കിട്ടുന്ന കൂലി കുടിച്ചു തീർക്കാത്ത അച്ഛനായിരുന്നു എൻ്റേത്.. അന്തി മയങ്ങുമ്പോൾ വൃത്തിഹീനമായ ജീവസാഹചര്യം മറക്കാൻ വില കുറഞ്ഞ മ ദ്യം കൂടുതൽ സേവിച്ച് ഉച്ചത്തിലെന്തെക്കെയോ ശബ്ദിച്ച് ഇടയ്ക്ക് ഹിറ്റ് തമിഴ് സിനിമയുടെ അശ്ല്ലീലച്ചുവയുള്ള പാട്ടു പാടി, ചിലപ്പോൾ അതിഭീകരമായി കരഞ്ഞു നടക്കുന്ന ധാരാളം ആളുകൾ പാർക്കുന്ന ഒരു ചേരിയിൽ അച്ഛൻ ജീവിച്ച അതിമഹത്തായ ജീവിതമായിരുന്നു എൻ്റെ ആദ്യ സർവ്വകലാശാലാബിരുദം.
മാഗോളിത്തെരുവ് കടന്നപ്പോഴാണ് തവിട്ട് നിറമുള്ള കൈലി ചുറ്റി കണ്ണിൽ അഗ്നിയുമായി അയാൾ മുന്നിൽ വന്നത്. അയാൾ വരുന്നതും പോകുന്നതും അതീവഭീകരമായ ഏതെങ്കിലും കൃത്യം ചെയ്യാനാകും. രംഗോലിത്തെരുവിലെ പട്ടമ്മാളിൻ്റെ വീട് വിൽക്കുന്നില്ലെന്ന് മാമി തീർത്ത് പറഞ്ഞപ്പോഴാണ് കഴിഞ്ഞ മാസം അയാൾ വന്നത്. ഭാഷാസിനിമയിലെ ഗുണ്ടകളെ പലപ്പോഴും അയാൾ അനുകരിക്കാറുണ്ടെന്ന് കവലയിൽ കാപ്പി വിൽക്കുന്ന മുരുകൻ പറയാറുണ്ട്.
മാഗോളിത്തെരുവ് പണ്ടെങ്ങോ കുറേയേറെ മംഗോളിയക്കാർ താമസിച്ച തെരുവാണത്രെ. അവിടെയുണ്ടായിരുന്ന മാണിക്യമമ്മ ഒരു മംഗോളിയക്കാരനെ തിരുമണം ചെയ്തുവെന്നും അതിനാലാണ് അവിടെയുള്ള ചില കുട്ടികൾക്ക് മംഗോളിയരുടെ പതിഞ്ഞ മൂക്കും മഞ്ഞളു കലർന്ന നിറവുമുണ്ടായതെന്ന് മുരുകൻ്റെ കാപ്പിക്കടയിലിരുന്ന് സമയം തീറെഴുതുന്നവർ പറയാറുണ്ട്..
