മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം നടത്തിയ കഥ കവിത മത്സരങ്ങളുടെ ഫലപ്രഖ്യാപനം

പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെ കീഴിൽ  പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം ഏർപ്പെടുത്തിയ പ്രഥമ കഥ പുരസ്ക്കാരത്തിന് ശ്രീ സി.പി.അനിൽ കുമാറും കവിത പുരസ്ക്കാരത്തിന് ശ്രീ ഷാജി ഹനീഫും അർഹരായി.

സി പി അനിൽ കുമാറിൻ്റെ ” അബ്സല്യൂട്ട് മാജിക് ” എന്ന കഥയും ഷാജി ഹനീഫിൻ്റെ  ” കനലുകളിൽ എരിയുന്ന കരിയിലകൾ പറയുന്നത് ” എന്ന കവിതയുമാണ്  പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇവർക്കുള്ള  ” കേസരി നായനാർ ” കഥ പുരസ്ക്കാരവും  ” ചെമ്മനം ചാക്കോ ” കവിത പുരസ്ക്കാരവും ഡിസംബറിൽ മലയാള ഭാഷാ പാഠശാലയുടെ പതിനേഴാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മലയാള ഭാഷാ പാഠശാലയുടെ പുരസ്കാര പത്രവും ഫലകവും അയ്യായിരത്തിയൊന്ന് രൂപയുമടങ്ങുന്നതാണ് പുരസ്ക്കാരം.

അനിൽകുമാർ സി പി

ആലപ്പുഴ ജില്ലയിൽ വെൺമണി, പൂന്തല സ്വദേശിയായ   ശ്രീ അനിൽകുമാർ സി പി ദുബായിൽ ജോലി ചെയ്യുന്നു. ‘ഓർമ്മകളുടെ ജാലകം’ എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് മുൻപും  ശ്രീ അനിൽകുമാർ സി പി   നിരവധി സാഹിത്യ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ  ശ്രീ ഷാജി ഹനീഫ് ദുബായിൽ സ്വന്തം സ്ഥാപനങ്ങൾ നടത്തുന്നു. ‘ആവിർ ഭൈരവ്’ എന്ന ചെറുകഥാസമാഹാരവും ‘അദൃശ്യവർണ്ണങ്ങൾ’ എന്ന പേരിൽ കവിതാസമാഹാരവും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസലോകത്തും നാട്ടിലുമായി ഇതിനുമുമ്പും ഒട്ടനവധി പുരസ്ക്കാരങ്ങൾ ശ്രീ ഷാജി ഹനീഫിനെ തേടിയെത്തിയിട്ടുണ്ട്.

വ്യത്യസ്തമായ ആഖ്യാന ശെെലിയിൽ വിചിത്രമായ ശില്പസങ്കേതങ്ങളുള്ള കവിതയായിരുന്നു. പുറത്തു കാണുന്ന ഹരിത പത്രങ്ങൾക്കെല്ലാം ഒടുവിൽ കരിയിലയുടെ കറുത്ത രൂപമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഉപയോഗിച്ച കാവ്യഭാഷ മികച്ചു നിൽക്കുന്നതാണ്. എഴുത്തിൽ അത്രമേൽ സൂക്ഷ്മതയോടെ കെെകാര്യം ചെയ്യുന്നതാണ് ഷാജി ഹനീഫിൻ്റെ കവിതയെന്ന് ജൂറി വിലയിരുത്തി.

കഥയെ സർഗ്ഗാത്മകതയുടെ സൂക്ഷ്മരൂപം എന്ന നിലയിൽ സമീപിക്കുന്ന രചനാ ശെെലിയാണ് അനിൽ കുമാറിൻ്റെ രചനയിൽ കാണാനായത്. രാഷ്ട്ര വികാസത്തിൻെറ നോക്കെത്താ ദൂരത്തെ എത്തിപ്പിടിക്കുന്ന ബാല്യ ജിജ്ഞാസയെ ക്രിമിനൽ വൽക്കരിക്കുന്ന പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പരിസരത്തെയും ചൂണ്ടിക്കാണിക്കുന്നതാണ് കഥയെന്നും ജൂറി അഭിപ്രായപ്പെട്ടു.

പയ്യന്നൂർ മലയാള ഭാഷാ പാഠശാലാ ഡയറക്ടർ ശ്രീ ടി പി ഭാസ്ക്കര പൊതുവാൾ മാഷ് ചെയർമാനായ അഞ്ചംഗ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.