ജേണലിസ്റ്റ്

ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ പോയതായിരുന്നു അയാൾ. അവിടെ മരിച്ചു വീണ കുഞ്ഞുങ്ങളെപ്പറ്റി കടുത്ത ഭാഷയിൽ തന്നെയായിരുന്നു അയാളുടെ കുറിപ്പുകൾ. അവ നാട്ടിലെമ്പാടും ചർച്ച ചെയ്യപ്പെടുകയും, പത്രത്തിൻ്റെ ഗ്രാഫ് ഉയർത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

നാട്ടിലേക്കുള്ള ഫ്ലൈറ്റ് കാത്തിരിക്കുമ്പോഴാണ് ചീഫ് എഡിറ്ററുടെ ഫോൺ വന്നത്. സൂത്രശാലിയായ കുറുക്കനാണയാൾ. എന്തിനാവും കിഴവൻ തന്നെ വിളിക്കുന്നതെന്ന് അയാൾ ആലോചിച്ചു. മനസ്സും ശരീരവും തളർന്നിരുന്നു. പെട്ടെന്നു നാട്ടിലെത്തി, ഒരാഴ്ച ലീവെടുത്തു വിശ്രമിക്കണമെന്നു കരുതിയിരുന്നതാണ്. ഫ്ലൈറ്റ് തലസ്ഥാനത്തേക്കാണ്. അവിടെ നിന്ന് നാട്ടിലേക്ക് ട്രെയിനിലാണ് ഉദ്ദേശിക്കുന്നത്. അതിനിടയിൽ, കിഴവനെന്തിനാവും വിളിക്കുന്നത്?

സർ?

എഡോ, താനിന്ന് തലസ്ഥാനത്തത്തില്ലേ?

ഉവ്വ്സർ. എന്തേ ?

എഡോ, നാളെക്കഴിഞ്ഞ്, അതായത് മറ്റെന്നാളാണ് രാജ്യത്തിൻ്റെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്.

അതിന് ?

എഡോ, ബജറ്റവതരണത്തിൻ്റെ വാർത്ത ചെയ്തിരുന്നത് നമ്മുടെ കിടാവാണെന്നറിയാലോ ? അയാൾ മരണപ്പെട്ടിട്ട് ആറു മാസം കഴിഞ്ഞു. പുതിയ ആളെ നിയമിച്ചിട്ടുമില്ല. താനെന്തായാലും ഇന്ന് തലസ്ഥാനത്തത്തുമല്ലോ. രണ്ടു മൂന്നു ദിവസം അവിടെ ചെലവഴിച്ചാൽ ബജറ്റവതരണ റിപ്പോർട്ടുണ്ടാക്കിയിട്ട് മടങ്ങാം. എന്താ?

അയ്യോസർ, എനിക്ക് സാമ്പത്തിക ശാസ്ത്രം അത്ര പിടിയില്ല. അപ്പോൾ നികുതി വിശകലനമൊക്കെ എങ്ങനെ ചെയ്യും?

‘അതൊന്നും താൻ ബേജാറാവണ്ട. മഹാറാണി ബജറ്റവതരണം നടത്തുമ്പോൾ, താനത് റിപ്പോർട്ടു ചെയ്യണം. തനിക്ക് നല്ലൊരു ഭാഷയില്ലേ., അതങ്ങ് പൊലിപ്പിച്ചെഴുതിയേക്കണം. തനിക്കവിടെ നക്ഷത്ര ഹോട്ടലിൽ റൂം ബുക്കു ചെയ്തിട്ടുണ്ട്. വിവരങ്ങൾ പി.എ. വാട്സാപ്പ് ചെയ്യും

നക്ഷത്രഹോട്ടിലെ താമസം തനിക്കിഷ്ടമാണ്. അതറിയുന്ന കിഴവൻ ബുദ്ധിപൂർവ്വം കളിച്ചതാണ്. സാരമില്ല ഒരു മൂന്നുനാലു ദിവസം കൂടി. എന്നിട്ട് നാട്ടിലേക്കു തിരിക്കാം. തനിക്കീ ബജറ്റ് റിപ്പോർട്ടിംഗിൽ താത്പര്യവും പിടിപാടുമില്ല.

‘സാരമില്ല. ഹോട്ടൽ റൂമിലെത്തിയാൽ കിടാവിൻ്റെ കഴിഞ്ഞ വർഷത്ത റിപ്പോർട്ട് ഒന്നുവായിച്ചു നോക്കാം. രാമൻ കിടാവ് തങ്ങളുടെ ചിരപുരാതന ‘പത്രത്തിൻ്റെ ചീഫ് റിപ്പോർട്ടറായിരുന്നു.

റൂമിലെത്തിയപ്പോൾ ആദ്യം ചെയ്തത് അതാണ്. ലാപ്പിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് റിപ്പോർട്ട് പരിശോധിച്ചു.
വായിക്കുന്തോറും ഞെട്ടിപ്പോയി. രാമൻ കിടാവിനെപ്പോലെ നല്ല തഴക്കവും പഴക്കവുമുള്ള ഒരു പത്രപ്രവർത്തകൻ എന്താണ് എഴുതി വച്ചിരിക്കുന്നത്? കഷ്ടം!

