
യുഎഇ യിൽ ചൂട് കനത്ത് തുടങ്ങി. പുറത്ത് നല്ല ഹ്യുമിഡിറ്റി അനുഭവപ്പെടുന്നതിനാൽ പൊതു ഇടങ്ങളിൽ ആളുകൾ വിരളമായ് മാത്രമേ ഇറങ്ങി നടക്കുന്നുള്ളു. ഡെലിവറി ബോയ്സ് മാത്രം അവരുടെ ജോലി അനുസ്യൂതം തുടരുന്നു. പൊടിക്കാറ്റ് ചൂടിന്റെ കാഠിന്യം വർദ്ധിപ്പിച്ച്കൊണ്ടിരുന്നു.
“ദെ ആരോ ബെല്ലടിക്കുന്നു. ഈ ഒച്ച ഒന്ന് കുറച്ചെ..”
“അച്ചു ചെന്ന് വാതിൽ തുറന്നെ”
“എനിക്കൊന്നും വയ്യ നിങ്ങള് വേണമെങ്കിൽ തുറക്ക്”
“നീ ഒരു കാര്യവും ചെയ്യേണ്ട. തിന്ന് പിള്ളേരുമായി തല്ല് കൂട്, അച്ഛനിങ്ങോട്ട് വരട്ടെ”
“ആ വരട്ടെ, എനിക്കും പറയാനുണ്ട്”
“നീ എന്ത് പറയാൻ”
ബെല്ലടി വീണ്ടും തുടർന്നു.
“ഒന്ന് പോയ് തുറക്കെടി”
“എനിക്ക് വയ്യെന്ന് പറഞ്ഞതല്ലേ. അമ്മ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ”
“ഉണ്ണാറാകുമ്പോ നീ ഇങ്ങോട്ട് വാ, ഞാൻ ഉരുട്ടി വെച്ചേക്കാം”
“സാറായിരുന്നോ! എന്താ സാർ”
“എന്തൊരു ബഹളമാണിവിടെ. നിങ്ങൾക്ക് ബാൽക്കണിയുടെ വാതിലൊന്ന് അടച്ചൂടെ. അതല്ലെ ശബ്ദം പുറത്തേക്ക് പോകുന്നത്. സാധാരണ ഫ്ലാറ്റിലെ ശബ്ദം പുറത്ത് കേൾക്കില്ല. ഇവിടെ രണ്ട് ദിവസമായല്ലോ ബഹളം തുടങ്ങീട്ട്”.
“അങ്കിൾ അമ്മ ബാൽക്കണി അടക്കില്ല. ഏസി ഇടാൻ മടിച്ചിട്ടാ. ഈ ചൂടത്ത് ഏസി ഇടതെ ഞങ്ങൾ ചത്ത് പോകും”
“നിങ്ങളെന്താ ഏസി ഇടാത്തെ?… നല്ല ചൂടുകാലമല്ലെ.. നാൽപ്പത്തി അഞ്ച് ഡിഗ്രിക്ക് മുകളിലാണ് ചൂട്. ചെറിയ കുട്ടികൾ അല്ലെ ഇവിടെ”.
“ഏസി ഇടാഞ്ഞിട്ടല്ല സാർ. സ്കൂൾ പൂട്ടിയതിന് ശേഷം ഇരുപത്തി നാല് മണിക്കൂറും ഏസി ഇട്ടാ കറണ്ട് ബില്ല് കൂടും. അങ്ങേര് എന്നെ ചീത്ത പറയും. അതുകൊണ്ട് ഇടയ്ക്ക് ഞാനത് ഓഫ് ചെയ്യും”.
“ഇപ്പോൾ ഫാനിട്ടാൽ ചൂടുകാറ്റല്ലെ വരുന്നത്. കുട്ടികൾക്ക് ബുദ്ധിമുട്ടല്ലേ. എന്താ വെക്കേഷന് നാട്ടിൽ പോയില്ലേ”
“അദ്ദേഹത്തിന് ഓഫീസിൽ ലീവ് കിട്ടിയില്ല”
“അതൊന്നുമല്ല അങ്കിൾ അമ്മ കളവ് പറയുന്നതാ. അഞ്ച് പേരുടെ ടിക്കറ്റ് ഫെയർ കൊടുക്കാൻ മടിച്ചിട്ടാണ്”
“മിണ്ടാതിരിയ്ക്കടി. നിന്നോടാരെങ്കിലും ചോദിച്ചോ”
“അമ്മയും മക്കളും അതിന്റെ പേരിൽ വഴക്കിടേണ്ട”
“ഇവൾ പ്ലസ് വൺ ആയില്ലേ. ഒരുപാട് പഠിക്കാനുണ്ട്. നാട്ടിൽപ്പോയാൽ പഠിത്തം ഉഴപ്പും അതാ പോകാഞ്ഞേ”
“ഓ പിന്നെ. എന്റൊപ്പം ഉള്ള എല്ലാവരും നാട്ടിൽപ്പോയി. എന്നും മഴയുടേയും, വയലിന്റേയും റീൽസുണ്ടാക്കി ഇൻസ്റ്റയിലിടുന്നു. ഞാൻ ഇവിടെ ചൂടുകൊണ്ട് പഴുത്തു”.
“നീ മാത്രമല്ലല്ലോ നിന്റെ അനുജൻമാരും ഇവിടെ ഇല്ലെ. അവർക്ക് പ്രശ്നമില്ലല്ലോ”.
