“ഇന്ന് കണ്ടില്ലല്ലോ, വഴക്കാണോ?”
“ഞാനെന്തിനാ നിന്നോട് വഴക്കിടുന്നേ? ഇന്ന് ഓഫീസിൽ നല്ല തിരക്കായിരുന്നു. എങ്കിലും നിന്റെ മെസ്സേജുണ്ടോന്ന് എപ്പോഴും ഫോണിൽ നോക്കിക്കൊണ്ടിരുന്നു.
നിനക്കെന്തായിരുന്നു ഇത്ര വല്യ തിരക്ക്?”
“എന്റെ കാര്യം നിനക്കറിയില്ലേടീ. ഇറങ്ങുന്നതിന് കുറച്ചുമുമ്പാ ഒരു വണ്ടി വന്നത്. നാളെത്തന്നെ കൊടുക്കാനുള്ളതാ, നിൽക്കാമോന്ന് മാനേജർ ചോദിച്ചപ്പോൾ ഓവർടൈം കിട്ടുമല്ലോന്നോർത്ത് സമ്മതിച്ചു. ദേ, കഴിഞ്ഞിപ്പോ വന്നതേയുള്ളൂ.”
“ആണോ, നീ ഫൂഡിയോ?”
“കഴിച്ചുകൊണ്ടിരിക്കുന്നു. നല്ല വിശപ്പ്, ഞാൻ കഴിക്കട്ടെ എന്നും പറഞ്ഞ് ചോറുമായി ഹാളിലേക്ക് പോന്നു.”
“സീനയും പിള്ളേരും എന്ത്യേ?”
“പിള്ളേര് കിടന്നു. അവള് അടുക്കളേലാ.”
“സീനയെങ്ങാനും വരുമോ ഇപ്പോ?”
“ഹേയ്, അവള് നാളത്തെ തോരനുള്ള ബീൻസ് അരിയുന്നതേയുള്ളൂ. എല്ലാ പണിയും കഴിഞ്ഞിട്ടേ അവള് കഴിക്കൂ.”
“എന്നാ നീ കഴിച്ചുകഴിഞ്ഞ് ഫ്രീയായിട്ട് വാ. സീന കിടക്കാൻ വരുന്നതുവരെ സംസാരിക്കാലോ.
“ഓക്കേ, സീ യു സൂൺ ഡിയർ”
ഊണുകഴിഞ്ഞ് ഗിരി ജെസിയോട് പിന്നെയും ഏറെനേരം സംസാരിച്ചു കിടന്നു. അതവരുടെ ശീലമാണ്. പിറ്റേന്ന് നാലുപേർക്കും ലഞ്ചിന് കൊണ്ടുപോകാനുള്ളത് വരെ ഒരുക്കി അടുക്കളവാതിൽ അടച്ച് സീന കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും ഗിരി പതിവുപോലെ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരുന്നു.
പിറ്റേന്ന് വിളിക്കുമ്പോൾ ജെസ്സിയുടെ ശബ്ദം കലമ്പിച്ചിരുന്നു. ആദ്യത്തെ ഹലോയിൽ തന്നെ ഗിരി അത് പിടിച്ചെടുത്തു.
“എന്തുപറ്റി, നിനക്ക് സുഖമില്ലേ? “
“ഇന്ന് മോളുമായി ഒന്നുടക്കി. കുറെയായി അവളിൽ ഒരു മാറ്റം. ഇപ്പോ തീരെ അനുസരണയില്ല. വീട്ടിൽ സംസാരം തന്നെ കുറഞ്ഞുവരുന്നു.”
നീ വിഷമിക്കേണ്ട, അവളുടെ പ്രായം അതല്ലേ. പതിനാലാംവയസ്സിൽ നമ്മളും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നിരിക്കും. “
“നമ്മൾ ഇങ്ങനെയൊന്നും മുതിർന്നവരോട് സംസാരിച്ചിട്ടില്ല. ചാച്ചനോടും മമ്മിയോടുമൊക്കെ ദേഷ്യം തോന്നിയാലും മിണ്ടാതിരുന്നിട്ടേയുള്ളൂ. കൂടിവന്നാൽ ഒരു നേരത്തെ ഉപവാസം. അതും മുറ്റത്തെ ചെമ്പരത്തിക്കമ്പുകൊണ്ട് അവസാനിപ്പിക്കുമായിരുന്നു മമ്മി. ഇവൾക്ക് യാതൊരു പേടിയുമില്ല. വിത്തും വേരുമറിയാതെ അവൾ വിളിച്ചു പറയുന്നതെല്ലാം കേട്ടിട്ട് എനിക്കാണ് പേടി. അവൾ എന്നെക്കൂടി പ്രതിക്കൂട്ടിൽ നിർത്തി. മമ്മിയും മമ്മിയുടേതായ ഇഷ്ടങ്ങൾക്കൊത്തല്ലേ ജീവിക്കുന്നത് എന്ന് ചോദിച്ചപ്പോൾ എൻ്റെ ഉള്ളൊന്നാന്തി. അവൾ ഇനി ഇതെങ്ങാനും കണ്ടുപിടിച്ചോന്ന്!”