മംഗോളിത്തെരുവ് പറഞ്ഞും ലോപിച്ചും മാഗോളിത്തെരുവായി. ആ തെരുവിൽ നിന്ന് ടൗണിലേയ്ക്കുള്ള റോഡിൽ നിന്ന് അരക്കിലോമീറ്റർ ഉള്ളിലാണ് രംഗോലിത്തെരുവ്. റോഡ് പുനർനിർമ്മിക്കുന്നുവെന്നും പുതിയ പാതകൾ രംഗോലിത്തെരുവിനുണ്ടാക്കുന്ന ഭൂമിവിലയുയർച്ച മനസ്സിൽ കണ്ട വില്ലാനിർമ്മാണക്കമ്പനിയാണ് തെരുവിൻ്റെ ആദ്യഭാഗത്തുള്ള വീടുകൾ വാങ്ങാൻ തീരുമാനിച്ചത്. കൂടുതൽ വിലകിട്ടിയപ്പോൾ മൂന്ന് പേർ വീട് വിൽക്കാൻ തയ്യാറായി. പക്ഷെ പട്ടമ്മാൾ മാത്രം അതിനെതിരു നിന്നു. ആ സമയത്തായിരുന്നു പോയ മാസത്തിലെ അയാളുടെ രംഗപ്രവേശം. മാട്ടുതാവണിപേച്ച് എന്ന് മുരുകൻ അയാളെ ആരുമില്ലാത്തപ്പോൾ പരിഹസിച്ചിരുന്നു. അയാൾ വരുമ്പോൾ അതീവ ഭവ്യതയോടെ ‘കാപ്പി എടുക്കട്ടെ അണ്ണാ’ എന്ന് പറഞ്ഞ് ഉള്ളിൽ പരിഹസിച്ച് പുറമേ ലോഹ്യം കൂടി നിൽക്കുന്ന മുരുകനെ നോക്കി ഇരിക്കുമ്പോൾ പലപ്പോഴും ചിരി നിയന്ത്രിക്കാനാവാതെ വന്നിട്ടുണ്ട്. കത്തിവേഷങ്ങളുടെ എല്ലാ കോലാഹലത്തോടെയും, ഗോഗ്വോ വിളികളോടെയുമാണ് അയാളുടെ വരവ്. ശല്യം സഹിക്ക വയ്യാതെ പട്ടമ്മാൾ രംഗോലിത്തെരുവിലെ സ്ഥലം വിറ്റ് മൈലാപ്പൂരിലേയ്ക്ക് പോയി.
ഇത്തവണത്തെ അയാളുടെ വരവ് എന്നെത്തേടിയായിരുന്നു. ചിന്തിക്കാൻ അധികസമയം കിട്ടുന്നതിനു മുൻപേ അയാൾ എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു. ‘നിനക്ക് പെരിയ കളി തന്നെ കളിക്കണമല്ലേടാ’ എന്നൊരു ചോദ്യവും. ‘കാണിച്ചു തരാം’ എന്നൊരു ഭീഷണിയും. അതിനു ശേഷം.അയാൾ എന്നെ ഷർട്ടിലുയർത്തി താഴെ നിർത്തി കടന്നുപോയി..
സർക്കാർ സ്ക്കൂളിലെ ചരിത്രം പഠിപ്പിക്കുന്ന മാഷിനോടായിരുന്നു ആദ്യം ഇതേ പറ്റി പറഞ്ഞത്. അതിനദ്ദേഹം പറഞ്ഞ മറുപടി കേട്ട് എനിയ്ക്ക് ചിരിക്കാനാണ് തോന്നിയത്. ഇവരെല്ലാവരും എന്തിനാണ് എന്നെ ഇത്രയധികം ഭയക്കുന്നത്. എന്തിനാണ് എന്നെ തടുക്കാൻ ശ്രമിക്കുന്നത്. മാട്ടു താവണി ഗുണ്ട ഭീഷണിപ്പെടുത്താനാവും വിധം അപരാധമൊന്നും ഞാൻ ചെയ്തിരുന്നില്ല.
രംഗോലിത്തെരുവിനും അപ്പുറമുള്ള തുന്നൽക്കാരൻ തെരുവിനുമപ്പുറത്താണ് മാലിന്യക്കൂമ്പാരം എടുത്തുകൊണ്ടുവരുന്നവരുടെ വീടുകൾ.. അതിന് ഇടത്തോട്ട് തിരിയുന്ന വഴിയിലാണ് അലക്കുകാർ താമസിക്കുന്ന സ്ഥലം. അമ്മയും അച്ഛനും ടൗണിലെ ലോണ്ടറികളിൽ നിന്നും ആശുപത്രിക്കാർ കൊടുക്കുന്ന തുണികൾ പുഴുങ്ങിയലക്കുന്നതും ചുറ്റിലുമുള്ള വൃത്തിഹീനമായ ഇടങ്ങളും കണ്ടു വളർന്നതിനാലാകണം ദാരിദ്രത്തിൻ്റെ തെരുവുകളിലെ അപകർഷതാബോധം ചില നേരങ്ങളിൽ എന്നെയും കീഴടക്കിയിരുന്നു.