“പിള്ളേരെ നിങ്ങൾ പേടിപ്പിച്ച് നിർത്തിയതല്ലേ. എനിക്കെല്ലാം അറിയാം”
“നീ ഒച്ച കുറയ്ക്ക്. നിന്റെ അർമ്മാദം നാട് മുഴുവൻ കേൾക്കുന്നത് കൊണ്ടാ അദ്ദേഹം വന്നത്”.
“അവൾ മുതിർന്ന കുട്ടിയല്ലേ. അവൾക്ക് അതിന്റേതായ ഫ്രസ്ട്രേഷൻ ഉണ്ടാകും. മോള് ഒരു കാര്യം ചെയ്യ് എന്റെ കൂടെ പോര്. മനസ്സൊന്ന് ശാന്തമാകുമ്പോ തിരികെ വന്നോ എനിക്കും ഒരു കൂട്ടാകും”.
“ചെല്ലടി. എനിക്കും കുറച്ച് സമാധാനം കിട്ടട്ടെ”.
അശ്വതി കലിതുള്ളികൊണ്ട് പുറത്തേക്കിറങ്ങി. അവളുടെ മനസ് പ്രക്ഷുബ്ദമായിരുന്നു. അത്ര സൗഹാർദ്ദം അയൽവക്കത്തുള്ളവരുമായ് അവൾക്ക്ഉണ്ടായിരുന്നില്ലെങ്കിൽകൂടി റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വലീയ ആശ്വാസം തോന്നി. അങ്കിളിന്റെ റൂമിനകത്തെ അന്തരീക്ഷം അവൾക്ക് ഏറെ പ്രീയപ്പെട്ടതായ് അനുഭവപ്പെട്ടു.
“അങ്കിൾ ഒറ്റക്കേ ഉള്ളു. ആന്റി എവിടെ പോയി”
“മക്കൾ അസർ ബൈജാനിൽ അവധി ആഘോഷിക്കാൻ പോകുമ്പോൾ അവളേയും കൂട്ടി. കുട്ടികൾക്ക് മുത്തശ്ശി ഉണ്ടായാൽ മതി. എനിക്ക് മുട്ടിന് ഒരു വേദന. കൂടുതൽ നടക്കുമ്പോൾ വേദന കൂടും. അവരുടെ കൂടെ പോയാൽ അവർക്കതൊരു തടസമാകേണ്ടെന്ന് കരുതി”.
“അപ്പൊ അങ്കിളിന്റെ ഫുഡൊക്കെ?!
“മോൾക്ക് ഏത് ഫുഡാ ഇഷ്ടം”
“എനിക്ക് ബിരിയാണി”
“ഹ ഹ . . എങ്കിൽ മോൾക്ക് വേണ്ടി നമ്മളിന്ന് ബിരിയാണി ഉണ്ടാക്കും”
“ശരിക്കും”
“എന്താ വിശ്വാസമായില്ലെ”
“ആന്റി ഉള്ളപ്പൊഴും അങ്കിൾ ഭക്ഷണം ഉണ്ടാക്കാറുണ്ട്. എനിക്കും സമയം പോകണ്ടേ. റിട്ടയർ ആയതിന് ശേഷം എന്റെ എന്റർടൈൻമെന്റ് ഇതൊക്കെയാണ്”
“അച്ഛൻ ഒരു ചായ പോലും ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇരുന്നിട്ട് അത് ഉണ്ടാക്കൂ ഇത് ഉണ്ടാക്കു എന്ന് ഓർഡർ ഇടൽ മാത്രം”
“പാചകം ഒരു കലയാണ് മോളേ. നളപാചകം എന്നൊക്കെ കേട്ടിട്ടില്ലേ. നല്ല ഭക്ഷണം ഉണ്ടാക്കാനും ഒരു കൈപുണ്യമൊക്കെ വേണം. മോള് അമ്മയെ സഹായിക്കാറുണ്ടോ”
“മൂഡ് പോലെ. ഒടുക്കം വഴക്കിട്ടേ അവസാനിക്കൂ”.
“അതെന്താ മോള് എപ്പോഴും അമ്മയോട് വഴക്കിടുന്നത്”.
“എനിക്കറിയില്ല അങ്കിൾ. അമ്മയെ എനിക്ക് ഒരുപാടിഷ്ടമാണ്. പക്ഷെ എന്തെങ്കിലും കാരണം ഉണ്ടാക്കി വഴക്കിട്ടില്ലെങ്കിൽ അന്നത്തെ ദിവസം ബോറാ”.
“നല്ല അമ്മയും മകളും. മോൾക്ക് ഞാനൊരു സൂത്രം കാണിച്ച് തരാലോ”.
“അതെന്ത് സൂത്രമാ”
“എന്റൊപ്പം വാ, യഥാർത്ഥത്തിൽ നിങ്ങളുടെ ബഹളം എനിക്കിഷ്ടമാണ്. പക്ഷെ അത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കൂട്ടർ എനിക്കുണ്ട്. ആ മണിപ്ലാന്റിൽ കണ്ടോ.”
“ഹായ് കിളിക്കൂട്”
“ഏയ് തൊടല്ലെ. അതിൽ വിരിയാറായ മുട്ടയുണ്ട്. വിരിയുമ്പോൾ ഞാൻ കാണിച്ച് തരാം.അമ്മക്കിളി നിങ്ങളുടെ ബഹളം സഹിക്കാതെ പറന്ന് പോയതാ. ഇപ്പൊ തിരിച്ച് വരും. അടുത്ത് വേപ്പ് മരത്തിന്റെ മുകളിൽ എങ്ങാനും ഉണ്ടാകും”
“എന്ത് കിളിയാ”
“മാടപ്രാവ് ,റോക് ഡോ എന്ന് പറയും. മോള് കണ്ടിട്ടുണ്ടാവും”
“ഞാൻ കണ്ടിട്ടുണ്ട്. കുറേ നാളായൊ കൂട് വെച്ചിട്ട്”.
