നിങ്ങൾ ബോധപൂർവ്വം യാതൊരു തയ്യാറെടുപ്പുമില്ലാതെ കാത്തിരിക്കണം. ഓർമ്മിച്ചു വെയ്ക്കാൻ പറ്റാത്ത ഒരു നിമിഷത്തിൽ, ആരോ ഒരിക്കൽ, ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ ചെവിയിൽ കാമുകിയുടെ പേർ വിളിച്ചു പറഞ്ഞപ്പോൾ നിങ്ങൾ ഉണർന്നതു പോലെ അത്രമേൽ ശ്രദ്ധാലുവായിരിക്കണം.
എന്നെ പരിചയമില്ലാത്ത ഒരു വെറും കേൾവിക്കാരനാണ് നിങ്ങൾ. കടലാസ്സും പെൻസിലും ടേപ്പ് റിക്കാർഡറുമായി നിങ്ങൾ കേറി വന്നതു തന്നെ എനിക്കിഷ്ടപ്പെട്ടിട്ടില്ല. നിങ്ങളോടെനിക്ക് നേരിയ വെറുപ്പും അസൂയയുമുണ്ട്. സ്വാഭാവികമായും അതെ . കുറച്ചു കൂടി അടുത്തിരുന്നാൽ കൊള്ളാം. നോക്ക്, ആ കസേര – മൂന്നു കാലേയുള്ളു – മുമ്പോട്ടു വലിച്ചിട്ടിരിക്കുമ്പോൾ സൂക്ഷിക്കണം. ഞാനാരേയും മന:പൂർവ്വം രക്ഷപ്പെടുത്താറില്ല
എന്റെ സഹോദരി ഡെയ്സിയുടെ കുഞ്ഞ് ലക്കില്ലാതെ ഓടി, കാൽപിണഞ്ഞു വീണ് പല തവണ നെറ്റി പൊട്ടിച്ചു. കയ്യെത്തിച്ചാൽ എനിക്ക് പിടിക്കാമായിരുന്നു. പക്ഷെ അവളെ ഞാനെപ്പോഴും വീഴാൻ അനുവദിച്ചു. ഒന്നര വയസ്സിന്റെ കണ്ണുകളിൽ തീമഴ . പ്രായഭേദമില്ലാത്ത പ്രതിഷേധത്തിന്റ. തീക്ഷ്ണമായ ആരോപണത്തിന്റെ.
മുഷിഞ്ഞ സാരിത്തലപ്പിൽ വിയർപ്പു കൈകൾ തുടച്ചു്, സാന്ത്വന വാക്കുകൾ നഷ്ടപ്പെട്ട ചുണ്ടിൽ നിന്നും വരണ്ട ചിരി അറിയാതെ പിൻവലിച്ച്, കുട്ടിയുടെ അമ്മ വാതിൽപ്പടി കടന്നു വന്നു് കിണറിന്റെ അഗാധതയിലെ നീല സ്ഫടിക വൃത്തത്തിൽ ഇളകുന്ന രണ്ട് പ്രതിരൂപങ്ങൾ കാണിച്ചു കൊടുത്ത് അവളുടെ കരച്ചിലടക്കി. പിന്നീട് നെറ്റിയിലെ ചുവന്ന അടയാളവും കവിളിണകളിലെ ഉണങ്ങിപ്പിടിച്ച പാടുമായി അവൾ ഉറക്കമാണെന്നറിഞ്ഞപ്പോൾ എനിക്ക് ഭയം തോന്നി.
