വടുതല വീട്

ഇതൊരു തിരിഞ്ഞു നോട്ടമാണ്. പോയകാലത്തേക്ക് ഒരു മടങ്ങിപ്പോക്ക്. നിറമുള്ള കുറെയധികം ഓർമ്മകളുണ്ടുള്ളിൽ. ആ വളപ്പൊട്ടുകളിൽ എന്റെ ബാല്യവും കൗമാരവുമൊക്കെ ഞാൻ തിരയുകയാണ്. ഓരോ ഓർമ്മയും എന്റെ മനസ്സിൽ ഉണർത്തുന്ന അത്ഭുതവും ആഹ്ളാദവും നൊമ്പരുവുമെല്ലാം ഞാൻ പങ്കുവെയ്ക്കുന്നു. എന്റെ ഓർമ്മകൾ ഓരോന്നും ഞങ്ങൾ താമസിച്ചിരുന്ന ഓരോ വീടുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. അതിനാൽ ഞാൻ ജനിച്ച വടുതല വീട്ടിൽ നിന്നാവാം തുടക്കം.

എൻ്റെ വീട്ടിലെല്ലാവരും പലപ്പോഴായി പറഞ്ഞു കേട്ട് കേട്ട് വടുതല വീട് എനിക്കും സുപരിചിതമായിത്തീർന്നു. അതു കൊണ്ടു തന്നെ അച്ഛന് എറണാകുളം കെ. എസ്സ്. സി. ബി ഓഫീസിലേക്ക് സ്ഥലം മാറ്റമായപ്പോഴാണ് ഞങ്ങൾ വടുതലയിൽ ഒരു വാടക വീട്ടിൽ താമസമാക്കിയത്. അന്ന് ഞാൻ ജനിച്ചിട്ടില്ല. ആ വീടിനെക്കുറിച്ച് നുറുങ്ങോർമ്മകളേ എനിക്കുള്ളൂ. ബാക്കിയൊക്കെ കേട്ടറിവുകളാണ്. മൂന്നര വയസ്സുവരെയേ എനിയ്ക്കവിടെ താമസിക്കാൻ ഭാഗ്യമുണ്ടായുള്ളൂ. വലിയ വീട് രണ്ടായി ഭാഗിച്ച് അതിൽ ഒരു ഭാഗത്ത് ഞങ്ങളും മറുഭാഗത്ത് ഒറ്റപ്പാലംകാരായ ഒരു ഭാര്യയും ഭർത്താവുമാണ് താമസിച്ചിരുന്നത്. ഏകദേശം അമ്മയുടെ പ്രായമുള്ള മക്കളുണ്ടവർക്ക്, അതു കൊണ്ട് അച്ഛനുമമ്മയും അവരെ അമ്മാവൻ എന്നും അമ്മായിയെന്നും വിളിച്ചു. അതുകേട്ട് കുട്ടികളും അങ്ങനെ വിളിച്ചു തുടങ്ങി. അവർ വളരെ സ്നേഹസമ്പന്നരായിരുന്നു. രണ്ടു കുടുംബങ്ങളാണെന്ന തോന്നലില്ലാതെ ഒറ്റവീടു പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. അവരുടെ മക്കൾ ഇടയ്ക്ക് വരും. അവർ നാട്ടിലാണ്. അമ്മാവൻ്റെ ജോലിസംബന്ധമായാണ് അവരും വടുതലയെത്തിയത്. അമ്മാവന് “കുട്ടിക്യൂറാ” യുടെ കമ്പനിയിൽ എന്തോ ഉയർന്ന ജോലിയാണ്. അവർക്ക് ഫ്രീയായി കുട്ടിക്യൂറാ പൗഡർ കിട്ടുന്നതു കൊണ്ട് ഞങ്ങൾക്ക് പിന്നെ പൗഡർ വാങ്ങേണ്ടി വന്നിട്ടില്ല. അമ്മ പണ്ടേ കുട്ടിക്യൂറായുടെ ആരാധികയാണ്. അമ്മാവൻ കൊണ്ടുവരുന്ന പൗഡർ പണ്ടത്തെ വലിയ കുറ്റി പോലുള്ളതാണ്. അതിൻ്റെ വശത്ത് ഒരു ചളുക്കുണ്ടാവും. അവിടെ സീലടിച്ചിട്ടുണ്ടാവും. അതൊക്കെ എന്റെ ഓർമ്മയിലുണ്ട് .

