പോൺ ഡിസ്‌കഷൻ

ഒന്ന്

മെട്രോ നഗരത്തിലെ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ആഢംബര ഹോട്ടലിനു മുകളിലിരുന്നു ഞങ്ങൾ മദ്യഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ചു ചർച്ച തുടങ്ങി. മുകളിൽനിന്നു നോക്കുമ്പോൾ പഴയ എറണാകുളം മാർക്കറ്റ് ചെറുതായി തോന്നി. എത്രവലിയ പാരമ്പര്യമുള്ളതും മുകളിൽ നിന്നു നോക്കുമ്പോൾ ചിലപ്പോൾ ചെറുതാകുമെന്നു എനിക്കു തോന്നി. ചരിത്ര അധ്യാപിക എന്ന രീതിയിൽ ഞാനാലോചിച്ചപ്പോൾ എറണാകുളം ഇന്നുകാണുന്ന കൊച്ചിയായി, മെട്രോ സിറ്റിയായി മാറിയപ്പോൾ ഇതുപോലെ എത്ര ചന്തകൾ, തെരുവുകൾ മാഞ്ഞു പോയിട്ടുണ്ടാകും. സാമൂതിരിയുടേയും, പോർച്ചുഗീസുകാരുടേയുമൊക്കെ നിരന്തരം പടയോട്ടങ്ങൾക്കു ശേഷവും കൊച്ചി ഇങ്ങനെ ഉയർന്നു നിൽക്കുന്നുണ്ടല്ലോ. മെട്രൊ റെയിൽവെ സ്റ്റേഷനിൽ നിന്ന് ധാരാളം ആളുകൾ പുറത്തേക്ക് ഒഴുകുന്നതുകണ്ടു. ഞങ്ങൾ എത്ര ഉയരത്തിലാണിരിക്കുന്നത്. ഞാൻ പറഞ്ഞു തുടങ്ങി.

”കൊച്ചിയിലിപ്പോൾ എത്രമാത്രം ടെക്‌സ്റ്റൈൽ ഷോപ്പുകളുണ്ടാകും. രാവിലെ മുതൽ രാത്രിവരെ സ്ത്രീകളിങ്ങനെ പണിയെടുത്ത് മരിച്ചായിരിക്കും അവർ വീട്ടിലെത്തുക”.

”അവരെ പിന്നെ എന്തിനു കൊളളുമോ എന്തോ”? ശിവദാസൻ ഒരു അശ്ലീല ചിരിയോടെ മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു. ശിവദാസൻ അത്ര മോശം വ്യക്തിയൊന്നുമല്ലാ കേട്ടോ. വല്ലപ്പോഴും ഇങ്ങനെ കൂടുമ്പോൾ ഇങ്ങനെ എന്തെങ്കിലും പറയും അത്രമാത്രം.

”ആ സ്ത്രീകളും കൂടി പണിയെടുത്തിട്ടായിരിക്കും അവരുടെ കുടുംബം മുന്നോട്ടു പോകുന്നത്. കൊച്ചിയിലെ ആഷ്‌പോഷിന് രണ്ടുപേരും പണിയെടുക്കാതെ തരമില്ലല്ലോ. ഞാൻ എന്റെ ഗ്ലാസ് വലിച്ചു കുടിച്ചു. ബിയറിപ്പോൾ കുടിച്ച് എനിക്കിപ്പോളതങ്ങനെ ശീലമായി.

”അല്ലാ, ഞാൻ പറഞ്ഞത് സ്ത്രീകൾ ജോലിക്കുപോണ്ടന്നോ, പണിയെടുക്കണ്ടാന്നോ അല്ലാ. അവർ ജോലി ചെയ്ത് ക്ഷീണിച്ചു വന്നാൽ പിന്നെ വീട്ടിലെ പണിയൊക്കെ….” അല്ലാ വീട്ടിലെ പണിയൊക്കെ ആണുങ്ങൾക്കും എടുക്കാമെന്ന് അറിയാട്ടോ. ഒരു ഇളിഭ്യചിരിയോടെ ശിവദാസൻ പറഞ്ഞു നിർത്തി.