“ഏയ്, അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ. എന്തിനായിപ്പോ വഴക്കുണ്ടാക്കിയത്?”
“അവൾക്ക് കൂട്ടുകാരുടെയൊപ്പം രണ്ട് ദിവസത്തെ ടൂർ പോണം. അതിന് വഴിച്ചെലവ് മാത്രം പോരാ, പുതിയ ഡ്രസ്സുകളും ഷൂസും ഒക്കെ വേണമെന്ന്. അതും ജീൻസിന്റെ ഷോർട്സും ബനിയനും. അത് ഞാൻ സമ്മതിച്ചില്ല. ശരീരം വളർന്നുവരുന്ന പ്രായത്തിലാ ഇറുകിയ ടോപ്പും ഇറക്കമില്ലാത്ത നിക്കറും… “
“എടീ കഴുതേ, ഇത് പണ്ടത്തെ കാലമല്ലെന്ന് നിന്നോടിനിയും പറഞ്ഞുതരണോ? ഇപ്പോ അതൊക്കെയല്ലേ ട്രെൻഡ്! എല്ലാവരും അതുപോലുള്ളതൊക്കെയിട്ട് ഒരുമിച്ചു പോകുമ്പോൾ ചുരിദാറും ഷോളുമിട്ട് മൂടിപ്പുതച്ച് നടക്കുന്നവരെ ആയിരിക്കും ആളുകൾ വിചിത്രമായിട്ട് നോക്കുന്നത്. അവൾക്കും കാണില്ലേ അതൊക്കെയിടാൻ ആഗ്രഹം. ബിജു എന്തുപറഞ്ഞു?”
“ഓ…. പുള്ളിയുടെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്. ഇവിടെ നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിലാ നടപ്പ്. അല്ലെങ്കിലും വീട്ടിലെ കാര്യങ്ങൾ അറിയാൻ നേരം എവിടെയാ? എപ്പോഴോ വരുന്നു, വെളുപ്പിനേ പോകുന്നു. വീട്ടിലിരിക്കാറേയില്ല. ഉണ്ടെങ്കിൽത്തന്നെ ഫോണിലായിരിക്കും. മോൾക്കാണെങ്കിലും ആവശ്യങ്ങൾ പറയാൻ അപ്പനെ കണ്ടുകിട്ടിയിട്ട് വേണ്ടേ? ചൂണ്ടിക്കാട്ടാവുന്നതിനും ചോദിച്ചു വാങ്ങാവുന്നതിനും ഒരു പരിധിയില്ലേ.. . ” അവളിൽ വന്നുനിറഞ്ഞ നിസ്സംഗതയിൽ നിന്ന് ഒരു നെടുവീർപ്പ് ജനിച്ചു.
അവളുടെ നിശ്വാസം ഗിരിയിലെ സുഹൃത്തിൽ നൊമ്പരമുണർത്തി.
“എന്തായാലും നീ അതോർത്ത് മനസ്സ് പുണ്ണാക്കേണ്ട. മോളോട് ഒരു മയത്തിലൊക്കെ സംസാരിച്ചാൽ മതി. വീട്ടുകാരേക്കാൾ സ്ഥാനം കൂട്ടുകാർക്ക് കൊടുക്കുന്ന പ്രായമാണ്. പെട്ടെന്നുള്ള ചിന്തകൾക്ക് മനസ്സ് എളുപ്പം വഴങ്ങിക്കൊടുക്കും. അവർക്കീ പ്രായത്തിൽ തെറ്റുകളൊന്നുമില്ല. നമ്മൾ വേണം അവർ തെറ്റിലേക്ക് വഴുതിവീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്. ഇനി പൈസയുടെ കാര്യമാണെങ്കിൽ നമുക്ക് അതും സെറ്റാക്കാം. യു ചീർ അപ്പ്, മൈ ഗേൾ.”
