളിലും പൊന്നൈരിന്റെ തടങ്ങൾ പോലെ തഴമ്പുകെട്ടിയ ചെത്തുകാരൻ.

പിന്നെ ഒച്ച കുറച്ച് അയ്യാത്തൻ ഇരവിയോടു മാത്രമായി പറഞ്ഞു. “ അത് മാത്രമല്ല…ഇന്ത പുറക്കാവിലെ കാമദേവനാക്ക്ം…”

അതുകഴിഞ്ഞ് ഉറക്കെപ്പറഞ്ഞു… “ ഇങ്കേ പണ്ട് ഒര് കോണെഴ്ത്ത്ക്ക് ഷ്കോള് വന്തതിന് ഒര് കാരണം അന്ത കറുപ്പുവിന് താൻ…” എന്നാൽ, അതിന്റെ കാരണമറിയാതെ കതിരവൻ നിന്നു. ഇരവി എല്ലാം കേട്ടും കണ്ടും തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…

“ യെവൻ ഇപ്പോത് ശെത്ത്ം കുത്ത്മെല്ലം വിട്ടിട്ട് ആമ്പുലൻസ് ഓടിച്ച് രസിക്കറേ…”

എന്നാൽ, അതു നന്നായി എന്ന അഭിപ്രായക്കാരനായിരുന്നു അയ്യാത്തൻ. വെറുതേയല്ല. മേഷ്ട്രര് പറഞ്ഞതുപോലെ ആരുമില്ലാത്തവ൪ക്ക് ഒരു തുണ..അതു വലിയ കാര്യമല്ലേ…

“ ചാവ്കൾക്ക് ഇന്ത വണ്ടീലേ ഫ്രീ…” ആ വാക്കും അയ്യാത്തനു കതിരവനിൽ നിന്നു തന്നെ കിട്ടിയതായിരുന്നു. “ വഴീലേ എന്ന പാത്താച്ച്. കറുപ്പച്ചനോട നെര്പ്പം, ഓട്ടം ഫ്രീ…”

അയ്യാത്തൻ വലിയ വായിലേ ചിരിച്ചു. “ ആനാല് നാൻ ഇപ്പോത്ം ഉയിരോടയൻ ഉള്ളത്…ചതല്ം അല്ലൈ..”

അയാൾ പറയുന്നതിൽ പിന്നെയും പറയാത്ത കഥകളുണ്ടെന്ന് ഇരവി സംശയിച്ചു. കതിരവൻ ജാള്യപ്പെട്ടു നിൽക്കുകയുമാണ്. ചായ്പിനടുത്തേക്ക് ആംബുലൻസ് വന്നതിന്റെ പിന്നിലെ രഹസ്യം ഏതായാലും ഇപ്പോൾ പറയില്ലെന്ന് ഉറപ്പാണ്. ചിലപ്പോൾ ഒരിക്കലും പറയുകയേ ഇല്ല. അയാൾ വരാനിരിക്കുന്ന കാലത്തെ കാണുകയാണ്..

“ കറുപ്പ് വഴി വന്ത ഷ്കോള് നീക്കാൻ അന്ത അസറുയ്ം മൊ൪ച്ചിത്താ…” കറുപ്പയ്യനും ഒരു കാരണമായതിനാലാണു ഏക മാഷ് ഷ്കോള് വന്നതെന്നതിൽ അന്തം വിട്ടുപോയിരുന്ന കതിരവനു അസറുമൊതലിയാർഅതില്ലാതാക്കാൻ ശ്രമിച്ചിരുന്നു എന്നു പറഞ്ഞതിന്റെ പൊരുളും പിടികിട്ടിയിരുന്നില്ല. ആ സംഭവങ്ങളൊന്നും അയാളുടെ ജീവിതകാലത്തെ ബാധിച്ചിരുന്നില്ല. അതിനും മുന്നേ നടന്നതായിരുന്നു. അതേപ്പറ്റിയൊക്കെ കേട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ കൃത്യമായി ഒന്നും അറിയില്ല, കതിരവന്.