മരിയാതോമസും അജയകുമാറും തങ്ങളുടെ ആദ്യ സിപ്പിൽ നിന്നു നിവർന്നു പൊങ്ങി. കുപ്പിയിൽ നിന്ന് മദ്യം രണ്ടു ഗ്ലാസ്സുകളിലേക്കും അവർ പകർത്തി. മരിയാ തോമസാണ് പറഞ്ഞു തുടങ്ങിയത്. നമ്മൾ ഇപ്പോഴും പാരമ്പര്യവാദികളെപ്പോലെ തന്നെയാ സംസാരിക്കുന്നത്. സദാചാരവാദികളെപ്പോലെ സംസാരിക്കും. തെറി പറയാതെ, സ്വഭാവത്തിലൊന്നും കളങ്കമില്ലായെന്ന് മറ്റുള്ളവരുടെ മുമ്പിൽ ഉറപ്പിക്കുവാൻ വ്യഗ്രതപ്പെടുന്നതു പോലെയുള്ള ഒരു സംസാരം. എന്തിനാണത്? മനുഷ്യർ എല്ലാവരും നല്ലവരാണോ? നന്മയും ചീത്തയും എല്ലാവരിലുമുണ്ടല്ലോ? ശിവദാസൻ തന്റെ മനസ്സിലുള്ളതിനെ ആദ്യമേ വ്യക്തമാക്കിയിരുന്നു. പിന്നെ ഞാൻ ഉദ്ദേശിച്ചത് ഇതല്ലാ, അതാണ് എന്നൊക്കെ പറഞ്ഞ് ചളമാക്കിയതാണ്.”

മരിയാതോമസ് തന്റെ അടുത്തിരുന്ന ചിക്കൻ ഫ്രൈയിലേക്ക് കൈകൾ കൊണ്ടു ചെന്നെത്തിച്ചു. മുളക് കൂടുതലിട്ട് പ്രത്യേകം തയ്യാറാക്കിയതാണിത്. ഇവർക്കുവേണ്ടി മാത്രം.

”മരിയ, പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. കുടുംബങ്ങളിലോ സ്‌കൂളിലോ എന്തിന് ഇത്തരത്തിലുള്ള സ്ത്രീ പുരുഷ കൂട്ടായ്മകളിലോ നമ്മൾ സെക്‌സിനെകുറിച്ചു പറയാൻ മടിക്കുന്നു. വെറുതെയല്ലാ കേരളത്തിൽ കുലസ്ത്രീകൾ കൂടി കൊണ്ടിരിക്കുന്നത്” അജയകുമാർ പറഞ്ഞുനിർത്തി.

”അല്ലാ, പണ്ടൊക്കെ സ്ത്രീകളും അവരുടെ ലൈംഗികകേളികളെ കുറിച്ച് അവരുടെ ഭർത്താവിനോടും കാമുകന്മാരോടുമൊക്കെ പറഞ്ഞിരുന്നു. നമ്മുടെ പ്രാചീന കാവ്യങ്ങളിലൊക്കെ രതിവർണ്ണന ധാരാളമായുണ്ടായിരുന്നു. അന്ന് സ്ത്രീകൾ ഇതൊക്കെ മറകൂടാതെ അവരുടെ ക്ലയന്റസിനോട് പറഞ്ഞിരിക്കുകയും ചെയ്തിരിക്കാം. ” ചരിത്രാധ്യാപിക എന്ന ഒരു ബലത്തിൽ ഞാൻ പറഞ്ഞുനിർത്തി.

തന്റെ മുമ്പിലിരുന്ന ഗ്ലാസ്സിലെ ബിയർ വലിച്ചുകുടിച്ചുകൊണ്ട് ഞാൻ എന്ന പാർവതി വീണ്ടും തുടർന്നു.
”നമ്മുടെ മുതലാളിത്ത കുടുംബഘടന തകരേണ്ട സമയമായിരിക്കുന്നു സുഹൃത്തുക്കളേ. മുതലാളിത്തത്തിന്റെ പുരുഷമേധാവിത്വഘടനയിലാണ് കുടുംബം ഇന്നു പോയികൊണ്ടിരിക്കുന്നത്. സ്ത്രീയെ ഒരു സ്വകാര്യസ്വത്തായി കാണുന്ന കുടുംബം സ്വയം തകരേണ്ടതാണ്, അല്ലെങ്കിൽ തകർക്കേണ്ടതാണ്.”