“വർഷങ്ങളായി. ഏകദേശം ആറ് വർഷമായ്ക്കാണും. ഞങ്ങൾ ഇവിടേക്ക് താമസം തുടങ്ങി. ഒരു വർഷമായപ്പോൾ ചെടി വളർന്ന് പടരാൻ തുടങ്ങി. അപ്പോൾ കൂട് വെച്ച് തുടങ്ങിയതാ. മുട്ട ഇടാറാകുമ്പോൾ കൂട് പുതുക്കി പണിയും. ബബി അവർക്ക് ധാന്യങ്ങളും വെള്ളവും കൊടുക്കും. ഇവിടെ പിന്നെ ഉപദ്രവിക്കാൻ ആരും ഇല്ലല്ലോ. കൊച്ചുമക്കൾ ആഴ്ചയിൽ വന്നാലും ബാൽക്കണിയിൽ കളിക്കാൻ ഞാൻ വിടില്ല. കിളികളും ചെടികളുമൊക്കെ അവർക്കും ഇഷ്ടമൊക്കെയാണ്”
“അങ്കിൾ ഇവിടെ എത്തീട്ട് എത്ര വർഷമായി ”
“അതൊക്കെ വലിയ കഥയാണ്. ഏകദേശം നാൽപ്പത് വർഷം”.
“എപ്പോഴും ഇവിടെ കാണാറുണ്ടല്ലോ. നാട്ടിൽ പോകാറില്ലേ”.
“ഇപ്പോൾ ഇതാണെന്റെ നാട് എന്ന് വേണമെങ്കിൽ പറയാം. ഗോൾഡൻ വിസ കൂടി ലഭിച്ചതോടെ ഞാനും ഇവിടത്തെ ആളായി. നാട്ടിൽ ജീവിച്ചതിലും എത്രയോ അധികം വർഷം ഇവിടെ ജീവിച്ചു”.
“അപ്പോൾ ആന്റിയും പോകാറില്ലേ”
“മോൾക്ക് കുടിക്കാനെന്താ വേണ്ടത്”
“എനിക്കൊന്നും വേണ്ട”
“അതു പറ്റില്ല. ഫ്രിഡ്ജിൽ ജ്യൂസ് ഇരിപ്പുണ്ട്. നീ തന്നെ എടുത്ത് കഴിച്ചോളൂ”.
അശ്വതി അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് രണ്ട് ഗ്ലാസുകളിലായി ജ്യൂസെടുത്തു
“മോളേ നിനക്കുള്ളതിൽ അൽപ്പം പഞ്ചസാര ഇട്ടോളു. ഞാനധികം മധുരം കഴിക്കാറില്ല. അതുകൊണ്ട് മധുരം ഇട്ടിട്ടില്ല”
“ഓക്കെ അങ്കിൾ”
“ഞാൻ അങ്ങോട്ട് വരാം. നമ്മളിന്ന് ഒരുമിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്”
“അങ്കിൾ അടിപൊളി ആണല്ലോ. ഞാനിവിടെ എത്തിപ്പെടാൻ വൈകി അല്ലേ”.
“ഉം. നിന്നെ ഞാൻ ചെറുപ്പത്തിലേ കാണുന്നതല്ലേ. അതിരാവിലെ വലിയ ബാഗും എടുത്ത് സ്കൂളിൽ പോകുന്നത്. വന്നാൽ ഉടനെ ഉറക്കമായി. പിന്നെ പഠിപ്പായി..പിന്നെങ്ങനെ ഇങ്ങോട്ട് വരാനാ”.
“തൊട്ടടുത്തുണ്ടായിട്ടും വല്ലപ്പോഴും മാത്രമാണ് നിങ്ങളെ രണ്ടു പേരെയും ഞാൻ കണ്ടിട്ടുള്ളത്”. “നാട്ടിലാണെങ്കിൽ എല്ലാവർക്കും പരസ്പരം അറിയാം. ഒരുമിച്ച് കളിക്കാം. കുളത്തിൽ കുളിക്കാം. പാടത്തിറങ്ങി നടക്കാം. എന്ത് രസാ”
“മോൾക്ക് നാട്ടിൽ പോകാൻ വലിയ ഇഷ്ടമാണല്ലേ”.
“അവിടെ മുത്തഛനും മുത്തശ്ശിയും ഉണ്ട്. എന്നെ വലിയ ഇഷ്ടമാണ്. മാമനും ആൻറിമാരും മക്കളും, അയൽവക്കത്ത് ഒരു പാട് കുട്ടികളും എന്ത് രസാ. ഇവിടാണെങ്കിൽ സ്കൂൾ വിട്ട് വന്നാൽ ബോറാ. റൂമിലെത്തിയാൽ എപ്പോഴും പഠിയ്ക്ക് പഠിയ്ക്ക് എന്ന് മാത്രമേ പറയുന്നുള്ളു”
ഫ്രിഡ്ജ് തുറന്ന് ചിക്കനും ആവശ്യത്തിനുള്ള പച്ചക്കറിയും പുറത്തെടുത്തു. ഉള്ളി, ഇഞ്ചി, തക്കാളി, പച്ചമുളക്, വെളുത്തുള്ളി എല്ലാം കട്ടിങ്ങ് ടേബിളിൽ നിരന്നു. അരി കഴുകി അടുപ്പിൽ വെച്ചു. മുറിച്ച് കഴുകിയ ചിക്കനിൽ മസാലകൾ വർണ്ണം വിതറി.