“ ഇന്ത പുതുകാല തലമൊറക്കൊന്നും തെരിയാത് അന്ത കഥ…” അവസാനം അയ്യാത്തൻ തനിക്കു തന്നെ തടയിട്ടു. തന്റെ കഥകൾ മറ്റേതോ കാലത്തു സംഭവിച്ചതാണെന്ന മട്ടിൽ. പല കാലങ്ങൾ കാണാൻ പറ്റാത്ത കതിരവന് അതൊന്നും അറിയാൻ പോകുന്നില്ല.

അയ്യാത്തനു വേണ്ടി എന്തു ചെയ്യാനും പക്ഷേ കതിരവൻ തയ്യാറായിരുന്നു. അയാൾക്കോ മറ്റാ൪ക്കെങ്കിലുമോ ആംബുലൻസിന്റെ ആവശ്യം വരുന്നപക്ഷം വിളിക്കാൻ തന്റെ ഫോൺ നമ്പറും കൊടുത്തിരുന്നു.

“ അതിന് എൻപക്കം കൈഫോൺ ഇല്ലയേ…” അയ്യാത്തൻ പരാതി പറഞ്ഞു. അതൊന്നും പ്രശ്നമില്ല. അങ്ങാടിയിലെ നാണയമിട്ടാൽ വിളിക്കാവുന്ന ഫോണിലും കിട്ടും. അയ്യാത്തന് ഏത് ഓട്ടവും സൗജന്യവും കതിരവൻ വാഗ്ദാനം ചെയ്തു. തന്റെ മൂത്താപ്പന്റെ പരിചയക്കാരനു വേണ്ടി കതിരവൻ ഇതെല്ലാം ചെയ്യുമെന്ന് ഇരവി വിചാരിച്ചതേയില്ല. എന്നാൽ, അതല്ല, ചോദിച്ചാൽ ആ ആംബുലൻസ് തന്നെ സൗജന്യമായി തനിക്കു തരുമെന്ന് അയ്യാത്തന് അറിയാമായിരുന്നു.

“ ആനാ നാൻ ഡെഡ് ബോഡി ആവ്മ്പോത് എപ്പടി അഴൈപ്പേൻ…?” ചത്തുകഴിഞ്ഞാൽ പിന്നെ എങ്ങനെ വിളിക്കാനാണ്….?

“ ഡെഡ് ബോഡി ആവ്ന്നതിന്ം മുന്നേ വിളിക്കാമേ…” കതിരവൻ അയ്യാത്തനെ അത്ര മേൽ ബഹുമാനിക്കുന്നതായി തോന്നി ഇരവിക്ക്. ഇപ്പോഴത്തെ കാലത്തും ഇങ്ങനെയുളള ചെറുപ്പക്കാരുണ്ടാകുമോ..? ക൪മബന്ധം തന്നെയായിരിക്കണം ഇരുവരും തമ്മിൽ.. അല്ലാതെന്ത്.

“ അന്ത വേലന്താവളം വിട്ട് പോയി വിടുവായാ…?”

“ ഇല്ല, മൂത്താറേ…” ഭൂമിയോളം ഉടൽ വളച്ച് അയ്യാത്തന്റെ കാലിൽ തൊട്ടു കണ്ണിൽവച്ചു കതിരവൻ തൊടിയിറങ്ങി. ഒരു നിമിഷനേരം കൊണ്ട് അതു പുറക്കാവും വിട്ടു പാലക്കാട്ടെത്തി എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ആംബുലൻസ് അപ്രത്യക്ഷമായത്.

“ അന്ത കുതിരൈയെ മാതിരി കാണാമേ പോച്ച്…” ഇരവി കുതിരയെയും ആംബുലൻസിനെയും താരതമ്യം ചെയ്തത് അയ്യാത്തന് ഇഷ്ടപ്പെട്ടില്ല.