ജെസ്സിക്ക് മനസ്സുനിറഞ്ഞു കണ്ണിലൂടെ ചൂടുനീരിറങ്ങി വന്നു. സങ്കടങ്ങളിൽ ഇങ്ങനെ ഉള്ളറിഞ്ഞ് ആശ്വസിപ്പിക്കാൻ ഒരാളെ കൂട്ടുകിട്ടിയല്ലോ. പക്ഷേ അതും തൻ്റെ സ്വന്തമല്ല. സർവ്വമംഗളങ്ങളും കൊതിച്ച്, പ്രാണസ്ഥാനമായ കഴുത്തിൽ താലി അണിയിക്കാൻ നിന്നുകൊടുത്തപ്പോൾ ആ ആള് തൻ്റെ സ്വന്തമെന്നും താൻ അയാൾക്ക് സ്വന്തമെന്നും വിശ്വസിച്ചു. സ്വന്തം എന്നല്ല സ്വതന്ത്രമെന്നാണ് അയാളുടെ മനസ്സ് എന്നറിഞ്ഞപ്പോൾ തന്റെ മനസ്സും പതിയെ ആ കൂടുവിട്ടിറങ്ങി. പക്ഷേ, ഇപ്പോഴും എന്തൊക്കെയോ പ്രതീക്ഷിച്ച് അതിനുചുറ്റും പറന്നുനടക്കുന്നു. കാലിത്ത്രാസിന്റെ തട്ടു പോലെയാണല്ലോ തങ്ങളിരുവരും എന്നോർത്തു വിഷമം തോന്നാറുണ്ട്. ചിലപ്പോൾ തോന്നും, ബിജൂന്റെ സ്വഭാവവും പെരുമാറ്റവും തന്നെ ബാധിക്കുന്നില്ലെന്ന്. അതിന്റെ ഒരു കാരണം ഗിരി തന്നെയായിരിക്കും. തനിക്ക് മറയില്ലാതെ മനസ്സ് തുറക്കാനുള്ള ഒരാളാണ് ഗിരി.
അതോ, ബിജു ഇങ്ങനെ ആയതുകൊണ്ടാണോ സ്വന്തമല്ല എന്നറിഞ്ഞിട്ടും ഗിരിയുടെ സ്നേഹത്തിന്റെ തണുവ് തേടി താൻ പോകുന്നത്? ദാമ്പത്യത്തിലെ സമവായത്തിന്റെ പാതയടഞ്ഞ നിരാശയിൽ നിന്നുതിർന്ന ഒരു ധൈര്യം അവളുടെ മിഴിക്കോണിൽ കനത്തു.
18 വർഷം മുമ്പ് ഒരു ഓട്ടോമൊബൈൽ സർവീസ് സ്റ്റേഷനിൽ റിസപ്ഷനിസ്റ്റ് ആയി ജോയിൻ ചെയ്തതോടെയാണ് അവിടത്തെ എല്ലാവരുടെയും പ്രിയങ്കരനായിരുന്ന മെക്കാനിക് ഗിരീഷിനെ പരിചയപ്പെടുന്നത്. ജോലിയിലുള്ള വൈഭവം പോലെതന്നെ ചുറുചുറുക്കോടെയുള്ള സംസാരവും മറ്റുള്ളവരോടുള്ള സരസമായ ഇടപെടലും തന്നെയും ഗിരിയോട് അടുപ്പിച്ചു. ജോലിയുടെ ഇടവേളകളിൽ കിട്ടുന്നനേരത്ത് തമാശകളും പൊട്ടിച്ചിരിയുമായി ഗിരി റിസപ്ഷനിൽ വന്നിരിക്കുമായിരുന്നു. ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കാൻ ഗിരിയെ കാത്തിരുന്നു മുഷിയുമ്പോൾ യാർഡിലേക്ക് താനും ചെല്ലും. കരിയിലും പുകയിലും പുരണ്ട് വണ്ടിയുടെ അടിയിൽക്കിടന്ന് പണിയെടുക്കുന്നതു കണ്ട് സഹതാപത്തോടെ നോക്കി നിന്നിട്ടുണ്ട്. തൻ്റെ നിഴൽ കാണുമ്പോഴേക്കും വേസ്റ്റ് തുണിയിൽ കൈയും മുഖത്തെ വിയർപ്പും തുടച്ച് ചിരിച്ചുകൊണ്ട് ഓടി വരും.