വിവാഹിതയാവും മുമ്പ് ഡെയ്സി എന്നും കൊളുത്തിടാൻ മറന്ന ജനാല ! കാലവുത്ത പരിധിക്കപ്പുറത്ത് ശാപമോക്ഷം കിട്ടാത്ത ഏതോ വർഷകാല രാത്രിയിൽ ഞാനറിയാത്ത അപരിചിതമായ വിയർപ്പുഗന്ധം ശ്വസിച്ചു കിടക്കവെ, ഇടിച്ചു പെയ്യുന്ന കർക്കിടക മഴയുടെ മീതെ ഉയർന്ന അവളുടെ ആക്രന്ദനങ്ങളെ ആരോ ബലമായി അമർത്തിപ്പിടിച്ചു….. ശുഭ്രമായ ലില്ലിപ്പൂക്കളുടെ പേലവ ദളങ്ങളിൽ അശുദ്ധ രക്തത്തിന്റെ കാനൽത്തുള്ളികൾ അടർന്നു വീഴുമ്പോൾ ഞാൻ കണ്ണും ചെവിയും കൊട്ടിയടച്ച് ഭൂമിയുടെ പിളർപ്പിലേയ്ക്ക് വീണു മരിക്കണേയെന്നു് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.!
ഉറഞ്ഞു തുള്ളിയ മലയന്റെ തിരുനെറ്റിയിലൂടെ കട വായിലോളം ഒലിച്ചിറങ്ങിയ ചോര. രാത്രിയുടെ നിഴലുകൾ വീണ അമ്പലമുറ്റത്ത് അഴിഞ്ഞുലഞ്ഞ മുടിയും വിളറിയ മുഖവുമായി രാധ ! നിങ്ങൾ പുറത്തേക്ക് നോക്കിയിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
ഇല്ല, എന്റെ വീട്ടിൽ പൂന്തോട്ടമില്ല. ഇവിടെ ആർക്കും അതിഷ്ടമില്ല. ഞങ്ങൾ ഓരോരുത്തരും പൂക്കളുടെ ഭംഗുരതയും കുറ്റവാളികളുടെ നൃശംസതയുമായി ജീവിതം പേറുന്നവരാണ്.
ഓഹോ, അത്തരം ജീവിതങ്ങൾക്ക് ഒരു സൈക്കഡലിക്ക് സ്വപ്നത്തിന്റെ ആകസ്മികതയുണ്ടെന്നാണോ താങ്കൾ പറയുന്നത്?
നോ, നെവർ.
എന്ത്, അസോസ്സിയേഷന്റെ തകരാറാണെന്നോ?
അല്ല, ഒരിക്കലുമല്ല.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ നിങ്ങൾ എല്ലാം കേൾക്കുന്നുണ്ട്. ഞാനൊളിച്ചു വെയ്ക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പോലും !
അതെ, തീർച്ചയായും.
ഇടയ്ക്കിടെ സ്വയം നഷ്ടപ്പെടൽ എന്റെ പതിവായിരുന്നിരിക്കണം. നിങ്ങളുടെ വിരലമർന്ന പ്ലാസ്റ്റിക്ക് ടേപ്പുകളിൽ പതുക്കെപ്പതുക്കെ എന്റെ ശബ്ദവും നിലയ്ക്കുകയാണ്….. നിങ്ങളുടെ ചിത്രവും അലിഞ്ഞില്ലാതാവുന്നു. നിങ്ങളെ മറന്നു ….
ജടപിടിച്ച കാപ്പിത്തോട്ടങ്ങൾക്കു മുകളിൽ കോടമഞ്ഞുരുകുമ്പോൾ അനാവ്വതമാവുന്ന ഏതോ ഗ്രാമം. നെൽവയലുകൾ. അവയുടെ ഓരങ്ങളിൽ കുഴമണ്ണ് തേച്ച കൊച്ചുപുരകൾ. രാവിൽ മുറ്റത്ത് മരത്തടികൾ കൂട്ടി തീയ്യിട്ട് അവർ ചുറ്റുമിരുന്നു. അക്ഷരങ്ങളില്ലാത്ത അപരിഷ്കൃതമായ ഗാനം. നീണ്ട രോദനം പോലെ തുടിയൊച്ച അകലങ്ങളുടെ ശബ്ദം ….
രാധേ, ഞാനിനിയും വരും. വല്ലപ്പോഴുമൊക്കെ.ബാഗും തോളിലിട്ട്. ഒരപരിചിതനെപ്പോലെ.