“ രണ്ട്ം രണ്ട് മേഷ്ട്രരേ…കുതരൈ നെജം..ഇന്ത കതിരവൻ പൊയ്യ്…”

അതിന്റെ സത്യം എന്താണെന്ന് ഇരവി അദ്ഭുതപ്പെട്ടു. എന്തോ രഹസ്യം അയ്യാത്തൻ ഒളിച്ചുവയ്ക്കുന്നുണ്ട് എന്ന തോന്നലിനെ ശരിവയ്ക്കുന്നതാണ് ഇതെല്ലാം. എന്തായിരിക്കും അത്. അങ്ങോട്ടു ചോദിക്കാതെ, പറയുന്നെങ്കിൽ പറയട്ടെ എന്നു വിചാരിച്ചു. അയ്യാത്തനും അയാളുടേതു മാത്രമായ രഹസ്യങ്ങൾ വേണമല്ലോ…എല്ലാവ൪ക്കും അങ്ങനെ തുറന്നുകിടക്കാൻ സാധിക്കില്ല. പല കാലങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന അയ്യാത്തൻ എന്തെല്ലാം രഹസ്യങ്ങളായിരിക്കും തന്നിൽ നിന്നു മറച്ചുപിടിക്കുന്നുണ്ടാകുക. ആവട്ടെ. അതെല്ലാം അയാളുടെ അവകാശമാണ്.

അയ്യാത്തനും അതുതന്നെ വിചാരിക്കുകയായിരുന്നു. ഓരോരുത്തരും സ്വകാര്യമായി പേറേണ്ടിവരുന്ന രഹസ്യങ്ങളെക്കുറിച്ച്. എന്നാൽ, ഇപ്പോൾ പല ലോകങ്ങളിലേക്ക് അകക്കണ്ണു തുറപ്പിച്ച മേഷ്ട്രരോട് അങ്ങനെ എല്ലാം മറച്ചുവയ്ക്കാൻ സാധിക്കില്ലെന്ന് അയാൾ മനസിലാക്കി. തന്റെ തുറന്ന ലോകങ്ങൾ മേഷ്ട്രരുടെ ഭിക്ഷയാണ്..

“ മേഷ്ട്രരേ…” അയ്യാത്തൻ പതിയെ വിളിച്ചു.

“ കേക്കുന്നുണ്ട്, അയ്യാവേ…”

“ അത് വന്ത്, ഒര് രകച്ചിയം. അന്ത കതിരവനാക്ക്ം എന്നുട കാലൻ..”

“ അതെപ്പടി…”

“ അതാക്ക്ം. അന്ത കതിരവൻ എന്നെങ്കില്ം എന്നൈ കൊന്തുവിടും…” അയ്യാത്തനെ എന്നുവേണമെങ്കിലും കതിരവൻ കൊല്ലാനിടയുണ്ട് എന്ന് അയാളെക്കൊണ്ടു തോന്നിപ്പിക്കുന്നത് എന്തുകൊണ്ട്.

“ അതിനോട സത്തിയം എന്നാ…?”

“ കതിരവന്റെ ഉള്ളാലെ ഒരു രകച്ചിയമിര്ക്ക്…യെവൻ പെരിയ തപ്പ്…അത് എനക്ക് മട്ട്ം തെരിയും…”

കതിരവൻ ഉള്ളിലൊളിപ്പിച്ചുവച്ചിരിക്കുന്ന കാപട്യമെന്താണെന്നു മാത്രം അയ്യാത്തൻ ഒരക്ഷരം മിണ്ടിയില്ല. എന്നാൽ, അയാൾക്കു മരണഭീതിയും ഉണ്ടായിരുന്നില്ല. കതിരവൻ കൊല്ലുമെന്ന കാര്യത്തിൽ അത്ര നിശ്ചയമുണ്ടെങ്കിലും അവനോടു പരാതിയും ഇല്ല. അവനെ അതിൽ നിന്നു പിന്തിരിപ്പിക്കണമെന്ന് അയാൾ ആഗ്രഹിച്ചുമില്ല.

എന്നെങ്കിലും ഒരു നാൾ താൻ കൊല്ലപ്പെടുമെന്ന് അറിയാവുന്നതുകൊണ്ട് മുൻകൂട്ടി തന്നെ അറിയിച്ചതാകാനും ഇടയില്ലെന്ന് ഇരവിക്കു തോന്നി. പിന്നെയെന്തിന്…? അയാളെക്കൊന്നു കളയാൻ മാത്രം എന്തു പ്രതികാരമാണു കതിരവന് അയാളോട് ഉള്ളത് എന്ന കാര്യം അയ്യാത്തൻ പിന്നീടൊരിക്കലും ഇരവിയോടു പറഞ്ഞിരുന്നുമില്ല. അയാൾ ഒരു സൂചന തരിക മാത്രമാണുണ്ടായത്.