ആ അടുപ്പത്തിന് സഹപ്രവർത്തകർ മറ്റു പേരുകളിട്ട് വിളിക്കാൻ തുടങ്ങിയപ്പോഴാണ് താൻ അല്പം ഗൗരവത്തോടെ ഒരു അകലം കാക്കാൻ തുടങ്ങിയത്. പക്ഷേ ഗിരിക്ക് വിടാൻ ഭാവമില്ലായിരുന്നു. വീട്ടിൽ വന്ന് പപ്പയോട് സംസാരിക്കാനിരുന്ന ഗിരിയെ താനാണ് തടഞ്ഞത്. ജാതിയിലുള്ള വ്യത്യാസം കുടുംബത്തിൽ ഒരുതരത്തിലും സമ്മതിക്കുമായിരുന്നില്ല. ഉള്ള ജോലിയും കളയേണ്ടി വരും. അതോടെ സ്വന്തം കാര്യം നോക്കാനും വീട്ടിൽ കുറച്ച് സഹായിക്കാനും കഴിയുന്ന വരുമാനം ഇല്ലാതാകും. തൻ്റെ നിർബന്ധംകൊണ്ടാണ് ഗിരി അതിൽ നിന്നും പിന്തിരിഞ്ഞത്. ആകാശം നിറഞ്ഞ് പ്രണയം പെയ്യുമ്പോൾ തീമഴ നനയുന്നതുപോലെ അവൻ്റെ സ്നേഹം അവളെ പൊള്ളിച്ചു കൊണ്ടിരുന്നു.
ഒരു വർഷത്തിനുള്ളിൽ ബിസിനസ്സുകാരനായ ബിജുവിന്റെ ഭാര്യയായി. ബിസിനസ്സിൽ സ്വാഭാവികമായ ഉയർച്ചതാഴ്ചകൾ. അതുപോലെതന്നെയായിരുന്നു ബിജുവിന്റെ സ്വഭാവവും. ചിലപ്പോൾ നല്ല സ്നേഹം. അല്ലാത്തപ്പോൾ തേള് കുത്തുംപോലെ വേദനിപ്പിച്ച് അള്ളിപ്പിടിക്കുന്ന വാക്കുകളും പ്രവർത്തികളും. ഇടയ്ക്ക് ദേഹോപദ്രവവും. മോൾ ഉണ്ടായതിനുശേഷമാണ് താൻ ജോലിക്ക് പോകാതായത്. അതിനും കുറ്റപ്പെടുത്തലുകൾ. ‘നിന്നെ എന്തിനു കൊള്ളാം, കഴിവുകെട്ടവൾ, ഓരോരോ പെണ്ണുങ്ങൾ ഏതെല്ലാം മേഖലകളിലാണ് തിളങ്ങി നിൽക്കുന്നത്, എല്ലാ ചെലവും എൻ്റെ തോളിൽ, നിന്റെ വീട്ടിൽനിന്നും എനിക്ക് എന്ത് തന്നു’ എന്നിങ്ങനെയുള്ള പല്ലവികൾ കേട്ടു മടുത്തു. എന്തെങ്കിലും ജോലിക്ക് പോകാമെന്ന് വെച്ചാൽ, പിന്നെ വീട്ടിലെ കാര്യങ്ങൾ ആരുനോക്കും എന്നാകും. തരം കിട്ടുമ്പോഴൊക്കെ മമ്മിയെയും പപ്പയും അനിയനെയും വരെ ചീത്ത പറഞ്ഞുകൊണ്ടിരിക്കും. ഉണ്ടാക്കി വെച്ചിരിക്കുന്ന ഭക്ഷണങ്ങൾ എടുത്തെറിയും. പൂച്ചെടികൾ വെട്ടി നുറുക്കിയിടും. അതുകൊണ്ട് പൂക്കളോടും ചെടികളോടുമുള്ള തൻ്റെ ഇഷ്ടംപോലും കുഴിച്ചുമൂടി. മൂന്നുവയസ്സുകാരി മകൾ വാരിവലിച്ചിടുന്ന കളിപ്പാട്ടങ്ങൾ പെറുക്കി മുറ്റത്തേക്കെറിയും. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്നതോടെ കലിയുടെ തിരയടങ്ങും. രണ്ടുമൂന്നു ദിവസം മിണ്ടാതെയും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെയും നടക്കും. തൻ്റെ വേദനയാണ് അയാളിലെ നാർസിസ്റ്റിനെ സന്തോഷിപ്പിക്കുന്നത്. ആ ഭ്രാന്തിനൊപ്പം തുടങ്ങാനും ഒടുങ്ങാനും കഴിയാതെ, മോൾ നഴ്സറിയിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ പുതിയൊരു കമ്പനിയിൽ ജോലിക്ക് പോയിത്തുടങ്ങി.
കഴിഞ്ഞ 10 വർഷമായി ഇതാണ് ജെസ്സിയുടെ ജീവിതം. ഇതിനിടയിൽ ഗിരിയുടെ വിവാഹം കഴിഞ്ഞതും ഭാര്യയോടൊപ്പം അയർലൻഡിൽ താമസമാക്കിയതും ആരോ പറഞ്ഞറിഞ്ഞിരുന്നു. ഈയടുത്താണ് വീണ്ടും സോഷ്യൽമീഡിയയിൽ കണ്ടുമുട്ടിയത്. സൗഹൃദം പുതുക്കി, പത്ത് വർഷത്തെ ജീവിതം ഒളിച്ചും തെളിച്ചും പറഞ്ഞു്, ജെസ്സിയുടെ മനസ്സിൽ അവന്റേതു മാത്രമായ ആ ഒരിടത്തേക്ക് അവൻ വീണ്ടും കയറിയിരിക്കുന്നു. ആദ്യമായിട്ടല്ല ഗിരി ജെസ്സിയെ പണംകൊണ്ടും വാക്കുകൊണ്ടും സമാധാനിപ്പിക്കുന്നത്.
“നിന്റെ വീട്ടിലും ആവശ്യങ്ങളില്ലേ? നാട്ടിലെ കാര്യങ്ങളും നീ തന്നെയല്ലേ നടത്തുന്നത്. എല്ലാം കൂടി ……?”
“അതൊന്നും നീ അറിയേണ്ട പെണ്ണേ, നാട്ടിലെ കാര്യങ്ങൾക്ക് മുട്ടുവരാതെ ഞാൻ നോക്കാറുണ്ട്. ഇവിടത്തെ കാര്യങ്ങൾ ഞാൻ ചെയ്തില്ലെങ്കിലും സീന നോക്കിക്കോളും. അന്ന് നീ എന്നെ മാറ്റി നിർത്തിയില്ലായിരുന്നെങ്കിൽ ഇന്നിപ്പോ എനിക്കുള്ളതിന്റെയെല്ലാം അവകാശി നീ ആകുമായിരുന്നില്ലേ?”
വിശ്വസിച്ചാൽ മുന്നുംപിന്നും നോക്കാത്ത പെണ്ണിന്റെ സ്വഭാവത്തിൽ നിന്ന് ജെസിയും വ്യത്യസ്തയായിരുന്നില്ല.
പിന്നെ ഒരു ദിവസം ജെസ്സി വിളിച്ചപ്പോൾ അവളുടെ സംസാരത്തിൽ ആകെ ഉത്സാഹത്തിന്റെ മണികിലുക്കം.
“എടാ നീയിപ്പോൾ എവിടെയാണ്?”
“ഞാൻ വീട്ടിൽ”.
“എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. സീന കേട്ടാലോ?
നീയൊന്ന് പുറത്തേക്കിറങ്ങ്.”
“അവള് പിള്ളേരെ ഹോംവർക്ക് ചെയ്യിക്കുവാ. ഇവിടെയിപ്പോൾ തൃശ്ശൂർപൂരം നടന്നാപ്പോലും അവളറിയില്ല. അതിലും വലിയ പൊട്ടലും കത്തലുമൊക്കെയാണ് മുറിക്കകത്ത്. “
“ഹോ…നിന്റെയൊരു തമാശ. എന്നാലും വേണ്ട, നീ പുറത്തേക്കിറങ്ങ്……”
“ഇനി അഥവാ കേട്ടാത്തന്നെ അത്രയും എളുപ്പമായി. ഞാനായിട്ട് പറയേണ്ടി വരില്ലല്ലോ.”
അവൻ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി ഗരാജില് കാറിൽ കയറിയിരുന്നു.
“ഉം….ഇനി പറ “.
“എടാ, ഒരുപാട് ആളുകൾ ഇപ്പോൾ യുകെയിലും കാനഡയിലും ഒക്കെ പോകുന്നുണ്ടല്ലോ. എനിക്ക് വരാൻ പറ്റുമോ നിൻറടുത്തേക്ക്?
“എടീ പൊട്ടീ , അതിന് സ്റ്റുഡൻറ് വിസയോ വർക്ക് വിസയോ വേണ്ടേ”?
“നിനക്ക് കൊണ്ടുപോകാൻ പറ്റില്ലേ എന്നെ?”