വീട്ടുടമസ്ഥർ കൊങ്ങിണിമാരാണ് ( ഗൗഡ സാരസ്വത ബ്രാഹ്മണർ ). തൊട്ടുമുന്നിലെ തന്നെ റോഡ് സൈഡിലാണ് അവരുടെ വീട്. അതൊരു കൂട്ടുകുടുംബമാണ്. അവിടുത്തെ പ്രായമുള്ള സ്ത്രീകളെ ‘ബായമ്മ’ എന്നാണ് വിളിച്ചിരുന്നത്. പ്രായം ചെന്ന, തലമുടി മൊട്ടയടിച്ച, വെളുത്ത കുറ്റിരോമങ്ങൾ തലയിലുള്ള മുത്തശ്ശിയെ വല്യബായമ്മ എന്നും അവരേക്കാൾ പ്രായം കുറഞ്ഞ മുത്തശ്ശിയെ ചെറിയബായമ്മ എന്നുമാണ് ഞങ്ങളെല്ലാവരും വിളിച്ചിരുന്നത്. അവർ വാടകക്കാരായല്ല സ്വന്തം വീട്ടുകാരായാണ് ഞങ്ങളെ കണ്ടിരുന്നത്. ഈ വീടുകളിലെല്ലാം ചേട്ടനും ചേച്ചിയും യഥേഷ്ടം കളിച്ചു നടന്നു. ഇവരായിരുന്നു അവിടുത്തെ ഏറ്റവും ചെറിയ കുട്ടികൾ. ചേട്ടൻ്റെ പേര് ഷാജി എന്നായിരുന്നെങ്കിലും ബായമ്മമാർ ഈണത്തിൽ സാജൂ …..ന്നാണ് വിളിക്കുന്നത്. എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ ചേട്ടൻ ഓടിയൊളിക്കുന്നത് ബായമ്മമാരുടെ വീട്ടിലാണ്. അവരുടെ സ്നേഹവലയത്തിനുള്ളിൽ ചേട്ടൻ സുരക്ഷിതനായിരിക്കും. ഒടുവിൽ അമ്മ തോറ്റു പിൻമാറും. ഓടിക്കളിക്കാനാണെങ്കിലും മുറ്റത്ത് ധാരാളം സ്ഥലമുണ്ട്. വീട്ടിൽ അമ്മയെ സഹായിക്കാൻ വരുന്ന ഒരു സ്ത്രീയുണ്ട്. അവരും കൊങ്ങിണിയാണ്. തിരിച്ചറിയാനായി അവരുടെ കാര്യം പറയുമ്പോൾ ജോലിബായമ്മയെന്നു പറയും. മൊത്തം ബായമ്മമയം!. ഈ മൂന്ന് വീടുകളിലും എന്ത് വിശേഷവിഭവമുണ്ടാക്കിയാലും അങ്ങോട്ടുമിങ്ങോട്ടും കൊടുക്കും. ബായമ്മമാരുടെ വീട്ടിൽ പല കറികളും ശർക്കര ചേർത്താണുണ്ടാക്കുന്നത്. അത് നമ്മുടെ രുചികളിൽ നിന്നും വ്യത്യസ്തമായിരുന്നു. അവരുടെ പലഹാരങ്ങളെല്ലാം അതീവ രുചികരമായിരുന്നു.

ജോലിക്കാരി ബായമ്മക്ക് ഒരു മകനുണ്ട്. ഭർത്താവ് മരിച്ചു പോയ അവർക്ക് ഈ മകൻ മാത്രമേയുള്ളു. “പ്രഹ്ളാദൻ” എന്നാണ് പേര്. അന്നത്തെക്കാലത്ത് അവരുടെ സമുദായത്തിൽ ഭർത്താവ് മരിച്ച സ്ത്രീകളുടെ മുടി വടിച്ചു കളയും. ഓരോ ദുരാചാരങ്ങൾ. അന്ന് ഞാൻ കണ്ട വയസ്സായ ബായമ്മമാരെല്ലാം മൊട്ടയായിരുന്നു. ഈ പ്രഹ്ളാദൻ ചേട്ടൻ അന്ന് വിളർത്തു മെലിഞ്ഞ ഒരു കുട്ടിയായിരുന്നു. കുട്ടിയ്ക്ക് വിളർച്ചയുണ്ട് ഡോക്ടറെ കാണിക്കണമെന്ന് അമ്മ നിർബന്ധിച്ചതനുസരിച്ച് പ്രഹ്ളാദനെ ഡോക്ടറെ കാണിച്ചു. മരുന്നൊക്കെ കഴിച്ച് കുട്ടി മിടുക്കനായെന്നും പഠിക്കുന്നുണ്ടെന്നുമൊക്കെ ബായമ്മ വന്നു പറയുമായിരുന്നു. വർഷങ്ങൾക്കു ശേഷം മിടുക്കനായ ഒരു യുവാവ് ഞങ്ങളെ കാണാൻ വീട്ടിൽ വന്നു. അപ്പോഴേക്കും ഞങ്ങൾ ചേർത്തലയിൽ സ്ഥിരതാമസമാക്കിയിരുന്നു. ആദ്യം ആർക്കും മനസ്സിലായില്ല. ഞാൻ പ്രഹ്ളാദനാണ് എന്നു പറഞ്ഞപ്പോൾ അമ്മ അന്തം വിട്ടു പോയി. അത്രയ്ക്ക് മാറ്റം. നല്ല ജോലിയൊക്കെയായി സന്തോഷത്തോടെ കഴിയുന്നു. ജോലിക്കാരി ബായമ്മ മരിച്ചു പോയെന്നു പറഞ്ഞു. അവർ, മോൻ വലുതായപ്പോൾ അവിടുന്ന് താമസം മാറിപ്പോയിരുന്നു. ബായമ്മമാരിൽ നിന്നും ഞങ്ങളുടെ അഡ്രസ്സ് വാങ്ങിയാണ് പ്രഹ്ളാദൻ ചേട്ടൻ ഞങ്ങളെ കാണാൻ വന്നത്. പ്രഹ്ളാദൻ ചേട്ടനെ കണ്ടത് അമ്മയ്ക്ക് വലിയ സന്തോഷമായി.