നഗരത്തിലെ തിരക്ക് കൂടികൊണ്ടിരിക്കുകയാണ്. രാത്രിയിലും വഴിയോരകച്ചവടക്കാരെ അവിടെ കാണാം. ട്രൗസർ, ബനിയൻ, ജെട്ടി എന്നിങ്ങനെ വിൽക്കുന്നവരുടെ ഒരു കൂട്ടം ഒരു വശത്തുണ്ട്. അവിടെയെല്ലാം നല്ല തെരക്ക് കാണാം. മൊബൈൽ ഫോൺ റിങ്ങടിച്ചപ്പോൾ അവിടെ നിന്നുള്ള എന്റെ കണ്ണ് സൂംഔട്ട് ആയി.

”ഹുസൈൻ, എവിടെയാണ്? വരുന്നില്ലേ. ഞങ്ങൾ നിന്നെ വെയ്റ്റ് ചെയ്തിരിക്കയാണ്. വേഗം വാ”.
ഞാൻ പറഞ്ഞു.

”വരാടീ, കുറച്ച് തീർക്കേണ്ട പണി വന്നു. അതു കഴിയാറായി. പതിനഞ്ചുമിനിറ്റിനകം എത്തിയേക്കാം.”
ഹുസൈൻ ഇതു പറഞ്ഞ് കട്ട് ചെയ്തു.

ഹുസൈനുമായുള്ള എന്റെ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആ ബന്ധമാണ് ഇവരുമായൊക്കെ അടുപ്പിച്ചതെന്നു വേണമെങ്കിൽ പറയാം.

ശിവദാസൻ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപ്പോലെ പറഞ്ഞു.
”ശരിയാ, കുടുംബം തകർന്നു കഴിഞ്ഞാൽ സ്വാതന്ത്ര്യം ലഭിക്കുന്നത് പുരുഷനും കൂടിയാ. അനാവശ്യമായ കുടുംബഭാരം തലയിലേറി പിന്നെ പുരുഷന് നടക്കേണ്ടല്ലോ.”

”അങ്ങനെയും വേണമെങ്കിൽ പറയാമല്ലോ. കൊള്ളാലോ ശിവദാസൻ” ഞാൻ പൊട്ടിചിരിച്ചു.

എല്ലാവരും ഇതു ഇഷ്ടപ്പെട്ടന്ന മട്ടിൽ പൊട്ടിച്ചിരിച്ചു. ഞാൻ നാലു ബിയറു കൂടി ഓർഡർ ചെയ്തു. ഇന്ന് ആരുടേയും പിറന്നാളൊന്നുമല്ലാ കേട്ടോ. മാസത്തിലൊരിക്കൽ ഞങ്ങൾ ഇങ്ങനെ ഇവിടെ കൂടാറുണ്ട്. ഈ ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ഹോട്ടലിൽ, ആകാശനക്ഷത്രങ്ങളെയും നഗരത്തിലെ കാഴ്ചകളെയും ചെറിയ ചെറിയ ആളുകളെയും കണ്ട് ഞങ്ങളിങ്ങനെ കൂടും. ചിക്കൻ പൊളിച്ച് കഴിക്കുന്നതിനിടയിലാണ് പാർവ്വതി വീണ്ടും ആ വിഷയം എടുത്തിട്ടത്.

”നിങ്ങളെല്ലാവരും പോൺസൈറ്റ് കാണാറുള്ളവരല്ലേ? ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടല്ലോ. അതിൽ അഭിനയിക്കുന്നവർ, അതുകൊണ്ട് ജീവിതം നയിക്കുന്നവരെക്കുറിച്ച് ഒന്നോർത്തു നോക്കു. സഹതാപമൊന്നും വേണ്ടാ. പ്രാരാബ്ദം കൊണ്ടോ, ദാരിദ്ര്യം കൊണ്ടോ ആയിരിക്കാം അവർ ഇതൊക്കെ ചെയ്യണത് എന്ന മറുപടിയും വേണ്ടാ. അവർ ഇത് എത്ര മനോഹരമായിട്ടാണ് ചെയ്യണത്.”