ഏതോ പഴയ അവധിക്കാലത്തിന്റെ അവസാന ദിവസമായിരുന്നു അത്. ഗുവേരയുടെ ടെയ്നയെപ്പോലെ അവൾക്കിഷ്ടമുള്ള രാഗങ്ങൾ മൂളാതെ
ഒരിക്കലും പാടാതെ അവൾ എന്റെ അരികിൽ നിന്നു. എനിക്ക് എഴുതരുത്. അവൾ പറഞ്ഞു. വീട്ടിൽ എന്നെ വിചാരണ ചെയ്യുന്ന നിമിഷങ്ങൾ ഓർക്കാൻ വയ്യ!
ഒരു പകൽ മുഴുവൻ കവർന്നെടുക്കുന്ന വിരസമായ യാത്ര. തെന്മലയുടേയും വടമലയുടേയും പിളർപ്പിലെ ഉഷ്ണക്കാറ്റു് പിടിച്ചടക്കിയ കോളേജ്.
അകലെ, ദുഃഖം കലർന്ന മിഴികളുമായി ജലാശയത്തെ നോക്കുന്ന നീലമലകൾ. അവയുടെ ചെരിവുകളിൽ വെൺമേഘങ്ങൾ വന്നടിഞ്ഞു. അവ ഘനീഭവിച്ച് പരന്ന ജലരാശിയിൽ വർഷിച്ചു. ജനാലയ്ക്കരികിൽ ശബ്ദകോലാഹലങ്ങളറിയാതെ തനിച്ചിരുന്നപ്പോൾ ഞാനോർത്തു: എല്ലാ ശീതകാല രാത്രികളിലും വേനലിന്റെ പകലുകളിലും അവൾ എന്റെ സമീപം സജീവമായ പ്രത്യാശയായിരുന്നു. നില തെറ്റിയ ലോകത്തിൽ ഒഴുകുന്ന വർണ്ണങ്ങൾക്കിടയിൽ ഞാൻ രാധയെത്തേടി നടന്നു. ഒരു നാർസിസ്സസ്സിനെപ്പോലെ ശരീരം ഹോമിച്ചു. ആ കുറ്റബോധത്തിലൂടെ, ലജ്ജയിലൂടെ കളങ്കത്തിലൂടെ ശമിക്കാത്ത ലൈംഗികാവേശമായി അവൾ വളർന്നു. എത്രയോ രാത്രികളിൽ ഞാൻ തനിച്ചിരുന്നു ചെയ്ത വൈകൃതങ്ങളുടെ ഒടുങ്ങാത്ത ആവർത്തനത്തിലൂടെ ശാരീരിക വ്യാകുലതയിലൂടെ രാധയെ കണ്ടെത്താൻ ശ്രമിച്ചു. ഒടുവിൽ, അടിവയറ്റിൽ അഗ്നികത്തിയിറങ്ങി.ഞാൻ തളർന്നു …..
നല്ല കാമുകി എന്നൊന്നില്ല എനിക്ക് മനസ്സിലായി. എന്നോടെപ്പം തങ്ങിനിന്ന് എന്റെ ആശയങ്ങളെ മാറ്റിമറിച്ച കിനാവുകളാണ് ഞാൻ കണ്ടത്. നാഡിയിലൂടെ അതിക്രമിച്ചു കയറി മസ്തിഷ്ക്കത്തിലൂടെ വ്യാപിക്കുന്ന ലഹരി പോലെ അവ എന്നിലൂടെ സഞ്ചരിച്ച് എന്റെ മനസ്സിന്റെ നിറം തന്നെ മാറ്റിക്കളഞ്ഞു!
എനിക്കോർമ്മയുണ്ട്, എന്നെ പരിചയമില്ലാത്ത ഒരു വെറും കേൾവിക്കാരനായ നിങ്ങൾ കേൾക്കുന്നുണ്ടോ ആണ്ടിലൊരിക്കൽ നാടൻ പെണ്ണിനെപ്പോലെ കുട്ടികളോടൊപ്പം ഒരു സന്ധ്യയ്ക്ക് തിറയുത്സവം കാണാൻ പോയ രാധ, മുഷിഞ്ഞു നരച്ച കൊടികൾ തൂങ്ങുന്ന അമ്പലമുറ്റത്തെ പടർന്ന മരച്ചുവട്ടിൽ മലയരുടെ ചെണ്ടമേളത്തിൽ മുഴുകിയ കുട്ടികൾക്കിടയിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായി !
അമ്പലമുറ്റവും ആൾത്തിരക്കും വിട്ട് അദൃശ്യയായ രാധയെത്തിരഞ്ഞ ഞാൻ പെട്രോമാക്സി ന്റെ നാക്കെത്താത്ത അറപ്പുരയ്ക്കു പിന്നിൽ, വാഴപ്പോളകളുടേയും കുരുത്തോലകളുടേയും കൂമ്പാരത്തിന് പിന്നിൽ ഇളകുന്ന രണ്ട് നിഴലുകൾ കണ്ടു !!
സുഹൃത്തേ, കാലം എന്റെ ശിരസ്സിൽ അണിയിച്ചു തന്ന ആർദ്ര പ്രണയത്തിന്റെ ഒരു നിധികുംഭമുണ്ട്. അതിനും മുമ്പ് നിസ്സംഗതയുടെ ശുദ്ധ ശൂന്യത പേറി നടന്ന ഒരു ബാല്യവുമുണ്ടായിരുന്നു. ആത്മഹത്യയുടേയും കൊലപാതകത്തിന്റേയും ഇടയിൽ പനിക്കോളിൽ അമർന്നു കിടന്ന ആ പഴയ വർഷകാല രാത്രികളെ വകഞ്ഞു മാറ്റി എനിക്ക് പരിചിതമായ ആ പഴയ ഗന്ധം ഒരിക്കൽക്കൂടി തിരിച്ചെത്തി…….
ഒരു കയ്യകലത്തിൽ വെച്ച് ഞാനവരെ കണ്ടു !!
അമ്പലമുറ്റത്ത് മലയരുടെ ചെണ്ടകൾ ഉറക്കെ ശബ്ദിച്ചു. വലിഞ്ഞു മുറുകിയതോലിൽ വിറയ്ക്കുന്ന ചെണ്ടക്കോലുകൾ ഇടമുറിയാതെ തെറിച്ചു വീണു. മുഖമടച്ചു വീണ കട്ടപിടിച്ച ചുരുൾമുടി കുടഞ്ഞ് ബോധം നശിച്ച കോമരം മേളക്കൊഴുപ്പിൽ ഉറഞ്ഞു തുള്ളി…..
വിയർത്തടങ്ങുന്ന ലൈംഗിക വികാരം പോലെ രാധ എന്നിൽ മടുപ്പിന്റെ അസ്വാരസ്യമുളമാക്കി. ഞാനവളെ വെറുക്കാൻ പഠിച്ചു. അലിവില്ലാത്ത പാറക്കെട്ടായി, രോഷത്തിന്റെ ചരൽക്കല്ലുകളായി തെറിച്ചു നിൽക്കാൻ ഞാനാശിച്ചു. എന്റെ സന്തോഷം. എന്റെ മാത്രം ആനന്ദം.
മനസ്സെന്ന ഏകാകിയായ വേട്ടക്കാരൻ എവിടെ അവന്റെ സ്വസ്ഥത ? രാധേ,നീയെന്റെ തപ്ത ദുഃഖമാണ്. ആയിരം പുനർജനികളുടെ അന്ത്യത്തിലും നീ എന്റെതാണ്. ഏകാന്തതയുടെ സായാഹ്നങ്ങൾ എന്നെ നിന്നിൽ എത്തിച്ചു പുറത്തെ ആഹ്ലാദങ്ങളുടെ വിളർത്ത ചിരികൾ എന്നെ മടക്കി വിളിച്ചു. നിന്നിലേയ്ക്ക് ഇതാ വീണ്ടും.
എന്റെ കാപട്യത്തിൽ എന്റെ നഷ്ടത്തിൽ ഞാൻ കരഞ്ഞു.