അങ്ങനെ എൻ്റെ ചേട്ടനും ചേച്ചിയും മൂന്ന് വീട്ടുകാരുടേയും ഓമനക്കുഞ്ഞുങ്ങളായി കളിച്ചു തിമിർത്തു വളർന്നു വരുമ്പോഴതാ പുതിയൊരു വിശേഷം, അമ്മ മൂന്നാമത് ഗർഭിണിയായിരിക്കുന്നു. എല്ലാവർക്കും ഭയങ്കര സന്തോഷം. സ്നേഹസമ്പന്നരായ ആൾക്കാർ ചുറ്റുമുള്ളതുകൊണ്ട് ഗർഭകാലത്തെ ബുദ്ധിമുട്ടുകളൊന്നും അമ്മ അറിഞ്ഞില്ല. ചേട്ടനും ചേച്ചിയും പുതിയൊരാൾ കൂടി തങ്ങളുടെയിടയിലേക്ക് വരാൻ പോവുകയാണെന്ന കാര്യമൊന്നും അന്നത്ര ചിന്തിച്ചില്ല. ചേട്ടനും ചേച്ചിയും തമ്മിൽ ഏകദേശം 2 വയസ്സ് വ്യത്യാസമേയുള്ളൂ. അതുകൊണ്ടു തന്നെ അവർ കൂട്ടുകാരെപ്പോലെയാണ്. എല്ലാ കാര്യത്തിനും ഒന്നിച്ചുണ്ടാവും. അങ്ങനെയിരിക്കെ പ്രസവത്തിനുള്ള ദിവസമടുത്തു. അമ്മയെ എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മയും (അമ്മയുടെ അമ്മ) അച്ഛനും അമ്മയോടൊപ്പം ആശുപത്രിയിലേക്കു പോയപ്പോൾ അമ്മാവനും അമ്മായിയും ചേട്ടൻ്റെയും ചേച്ചിയുടെയും സർവ്വകാര്യങ്ങളും ഏറ്റെടുത്തു. അങ്ങനെ 1971 ജൂൺ മാസം 8-ാം തീയതി ഞാൻ ഈ ഭൂമിയിലേക്ക് വന്നു. നാല് കിലോയിലധികം തൂക്കമുണ്ടായിരുന്നു കുട്ടിക്കെങ്കിലും പ്രസവം നോർമലായിരുന്നു. പ്രസവിച്ചയുടൻ കുട്ടി കരയുന്നില്ല. ഡോക്ടർ വന്ന് പരിശോധിച്ച് കുറച്ചു കഴിഞ്ഞാണ് കരഞ്ഞു തുടങ്ങിയത്. (പിന്നെ വായടച്ചിട്ടില്ലെന്നാണ് ചേച്ചി പറഞ്ഞത് ). എല്ലാവർക്കും ആശ്വാസമായി. പക്ഷേ അപ്പോഴേക്കും അമ്മക്ക് നല്ല ബ്ലീഡിംഗ് . ആദ്യം ഡോക്ടർ അത്ര കാര്യമാക്കിയില്ല. പക്ഷേ ബ്ലീഡിംഗ് കൂടിക്കൂടി വരാൻ തുടങ്ങി. സംഗതി സീരിയസ് ആണെന്ന് കണ്ടപ്പോൾ അമ്മയെ വേറൊരു റൂമിലേക്ക് മാറ്റി. കുറേ നേരം കഴിഞ്ഞ് ഡോക്ടർ വന്ന് അച്ഛനോട് ബ്ലഡ് വേണ്ടി വരും പെട്ടെന്നു തന്നെ അതിനുള്ള കാര്യങ്ങൾ നോക്കാനാവശ്യപ്പെട്ടു. ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നില്ലല്ലോ. അച്ഛനതിനുള്ള ഓട്ടത്തിലായി. അമ്മുമ്മ കരച്ചിലും വഴിപാടും പ്രാർത്ഥനയുമായി മൊത്തം പ്രശ്നം. ആ തിരക്കിനിടയിൽ എന്നെ ശ്രദ്ധിക്കാനാർക്കും സമയം കിട്ടിയില്ല. പാല് കിട്ടാഞ്ഞിട്ടാവും ഞാനുറക്കെ കരഞ്ഞു തുടങ്ങി. പിന്നെ നഴ്സുമാർ വന്നെടുത്താണ് ആശ്വസിപ്പിച്ചത്. ഒടുവിൽ ബ്ലഡ് കിട്ടി ബ്ലീഡിംഗ് നിന്നു. കാര്യങ്ങളൊക്കെ ശുഭകരമായി.

ചേട്ടനും ചേച്ചിയും ഇതൊന്നുമറിയാതെ അമ്മായിയുടെ വീട്ടിൽ കുഞ്ഞുവാവ വരുന്നതും കാത്തിരിപ്പാണ്. അമ്മയെ റൂമിലേക്കു കൊണ്ടു വന്ന ശേഷമാണ് അമ്മായി ഇവരെയും കൊണ്ട് കുഞ്ഞുവാവയെ കാണാൻ വന്നത്. നിങ്ങൾക്കൊരനിയത്തി വാവയുണ്ടായിട്ടുണ്ട് കാണാൻ പോകാമെന്നു പറഞ്ഞപ്പോൾ രണ്ടാളും സന്തോഷത്തോടെ പുറപ്പെട്ടു. കുഞ്ഞിനെ കണ്ടപ്പോൾ അവർക്കാദ്യം അത്ര ഇഷ്ടപ്പെട്ടില്ല ഒന്നാമത് ഇത്രയും ചെറിയൊരുകുഞ്ഞിനെ ആദ്യമായാണ് കാണുന്നത്. തടിയുള്ളതുകൊണ്ട് കൈക്കും കാലിനും മടക്കുകളൊക്കെയുണ്ട്. ആദ്യം അത്ഭുതത്തോടെ നോക്കി നിന്നു. അമ്മ എന്നെ കൈകൊണ്ട് ചേർത്തു പിടിച്ച് കിടക്കുന്നതു കണ്ടപ്പോൾ ചേച്ചിയുടെ മുഖഭാവം ഒന്നു മാറിയതായി അമ്മായിക്കു തോന്നി. അപ്പോഴതാ കുഞ്ഞിക്കണ്ണു വലിച്ചു തുറന്ന് കുഞ്ഞുവാവ വാപിളർത്തി കരഞ്ഞു തുടങ്ങി. ഉടനെ അമ്മ കുഞ്ഞിനെയെടുത്ത് നെഞ്ചോടു ചേർത്തുപിടിച്ച് പാലു കൊടുത്തു തുടങ്ങി. അമ്മ അനിയത്തിയെ കൊഞ്ചിക്കുന്നതു കണ്ട ആ നിമിഷം ചേച്ചി അനിയത്തിയെ മനസ്സിൽ ഒരു ശത്രുവായി പ്രഖ്യാപിച്ചു. ചേച്ചി ചേട്ടനോട് പറഞ്ഞു, ഈ കുഞ്ഞിനെ എനിക്കിഷ്ടമായില്ല. നല്ല കുഞ്ഞുങ്ങൾ അടുത്ത റൂമുകളിലൊക്കെയുണ്ടാവും, നമുക്കവരെ കാണാൻ പോകാമെന്ന്. ചേട്ടനവിടെ നിൽക്കണമെന്നുണ്ടായിരുന്നെങ്കിലും ചേച്ചിയെ പിണക്കാതിരിക്കാൻ കൂടെപ്പോയി. അന്നത്തെക്കാലത്ത് അടുത്തടുത്തുള്ള റൂമുകളിലുള്ളവരുമായി നല്ല ബന്ധമാണ്. അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരുകയുമൊക്കെ ചെയ്യും. അധികം താമസിയാതെ അമ്മായി കുട്ടികളുമായി മടങ്ങിപ്പോയി. രണ്ടു ദിവസത്തിനുള്ളിൽ അമ്മയെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയപ്പോഴതാ ചേച്ചിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം, എപ്പോഴും ദേഷ്യവും വഴക്കും. കുഞ്ഞിനെ കളിപ്പിക്കാനൊന്നുമിഷ്ടമില്ല. അധികസമയവും അമ്മായിയുടെയടുത്തു പോയിരിക്കും.