”പാർവ്വതി, പറയുന്നതിനോട് എനിക്കു യോജിപ്പില്ല. ഇതിനെ മഹത്തരമായി കാണുവാനും എനിക്കാകില്ല. ഇത് തീർത്തും അശ്ലീലമാണ്. വർഗറാണ്. എന്തുതരം സംസ്‌കാരമാണ് ഇതുണ്ടാക്കുന്നത്. ”. അജയകുമാർ തന്റെ നയം വ്യക്തമാക്കി. വീട്ടിൽ തന്നെ കാത്തിരിക്കുന്ന ഭാര്യയെ ആ നിമിഷം അജയകുമാർ വെറുതെയൊന്നു സ്മരിച്ചു. വെറുതെ ഒരു രസത്തിന്.

”അജയൻ, ഇതു തന്നെയായിരിക്കും പറയണതെന്ന് എനിക്കറിയാമായിരുന്നു. രണ്ട് പേരോ, അതിലധികമോ അവരുടെ ശരീരം കൊണ്ട് നടത്തുന്ന പെർഫോർമെൻസിനെ സൗന്ദര്യമായി കാണാനും അംഗീകരിക്കാനും കഴിയാത്തതെന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്? അജയൻ ഇത്തരം സൈറ്റുകളും സിനിമകളും എത്രപ്രാവശ്യം കണ്ടിട്ടുണ്ട്?”

അജയൻ തന്റെ കയ്യിലിരുന്ന ഗ്ലാസ്സ് ഒറ്റവലിക്ക് കുടിച്ചു. കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് ബിയർ പകർത്തി. പത നുരച്ചുപൊന്തി വന്നു ഗ്ലാസിനു വെളിയിലേക്ക് ചാടി.

”വേഗത്തിൽ പകർത്തിയതു കൊണ്ടാ. ഇതുവരെയും നിനക്ക് ബിയർ ഗ്ലാസിലേക്ക് ഒഴിക്കാനറിഞ്ഞു കൂടേ?” ഞാൻ അജയനോടു ചോദിച്ചു. അജയൻ ഇഷ്ടപ്പെടാത്ത മട്ടിൽ തലകുനിച്ചിരുന്നു. മേശപ്പുറത്തിരുന്ന ചെറിയ പ്ലേറ്റിൽ നിന്നു കപ്പലണ്ടിയെടുത്തു കൊറിച്ചു.

”ഹലോ, ഗെയ്‌സ് ഞാൻ വരാൻ കുറച്ചു ലേറ്റായി. ക്ഷമിക്കണേ.” ഹുസൈൻ ഒരു ചെറുപുഞ്ചിരിയോടെ കടന്നുവന്നു. ഹുസൈനെ കണ്ടപ്പോൾ തന്നെ വെയിറ്റർക്ക് സന്തോഷമായി. അവർ തമ്മിൽ സന്ദേശം കൈമാറി. പത്രപ്രവർത്തകനായ ഹുസൈൻ മിക്കപ്പോഴും ഇവിടെ വരാറുണ്ട്. അതിനാൽ ഹുസൈനെ ഇവിടെയുള്ളോർക്കെല്ലാം നല്ല പരിചയമുണ്ട്. ഹുസൈന്റെ ബ്രാൻഡും ഇവിടെത്തെ മിക്ക വെയിറ്റർക്കും അറിയാവുന്നതാണ്. അജയൻ പറഞ്ഞു. ”ഹുസൈൻ ഇന്നത്തെ ഡിസ്‌കഷൻ പോൺസൈറ്റിലെ നടികളെകുറിച്ചാണ്. എന്താണ് ഹുസൈന്റെ അഭിപ്രായം? സണ്ണിലിയോണിന്റെ ആരാധകാ, പറയ്.

ഹുസൈൻ തന്റെ ഗ്ലാസ്സിലേക്ക് മദ്യമൊഴിച്ചുകൊണ്ട് എല്ലാവരോടുമായി ‘ചിയേഴ്‌സ്’ പറഞ്ഞു. ശരീരത്തിന്റെ അദ്ധ്വാനത്തെക്കുറിച്ചും കൂലിയെക്കുറിച്ചുമെല്ലാം നാം സംസാരിക്കാറുണ്ടല്ലോ. പിന്നെന്താ, ഈ തൊഴിലിനു മാത്രം ഒരു കുഴപ്പം? പോൺ നടിമ്മാരെയും നാം തൊഴിലാളികളായി കണ്ടാൽ എന്താണൊരു കുഴപ്പം?”