ബജറ്റവതരിപ്പിക്കാൻ വരുന്ന മഹാറാണിയുടെ സാരിയുടേയും ബ്ലൗസിൻ്റേയും നിറം, സൂട്ട് കേസിൻ്റെ ഭാരം, റാണി ഉദ്ധരിച്ച ശ്ലോകം – എന്തൊക്കെയാണയാൾ എഴുതി പടിപ്പിച്ചിരിക്കുന്നത ? ബജറ്റിലെ പദ്ധതികളെ പറ്റിയോ, നികുതി നിർദ്ദേശങ്ങളെപ്പറ്റിയോ, ജനതയുടെ കഷ്ടപ്പാടുകളെപ്പറ്റിയോ ഒരു വരി പോലും അതിലുണ്ടായിരുന്നില്ല. മഹാറാണിയുടെ ദന്ത മെതിയടിയെപ്പറ്റിപ്പോലും തറ പൈങ്കിളി ഭാഷയിൽ എഴുതിനിറച്ച കുറിപ്പ്. ഇതാണോ താൻ മാതൃകയാക്കേണ്ടത്?

ചീഫിനെ വിളിച്ചു. അയാൾ തൻ്റെ കോൾ കാത്തിരിക്കുകയായിരുന്നു എന്നു തോന്നി.

എന്താഡോ ? കിടാവിൻ്റെ റിപ്പോർട്ടിംഗ് കണ്ടില്ലേ?

അല്ലസർ, ഇങ്ങനെയാണോ ബജറ്റവതരണം റിപ്പോർട്ടു പെയ്യേണ്ടത്! യൂനിവേഴ്സിറ്റികളിലെ സാമ്പത്തിക വിദഗ്ധരെക്കൊണ്ട് ബജറ്റിൻ്റെ പോരായ്മകളെപ്പറ്റി, ഗുണമുണ്ടെങ്കിൽ അത്, എല്ലാം വിശകലനം ചെയ്യിക്കേണ്ടതിനു പകരം കിടാവ് മഹാറാണിയുടെ വേഷഭൂഷാദികളിൽ പെട്ടു പോയിരിക്കുന്നു.

അതിനെന്താഡോ ? അതൊരു ജനകീയ രീതിയല്ലേ? കഴിഞ്ഞ വർഷത്തെ നമ്മുടെ റിപ്പോർട്ട് ക്ലിക്കായ സ്ഥിതിക്ക്, സകലമാന പത്രങ്ങളും ഇക്കൊല്ലം ഈ രീതിയിലാവും ഉണ്ടാവുക.

അപ്പോൾ ഞാൻ ബജറ്റ് ശ്രദ്ധിക്കാതെ, ഇത്തരം പൈങ്കിളി ഭാഷയിൽ റാണിയുടെ വേഷ ഭൂഷാദികളെപ്പറ്റിയാണോ എഴുതേണ്ടത്?

എന്നും പറയാം ,ചീഫ് കുറുക്കൻ പറഞ്ഞു. ആടയാഭരണങ്ങളെപ്പറ്റി ഇപ്രാവശ്യം എല്ലാ പത്രത്തിലുമുണ്ടാവും. നമുക്ക് നല്ലൊരു എക്സ്ക്ലൂസീവ് വാർത്ത വേറെ വേണം.

സാറെന്താണ് ഉദ്ദേശിക്കുന്നത്?

എഡോ , മഹാറാണിയുടെ സാരി ബ്ലസ്, കമ്മൽ, ചെരിപ്പ് എന്നിവയപ്പറ്റിയാകും മറ്റു പത്രങ്ങൾ എഴുതുക. . നമുക്കതു പോര.

പിന്നെ?

എഡോ , ഇപ്രാവശ്യം അടിവസ്ത്രങ്ങളിലാവട്ടെ നമ്മുടെ എക്സ്ക്ലൂസീവ് ‘ അടിപ്പാവാട, അണ്ടർ വെയർ, ബ്രാ എന്ന മട്ടിൽ, തനി പൈങ്കിളി ഭാഷയിൽ………

സഹന പരിധി കഴിഞ്ഞപ്പോൾ, അയാൾക്ക് ദേഷ്യം വന്നു. സാറെന്താ എന്നെപ്പറ്റി കരുതിയത്? , ഇതാണ് പത്രപ്രവർത്തനമെങ്കിൽ ഞാനിതാ നിർത്തുന്നു. എൻ്റെ രാജിക്കത്ത് ഇപ്പോൾ തന്നെ നിങ്ങൾക്ക് ഫോർവേഡ് ചെയ്യാം.

ചലനങ്ങൾ കാണുമ്പോൾ, അയാൾക്ക് കൃത്യമായ ദിശാബോധം കൈവന്ന പോലുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.