ഇവർ രണ്ടു പേരും അവിടെയടുത്തുള്ള സ്ക്കൂളിലാണ് പഠിക്കുന്നത്. ഒന്നിലും രണ്ടിലുമൊക്കെയാണെന്നു തോന്നുന്നു. രണ്ടു പേരും കൂടി പൊക്കോളും. ചേച്ചി തീരെ മെലിഞ്ഞ കുട്ടിയായിരുന്നു. മഴ പെയ്താൽ അച്ഛനെടുത്താണ് സ്ക്കൂളിൽ കൊണ്ടു പോകുന്നത്. എന്ത് കുസൃതി കാണിച്ചാലും ഇത്ര മെലിഞ്ഞിരിക്കുന്നതുകൊണ്ട് അടിക്കാൻ അച്ഛന് മടിയാണ്. അതിൻ്റെ അഹങ്കാരം ചേച്ചിക്ക് നന്നായുണ്ടായിരുന്നു. ചേച്ചി കാരണം പാവം ചേട്ടൻ തല്ലു കൊള്ളും. അച്ഛൻ കഴിയുന്നതും മക്കളെ അടിക്കാറില്ല. നേരായ വഴിയിൽ ഇവർ സ്ക്കൂളിൽ പോവില്ല. തുമ്പിയെ പിടിക്കാൻ തോട്ടുവക്കത്തൂടെ പോകാമെന്നു പറഞ്ഞ് ചേച്ചി ചേട്ടനെയും വലിച്ച് വളഞ്ഞ വഴിയേ പോകും. പിന്നെ കുടുക്കയിലിടാൻ കൊടുക്കുന്ന പൈസ കൊണ്ട് മിഠായി വാങ്ങിപ്പിക്കും, പാവം ചേട്ടൻ അനിയത്തിയെ സന്തോഷിപ്പിക്കാൻ എല്ലാം ചെയ്യും. അച്ഛനാരെങ്കിലും പറഞ്ഞ് ഇതെല്ലാമറിയും, ചേട്ടന് അടിയും കിട്ടും. എന്നാലും അനിയത്തി പറഞ്ഞിട്ടാണെന്നു പറയില്ല. രണ്ടനിയത്തിമാർ ആയപ്പോൾ ചേട്ടൻ്റെ കുസൃതിയൊക്കെ കുറഞ്ഞ് ഉത്തരവാദിത്തമുള്ള ഒരു മൂത്ത സഹോദരനായി മാറിയെന്ന് അമ്മ പറയാറുണ്ട്.

അങ്ങനെ കുഞ്ഞുവാവയുടെ പേരിടൽ ചടങ്ങിനുള്ള ദിവസമായി. എൻ്റെ അമ്മുമ്മയുടെ( അച്ഛൻ്റെ അമ്മ) പേര് ലക്ഷ്മിക്കുട്ടിയെന്നാണ്. എനിക്ക് ലക്ഷ്മി എന്ന് പേരിട്ടാലോ എന്നായി ആലോചന. അപ്പോൾ അമ്മാവൻമാർ പറഞ്ഞു ഷാജിയുടേയും ഷീജയുടേയും അനിയത്തിക്ക് സുജ എന്ന് പേരിടാമെന്ന്. തിരുവനന്തപുരം ആറ്റുകാലിൽ താമസിച്ചിരുന്ന അച്ഛൻ്റെ ഒരു സുഹൃത്ത് മാത്രം എന്നെ ലക്ഷ്മി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു. പേരിടൽ ചടങ്ങിന് അമ്മാവനും അമ്മായിയും ഒരു വലിയ സ്റ്റീൽ ഗ്ലാസ് നിറയെ പഞ്ചസാരയുമായാണ് വന്നത്. അതിൽ സുജ എന്ന് പേര് കൊത്തിയിരുന്നു. അവർക്ക് പേരിടലിന് മധുരം കൊടുക്കണം. വേറേ മധുരമൊന്നും കൊടുക്കാനുള്ള പ്രായമായില്ലല്ലോ. ഒരു നുള്ള് പഞ്ചസാര നാവിൽ തൊട്ടുതന്നു. പിന്നെ കുറേ കുഞ്ഞുടുപ്പുകളും കൊണ്ടു വന്നു. ഇതൊന്നും ചേച്ചിക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും എന്നെ കാണാൻ വരുന്നതും അച്ഛൻ ഓഫീസിൽ നിന്ന് വന്നയുടനെ എന്നെയെടുത്ത് ലാളിക്കുന്നതുമൊന്നും ചേച്ചിക്കിഷ്ടമായില്ല. എത്ര നല്ല കാര്യങ്ങൾ എല്ലാവരും പറഞ്ഞു കൊടുത്തിട്ടും ചേച്ചിക്ക് വല്യ മാറ്റമൊന്നുമുണ്ടായില്ല. അമ്മായിയുള്ളതുകൊണ്ട് കുഞ്ഞിനെ നോക്കാനുള്ള ബുദ്ധിമുട്ടുകളൊന്നും അമ്മ അറിഞ്ഞില്ല. കുളിയും പാലുകുടിയുമൊക്കെ കഴിഞ്ഞാൽ ഞാനധികസമയവും അമ്മായിയുടെ കൈയ്യിലായിരിക്കും. കുട്ടികളെ സ്കൂളിൽ വിട്ടു കഴിഞ്ഞാണ് അമ്മ എന്നെ കുളിപ്പിക്കുന്നത്. അപ്പഴേക്കും അമ്മായിയുമെത്തും. കുളിപ്പിച്ച് കണ്ണെഴുതി പൊട്ടുകുത്തി പാലുകൊടുത്തുകഴിഞ്ഞാൽ അമ്മായി എന്നെയുമെടുത്ത് അവരുടെ വീട്ടിലേക്കു പോകും. എൻ്റെ കുട്ടിയുടുപ്പുകളും ടൌവലുകളുമെല്ലാം അവിടെയുമുണ്ട്. സത്യം പറഞ്ഞാൽ രണ്ടമ്മമാരുടെ സംരക്ഷണത്തിൽ ഞാൻ സുഖമായി കഴിഞ്ഞു.

ആയിടയ്ക്ക് ചേട്ടനും ചേച്ചിക്കും ഒരു പൂച്ചക്കുട്ടിയെ കിട്ടി. നിറയെ രോമമുള്ള വലിയ വാലുള്ള ഒരു പൂച്ചക്കുട്ടി. എന്തോ സങ്കരയിനമാണെന്നു തോന്നുന്നു. ഇന്നെല്ലാ സ്ഥലത്തും പേർഷ്യൻ ക്യാറ്റ്സ് ഉണ്ടല്ലോ. അന്നങ്ങനെ കാണാറില്ല. അതു കൊണ്ടു തന്നെ എല്ലാവർക്കും കൗതുകമായി. അമ്മ പറയാറുണ്ട് ഒരു കൊച്ചു സിംഹക്കുട്ടിയാണെന്നു തോന്നുമെന്ന്. അന്ന് എറണാകുളത്തുള്ള ഷേണായിസ്, ലിറ്റിൽ ഷേണായീസ് എന്നീ തീയറ്ററുകളിലാണ് കുട്ടികൾക്കുള്ള ഇംഗ്ലീഷ് ഫിലിമുകൾ വരുന്നത്. അച്ഛൻ ഞങ്ങളെ എപ്പോഴും സിനിമയ്ക്ക് കൊണ്ടുപോകും. ഇവരാണ് കൂടുതൽ കണ്ടിട്ടുള്ളത്. ഞാൻ കുഞ്ഞല്ലേ. വൈക്കത്തു താമസിക്കുമ്പോൾ പോലും അച്ഛൻ ഞങ്ങളെ സിനിമ കാണിക്കാൻ ഇവിടെ കൊണ്ടുവരും. എനിക്കോർമ്മയുള്ള സിനിമകൾ അധികവും Laurel and Hardy ആണ്. നല്ല തമാശയാണ്. പിന്നെ ബെഞ്ചി എന്നു പേരുള്ള നായ്ക്കുട്ടിയുടെ സിനിമ ഞാൻ നന്നായിട്ടോർക്കുന്നുണ്ട്. പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ഇവർ ആയിടെ കണ്ട സിനിമയിലെ പൂച്ചയുടെ പേരാണ് “എൽസ”. അതുകൊണ്ടു വേറെ പേരൊന്നുമാലോചിച്ചില്ല. എൽസ എന്നു തന്നെ പേരിട്ടു. എൽസ എല്ലാരുടെയും ഓമനയായി വളർന്നു. അവളെ എല്ലാവർക്കുമറിയാം. മുറ്റത്തൊരു പാമ്പ് വന്നത് ആദ്യം കണ്ടുപിടിച്ചത് എൽസയാണ്. രണ്ടു മൂന്നു വർഷം കൊണ്ടുതന്നെ അവൾ നല്ല വലുപ്പം വച്ചു. ഓരോ പ്രസവത്തിനും അവൾ കരഞ്ഞ് അച്ഛനേയും അമ്മയേയും കൂട്ടിനു വിളിക്കുമായിരുന്നു. പ്രസവം കഴിയും വരെ കൂട്ടിരിക്കണം . ഞങ്ങൾ വടുതല വീട് വിട്ടു പോന്നപ്പോൾ അവളെ ഉപേക്ഷിക്കേണ്ടി വന്നു. എൽസയുടെ വിയോഗം താങ്ങാവുന്നതിലപ്പുറമായിരുന്നു. ഇപ്പോഴും ചില പൂച്ചകളെയൊക്കെ കാണുമ്പോൾ നമ്മുടെ എൽസയെപ്പോലെ തോന്നുന്നുവെന്ന് വീട്ടിൽ പറയാറുണ്ട്. പാവം എൽസ ഞങ്ങളുടെ ഓർമ്മകളിലിപ്പോഴുമുണ്ട്.

അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും ചേച്ചിക്കെന്നോടുള്ള ദേഷ്യം കൂടിക്കൂടി വന്നു. ഒരു ദിവസം അമ്മ ചേച്ചിയെ എന്തിനോ വഴക്കുപറഞ്ഞപ്പോൾ ചേച്ചി അമ്മായിയുടെയടുത്തു പോയി സങ്കടം പറഞ്ഞു. ഈ വാവയെ ചേച്ചിക്കിഷ്ടമല്ല ആർക്കെങ്കിലും കൊടുത്തേക്കാൻ അച്ഛനോട് പറയണമെന്ന്. അമ്മായി ചേച്ചിയെ സമാധാനിപ്പിച്ചു. ഷീജമോൾക്ക് വാവയെ ഇഷ്ടമല്ലാത്തതുകൊണ്ട് അമ്മായിക്ക് തന്നേക്കാമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. ഇന്നു തന്നെ കൊണ്ടു പോരാമെന്നു പറഞ്ഞു. എൻ്റെ ചേച്ചി ആരാ മോൾ, ചേച്ചി പറഞ്ഞതെന്താണെന്നോ?, അത് വേണ്ട തൊട്ടപ്പുറത്തല്ലേ നടക്കാനായാൽ ഇങ്ങോട്ടു തന്നെ പോരും, അതു കൊണ്ട് ദൂരെയുള്ള ആർക്കെങ്കിലും കൊടുക്കാമെന്ന് . അമ്മായി ചിരിച്ചുപോയി. പതിയെപ്പതിയെ ചേച്ചിയുടെ ദേഷ്യമൊക്കെ കുറഞ്ഞു വന്നു. ഒരു ദിവസം ചേട്ടൻ എന്തോ കുസൃതി കാണിച്ചപ്പോൾ അമ്മ അടിക്കാനോടി . ചേട്ടൻ രക്ഷപെടാനായി ഓടുന്ന വഴി നിലത്ത് പായയിൽ കമിഴ്ന്നു കിടന്നു കളിച്ചു കൊണ്ടിരുന്ന എൻ്റെ കയ്യിൽ ചെറിയൊരു ചവിട്ടു തന്നു. വലിയവായിൽ കരയുന്ന എന്നിലേക്കായി അമ്മയുടെ ശ്രദ്ധ മുഴുവനും ആ സമയം കൊണ്ട് ചേട്ടൻ രക്ഷപ്പെട്ടു. ഇതിനിടക്കൊരു ദിവസം ചേട്ടൻ ഒരു പണിയൊപ്പിച്ചു കളിക്കുന്നതിനിടയിൽ ഒരു ചോളത്തിൻ്റെ മണിയെടുത്ത് മൂക്കിലിട്ടു. അച്ഛൻ ഇടക്ക് സ്വീറ്റ് കോൺ കൊണ്ടുവരുമായിരുന്നു. അച്ഛൻ ഓഫീസിൽ പോയിരിക്കുന്നു, അമ്മാവനും അമ്മായിയും നാട്ടിൽ പോയിരിക്കുകയാണ്. എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ പോകാമെന്നു വിചാരിച്ചപ്പോൾ ചേട്ടൻ ഉറക്കെ കരയാൻ തുടങ്ങി. കരഞ്ഞാൽ ചോളമണി വീണ്ടും ഉള്ളിലേക്ക് കയറിപ്പോകുമോന്ന് പേടിയായി. മൂക്കിനുള്ളിൽ അടഞ്ഞിരിക്കുന്നത് നോക്കിയാൽ കാണാം. അമ്മ ഒരു ധൈര്യത്തിൽ അനങ്ങാതിരുന്നാൽ എടുത്തു തരാമെന്നു പറഞ്ഞ് വളരെ ശ്രദ്ധാപൂർവ്വം വീട്ടിലുണ്ടായിരുന്ന ഒരു forceps കൊണ്ട് അത് പതുക്കെ പുറത്തെടുത്തു. അമ്മ ശരിക്കും പേടിച്ചു പോയിരുന്നു. അച്ഛൻ വന്നപ്പോൾ രണ്ടു പേർക്കും വഴക്കു കിട്ടി. Forceps ഒക്കെ ഉപയോഗിക്കുമ്പോൾ അൽപ്പം ശ്രദ്ധക്കുറവ് മതി കൂടുതൽ അപകടമുണ്ടാവാൻ. ഇങ്ങനെയെന്തൊക്കെ ‘കുരുത്ത ക്കേടുകൾ’. അമ്മ ഇടക്കിടക്ക് ഇങ്ങനെയോരോ സംഭവങ്ങൾ പറയും. നമ്മൾ വലുതായിക്കഴിയുമ്പോൾ കുട്ടിക്കാലത്തെ കഥകൾ കേൾക്കാൻ നല്ല രസമാണല്ലേ. ഞാനത് നന്നായി ആസ്വദിക്കാറുണ്ട്.