“അങ്കിളിനോട് നേരത്തേ ഞാനൊരു കാര്യം ചോദിച്ചിട്ട് അതിനെന്താ മറുപടി പറയാഞ്ഞത്”.
“എന്താ മോൾക്ക് അറിയേണ്ടത്”.
“എന്താ നാട്ടിൽ പോകാത്തത്”
“ഹ ഹ…. അത് വലിയൊരു കഥയാണ്. അങ്കിളിന്റെ പഠനകാലം, കൗമാരം എന്നൊക്കെപറയാവുന്ന സമയം. കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളേജിൽ അവസാന വർഷമായിരുന്നു. ഞങ്ങളുടെ കോളേജിൽ വെച്ചായിരുന്നു ആ വർഷത്തെ കലോൽസവം നടന്നിരുന്നത്. ഒപ്പന കണ്ടിട്ടുണ്ടോ”
“ഉണ്ടല്ലോ. നമ്മുടെ സ്കൂളിൽ കുട്ടികൾ കളിയ്ക്കാറുണ്ട്. മണവാട്ടിയും കൂടെ കുറേ കുട്ടികളും”
“അതു തന്നെ നമ്മുടെ കോളേജിലെ മണവാട്ടി പെണ്ണായിരുന്നു ബബിത. അങ്കിൾ ആദ്യം കാണുന്നത് ഒപ്പന റിഹേഴ്സൽ നടക്കുമ്പോഴാണ്. അതുവരെ നമ്മുടെ കോളേജിൽ അങ്ങനൊര് ഹൂറിയെ ഞാൻ കണ്ടിട്ടില്ല”
“ഹൂറിയോ, അതാരാ….
“ഹൂറീന്ന് പറഞ്ഞാൽ… സുന്ദരി”
“ആൻറി ഇപ്പൊഴും സുന്ദരിയാണല്ലോ”
“ഉം. എങ്കിൽ അപ്പോൾ അവൾ എത്ര സുന്ദരി ആയിരിക്കും”.
“എന്നിട്ട്”
“ഒരാഴ്ചത്തെ കലോൽസവം കഴിയുമ്പോഴെയ്ക്കും നമ്മൾ മൊഹബത്തിലായി”
“അപ്പൊതന്നെ കല്യാണം കഴിച്ചോ”
“ധൃതി കൂട്ടാതെ. ഈ അടുപ്പത്തുള്ള ബിരിയാണി വെന്തുകിട്ടണ്ടേ. അതുപോലെ നമ്മളും കാത്തിരുന്നു ഒന്നുരണ്ട് വർഷം.”
“അതെന്തിനാ”
“നമ്മൾ പഠിക്കുന്ന കുട്ടികളല്ലേ. ഞാൻ ഫൈനൽ ഇയറും അവൾ തേഡ് ഇയറും. ഇതിലൊരു വലിയ പ്രശ്നം ഉണ്ടായിരുന്നു. മണവാട്ടിപ്പെണ്ണ് ഒരു നായര് കുട്ടി ആയിരുന്നു. ഈ പ്രേമത്തിന് കണ്ണില്ല എന്ന് പറയാറില്ലെ. ആ സമയത്ത് നമ്മൾ മതമോ ജാതിയോ അതിന്റെ പ്രശ്നങ്ങളൊ ചിന്തിച്ചതുമില്ല”.
“എന്നിട്ട് പിന്നെങ്ങിനെ കല്യാണം കഴിച്ചു”.
“ഞങ്ങളുടെ പ്രണയം ഏറെക്കുറെ രഹസ്യമായി വെച്ചു. അടുത്ത കൂട്ടുകാർ മാത്രമേ അറിഞ്ഞിരുന്നുള്ളു. ഞാൻ മലപ്പുറത്തും അവൾ കോഴിക്കോട്ടുമാണെങ്കിലും ഞങ്ങൾ തമ്മിൽ നാല് കിലോമീറ്റർ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഞാൻ കോഴ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ സൈക്കിളെടുത്ത് അവളെ കാണാൻ പോകുമായിരുന്നു. അന്നൊന്നും ഇതുപോലെ മൊബൈൽ സൗകര്യം ഇല്ലല്ലോ. എന്റെ വീട്ടിൽ ഫോൺ പോലും ഉണ്ടായിരുന്നില്ല”.
“അങ്കിൾ ബിരിയാണിയുടെ നല്ല മണം വരുന്നു”.
“അത് ദം എടുത്തിട്ടല്ലെ”
“മോള് പ്ലേറ്റ് എടുത്തോളു. നമ്മുക്ക് കഥയുടെ ഇടയിൽ ഭക്ഷണം കഴിക്കാം”
“ആരോ ബെല്ലടിച്ചല്ലോ”.
“അമ്മയാകും. ഭക്ഷണം ആയിക്കാണുമായിരിക്കും”
“എങ്കിൽ നീ തന്നെ വിവരം പറഞ്ഞോളു… ആ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്ന് ചോക്ലേറ്റ് എടുത്ത് നിന്റെ അനുജൻമാർക്ക് കൊടുത്തേക്ക്”
ഡോർ തുറന്നപ്പോൾ അശ്വതി പറഞ്ഞത് പോലെ അവളുടെ അമ്മതന്നെ
“എന്തേ ഇവിടെ തന്നെ കൂടിയോ. ഭക്ഷണം റെഡിയായി വന്ന് കഴിയ്ക്ക്”
“നിങ്ങളുടെ പുളിവെള്ളവും ചോറും നിങ്ങള് തന്നെ കഴിച്ചോ. എനിക്കിവിടെ ബിരിയാണി റെഡിയായി”
“എന്ത്”
“ബിരിയാണി. എന്തെ മുൻപ് കേട്ടിട്ടില്ലേ”
“എവിടന്ന്”
“അമ്മയെ പോലെയല്ല. അങ്കിൾ സൂപ്പർ കുക്കാ. ദാ ചോക്ലേറ്റ്….അപ്പൂനും കണ്ണനും കൊടുക്ക്.. വേണമെങ്കിൽ അമ്മയും തിന്നോ. വിട്ടോ വിട്ടോ”
“ഹോ പെണ്ണിന്റെ അഹങ്കാരം കണ്ടില്ലെ. നീ അങ്ങോട്ട് തന്നെയല്ലേ വരേണ്ടത്”.