”അല്ലാ, ഇതൊക്കെ ഒരു തൊഴിലായി കാണാൻ സാധിക്കുമോ, ഹുസൈൻ? ഹുസൈന്റെ ആരെങ്കിലും ഇങ്ങനെ തൊഴിലെടുത്താൽ എന്താ നിങ്ങടെ അഭിപ്രായം? അജയകുമാറിന്റെ ബ്രഹ്‌മാസ്ത്രം ഹുസൈൻ തിരിച്ചറിഞ്ഞു. ”ഇവിടത്തെ, ഡിസ്‌കഷൻ എന്റെ വീട്ടിലെ ആളുകളെയോ, ബന്ധുക്കളെ കുറിച്ചോ അല്ല. ഇത്തരത്തിൽ തൊഴിലെടുക്കുന്നവരുടെ സാമൂഹ്യപദവിയെ സംബന്ധിച്ചാണല്ലോ. പണ്ട് നമ്മൾ ട്രാൻസ്‌ജെൻഡേഴ്‌സിനെയോ, മൂന്നാം ലിംഗക്കാരെയോ മനുഷ്യരായി പരിഗണിച്ചിരുന്നില്ലാ. ഇന്ന് നമ്മൾ അവരെ പരിഗണിക്കുന്നില്ലേ. അവർ പല ജോലികളും ചെയ്ത് സമൂഹത്തിൽ ജീവിക്കുന്നില്ലേ? ആധുനിക കുടുംബവ്യവസ്ഥയിലേക്ക് ലൈംഗികത ഒതുക്കുകയും അതിന്റെ മൂല്യങ്ങൾ നാം സ്വാംശീകരിച്ചതിന്റെയും ഫലമാണ് ലൈംഗികതയെ ഒരു തൊഴിലായി നാം സ്വീകരിക്കാത്തതിനു കാരണം. മറ്റേതൊരു തൊഴിലിനെപ്പോലെയും ഇതിനെയും കാണാമെന്നാണ് എന്റെ അഭിപ്രായം.”

താഴെ മെട്രോ റെയിൽവേ സ്റ്റേഷനു സമീപം ഒരു കുടുംബം ഒരു തിണ്ണയിലിരിക്കുന്നതു ഞാൻ കണ്ടു. ഉത്തരേന്ത്യൻ വസ്ത്രം ധരിച്ച സ്ത്രീയും അവരുടെ ഒക്കത്ത് ഒരു കുട്ടിയും അവരുടെ ഭർത്താവ് എന്നു തോന്നിക്കുന്ന ഒരാളും അവർ നടന്നു നടന്നു വന്ന് തളർന്നിരിക്കുന്നതുപോലെ. മെട്രോ റെയിൽവേ തൂണിനരികെ ഇരിക്കുകയാണ്. അവരെവിടെ നിന്ന് വന്നതായിരിക്കും? ആരാണവർ? ഒരു പത്രപ്രവർത്തകന്റെ ഇൻവെസ്റ്റിഗേഷൻ മൈൻഡ് എന്നിൽ ഉണർന്നു പ്രവർത്തിച്ചു.

”നമുക്കെന്തൊക്കേ സംവദിക്കാമായിരുന്നു. അതിന്റെ ഇടയിലാ ഒരു പോൺഡിസ്‌കഷൻ.ഒരു ചില്ലിചിക്കൻ ഫ്രൈ പറഞ്ഞാലോ ശിവദാസാ.” അജയകുമാർ ചോദിച്ചു.

”ഓ, എനിക്കു വേണ്ടാ, വീട്ടിൽ ചെന്നാൽ കുറച്ചു ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭാര്യ ചീത്ത പറയും.” ശിവദാസൻ മൊഴിഞ്ഞു. വെയിറ്റർ ബിൽ കൊണ്ടു വന്നു. സാധാരണ എല്ലാവരും ഷെയറിട്ട് കൊടുക്കുകയാണു പതിവ്. ഇന്ന് എന്റെ വക ചെലവാണ്. ആരും പണമിടണ്ടാ” എന്നു പറഞ്ഞ് പാർവ്വതി കാർഡ് വെയിറ്റർക്ക് കൊടുത്തു.

ഹുസൈൻ പാർവ്വതിയോട് ചോദിച്ചു. എന്നിട്ട് ഇതുവരെ എന്താണ് ചെലവിന്റെ വിഷയം എന്നു പറഞ്ഞില്ലല്ലോ. ”ഓ, എന്റെ അനിയത്തിക്കൊരു ജോലി കിട്ടി. അത്രയേയുള്ളൂ.”