“അതിന് നമ്മുടെയീ ബന്ധം സർട്ടിഫൈഡ് അല്ലല്ലോ. ഇനി അങ്ങനെയാക്കണമെങ്കിൽ ഞാനാദ്യം മാമോദിസ മുങ്ങണ്ടേ? ഞാൻ അതിനും റെഡി. അങ്ങനെ എന്തെങ്കിലും ചാൻസുണ്ടെങ്കിൽ നീ നോക്കിക്കോ. ബാക്കിയെല്ലാം ഞാനേറ്റു.” അവൻ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ നാണം കലർന്ന അവളുടെ ചിരിയും അലിഞ്ഞുചേർന്നു.
“എടീ, എനിക്ക് നിന്നെ കാണാൻ തോന്നുന്നു. “നീ വീഡിയോകോളിൽ കാണാറുള്ള ആള് തന്നെയാ ഞാൻ..”
“കളിയല്ല പെണ്ണേ… എനിക്ക് ശരിക്കും നിന്നെ നേരിൽ കാണണം.”
“അതിന്, നീ ഇനിയെന്നാ നാട്ടിലേക്ക്?”
“ലീവ് സാംഗ്ഷനായാൽ ഈസ്റ്ററിന് കാണാം.” സീനയോട് ഡയറ്റിംഗ് എന്ന കാരണം പറഞ്ഞ് ജെസ്സിയോടൊപ്പം അൻപതുനോമ്പും എടുത്ത്, ഈസ്റ്റർ അവധിക്ക് നാട്ടിൽപ്പോയ ഗിരിയെ ‘കാണാൻ കിട്ടുന്നില്ല’ എന്നായിരുന്നു അവൻ്റെ വീട്ടിലുള്ളവരുടെപോലും പരാതി.
അവൻ്റെയാ അവധി അവൾക്കുള്ളതായിരുന്നു. കണ്ണീരുവീണ് കനച്ച തലയിണയ്ക്ക് സ്വപ്നങ്ങളുടെയും മണമുണ്ടെന്ന് ജെസി അറിഞ്ഞത് അവളുടെ ജീവിതത്തിലേക്കുള്ള ഗിരിയുടെ രണ്ടാംവരവിലാണ്. വെച്ചുനീട്ടിയപ്പോൾ തച്ചുടച്ച പളുങ്കുപ്രണയത്തിന്റെ ചീളുകൾ അവളുടെ ഹൃദയത്തിൽ തറഞ്ഞിരുന്ന് ചോര പൊടിഞ്ഞു.
“എന്താടാ നമ്മളിങ്ങനെ? തെറ്റാണെന്ന് അറിഞ്ഞിട്ടും….?” അവളുടെ വാക്കുകളിൽ കുറ്റബോധം ഘനീഭവിച്ചിരുന്നു.
“ഇക്കാലത്ത് ഇതൊന്നുമൊരു തെറ്റല്ല. എല്ലാവർക്കും കാണും ഇങ്ങനെയൊരു സ്വകാര്യയിഷ്ടം. മറ്റൊന്നിനും വേണ്ടി വിട്ടുകളയാൻ ഇഷ്ടമില്ലാത്ത ഒരിഷ്ടം.”
“എല്ലാവരും ചെയ്യുന്നു എന്ന് കരുതി ഒരു തെറ്റ് ശരിയാകുമോ?”
“എ ട്രൂ, ഗുഡ് ഫ്രണ്ട് റ്റു എക്സ്പ്രസ് അവർസെൽവ്സ് എന്ന് വിചാരിച്ചാൽ മതി. അങ്ങനെ ഒരാളില്ലെങ്കിൽ ചിലപ്പോൾ നമുക്ക് നമ്മളെത്തന്നെ കൈവിട്ടുപോകും.”
അത് ശരിയാണെന്ന് ജെസിക്കും തോന്നി. എങ്കിലും അവളുടെ മനസ്സ് കനൽക്കട്ടയിൽ വെള്ളം വീണതുപോലെ നീറിപ്പുകഞ്ഞു.
“ഇത് സീന അറിഞ്ഞാലുള്ള കാര്യം നീ ആലോചിച്ചിട്ടുണ്ടോ? ആ പാവത്തിന്റെ ശാപം കൂടി എനിക്ക് കിട്ടും. ഭാര്യ കുറെനാൾ കരഞ്ഞു പിണങ്ങി നടന്നാലും ഭർത്താക്കന്മാർക്ക് ആ ജീവിതം നഷ്ടപ്പെടില്ലായിരിക്കും. പക്ഷേ നേരെ തിരിച്ചാണെങ്കിലോ? ഭർത്താവ് കണ്ടുപിടിച്ചാൽ ആ ദാമ്പത്യം അതോടെ തീർന്നു. ബിജു എന്നെ കൊന്നതുതന്നെ!”
