ദി ഡെത്ത് ക്ളോക്ക്

യക്ഷൻ : ലോകത്തെ ഏറ്റവും വലിയ അത്ഭുതം എന്താണ്?

യുധിഷ്ഠിരൻ: മുന്നിലുള്ള ഓരോ മനുഷ്യരും മരിക്കുമ്പോളും ഇതൊന്നും തനിക്ക് ബാധകമല്ല എന്ന മട്ടിൽ മനുഷ്യൻ ജീവിക്കുന്നത്.

‘മരണം ഹിമം പോലെ. ധനുമാസക്കുളിരുള്ളതും ചോരനെപ്പോലെയും ജാരനെപ്പോലെയും കടന്നുവരുന്നതുമാകുന്നു. നിഴൽപോലെ ചാരെയുണ്ടത്. കടന്നുപോയ ചിരി, വരുവാൻ പോകുന്ന പുഞ്ചിരി, ചിന്ത, അഹന്ത എന്തിലും തണുത്തുറഞ്ഞ കയ്യൊപ്പിടുന്നു മരണം. വിറയലുള്ള ഈയ്യാംപാറ്റകളെ ഉറുമ്പുകൾ താങ്ങിക്കൊണ്ട് നടക്കുന്ന വിചിത്രമായൊരു ഘോഷയാത്രയാണ് ജീവൻ’. വായിക്കാനെടുത്ത പുസ്തകത്തിൻറെ തുടക്കത്തിൽ, മരണം ഫണം വിടർത്തുന്നത് കണ്ട് പോൾ അലക്‌സ് പുസ്തകം മടക്കി. ഭീതിയിൽ പുസ്തകം എടുത്തെറിഞ്ഞ് മാർട്ടിനിയുടെ അവസാന സിപ്പും വലിച്ചു. പിന്നെ ഇറങ്ങിയൊരോട്ടം.

ചെന്നെ സെൻട്രലിൽ നിന്നും ട്രെയിനിലേക്ക് ചാടിക്കയറുമ്പോൾ മരണഭീതിയല്ലാതെ മറ്റൊന്നും അവനിലുണ്ടായിരുന്നില്ല. എത്ര ഭയം ഏറിവരുന്നുവോ, അത്രയും വേഗം അവളുടെ അടുത്തെത്തണം എന്നൊരു ആസക്തി മാത്രം. കാണുന്ന മാത്രയിൽ ആഞ്ഞൊന്ന് കെട്ടിപിടിക്കണം, കുപ്പിയിൽ നൂറ്റാണ്ടുകൾ അടച്ച ഭൂതംപോലെ പിടയുന്ന വികാരങ്ങൾ തുറന്നുവിടണം. ആ ചൂടിൽ മരണമെന്ന തണുപ്പ് അലിഞ്ഞലിഞ്ഞ്, അകന്നകന്ന് പോകണം.

പെരമ്പൂർ എത്തിയപ്പോൾ ഗതകാലം മുന്നിൽ വന്നു. ബാല്യത്തിൽ, എന്നും മരണദൂതുമായി ദിനപത്രം എത്തും. ആകാംക്ഷയുടെ അടപ്പൂരി അമ്മ ആദ്യം നോക്കുന്നത് ചരമക്കോളം. ഒരിക്കൽ താനും പത്രത്തിലെ ചിത്രമായി മാറുമെന്ന ഭാവം അമ്മയിൽ ലവലേശം ഉണ്ടായിരുന്നില്ല. വാർത്തകൾ വായിച്ച് “ഹോ! എന്ത് യോഗ്യനായ പയ്യൻ. അയ്യോ!, നല്ല കട്ടയാൻ!. കർത്താവെ, സുന്ദരി പെങ്കൊച്ച്” എന്നിങ്ങനെ ചരമക്കോളച്ചിത്രങ്ങളുമായി സല്ലപിച്ചിരുന്ന അമ്മ, വാർത്തകളെ അനാഥമാക്കി ആറടിമണ്ണിലേക്ക് പോയി. സന്തപ്ത കുടുംബാംഗങ്ങളുടെ പേരിട്ട് അതേ പേജിൽ അമ്മയുടെ ചിത്രവും വന്നു.