രണ്ട്

ശിവദാസിന്റെ ഭാര്യ അയാളോട് തട്ടിക്കയറി പറഞ്ഞു.”നിങ്ങളിങ്ങനെ കൂട്ടുകാരുമൊത്ത് കൂട്ടുകൂടി വെള്ളമടിച്ചു നടന്നോ. ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾക്കൊരു ശ്രദ്ധയുമില്ലല്ലോ.”

”അതിന് ഞാനിവിടെ എന്തെങ്കിലും കുറവു വരുത്തുന്നുണ്ടോ. നിന്റെം കുട്ടികൾടേം കാര്യങ്ങൾക്ക് വല്ല തടസ്സോമുണ്ടോ?

”ഞങ്ങളെ നിങ്ങൾ എവിടെയെങ്കിലും കൊണ്ടോകാറുണ്ടോ? വല്ല വർത്തമാനം പറയണ്ടാ. മീണ്ടാണ്ട് വന്നിരുന്ന് എന്തെങ്കിലും കഴിക്ക്.”

മരിയാ തോമസിന്റെ അപ്പൻ സെബാസ്റ്റ്യൻ തോമസ് ഒരു ഫുൾ ബോട്ടിലുമായി ഇരിക്കാൻ തുടങ്ങീട്ട് സമയമേറെയായി. മകൾ വരുമ്പോൾ കുറച്ചു കൊടുക്കാൻ അയാൾ മാറ്റി വച്ചിട്ടുണ്ട്. പട്ടാളത്തിൽ നിന്ന് റിട്ടയേർഡ് ആയെങ്കിലും ചില ചിട്ടവട്ടങ്ങളൊക്കെ അയാൾ കാത്തു സൂക്ഷിക്കുന്നുണ്ട്. ആരുടെ മുന്നിലും തലകുനിക്കാതെയാണ് ഇത്രയും നാള് ജീവിച്ചുപോന്നത്. മകൾ കാറ് പാർക്ക് ചെയ്തതിനുശേഷം മുൻവശത്തൂടെ വന്നപ്പോൾ സെബാസ്റ്റ്യൻ തോമസ് ഒരു കുറ്റവാളിയെപ്പോലെ മകളെ പിടികൂടി.

”നല്ല ഫിറ്റാണല്ലോ…. കുറച്ച് കഴിച്ചിട്ട് പോടീ. അപ്പനൊരു കമ്പനി താ.” ”അപ്പന് കമ്പനീ തന്ന്, കമ്പനി തന്നാ ഞാനിവിടെ നിക്കണത്, ചെറുപ്പത്തിലേ ശീലം എനിക്ക് നിർത്താനും സാധിച്ചിട്ടില്ലാ ഇതുവരെ” മരിയാ ദേഷ്യമടക്കികൊണ്ട് പറഞ്ഞു.

”അതിന് നിനെക്കെന്തിന്റെ കൊറവാടീ ഇവിടെ. അവൻ പോയെന്ന് പറഞ്ഞ് ഞാനോ നീയോ ചാകണോ, പോകട്ടെ, അങ്ങട് പോകട്ടെ.

അജയകുമാറിന്റെ ഭാര്യ കുലവധുവിനെപ്പോലെ കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു. അജയൻ വന്നതിനു ശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ. അതാണ് അജയന്റെ കുടുംബം പറഞ്ഞു ശീലിച്ചിരിക്കുന്നത്. അയ്യപ്പന്റെ പാതിവ്രത്യം കാത്തുസൂക്ഷിക്കാൻ അയ്യപ്പരക്ഷാസേനയിൽ ജാഥയ്ക്ക് പോയിട്ടുള്ള വല്യ തറവാട്ടുകാരാ. പുരോഗമന സ്വഭാവമുള്ളോര്.

”അടുത്താഴ്ച ഗുരുവായൂർ അമ്പലത്തിലൊന്നു തൊഴാൻ പോകണം അജയേട്ടാ. വഴിപാട് കുറച്ചുനാളായിട്ട് മുടങ്ങിക്കിടക്കുവാ.” ”ആ ശരി, നീ ഭക്ഷണം കഴിച്ചോ, ഞാൻ കഴിച്ചിട്ടാ വന്നേ, എനിക്കൊന്നു നേരത്തെ ഉറങ്ങണം. നല്ല ക്ഷീണമുണ്ട്.” അജയകുമാർ കിടപ്പുമുറിയിലേക്ക് പോയി.