തിരിച്ചുപോകുന്ന വഴിയിലത്രയും കതിരവൻ ചിന്തിച്ചതും മറ്റൊന്നായിരുന്നില്ല. അയ്യാത്തൻ ഒരു സൂചന കൊടുക്കുന്ന അതേ നിമിഷം താൻ ഇരുമ്പഴികൾക്കുള്ളിലാവുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. വേലന്താവളത്തെ കലന്തന്റെ അവണീഷിനു കുറച്ചുകളയാൻ പറ്റുന്നതായിരുന്നില്ല അയാളുടെ പ്രതികാരവും പകയും..ഒരു നിമിഷനേരത്തെ അശ്രദ്ധയോ ആ൪ത്തിയോ ആണു തന്നെ കുടുക്കിയത്. അജ്ഞാതജഡങ്ങളെയും ഉറ്റവരില്ലാത്ത മരിപ്പുകളെയും വേലന്താവളം കടന്നു തമിഴകത്തെ ഇടനിലക്കാ൪ക്ക് എത്തിച്ചുകൊടുത്താൽ കിട്ടുന്ന കൈ നിറയെ കാശ്..അതായിരുന്നു തന്റെ ജീവിതം ഇത്രയും വലിച്ചുനീട്ടിക്കൊണ്ടിരുന്നത്.

അതാണ് അയ്യാത്തൻ തന്റെ കാലം കടക്കുന്ന കണ്ണുകൾ കൊണ്ടു കണ്ടുപിടിച്ചത്. അയാൾ അന്നു തന്നെ പിടികൂടാൻ വേണ്ടിത്തന്നെ പെരുവഴിയിൽ മഞ്ഞപുതച്ചു കിടക്കുകയായിരുന്നു എന്നു തന്നെയാണു കതിരവൻ വിശ്വസിച്ചത്. അയാളുടെ പകയുടെ ഈ൪ച്ച കൂട്ടിയത് അതായിരുന്നു. അവണീഷിന്റെ മൂന്നാമത്തെ കുടം കഴിഞ്ഞപ്പോഴേ കതിരവൻ ഒന്നു നിശ്ചയിച്ചു. ഇനി അയ്യാത്തനു ജീവിതപര്യന്തമില്ല. അതിനു മുന്നേ അയാളുടെ ജീവനെടുക്കാൻ സ്വയം വിധിച്ചിരിക്കുന്നു. അതു ഞാനെടുത്തിരിക്കും.

കലന്തനും കുറേശ്ശ സംശയം മണക്കുന്നുണ്ടായിരുന്നു. കതിരവനു പണ്ടേപ്പോലെ ഉത്സാഹമില്ല. എന്തോ വന്നുപെടാൻ പോകുന്നു എന്നൊരു പേടി കുടുങ്ങിയിരിക്കുന്നു. തമിഴൂരിലേക്കുള്ള കൂന്തളിപ്പ് യാത്രയ്ക്ക് ഇപ്പോൾ കുറവുണ്ട്. എന്നാലും അവണീഷ് കഴിക്കാൻ കൃത്യമായി എത്തുന്നുമുണ്ട്. അതുമതി..കലന്തന് ലോകത്തിന്റെ മറ്റു വ്യാപാരങ്ങളിൽ താൽപ്പര്യമില്ല.

അവണീഷിന്റെ ലഹരിയിൽ കതിരവൻ അവസാനം പറഞ്ഞത് അയാൾ അവ്യക്തമായി എന്നിട്ടും കേട്ടു. കതിരവൻ ആരുടേയോ ജീവിതത്തിനു സമയം പറഞ്ഞിരിക്കുന്നു.

അതു തന്റേതാവാൻ വഴിയില്ലെന്നു കലന്തൻ വെറുതേ ആഗ്രഹിച്ചു. പിന്നിടുന്ന ഓരോ വഴിത്താരയിലും അയ്യാത്തന്റെ മഞ്ഞളിപ്പിനായി കതിരവൻ കാത്തിരുന്നു. മുന്നിൽക്കണ്ട റോഡുകളെല്ലാം അയാളുടെ മരണവഴിയായി അയാൾ കണ്ണുകൾ കൂർപ്പിച്ചു നിർത്തി.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.