“തീരുമാനിച്ചിട്ടില്ല. ചിലപ്പൊ ഇവിടെ തന്നെ രാജകുമാരിയായി വാഴും. വിവരം അറിയിക്കാം”
“നീ അങ്ങോട്ട് വാ. വെച്ചിട്ടിട്ടുണ്ട്”.
“വെച്ചത് അമ്മ തന്നെ കഴിച്ചോ. ബൈ ”
“അമ്മ പോയോ”.
“ഉം. കൊതിപ്പിച്ച് വിട്ടു”
“ഇനി ബിരിയാണി ഉണ്ടാക്കുമ്പോ എല്ലാർക്കുമായ് ഉണ്ടാക്കാം. ഭക്ഷണം നീ ടേബിളിലേക്ക് എടുത്തോളു”.
“അങ്കിൾ കഥ തുടരൂ. കേൾക്കാൻ നല്ല രസമുണ്ട്”
“തുടക്കത്തിലെ രസമൊന്നും ഇനി അങ്ങോട്ടില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ അവളും കോഴ്സ് കഴിഞ്ഞ് പുറത്തുവന്നു. ഞാൻ ഗൾഫ് മോഹവുമായി പലരുടേയും പിന്നാലെ നടക്കുകയായിന്നു. നാട്ടിൽ അല്ലറ ചില്ലറ ട്യൂഷൻ പരിപാടിയൊക്കെ ഉണ്ടായിരുന്നു. പഠിപ്പ് കഴിഞ്ഞത്കൊണ്ട് ചിലവിനുള്ള കാശ് തരപ്പെടുത്തേണ്ടേ”
“വീട്ടിൽ ആരൊക്കെ ഉണ്ട്”
“ഉപ്പ മരമില്ലിൽ കണക്കെഴുത്തായിരുന്നു. എനിക്ക് താഴെ രണ്ട് അനുജത്തിയും ഒരനുജനും. ഉപ്പ ഒരു പാവം ആയിരുന്നു. എന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു”.
“ആന്റിയുടെ വീട്ടുകാരോ”
“അവരൊക്കെ വലിയ തറവാട്ടുകാരായിരുന്നു. മുറ്റത്ത് ആനയൊക്കെയുള്ള, മോള് സിനിമയില് മംഗലശേരി നീലകണഠൻ എന്നൊക്കെ കേട്ടിട്ടില്ലേ.. അവളുടെ അച്ഛൻ അതുപോലെ നാടറിയുന്ന ജന്മി ആയിരുന്നു. ക്രമേണ ഞങ്ങളുടെ പ്രണയം നാട്ടിൽ ആളുകൾ അറിയാൻ തുടങ്ങി”.
“കുഴപ്പം ആയിക്കാണുമല്ലോ”
“ആയോന്നോ… എന്റെ ഉപ്പായെ മരമില്ല് മുതലാളി ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് അവളുടെ വീട്ടിലേക്ക് വിളിപ്പിച്ച് വിറപ്പിച്ച് വിട്ടു”.
“അപ്പൊ അങ്കിളിന് ഭീഷണി ഒന്നും ലഭിച്ചില്ലേ ”
“പിന്നില്ലാതെ. ഇനി നമ്മൾ തമ്മിൽ കണ്ടാൽ കാല് വെട്ടും, തലവെട്ടും എന്നൊക്കെ പറഞ്ഞ് അവളുടെ ഏട്ടൻമാരും ഗുണ്ടകളും വീട്ടിൽ വന്നിരുന്നു”.
“അതിൽപ്പിന്നെ നിങ്ങൾ കണ്ടില്ലേ”
“പക്ഷെ പേടിച്ച് പിൻമാറാനൊന്നും ഞങ്ങൾക്കാകുമായിരുന്നില്ല. അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നല്ലോ. ഞങ്ങൾക്ക് കൂട്ടുകാരുടെ കട്ട സപ്പോർട്ടുണ്ടായിരുന്നു. അങ്ങനെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ തീരുമാനിച്ചു”
“കല്യാണം കഴിഞ്ഞാലും നാട്ടിൽ നിൽക്കാൻ പറ്റുമോ”
“അവിടെയാണ് ട്വിസ്റ്റ്, എന്റെ ഇളയുമ്മയെ വയനാട്ടിലാണ് കെട്ടിച്ചത്. ഞാനുമായി വലിയ ചങ്ങാത്തമാണ്. ഞങ്ങൾ കല്യാണം കഴിഞ്ഞ് അവിടേക്ക് മാറാൻ തീരുമാനമായി. അവളുടെ ഒരു ബന്ധുവിന്റെ കല്യാണ ദിവസം നമ്മൾ ഒളിച്ചോടാൻ തീരുമാനിച്ചു. രജിസ്ട്രേഷനുള്ള കാര്യങ്ങളൊക്കെ സുഹൃത്തുക്കൾ ഏർപ്പാടാക്കി”.