അമ്മയേക്കാൾ, മരണത്തെ അതിജീവിച്ചവനായി സംസാരിച്ചിരുന്നത് അപ്പനായിരുന്നു. അയലത്തെ അപ്പാപ്പാന്റെ ശവസംസ്‌കാരത്തിൻറെ ചടങ്ങുകൾ കഴിഞ്ഞ്, പള്ളിമതിൽ ചാരി അപ്പൻ പറഞ്ഞു. “വല്യ വീരശൂര പ്രരാക്രമിയാ ഈ കുഴിയിൽ കിടക്കുന്നെ.. എല്ലാം കഴിഞ്ഞു”. താനൊഴികെയുള്ള മറ്റെല്ലാവരുടേയും കാര്യം ഇത്രയേയുള്ളൂ എന്നൊരു ധ്വനിയുടെ ചൂടാറും മുമ്പേ, അപ്പനും അടർന്നുവീണു. നിശയുടെ നീലഞരമ്പുകൾ പൊട്ടുന്ന യാമത്തിൽ മൂന്നാംനാൾ നെഞ്ചുതിരുമ്മി ‘ഈശോ മറിയം യൗസേപ്പേ’ വിളിച്ച് ആ ജീവനും പിടഞ്ഞു, പിന്നെ ഉടഞ്ഞ് ഉടയവനിലേക്ക് ഉയർന്നു.

ചിത്രീകരണം – സൗമ്യ അമ്മാളു

ട്രെയിൻ ഒച്ചയെടുത്ത്, മുന്നോട്ട് പോകുമ്പോൾ മുന്നിലെ മനുഷ്യരിലേക്ക് പോൾ നോക്കി. കാണുന്ന നിറഞ്ഞ മുഖങ്ങളിലെല്ലാം ഡെഡ്ബോഡികൾ പോലെ വിറങ്ങലിപ്പ്. മനുഷ്യരെല്ലാം നിശബ്ദം ഭയക്കുന്നത് ഒറ്റുകാരനെപ്പോലെ പറ്റിക്കൂടിയിരിക്കുന്ന മരണത്തെയാണോ?. ശവക്കുഴിക്കും വിലാപയാത്രയ്ക്കും ഇടയിലുള്ള സമയമാണോ ഈ ജീവിതം?

കാര്യങ്ങൾ കീഴ്മേൽ മറിയുന്നതും ഭയം വലപോലെ വന്ന് മൂടുന്നതും ക്രിസ്‌മസ്‌ കഴിഞ്ഞുള്ള ബിയർ പാർട്ടിയിലാണ്. വീട്ടിൽനിന്ന് കൊണ്ടുവന്ന മീൻ അച്ചാർ നാക്കിലേക്ക് തേച്ച് ശ്യാം “അളിയാ, ഇന്നലെ ഡെത്ത് ക്ളോക്കിൽ കേറി. ബൈക്ക് ഓടിക്കാനറിയാത്ത എനിക്ക് ബൈക്ക് ആക്‌സിഡന്റ്. അതും ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം ഇതുപോലൊരു തണുത്ത രാത്രിയിൽ. ഹ, ഹ, ഹ” നാക്ക് കുഴഞ്ഞ് അവൻ കസേരയിലേക്ക് വീണപ്പോൾ പോൾ ചോദിച്ചു. “ഡാ, പുറകിൽ ഇരുന്നാലും ആക്സിഡന്റ് പറ്റാമല്ലോ?”. ബീയർ തണുപ്പിച്ച വാക്കുകൾ ഇട്ട് ശ്യാം ചിരിച്ചുകൊണ്ട് ഉരുവിട്ടു. “കറക്റ്റ്. അത് ലാ പോയിന്റ്”.

പിറ്റേന്ന് കണ്ണുതുറക്കുമ്പോൾ കഷ്ടകാലത്തിനാണ് ആ ബുദ്ധി തോന്നിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്റർനെറ്റിന്റെ പടവുകൾ ചവുട്ടി തുടങ്ങുന്ന കാലത്ത്, പാലാരിവട്ടം നെറ്റ് കഫേയിൽ നടത്തിപ്പുകാരൻ ആൽവിനാണ് ഡെത്ത് ക്ളോക്കിനെപ്പറ്റി അറിവ് തന്നത്. “ഡെത്ത് ക്ളോക്ക്. ജനനദിനം, ആണോ പെണ്ണോ, ബി.എം.ഐ…. ഇതൊക്കെ കൊടുത്താൽ, എൻറെ പൊന്നേ, ഇനിയെത്ര ദിവസം, മണിക്കൂർ, സെക്കൻഡ് എല്ലാം ഇട്ടോ ഇർറോന്ന് മുന്നിൽ. എന്താ, നോക്കുന്നോ?”.