പണമുണ്ടാക്കേണ്ടത് എൻ്റെയാവശ്യമായിരുന്നു അതിനായി ഞാൻ ആദ്യശ്രമം നടത്തിയത് പാട്ടിലായിരുന്നു.. കിട്ടുന്ന കൂലി കുടിച്ചു തീർക്കാത്ത അച്ഛനായിരുന്നു എൻ്റേത്.. അന്തി മയങ്ങുമ്പോൾ വൃത്തിഹീനമായ ജീവസാഹചര്യം മറക്കാൻ വില കുറഞ്ഞ മ ദ്യം കൂടുതൽ സേവിച്ച് ഉച്ചത്തിലെന്തെക്കെയോ ശബ്ദിച്ച് ഇടയ്ക്ക് ഹിറ്റ് തമിഴ് സിനിമയുടെ അശ്ല്ലീലച്ചുവയുള്ള പാട്ടു പാടി, ചിലപ്പോൾ അതിഭീകരമായി കരഞ്ഞു നടക്കുന്ന ധാരാളം ആളുകൾ പാർക്കുന്ന ഒരു ചേരിയിൽ അച്ഛൻ ജീവിച്ച അതിമഹത്തായ ജീവിതമായിരുന്നു എൻ്റെ ആദ്യ സർവ്വകലാശാലാബിരുദം. അച്ഛന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. പത്ത്, നൂറ് രൂപകൾ ചെറിയ സമ്പാദ്യത്തിൽ നിന്ന് അച്ഛൻ ബാങ്കിൽ നിഷേപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ വളരെ കരുതലോടെ പണം ചിലവാക്കി. പക്ഷെ അവരെ രണ്ടു പേരെയും തോൽപ്പിച്ചൊരാൾ വീട്ടിലുണ്ടായിരുന്നു. അച്ഛനും, അമ്മയും രക്തം തൂവിയുണ്ടാക്കിയ പണം കൊടുത്ത് കല്യാണം ചെയ്തയച്ച എൻ്റെ കൂടപ്പിറപ്പ്. റെയിൽവേയിലെ പ്യൂൺ എന്നൊക്കെ പറഞ്ഞാൽ ചേരിയിലെ ആൾക്കാർക്ക് കലക്റ്ററെ പോലെയായിരുന്നു. അയാൾക്ക് കാറ് വാങ്ങാൻ എൻ്റെ അച്ഛനുമമ്മയും പുഴുങ്ങി അലക്ക് കല്ലിലിടിച്ച് സമ്പാദിച്ച പണം തികയാതെ വന്നു. മാനസിക പീഢനം സഹിക്കാതെ എൻ്റെ ചേച്ചി ആത്മഹത്യ ചെയ്തപ്പോൾ പോലും അച്ഛൻ മദ്യപിച്ചില്ല.