“അങ്കിളിന്റെ വീട്ടിൽ സമ്മതമായിരുന്നോ”
“എവിടെ. അച്ഛന്റെ ജോലി വരെ നഷ്ടപ്പെടും എന്ന ഭീഷണി ഉള്ളതല്ലേ. അന്നൊന്നും മറ്റു കാര്യമൊന്നും ചിന്തിച്ചിരുന്ന പ്രായമല്ലല്ലോ. മുടിഞ്ഞ പ്രണയമല്ലേ. ഒടുവിൽ നമ്മൾ തന്ത്രപരമായികാര്യങ്ങൾ നീക്കി രജിസ്റ്റർ മാര്യേജും കഴിഞ്ഞ് നാട്ടിൽ നിന്നും മുങ്ങി”.
“അങ്കിളും ആന്റിയും സൂപ്പറാണല്ലോ”.
“വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിന്റെ തുടക്കമായിരുന്നു. നമ്മളുടെ ഒളിച്ചോട്ടം നാട്ടിൽ എന്ന് മാത്രമല്ല സംസ്ഥാനത്ത് തന്നെ വലിയ ചർച്ചയായി. പത്രങ്ങളിലൊക്കെ വാർത്തയായി. മോള് ലൗ ജിഹാദ് എന്നൊക്കെ കേട്ടിട്ടുണ്ടോ ?”
“അതെന്താ!?”
ഭീകരസംഘടനയിലേക്ക് പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തി എന്ന ഗുരുതരമായ കുറ്റമാണ് . എന്റെ പേരിൽ ആരോപിതമായത്. രാഷ്ട്രീയ മുതലെടുപ്പാണ് അതിന് കാരണം. പിന്നീട് ഒരിയ്ക്കലും നാട്ടിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. ഞങ്ങളുടെ ഒളിച്ചോട്ടം നാട്ടിലെ ഇരു സമുദായത്തിലും വലിയ പ്രശ്നങ്ങൾ ഉടലെടുത്തു. ആ സമയത്താണ് എനിക്ക് ദുബായിലേക്കുള്ള വിസ ശരിയായത്. മറ്റൊന്നും നോക്കിയില്ല ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ദുബായ്ക്ക് പറന്നു”
“അപ്പോൾ ആന്റിയൊ”
“വയനാട്ടിൽ അവൾ സുരക്ഷിതയായിരുന്നു. അവളെ എളയുമ്മ ആരെയും കാണിക്കാതെ സംരക്ഷിച്ചു. അവൾക്ക് പാസ്പോർട്ടെടുക്കലായിരുന്നു ഏറെ ബുദ്ധിമുട്ടുള്ള ജോലി. അവളുടെ ഫൈനൽ റിസൽട്ട് വന്നിട്ടും ഇല്ലായിരുന്നു”.
“ദുബായിൽ മുനിസിപ്പാലിറ്റിയിൽ എനിക്ക് എഞ്ചിനീയറായി ജോലി കിട്ടി. ആറ് മാസത്തിന് ശേഷം ഞാൻ അവളുടെ അച്ഛന് കത്തെഴുതി”.
“എന്താ കത്തിലെഴുതിയത്. അങ്ങോട്ട് വല്ല ഭീഷണിയും”
“അയ്യോ, കുറച്ച് ക്ഷമാപണം. പിന്നെ കാര്യത്തിന്റെ സത്യാവസ്ഥ. ആ സമയം ആകുമ്പോഴെക്കും കാര്യങ്ങളൊക്കെ അവരും അറിഞ്ഞ് കാണുമല്ലോ. പിന്നെ അവളെ മതം മാറ്റുകയോ പേരുമാറ്റുകയൊ ചെയ്തില്ലെന്ന അറിവ് അവരുടെ ദേഷ്യത്തിന് അൽപ്പം ശമനം ഉണ്ടായിക്കാണുമായിരിയ്ക്കും . മറുപടിയൊന്നും കിട്ടിയില്ലെങ്കിലും നമുക്കത് മാനസികമായി വലിയ ആശ്വാസമായിരുന്നു”.
“അതിനിടയിൽ പറയാൻ മറന്നു. ബിരിയാണി സൂപ്പറായിട്ടുണ്ട്”.
“എന്നാൽ കുറച്ച് കൂടി കഴിക്ക്”
“ഇപ്പോതന്നെ വയറ് പൊട്ടാറായി. ഇനി ചോക്ലേറ്റ് കൂടി കഴിച്ചാൽ ശ്വാസമെടുക്കാൻ പറ്റുമോ എന്നറിയില്ല. എന്നിട്ട് ആന്റിയെ വീട്ടുകാർ കണ്ടോ”
“എവിടെ.. പിന്നെ കുറച്ച് മാസം കഴിഞ്ഞപ്പോൾ അവളും ഇവിടേക്കു വന്നു. അവൾ എന്റൊപ്പം ജോലി തരപ്പെടുത്തി”.
“പിന്നീട് അങ്കിൾ എപ്പൊഴാ നാട്ടിൽ പോയത്”.
“ഞങ്ങൾ നാട്ടിൽ പോയതേ ഇല്ല. രണ്ടു പേർക്കും നാട്ടുകാരെ ഭയമായിരുന്നു. വീട്ടുകാരെ എഴുത്തിലൂടെയുള്ള ബന്ധം ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഉപ്പ മരിച്ചപ്പോഴാണ് നാട്ടിലേക്ക് പോകുന്നത്. അപ്പൊഴേക്കും നാട്ടുകാരൊക്കെ മറന്നിരുന്നു”.