നോക്കിയപ്പോൾ സംഭവം സത്യമാണ്. ജനനം കൊടുത്ത് മരണം വാങ്ങുന്ന വെബ്‌സൈറ്റ്!. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞ് നെറ്റിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ ഇളിച്ചനിൽക്കുന്ന ആൽവിൻ മരണക്കുരുക്കുമായി നിൽക്കുന്ന കാലന്റെ പ്രതിരൂപംപോലെ. പതിറ്റാണ്ട് കഴിഞ്ഞപ്പോളും ഐ.റ്റി. സങ്കേതമാക്കിയപ്പോളും പിന്നീടൊരിക്കലും ആ വെബ് പേജിൽ കയറിയില്ല. അമ്മയേയും അപ്പനേയും പോലെ മരണം മറന്നുകളയുവാനായിരുന്നു ഇഷ്ടം.

എന്നാൽ വെള്ളപൂശിയ ആ കുഴിമാടം, പതയുന്ന ബിയർ ദിനത്തിൽ ശ്യാം കുത്തിത്തുറന്ന് മുന്നിലിട്ടു!. യാന്ത്രികമായി ലാപ്ടോപ്പ് ഓൺ ചെയ്‌തു. അറിയുവാനുള്ള അതിയായ ആഗ്രഹം കണ്ണുകളെയും കൈകളെയും യാന്ത്രികമാക്കി. പണ്ട് ഉണ്ടായ അതേ കൗതുകം പൂണ്ടപ്പോൾ മരണദിനം കൺമുമ്പിൽ പീലിവിടർത്തി! ലാപ്ടോപ്പിൽ കണ്ടത് ശരീരത്തിലെ ഓരോ കോശത്തേയും ഭയത്താൽ നിറഞ്ഞു. നാളെ, നാളെയാണ് പോൾ അലക്‌സിന്റെ മരണദിനം!

രേഷ്മയെ ഉടനടി കാണണമെന്ന് തോന്നി. രണ്ട് ദിവസം മുമ്പ് ഫോണിൽ വിളിച്ച തെറികളെല്ലാം വെള്ളത്തിൽ അലിഞ്ഞ ഉപ്പുപരൽപോലെയായി. ഫ്രിഡ്ജ് തുറന്ന് മടമടാന്ന് തണുത്ത വെള്ളം കുടിച്ചുതീർത്ത് വിളിച്ചു. “ഡീ, എനിക്ക് നിന്നെ കാണണം. ഇപ്പൊ. ഇപ്പൊത്തന്നെ” അപ്പുറത്ത് ചിരിയുടെ പടക്കം. “എന്നതാടാ കൊച്ചേ?, ക്രിസ്‌മസ്‌ കലിപ്പും കുത്തിക്കഴപ്പും ഒക്കെ കഴിഞ്ഞോ?. നിന്നോടിനി എൻറെ പട്ടി സംസാരിക്കാൻ വരുമെന്നല്ലേ മിനിഞ്ഞാന്ന് കീറുവാണം അടിച്ചത്. എന്നിട്ടിപ്പോ?”.

“രേഷ്‌മ… പ്ലീസ്”

“എന്നതാടാ?, നീ കീടം അടിച്ചിട്ടുണ്ടോ?” പോളിൻറെ വിലാപത്തിന്റെ വിലാപ്പുറത്തേക്ക് വീണ്ടും ആണി. “യൂ… ബ്ലഡി” അവൻ പല്ല് ഞറുമ്മി. “…..ബിച്ച്, പറ, പറയടാ പട്ടീ. സ്നേഹം കേറുമ്പോളും ഇറങ്ങുമ്പോളും നിൻറെ വാവയറിളക്കം”. അവൻ തണുത്തു. “രേഷ്മാ, ഡീ പ്ലീസ്. സത്യമായിട്ടും എനിക്ക് പേടിയാ. അതാ വിളിച്ചേ. പ്ലീസ് അണ്ടർസ്റ്റാൻഡ് മീ” പോൾ വിതുമ്പി.