രാധ പുറത്തിറങ്ങിയില്ല. വൃക്ഷക്കൂട്ടങ്ങൾക്കിടയിലെ ഉയരം കുറഞ്ഞ വീട്ടിൽ കറുത്ത നിഴലുകൾ കെട്ടുപിണഞ്ഞ മുറ്റത്തേയ്ക്ക് നോക്കി അവൾ ഇരുന്നു.
ഒഴിവുകാലം. അസ്വസ്ഥതയുടെ ഒരു വൈകുന്നേരം. കാപ്പിത്തോട്ടങ്ങൾക്കിടയിൽ അസ്തമയത്തിന്റെ ചുവപ്പ്. നടന്നു. പകൽച്ചൂടുൾക്കൊണ്ട കാപ്പിച്ചെടികൾക്കിടയിൽ ഇരുണ്ട നിശ്ശബ്ദതയിൽ സന്ധ്യയുടെ ചുവന്ന സാരിത്തുമ്പുലച്ചു കൊണ്ട് അവൾ വന്നു.തിറയുത്സവത്തിന്റെ നേർത്ത ചെണ്ടമേളം ചുറ്റും പടരുന്നു. മേളക്കൊഴുപ്പിൽ എന്നിലെ രൗദ്രതയുടെ ചങ്ങലക്കണ്ണികൾ ഇളകുന്നു. തീവ്രത കൂടിക്കൂടി വന്നു. നിമിഷങ്ങളുടെ അസഹ്യതയിൽ ഈർപ്പം വിട്ട മണ്ണിൽ കരിയിലകൾ പുകഞ്ഞു. വേണ്ട എനിക്ക് പേടിയാകുന്നു, രാധ പറഞ്ഞു. നിഷേധത്തിന്റെ ആഗ്നേയലഹരി പ്രതിരോധത്തിന്റെ ചുവപ്പു കൊടിയെ ചീന്തി എറിയുന്നു.
രാധ പോകരുത് നിനക്കറിയാമോ ഈ കുരിശിലെ വേദന എന്നെങ്കിലുമൊരിക്കൽ നമ്മൾ മനുഷ്യർ പ്രണയിതാക്കൾ ഏകാന്തതയിൽ ഒരുമിച്ചനുഭവിക്കേണ്ടിയിരുന്നതാണ്. നിനക്കിത് നേരത്തേ അറിയാം. അല്ലെങ്കിൽ രാധ ഇവിടെ വരില്ലായിരുന്നു. ഈ തീക്ഷ്ണതയിൽ എല്ലാം കത്തിത്തീരട്ടെ. ഒരു നിമിഷത്തിന്റെ വ്യാകുലതയിൽ ഈ ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ശരീരങ്ങൾ ജീർണ്ണിച്ചേയ്ക്കാം.
അവൾ കണ്ണുകൾ പാതിയടച്ചു. വലിഞ്ഞു മുറുകിയതോലിൽ മലയരുടെ ചെണ്ടക്കോലുകൾ ആഞ്ഞു വീണു. വിയർത്തൊലിച്ച് ഉറഞ്ഞു തുള്ളുന്ന കോമരം വീണ്ടും .
ഇലകൾ തളർന്നു കൂമ്പി. ഒടുവിൽ അഗ്നി സൂര്യനിലേയ്ക്ക്.
നിങ്ങൾ കേൾക്കുന്നുണ്ടായിരുന്നോ? ഇന്നെത്ര അപ്രതീക്ഷിതമായിട്ടാണ് സന്ധ്യ ! ആരാണിവിടെ വിളക്കു കത്തിച്ചത് ! എന്തു പറ്റി, നിങ്ങളുടെ മുഖം വല്ലാതെ ചുവന്നിരിക്കുന്നല്ലോ? ഓ ഈ അരണ്ട വെളിച്ചവും നിങ്ങളുടെ മൗനവും.. ഏയ്, ആകാൻ തരമില്ല. എന്റെ ദു:ഖങ്ങളുടെ അച്ഛൻ നിങ്ങളാവാൻ വഴിയില്ല.