“ആന്റിയുടെ വീട്ടുകാരോ”
“ആ സമയത്ത് അപ്പുവിന് അഞ്ച് വയസ്സായിക്കാണും. ചെറുമകനെ കാണാനുള്ള കൊതികൊണ്ട് ദേഷ്യവും വിദ്വേഷവുമൊക്കെ പമ്പകടന്നിരുന്നു. അവളുടെ അച്ഛനും അമ്മയും പിന്നീട് ദുബായിലേക്ക് വരവൊക്കെ ഉണ്ടായിരുന്നു. ജോലിത്തിരക്കും മക്കളുടെ പഠിപ്പും കാരണം ക്രമേണ നാട്ടിലേക്കുള്ള യാത്രയൊക്കെ കുറഞ്ഞു. പെങ്ങൻമാരുടെ കല്യാണത്തിനും അങ്ങനെ വിശേഷത്തിന് മാത്രമായി നാട്ടിലേക്കുള്ളയാത്ര.”
“നിങ്ങൾ റിട്ടയർ ചെയ്തിട്ട് എത്ര കാലമായി?”
“ഞാൻ മൂന്നും അവൾ രണ്ടു വർഷവുമായി. ഇപ്പോൾ പേരക്കുട്ടികൾ ഉള്ളത് കൊണ്ട് അവരൊപ്പം അവിടെയും ഇവിടെയുമായി ജീവിതം പോകുന്നു”
അങ്കിൾ ഞാൻ പോയ്ക്കോട്ടെ, പിന്നൊരിക്കൽ വരാം”
“സ്കൂൾ അടച്ചതല്ലേ, സ്കൂൾ തുറക്കുന്നത് വരെ തല്ല് കൂടല് കുറയ്ക്കാൻ കുറച്ച് നേരം ഇവിടെ വരൂ. എനിക്കും മിണ്ടീം പറഞ്ഞും ഇരിക്കാനൊരു ആളാകുമല്ലോ”.
“ഓക്കെ അങ്കിൾ, നാളെ കാണാം. ബായ് ബായ്”
ഓർമ്മകളുടെ കൂടുവിട്ട് തുറന്നപ്പോൾ ആയിരം മാടപ്രാവുകൾ ചിറകടിച്ച് പറന്നു. പ്രകൃതിക്ക് വല്ലാത്ത മാറ്റം കണ്ട് തുടങ്ങി. ഇനി അങ്ങോട്ട് ചൂട് കൂടാൻ തുടങ്ങും. അതിന്റെ തുടക്കമാണ് ഈ പൊടിക്കാറ്റ്. പക്ഷെ ഇത്തവണത്തെ പൊടിക്കാറ്റിന് അൽപ്പം കൂടി ക്രൗര്യമുണ്ടോ എന്ന് തോന്നാതിരുന്നില്ല.
എന്തുപറ്റി എന്നറിയില്ല മക്കളുടെ ഫോൺ കാൾ ഒന്നും വന്നു കണ്ടില്ല. തിരിച്ച് വിളിക്കുമ്പോളൊക്കെ നോട്ട് റീച്ചബിൾ എന്നാണ് പറയുന്നത്. ഏതായാലും ഈ ആഴ്ച തിരിച്ച് വരേണ്ടതാണല്ലോ.
കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ഡോർ തുറന്നപ്പോൾ അച്ചുവാണ്.
“എന്താ മോള് ഇന്നലെ വരാമെന്ന് പറഞ്ഞ് കണ്ടില്ലല്ലോ. ഞാൻ കരുതി പൊടിക്കാറ്റിൽ പറന്ന് പോയിന്നാ”
“എന്നിട്ട് അങ്കിളെന്താ അന്വേഷിയ്ക്കാഞ്ഞത്. എനിയ്ക്കിന്നലെ സുഖമില്ലായിരുന്നു”.
“അങ്കിളിനും ഇന്നലെ മനസിനൊരു സുഖമുണ്ടായില്ല. ബബിയോ മക്കളോ വിളിച്ചില്ല. ഇതുവരെ ഇല്ലാത്ത അസ്വസ്ഥത. മോൾക്കെന്താ പറ്റിയത്”.
“അത് … അത് പിന്നെ വയറ് വേദന. പിരീഡ്സ് ടൈമിൽ ഉള്ളതാണ്”.
“ഓക്കെ ഓക്കെ. ഇപ്പോൾ സുഖമായോ”
“ഇന്ന് കുറവുണ്ട്. ഇന്നലെ എന്തായിരുന്നു പൊടിക്കാറ്റ്. അങ്കിളിന്റെ ഡോ എന്ത് പറയുന്നു”.
“ഞാനങ്ങോട്ട് പോയതേ ഇല്ല. ഡോർ തുറന്നാൽ പൊടി അകത്തേക്ക് കടക്കില്ലെ. ഞാൻ തന്നെ ക്ലീൻ ചെയ്യണ്ടേ”
“ഞാൻ എന്തായാലും നോക്കട്ടെ”.
“മോള് നോക്കീട്ട് വാ. ആ ജഗ്ഗിലെ വെള്ളം എടുത്ത് അവിടെ ഒരു ട്രേ കാണും അതിലൊഴിച്ചൊ. അവറ്റകൾക്ക് രണ്ട് ദിവസമായി ഞാനൊന്നും കൊടുത്തിട്ടില്ല”.
“അങ്കിൾ അങ്കിൾ ഒന്നിങ്ങോട്ട് വന്നേ”
“എന്താ മോളേ”
“ദേ..ഡോ ഇവിടെ വീണ് കിടക്കുന്നു. ഐ തിങ്ക് ഇറ്റ്സ് ഡെഡ്”
“അണോ. ഞാനൊന്ന് നോക്കട്ടെ”.