“ഇത്രയും കാലം നീ പോലും അറിയാതെ നിന്നെക്കുറിച്ച് ഞാൻ സൂക്ഷിച്ചുവെച്ച ഓർമ്മകളുടെ ഉടമസ്ഥത എനിക്കോ, നിനക്കോ? ആ ഓർമ്മകൾ പോലെതന്നെ എൻ്റെ സ്വന്തമാണ് നീയും. വേണ്ടെന്ന് പറയാനുള്ള അവകാശം നിനക്കുപോലുമില്ല.
“വീട്ടുകാർക്ക് വേണ്ടിയല്ലേ നീ എന്നെ അകത്തിനിർത്തിയത്? അവരുടെ ഇഷ്ടത്തിന് ഒരാളെ സ്വീകരിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ അതിനുള്ള വിലയൊടുക്കുന്നത് ആരാ?”
മെഴുകുതിരിത്തുമ്പിൽ അവൻ കൊളുത്തിവെച്ച വാക്കുകളുടെ നാളത്തിൽ അവൾ സ്വയം പ്രകാശിച്ചു. വേണ്ടവിധം സ്നേഹിക്കപ്പെട്ട് ശരീരത്തിൽനിന്ന് ആവിയായി ഊർന്നുപോകുന്ന ആത്മാക്കളുണ്ടാകുമോ? താൻ ഈ സ്നേഹം സ്വീകരിക്കാൻ അധൈര്യപ്പെടുന്നു; എന്നാൽ അത് വേണ്ടെന്നുവയ്ക്കാനും ധൈര്യമില്ല. അവൻെറ കണ്ണുകളിൽ നിന്നുമുതിർന്ന ഒരു ജ്വാല അവളുടെ മനസ്സിൽ ചിന്തകളുടെ സ്ഫോടന പരമ്പരയ്ക്ക് തിരികൊളുത്തി.
നാട്ടിൽനിന്ന് മടങ്ങിവന്ന് അധികനാൾ കഴിയുംമുമ്പേ വന്ന ഒരു കോളിലെ അവളുടെ ശബ്ദത്തിന്റെ നനവ് അവൻ്റെ ചെവിയിൽ ഈർപ്പമായി കൊട്ടിയടച്ചു.
“എടാ സീനയെവിടെ?”
“നിനക്ക് അവളെയാണോ, എന്നെയാണോ വേണ്ടത്? അവളിന്നും ഡബിൾഡ്യൂട്ടി കഴിഞ്ഞേ വരൂ. നീ കരയാതെ കാര്യം പറ.”
“എടാ, ബിജു എനിക്ക് സ്വൈര്യം തരുന്നില്ല. ബിസിനസ്സിൽ വീണ്ടും പ്രശ്നങ്ങൾ. കഴിഞ്ഞപ്രാവശ്യം വഴക്കുണ്ടാക്കിയപ്പോൾ നീ തന്ന മൂന്നുലക്ഷം പപ്പ തന്നതാണെന്ന് പറഞ്ഞു കൊടുത്തിട്ടാണ് പിടിച്ചുനിർത്തിയത്. ഇപ്പോൾ വീട്ടിൽപ്പോയി സ്വത്തിന്റെ പകുതിയുംകൊണ്ടേ വരാവൂ എന്ന ഒറ്റവാശിയിലാണ്. വീട്ടിലെ അവസ്ഥയെല്ലാം അറിഞ്ഞിട്ട് പപ്പയോട് ഷെയർ ചോദിക്കാൻ എനിക്ക് വയ്യ. ഇത്രയുംകാലം ഇവിടുത്തെ കാര്യങ്ങൾ പരമാവധി വീട്ടിൽ അറിയിക്കാതെ നടക്കുകയായിരുന്നു ഞാൻ. ഇനി എന്തുചെയ്യണമെന്നെനിക്കറിയില്ല…”
“ഒരു പെണ്ണിനെ ഇങ്ങനെയിട്ട് ദ്രോഹിക്കുന്ന ന*** ഒക്കെ ആണാണോ! ഇവനൊക്കെ എന്തിനാ പെണ്ണ് കെട്ടുന്നേ?” ഗിരിക്ക് ശരീരമാകമാനം ദേഷ്യംകൊണ്ട് വിറച്ചു. അവളപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.
