വയലാര്‍ സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

47-ാമത് വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുലം‘ എന്ന കൃതിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന വെങ്കല ശില്ലവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

ഇത്ര ബൃഹത്തായ ആത്മകഥ അപൂര്‍വമെന്നും അസാധാരണമായ രചന ശൈലിയെന്നും ജൂറി വിലയിരുത്തി. വ്യക്തിയിലേക്ക് ഒതുങ്ങാതെ ഓര്‍മകളുടെ, അനുഭൂതികളുടെ ചരിത്രമാണ് കൃതിയെന്നും ജൂറി അഭിപ്രായപ്പെട്ടു. വിജയലക്ഷ്മി, ഡോ. പി കെ രാജശേഖരന്‍, ഡോ. എല്‍ തോമസ്‌കുട്ടി എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍.

വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കവി വയലാർ രാമവർമയുടെ ഓർമയ്ക്ക് വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരങ്ങൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.