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ചേട്ടനും ചേച്ചിയും എന്നോട് കൂട്ടായി. എനിക്ക് പല്ലു വന്നതും നടക്കാൻ തുടങ്ങിയതും കൊച്ചു കൊച്ചു വാക്കുകൾ സംസാരിച്ചു തുടങ്ങിയതുമൊക്കെ കൂടുതൽ സന്തോഷിപ്പിച്ചതവരെയാണ്. അമ്മാവനും അമ്മായിയും എന്നെ തലയിലും താഴെയും വയ്ക്കാതെയാണ് കൊണ്ടു നടക്കുന്നത്. സംസാരിച്ചു തുടങ്ങിയപ്പോൾ അമ്മായി എന്നെ പേര് പറയാൻ പഠിപ്പിച്ചു. അങ്ങനെയിരിക്കെ ചേട്ടൻ 4-ാം ക്ലാസ് കഴിയാറായി. ഒരു ദിവസം അച്ഛൻ പറഞ്ഞു അടുത്ത വർഷം ചേട്ടനെ കഴക്കൂട്ടം സൈനിക് സ്കൂളിൽ ചേർക്കാൻ പോവുകയാണെന്ന്. അവിടെ കിട്ടണമെങ്കിൽ എൻട്രൻസ് എക്സാം പാസ്സാവണം. മിലിട്ടറിക്കാരുടെ മക്കൾക്ക് എന്തോ ആനുകൂല്യമുണ്ട്. അല്ലാത്തവർക്ക് നല്ല മാർക്ക് വേണം. അന്നു മുതൽ അച്ഛൻ ചേട്ടനെ ഇരുത്തി പഠിപ്പിക്കാൻ തുടങ്ങി. ഏതായാലും ചേട്ടൻ പരീക്ഷ പാസ്സായി സൈനിക് സ്ക്കൂളിൽ ചേർന്നു. ചേട്ടൻ്റെ നല്ലതിനു വേണ്ടിയാണെങ്കിലും ഇത്രയും ചെറിയ കുട്ടിയെ ദൂരെ പഠിപ്പിക്കാൻ വിടുന്നതിൽ അമ്മയ്ക്ക് വല്യ സങ്കടമായിരുന്നു. അതും പട്ടാളച്ചിട്ടയുള്ള സ്കൂളിൽ. ചേച്ചിക്കും സങ്കടം. അച്ഛൻ പിന്നെ സങ്കടമൊന്നും പുറത്തു കാണിക്കില്ല. ഞാൻ മാത്രം ഇതൊന്നുമറിയാതെ ചിരിച്ചു കളിച്ചിരുന്നു. പോകേണ്ട ദിവസമായി പെട്ടിയൊക്കെ പാക്ക് ചെയ്ത് ഞങ്ങളെല്ലാവരും കൂടിയിറങ്ങി. അമ്മ രാവിലെ തൊട്ടേ മൗനത്തിലാണ്. അമ്മാവനും അമ്മായിയും ബായമ്മമാരും എല്ലാവരും സങ്കടത്തിലാണ്. വല്യബായമ്മയും ചേട്ടനുമായി ഒരു പ്രത്യേക ആത്മബന്ധമുണ്ടായിരുന്നു. ചേട്ടൻ പോകുന്നതറിഞ്ഞപ്പോൾ തൊട്ട് ബായമ്മ കരച്ചിലാണെന്ന് മക്കൾ പറഞ്ഞു. യാത്ര പറയാൻ ചെന്നപ്പോൾ വല്യബായമ്മ ചേട്ടനെ കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചിൽ. എൻ്റെ സാജൂനെ കൊണ്ടു പോകല്ലേ മായാന്ന് പറഞ്ഞാണ് കരയുന്നത്. (എൻ്റെ അമ്മയുടെ പേര് മായ എന്നാണ്). ചേട്ടനും ബായമ്മയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. കരയാനൊരു കാരണം കാത്തിരുന്നതു പോലെ എല്ലാവരും അടക്കിപ്പിടിച്ചിരുന്ന സങ്കടമൊക്കെ കെട്ടുപൊട്ടിച്ച് പുറത്തു ചാടി. ഒരു വിധം ചേട്ടനെയും കൊണ്ട് സൈനിക് സ്കൂളിലേക്കു പോയി. പിന്നെ തുല്യ ദു:ഖിതരായ ഒരു പാട് മാതാപിതാക്കളും കുട്ടികളും അവിടെയുണ്ടായിരുന്നു. കർശനനിയമങ്ങളുള്ള സ്ക്കൂളാണ്. രാവിലെ എണീക്കണം, പരേഡുണ്ട്. അങ്ങനെ പലതരം ചിട്ടകൾ. പക്ഷേ ചേട്ടൻ വേഗം അവിടവുമായി പൊരുത്തപ്പെട്ടു. ധാരാളം നല്ല കൂട്ടുകാരെയും കിട്ടി. ബോയ്സ് സ്കൂളാണ്. അദ്ധ്യാപകരുടെ മക്കൾ മാത്രമേ ഗേൾസ് ആയിട്ടുണ്ടാവൂ . ചേട്ടൻ പോയതോടെ ചേച്ചിക്ക് ഞാൻ മാത്രമായി കൂട്ട്.