“ആർ യു സീരിയസ്?!”. രേഷ്‌മ ഗൗരവത്തിലേക്ക് പക്ഷിയെപ്പോലെ പറന്നിറങ്ങി. ഭീതിയുടെ തണുത്ത കാറ്റ് ആശുപത്രീയുടെ പരിസരത്തെവിടെയോ വീശിയടിക്കുന്നത് അവളറിഞ്ഞു. വാക്കുകളുടെ മരവിപ്പിൽ നിന്നുണർന്നപ്പോൾ സ്വകാര്യം. “ഡാ, നീയിങ്ങോട്ടേക്ക് വാ. ഒന്നിച്ച് രണ്ടു ദിവസം. ചെക്കന്റെ പേടിയെല്ലാം ഞാൻ മാറ്റിത്തരാം”.

ആരക്കോണം ജങ്ഷൻ. ചിന്തകളുടെ മൂശയിൽ പോൾ ഉരുകുമ്പോൾ വീണ്ടും കയറ്റിറക്കങ്ങൾ. മനുഷ്യരൂപത്തിൽ മരണം കയറുന്നു, ഇറങ്ങുന്നു, അതിനിടയിൽ അവൾ. “എന്നാലും എടാ പൊട്ടാ, നീയിത്ര പേടിത്തൂറി ആയിപ്പോയല്ലോ. ആ കൊമ്പൻ മീശ വെട്ടിക്കളയെടാ കൊമ്പൻചെല്ലി”

“പോടീ പുല്ലേ” പോൾ ചീറി. “ങ് ഹാ, പറ, ബാക്കി കൂടി പറയെടാ. അത് കേക്കാൻ തന്നെയാ ഞാനങ്ങനെ പറഞ്ഞെ. നിൻറെ ഒടുക്കത്തെ ഐ.റ്റി. നീ ഐ.റ്റി എഞ്ചിനീയർ അല്ല. പി.റ്റി എഞ്ചിനീയറാ. പേടിത്തൂറി എഞ്ചിനീയർ”

“ഓ, വലിയൊരു ധൈര്യശാലി. നഴ്‌സിംഗ് പഠിക്കുമ്പോ, ലേബർ റൂമിൽ തലകറങ്ങി വീണ്, ഫക്കിങ്ങ് നഴ്‌സിംഗ് എന്ന് അലക്കിയ മോളല്ലേ നീ?”

“ഡാ..ഡാ..ഡാ. ടെൻഷൻ കേറുമ്പോൾ അങ്ങനെ പലതും പറയും. പിന്നെ പേറും പെറപ്പും പേടിത്തൂറിയാക്കുന്നത് അന്തക്കാലം. ഡെത്ത് എന്ന് കേട്ടപ്പോൾ മുള്ളിയ നീ വലിയ വർത്തമാനം പറയല്ലേ. ഞാനിന്നേ, സ്വന്തമായി കാശുണ്ടാക്കുന്ന പള്ളം പവ്വർഹൗസാ കേട്ടോ. ശേഷം ഭാഗം സ്‌ക്രീനിൽ”.

ട്രെയിനിൻറെ ഹോൺ; കാഡ്പാഡി ജങ്ഷൻ. സത്യത്തിൽ അടുത്തകാലത്ത് അവളോട് സ്നേഹം കാണിച്ചിട്ടുണ്ടോ?. തിരക്കിൽ പ്രണയപ്രളയം തട്ടിമാറ്റുകയായിരുന്നില്ലേ പലപ്പോളും?. ഇപ്പോൾ ഈ ഭയനിമിഷത്തിൽ എന്താണ് അവളെമാത്രം ഓർത്തത്?.