ഹുസൈൻ തന്റെ കമ്പ്യൂട്ടറിനു മുന്നിൽ പൗരത്വഭേദഗതി ബില്ലിനെ കുറിച്ചുള്ള വാർത്തകൾ നോക്കികൊണ്ടിരിക്കുകയാണ്. ആസാമിൽ നിന്ന് കുറേയേറെ മുസ്ലീങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ടെന്ന ഒരു വാർത്ത കണ്ടു. ഒരു സുഹൃത്ത് അയച്ചു തന്നതാണ്. അവിടെ ഇന്റർനെറ്റ് തന്നെ പലയിടത്തും ഇല്ലാ. ബംഗാളിലെ ഒരു സഖാവ് അയച്ചു തന്നതാ. അവിടത്തെ ജനത ഭയചകിതരായി പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണെന്ന്. അവർ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്. ഹുസൈന് ആലോചിക്കുന്തോറും പേടി വന്നുകൊണ്ടിരുന്നു. മെട്രോ റെയിൽവേസ്റ്റേഷനു സമീപം കണ്ട കുടുംബത്തെ ഹുസൈൻ ഓർത്തു. അവർ ഇന്നു എവിടെയാകും ഉറങ്ങുന്നത്?

ഫ്‌ളാറ്റിലെ മുകളിലത്തെ നിലയിലേക്ക് അതിവേഗത്തിലാണ് പാർവ്വതിയെ വഹിച്ചും കൊണ്ട് ലിഫ്റ്റ് പറന്നുയരുന്നത്. ‘പക്ഷിയുടെ മണം’ എന്ന മാധവിക്കുട്ടിയുടെ കഥയെ പാർവ്വതിക്ക് ഓർമ്മ വന്നു. കൽക്കട്ടയിൽ നിന്ന് തന്റെ അനുജത്തിയുടെ ഫോൺ ഇതുവരെ വന്നിട്ടില്ലായെന്ന് അവൾ ഓർത്തു.

പത്താം നിലയിലെ തന്റെ മുറി തുറന്ന് അകത്തേക്ക് കടന്നു. നല്ല പരവശമുണ്ടായിരുന്നതു കൊണ്ട് ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു. വാതിലടച്ച് ബെഡ്‌റൂമിലേക്കെത്തി. അനുജത്തിയെ വിളിക്കാനായി ബാഗിൽ നിന്ന് മൊബൈൽ ഫോൺ എടുത്തുതും അവളുടെ കോൾ വരുന്നതും ഒരുമിച്ചായിരുന്നു.

”ഞാൻ നിന്നെ വിളിക്കാൻ ഫോണെടുക്കായിരുന്നു. പിന്നെ, പുതിയ ജോലിയങ്ങനെ?

”നന്നായിരുന്നു. തുടക്കത്തിലെ ചില പ്രശ്‌നങ്ങളൊക്കെയുണ്ട്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെയുണ്ടല്ലോ. അതൊക്കെ ശ്രദ്ധിക്കണമെന്ന് ഡയറക്ടർ പറഞ്ഞു തന്നു. നടനും ആദ്യമായിട്ടാ ക്യാമറയ്ക്കു മുന്നില്. ഏതായാലും ഞങ്ങളങ്ങനെ എൻജോയ് ചെയ്ത് അഭിനയിച്ചു.

“അദ്ധ്വാനത്തെ ക്യാമറയിലാക്കുന്ന ഇത്രയും മനോഹരമായ ജോലി വേറെന്തുണ്ട് ചേച്ചി ഈ ലോകത്തിൽ “?

എന്താണ് ഞാൻ പറയേണ്ടത്? അവളുടെ ഭാഗത്തു നിന്നു നോക്കുമ്പോൾ അതു ശരിയല്ലേ?

വായനക്കാരാ, ഇനി ഈ വിഷയം നിങ്ങളാണ് ചർച്ച ചെയ്യേണ്ടത്

എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശി. തൃശൂർ ശ്രീ കേരളവര്‍മ്മ കോളേജിൽ മലയാള വിഭാഗം മലയാള വിഭാഗം പ്രൊഫസര്‍.