എനിക്ക് 3 വയസ്സാകാറായി. അപ്പോഴാണ് അമ്മാവൻ ജോലിയിൽ നിന്നും റിട്ടയർ ആകുന്നത്. അത് വല്യ ആഘോഷമായിരുന്നു. കുറേപ്പേർ ചേർന്ന് അമ്മാവനെ പൂമാലയും ബൊക്കെയുമൊക്കെയായി വീട്ടിൽ കൊണ്ടുവന്നാക്കി. എല്ലാവർക്കും അമ്മായി ഭക്ഷണമൊക്കെ കൊടുത്തു. എല്ലാവരും പോയ ശേഷം അമ്മാവൻ ഞങ്ങളെയൊക്കെ വിളിച്ച് ലോക്കറ്റോടു കൂടിയ ഒരു വലിയ സ്വർണ്ണമാല കാണിച്ചു തന്നു. ഓഫീസിൽ നിന്നു കൊടുത്തതാണ്. അമ്മാവൻ്റെയും അമ്മായിയുടെയും വടുതല വീട്ടിലെ ജീവിതം അവസാനിക്കാൻ പോകുന്നു. കുറച്ചു നാൾ കൂടി ഞങ്ങളോടൊപ്പം താമസിച്ചശേഷം ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാവനും അമ്മായിയും ഒറ്റപ്പാലത്തേക്ക് തിരിച്ചു പോകാൻ തയ്യാറായി. എനിക്കും കൂടെ പോകണമെന്നു പറഞ്ഞ് ഞാൻ ശാഠ്യം പിടിച്ചു. രണ്ടു വീട്ടുകാരും ഒരു പാട് വേദനയനുഭവിച്ചു. ആ അവസ്ഥ വാക്കുകൾക്കതീതമാണ്. കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മയൊക്കെ തന്ന് ഉടനേ തിരിച്ചു വരാമെന്നു പറഞ്ഞ് അമ്മാവനും അമ്മായിയും വടുതല വീടിനോട് വിട പറഞ്ഞു. എനിക്കായിരുന്നു ഏറ്റവും സങ്കടം. എന്നെ കാണാൻ പറ്റാതെ അവരും കുറേ വിഷമിച്ചു. വീട്ടിലാർക്കും ഒരുന്മേഷവുമില്ല. അച്ഛൻ്റെ ഓഫീസിലെ ഒത്തിരി കൂട്ടുകാർ എറണാകുളത്തുണ്ട്. ഞങ്ങളുടെ വിഷമം മാറ്റാൻ ഇടക്കൊക്കെ ഞങ്ങളെ അവരുടെ വീടുകളിൽ കൊണ്ടുപോകും. അവർ ഞങ്ങളുടെ വീട്ടിലേക്കും വരും മൈക്കിൾ അങ്കിളും ഫാമിലിയുമായിട്ടായിരുന്നു ഏറ്റവുമടുപ്പം. ഇപ്പോഴും ആ ബന്ധങ്ങളൊക്കെ അതുപോലെ തന്നെ നിലനിൽക്കുന്നു. ഇടയ്ക്ക് സിനിമയ്ക്കും പാർക്കിലുമൊക്കെ കൊണ്ടുപോകും. പതുക്കെ പതുക്കെ ഞങ്ങളും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു.

എൻ്റെ അച്ഛൻ്റെ വീട് വൈക്കത്താണെന്നു പറഞ്ഞല്ലോ. അവിടെ അപ്പുപ്പനും അമ്മുമ്മയുമുണ്ട്. അച്ഛൻ്റെ സഹോദരിമാരുടെ മക്കളാരെങ്കിലും കൂടെയുണ്ടാവും. അവരവിടെ താമസിച്ചാണ് പഠിച്ചിരുന്നത്. അവധി കിട്ടുമ്പോഴൊക്കെ ഞങ്ങളങ്ങോട്ടു പോകും. അവരിടക്കൊക്കെ ഇങ്ങോട്ടും വരും. ഞാൻ രണ്ട് വയസ്സ് കഴിഞ്ഞപ്പോൾ തന്നെ നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു പാട് പാട്ടുകളൊക്കെ പാടും. റേഡിയോയിലൊക്കെ കേട്ട് പഠിക്കുന്നതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുപ്പൻ വടുതല വീട്ടിൽ വന്നു. വീട്ടിലുണ്ടായ മാമ്പഴം, പഴം, പുളി, അമ്മുമ്മയുണ്ടാക്കിയ പലതരം വറ്റലുകൾ അച്ചാറുകൾ അങ്ങനെ ഒരുപാട് സാധനങ്ങളുമായാണ് വരവ്. അപ്പുപ്പനെക്കുറിച്ചു പറയാനാണെങ്കിൽ വെള്ളവസ്ത്രം മാത്രമേ ധരിക്കൂ. വളരെ ചിട്ടയോടെ ജീവിക്കുന്നൊരാളാണ്. ശുദ്ധ സസ്യാഹാരി. മുട്ട പോലും വീടിൻ്റെ പരിസരത്ത് കൊണ്ടുവരാൻ സമ്മതിക്കില്ല. തികഞ്ഞ ഭക്തൻ. എല്ലാ വർഷവും ശബരിമലക്കു പോകും. അമ്മചെറുപ്പത്തിൽ കല്യാണം കഴിഞ്ഞ് അവിടെയെത്തിയതാണല്ലോ. അതുകൊണ്ടുതന്നെ അമ്മയോട് പ്രത്യേക ഒരു വാത്സല്യമായിരുന്നു. അമ്മക്കാണെങ്കിൽ അപ്പുപ്പനോട് ബഹുമാനം കലർന്ന ഒരു സ്നേഹമാണ്.

അങ്ങനെ വടുതലയിലെ വീട്ടിൽ ഞങ്ങൾ സന്തോഷമായി കഴിഞ്ഞു വരുന്നതിനിടയിലാണ് അപ്പുപ്പൻ്റെ പെട്ടെന്നുള്ള മരണം. ഒരു നെഞ്ചുവേദന വന്നതാണ്. അപ്പുപ്പൻ നല്ല ആരോഗ്യവാനായിരുന്നു. എന്തെങ്കിലും അസുഖം വന്ന് രണ്ട് ദിവസം പോലും കിടക്കുന്നതാരും കണ്ടിട്ടില്ല. ദേവികുളത്ത് കുറേ കൃഷി ഭൂമിയുണ്ടായിരുന്നു. പണിക്കാരായ തമിഴരോടൊപ്പം നന്നായി അധ്വാനിക്കുമായിരുന്നു. അതുകൊണ്ടു തന്നെ അപ്പുപ്പൻ്റെ പെട്ടെന്നുള്ള മരണം ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. അച്ഛനെയത് വല്ലാതെ ഉലച്ചുകളഞ്ഞു. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ അച്ഛനൊരു തീരുമാനമെടുത്തു. അമ്മുമ്മ തനിച്ചായല്ലോ ഇനി വൈക്കത്തേയ്ക്ക് താമസം മാറ്റാമെന്ന്.

ചേർത്തല സ്വദേശിനി. ഹോമിയോപ്പതിക് ഡോക്ടർ . ഇപ്പോൾ കോഴിക്കോട് താമരശ്ശേരിയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.