ബാൽക്കണിയുടെ മൂലയിൽ ചിറകുകൾ കൊഴിഞ്ഞ് പൊടിയിൽ പുതഞ്ഞ് കിടക്കുന്ന പ്രാവിനെ ഏറെ വേദനയോടെ കാണാനേ കഴിഞ്ഞുള്ളു.
“എത്രവർഷമായി ഇവറ്റകൾ എന്റൊപ്പം കൂടിയിട്ട്. ഒന്നുകിൽ ജീവിതം അവസാനിച്ച് കാണും. അല്ലെങ്കിൽ ഇന്നലത്തെ പൊടിക്കാറ്റിൽ കുടുങ്ങിപ്പോയതാകും. ഏതായാലും ഇതിന്റെ ഇണക്കിളി ഒറ്റപ്പെട്ടു. ഇനി ഈ മുട്ടകൾ എന്താകുമോ എന്തോ”.
“അങ്കിൾ ഇനി ഇതിനെ എന്താണ് ചെയ്യുക”.
“പൊതിഞ്ഞെടുത്ത് മുനിസിപ്പൽഡസ്റ്റ് ബിന്നിലിടാം. അല്ലാതെ ഇതിനെ കുഴിച്ചിടണമെങ്കിൽ കുറച്ച് ദൂരം പോകേണ്ടിവരും”
“ആരാ മോളേ ബെല്ലടിക്കുന്നത്. മോളൊന്ന് ഡോർ തുറന്നേ”.
“ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ”
“നീയെന്താ ഒരുവിവരവും പറയാതെ ഇങ്ങെത്തിയോ. രണ്ട് ദിവസമായല്ലൊ ഫോണിൽ കിട്ടിയിട്ട്. മക്കളെവിടെ. ബബിക്കെങ്കിലും വിളിയ്ക്കാൻ തോന്നിയില്ലല്ലോ”
“ഡാഡി”
“എന്താഡാ നീ വല്ലാതിരിക്കുന്നല്ലോ. അവരാരും കൂടെ വന്നില്ലെ”
“ഉണ്ട് എല്ലാവരും ഉണ്ട്. മമ്മിക്ക് പെട്ടെന്നൊരു ക്ഷീണം. ഹോസ്പിറ്റലിലാണുള്ളത്. അതാണ് ഫോൺ വിളിക്കാൻ പറ്റാത്തത് ”.
“എന്നിട്ട് .. അവളെവിടെയാണുള്ളത്. ഇപ്പൊ എങ്ങനുണ്ട്”.
“റാഷിദിയാ ഹോസ്പിറ്റലിലാണുള്ളത്”
“അതെന്തിനാ അവിടെ കാണിക്കുന്നത്. അവൾ അസുഖം വന്നാൽ ഡോക്ടർ ചെറിയാനെയല്ലേ കാണിയ്ക്കാറ്”
“ഡാഡി ഒന്ന് റെഡിയാവ്. നമുക്കുടനെ പോകണം”
“മോള് അടുത്ത ഫ്ലാറ്റിലെ ആണല്ലെ. ഡാഡിക്കൊരു കൂട്ടായത് നന്നായി”.
“അങ്കിൾ ഞാൻ പോയിട്ട് പിന്നെ വരാം”
“ഓക്കെ മോളേ “
മനസിൽ തിരമാലകൾ അലയടിച്ച് കൊണ്ടിരുന്നു. ഇന്നേവരെ അനുഭവിക്കാത്ത ശ്വാസംമുട്ടൽ. ബബിക്ക് അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം. കൂടുതലൊന്നും മോനോട് ചോദിയ്ക്കാനും ആവുന്നില്ലല്ലോ.
“ഇനി എനിക്ക് പറയാതിരിക്കാൻ കഴിയില്ല. ഡാഡി ഒഴികെ നമ്മുടെ കുടുംബക്കാരും സുഹൃത്തുക്കളും എല്ലാവരും വിവരം അറിഞ്ഞതാണ്”
“എന്താ മോനെ. അവൾക്ക് വല്ല ബുദ്ധിമുട്ടും”.
“മമ്മി നമ്മെ വിട്ട് പോയി”
“മോനേ”
“ഞങ്ങൾ അവിടെ ഒരു യാത്രയ്ക്കിടയിലായിരുന്നു. പെട്ടെന്ന് നെഞ്ച് വേദന വന്നതാണ്. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മമ്മിയെ ഇന്ന് രാവിലെ ഇവിടെ എത്തിച്ചത്”.
എല്ലാം നിശ്ചലമാവുകയാണോ. എന്റേതുമാത്രമായവൾ എന്നെ തനിച്ചാക്കി പോയിരിക്കുന്നു. എനിക്കായിട്ടെന്തിനാണ് ഇനി ഒരു ജീവിതം. ഒറ്റപ്പെടലിന്റെ വേദന ഇനി എത്രനാൾ, അവൾക്ക് എന്നെ കൂടെ കൂട്ടാമായിരുന്നില്ലേ. നാല് ദശാബ്ദങ്ങളിലേറെ ഒരു മനസായ് കഴിഞ്ഞവരല്ലേ നമ്മൾ. എന്നിട്ടും എന്നെ നി തനിച്ചാക്കിക്കളഞ്ഞല്ലോ…
പൊടിക്കാറ്റ് ആഞ്ഞു വീശി. റോഡിനിരുവശത്തും പൊടി പടലങ്ങളാൽ നിറഞ്ഞു. മോർച്ചറിയിൽ തണുത്തുറഞ്ഞ് അവളിപ്പോഴും കിടക്കുകയാണ്. എനിക്കു വേണ്ടി മാത്രം.