മുന്നിൽ, നിര്യാണക്കുറിപ്പിലെ അക്ഷരങ്ങളെപ്പോലെ കുറെയേറെ സഹയാത്രികർ. ഇടയ്ക്ക് വന്ന ടി.ടി.ഇ-ക്ക് പോലും ചത്ത കണ്ണുകൾ, മരണശുശ്രൂഷയുടെ കറുത്ത കുപ്പായം. ഹോ… രേഷ്‌മ അടുത്തുണ്ടായിരുന്നെങ്കിൽ! ആശുപത്രിമണമുള്ള നെഞ്ചിലേക്ക് ചാരിക്കിടന്നെങ്കിൽ. കണ്ണുകൾ ഇറുക്കിയടച്ചു. എന്നിട്ട് അവളെ അമർത്തിപ്പിടിച്ചു. പ്രിയേ, ഈ യാത്ര നിനക്കുള്ള പാപബോധവും പശ്ചാത്താപവുമാകുന്നു. ട്രെയിനിൻറെ കടകട ശബ്ദത്തിൽ ആ കുമ്പസാരം ലയിച്ചു. നിൻറെ നിണവും മാംസവും കുടിക്കാനും ഭുജിക്കാനുമുള്ള പാപപരിഹാര ബലിയാ ഈ യാത്ര. ഇനി എനിക്ക് ഭയമില്ല. നീ അഭയശിലയും സങ്കേതവും. കുറേ സ്റ്റേഷനുകൾ പിന്നിട്ടാൽ ഞാനിതാ നിന്നുടെ മേച്ചിൽസ്ഥലങ്ങളിലേക്ക്. നീർച്ചാലുതേടുന്ന മാൻപേടയായി നീ കാത്തുനിൽക്കുന്നു.

അവൻ ശക്തനും ബുദ്ധിമാനും മരണത്തെ അതിജീവിക്കുന്നവനുമായി. രേഷ്മയിൽ പത്തും അറുപതും എഴുപതും മേനി വിള കൊയ്യേണ്ടവൻ. അവളുടെ ചൂടും കിതപ്പുമാകുന്ന രാപ്പകലുകളുടെ ഉടയവൻ. നീരാളിപ്പിടുത്തമിട്ടിരുന്ന ഭയം വിട്ട് കണ്ണുകൾ കൂമ്പിയടഞ്ഞു. ബംഗളൂരുവിൽ, കയ്യിലൊരു പനിനീർ പൂവുമായി ചുണ്ടിൽ ഒരായിരം ചുംബനങ്ങളുമായി അവൾ. ചെറിയൊരു പുഞ്ചിരി. വലിയൊരു ആലിംഗനം. ചെവിയിൽ തെറി. പാതിമയക്കത്തിൽ എന്നോണം അവൻ കണ്ണുകൾ അടച്ചിരുന്നു. സമയരഥം പാഞ്ഞുകൊണ്ടേയിരുന്നു.

തീവണ്ടി പയ്യെ നിന്നപ്പോൾ കയറ്റിറക്കത്തിൻറെ ആവേശം. പോൾ കണ്ണുതുറന്നു. തെല്ലകലെ രേഷ്‌മ. പ്രണയത്തിൻറെ പവ്വർ ഹൗസ്. കയ്യിൽ റോസാപ്പൂക്കൾ. ആയിരം പൂക്കൾക്ക് സമമായ പുഞ്ചിരി. ആ കാഴ്ച്ചയിൽ ഭൂമി നിറഞ്ഞു.

ഉടനെ കാതുകളെ നടുക്കുന്ന ശബ്‌ദം!! എന്തെന്ന് അറിയും മുമ്പ് പോൾ എങ്ങും അന്ധകാരം. തണുപ്പ്… നിശബ്ദത! അവൻറെ ചോരയിൽ കുളിച്ചുകിടന്ന ഫോസ്സിൽ വാച്ചിൽ ചെറുശബ്‌ദം മുഴങ്ങുന്നുണ്ടായിരുന്നു ‘ടിക്.. ടിക്.. ടിക്..”

അടുത്ത ദിവസം കോട്ടയം പള്ളം പൗവ്വർ ഹൗസിനടുത്തുള്ള ചായക്കടയിൽ പത്രവാർത്ത ഒരാൾ ഉറക്കെ വായിച്ചു. “ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ മാവോയിസ്റ്റ് ആക്രമണം. ലാൽബാഗ് എക്സ്പ്രസിലെ യാത്രക്കാർ മരിച്ചു”.

വാർത്ത കേട്ട ഒരു വൃദ്ധൻ കണ്ണ് തിരുമ്മി ഇപ്രകാരം പറഞ്ഞു. “മനുഷ്യൻ. അതിത്രയേ ഉള്ളൂ”. അപ്പോൾ അയാളുടെ വാച്ചിലും ‘ടിക്, ടിക്, ടിക്’ ശബ്ദം കേൾക്കാമായിരുന്നു.

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.