“നീയിങ്ങനെ കരയല്ലേ, കാര്യങ്ങൾ വീട്ടിൽ പറയൂ. ആരെയെങ്കിലും കൊണ്ട് അവനോട് സംസാരിപ്പിക്കണം.”
പിന്നീടുള്ള കുറച്ചുദിവസങ്ങളിൽ അവൾക്ക് അയച്ച മെസ്സേജുകളുടെ വലതുകോണിലെ ഇരട്ടശരികൾ നീലവെളിച്ചം തെളിയാതെ കിടന്നു. പിന്നീടുള്ളവ ഒറ്റശരികളിൽ തങ്ങിനിന്നു. ഗിരിയാകെ അസ്വസ്ഥനായിരുന്നു. അവളുടെ കാര്യങ്ങൾ അറിയാതെ ഭ്രാന്തുപിടിച്ചവനെപ്പോലെയായി. നാട്ടിൽ വിളിക്കാവുന്ന പലരെയും ബന്ധപ്പെട്ട് അവളെക്കുറിച്ചറിയാൻ ശ്രമിച്ചു. തൃപ്തികരമായ യാതൊരുവിവരവും കിട്ടാതെ വന്നപ്പോൾ നേരിട്ടുപോകാൻ തീരുമാനിച്ചു. കമ്പനിയിൽ എമർജൻസി ലീവ് എഴുതിക്കൊടുത്ത്, സീനയോട് വിശ്വാസ്യമായ ഒരു കള്ളംപറഞ്ഞ് നാട്ടിലേക്ക് പറന്നു.
ജെസ്സിയുടെ വീടിന്റെ മുൻപിൽ ‘വില്പനയ്ക്ക്’ എന്ന ബോർഡ് കണ്ടു. കാര്യങ്ങൾ ഏതാണ്ട് മനസ്സിലൂഹിച്ചതു പോലെയായിരുന്നു. ബിജു വെള്ളമടിച്ച് ജെസിയുടെ വീട്ടിൽച്ചെന്ന് വഴക്കുണ്ടാക്കി. ബിജുവും, പപ്പയും അനിയനും തമ്മിലുള്ള പിടിവലികൾ തടയാൻ ചെന്ന മമ്മിക്കും ജെസിക്കും കൂടി പരിക്കുകൾ കിട്ടി. ജെസ്സി തലയ്ക്ക് ചതവേറ്റ് ഇപ്പോഴും ഹോസ്പിറ്റലിലാണ്. ബഹളത്തിനിടയിൽ ഫോൺ താഴെവീണു പൊട്ടിപ്പോയിരുന്നു. ബന്ധുക്കളും പള്ളിക്കാരും ഇടപെട്ട് കാര്യങ്ങൾ ഏതാണ്ട് ഒത്തുതീർപ്പാക്കിയിട്ടുണ്ട്. വീട് വിറ്റുകിട്ടുന്നതിന്റെ മൂന്നിലൊന്ന് എന്ന ഓഹരിയിൽ മയപ്പെട്ട് ബിജു തന്നെയാണ് ജെസ്സിയുടെ ആശുപത്രിക്കാര്യങ്ങൾ നോക്കുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെ ആശുപത്രിയിൽ തന്നെ കാണാനെത്തിയ ഗിരിയെക്കണ്ടപ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് ജെസ്സി പറഞ്ഞു.
“മുൻപത്തേക്കാളൊക്കെ വല്യ സ്നേഹമാണിപ്പോൾ. വീട്ടിലെയും മോളുടെയും കാര്യങ്ങളും നന്നായി നോക്കുന്നുണ്ട്. ഇതോടെ കാലക്കേടെല്ലാം മാറീന്ന് മനസ്സ് പറയുന്നു. നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
“അല്ലാ, നീയെന്താ പെട്ടെന്ന്? ഇതെങ്ങനെ അറിഞ്ഞു? സീനേം പിള്ളേരും?”
“കഴിഞ്ഞ രണ്ടു വർഷമായി ഒരു ഭർത്താവിന്റെയും അച്ഛന്റെയും കടമകൾ നിർവ്വഹിക്കാൻ ഗിരീഷ് പരാജയപ്പെട്ടിരിക്കുന്നു’ എന്ന കാരണം കാണിച്ച് ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് ഗിരീഷിനുള്ള ഡൈവോഴ്സ് നോട്ടീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു സീനയപ്പോൾ എന്ന ഉത്തരം ഗിരീഷിന് അറിയില്ലായിരുന്നു.