അച്ഛന് എന്നിലൊരു പ്രതീക്ഷയുണ്ടായിരുന്നു. അത് എനിക്ക് പെട്ടെന്ന് മനസ്സിലായത് എൻ്റെ ഐ ക്യുവിന് വല്യ ശാസ്ത്രഞ്ജന്മാരുടെ ഐ ക്യുവോളം വലുപ്പമുണ്ടെന്ന അറിവായിരുന്നു. പാട്ടു പാടി പണമുണ്ടാക്കാൻ ശ്രമിച്ചപ്പോഴും പാട്ട് എനിയ്ക്ക് പിടിതരാതെ പോയത് എൻ്റെ ശിരസ്സിലെ കലയുടെ ഭാഗം ശൂന്യമാണെന്നുള്ള പാട്ട് മാഷുടെ കണ്ടു പിടിത്തമായിരുന്നു. എന്നെ പാട്ട് പഠിപ്പിച്ച മാഷ് തന്നെയാണ് എൻ്റെ സയൻസ് ബ്രയിൻ്റെ ശക്തിയെക്കുറിച്ച് എനിക്കറിവ് തന്നത്. ഒരിക്കൽ പാട്ട് പഠിക്കാൻ കുട്ടികൾ വരാൻ വൈകിയ ഒരിടവേളയിൽ ക്ളാസിലേയ്ക്ക് ചെന്ന ഞാൻ കണ്ടത് മാഷ് സ്വയം ചതുരംഗം കളിക്കുന്നതാണ്. എന്നെ കണ്ടപ്പോൾ കൂടുന്നോ എന്ന് ചോദിച്ചു. അന്ന് രണ്ട് നീക്കങ്ങൾ കൊണ്ട് ഞാൻ മാഷ്ക്ക് ചെക്ക് അടിച്ചപ്പോൾ മാഷ് അത്ഭുതത്തോടെ എന്നെ നോക്കി. ഇനി രക്ഷയില്ല, കുടുങ്ങി എന്ന് പറഞ്ഞ് മാഷ് ഒരിക്കൽ കൂടി കളിച്ചപ്പോൾ മൂന്ന് മിനിട്ടിൽ മാഷിൻ്റെ മന്ത്രിയും അടുത്ത് നീക്കങ്ങളിൽ രണ്ട് കുതിരയും എൻ്റെ കൈയിലായപ്പോഴാണ് മാഷ് ചരിത്രപ്രസിദ്ധമായ ആ പ്രസ്താവന നടത്തിയത്.
തിരുവന്തോരം ചിന്ന പയ്യാ, നീ പാട്ട് പഠിക്കേണ്ട നിൻ്റേത് സയൻസ് ബ്രയിനാണ്..
മാഷ് വരേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ വീണ്ടും പാട്ട് പഠിച്ചു കൊണ്ടിരുന്നു. നൂറും ഇരുനൂറും രൂപയ്ക്ക് ഗാനമേളകളിൽ ഞാൻ കോറസ് പാടി. എൻ്റെ ചേരി ചരിത്രം സ്ളം ഡോഗ് മില്യന്യർ പോലെ പെട്ടെന്നൊരു നാൾ ഉണ്ടായ വിജയമായിരുന്നില്ല. സർക്കാർ സ്ക്കൂളിൽ പോലും മൽസരം വരുമ്പോൾ മാഷുമാരുടെ കുട്ടികൾക്ക് പ്രാമുഖ്യം കൊടുക്കാറുണ്ടായിരുന്നു. മൽസരം ആരെയുമറികയിക്കാതെ നടത്തുക, ഉയർന്ന വീടുകളിലെ കുട്ടികൾക്ക് സമ്മാനം കൊടുക്കുക ഇതൊക്കെ പതിവായിരുന്നു. ചേരികളിലെ കുട്ടികളെ സാധാരണ പൗരന്മാരായി ആരും അംഗീകരിച്ചിരുന്നില്ല.
തികച്ചും അപ്രതീക്ഷിതമായി എൻ്റ് അച്ഛനുമമ്മയും അലക്ക് തുണികൾ കൊണ്ടുവരുന്ന ആശുപത്രിയിലെ അൽഷൈമേഴ്സ് വാർഡിനു വേണ്ടി മുൻ ലോക ചാമ്പ്യൻ ചെസ് കളിക്കാൻ തയ്യാറായി അന്ന് കുറേയേറെ കുട്ടികളോട് ചെസ് കളിക്കാൻ അദ്ദേഹം തയ്യാറായി. അത് കാണാൻ പോയപ്പോഴാണ് എന്നോട് വളരെയധികം കരുണ കാണിക്കാറുള്ള വർഗീസ് ഡോക്ടർ എനിക്കൊരു ചെസ് ടേബിൾ തന്നത്.
ആദ്യമായാണ് ഇതേ പോലൊരു സംഭവം എൻ്റെ ജീവിതത്തിലുണ്ടായത്. ആ സൗഹാർദ്ദമൽസരത്തിൽ ഞാൻ മുൻ ലോകചാമ്പ്യനെ രണ്ട് തവണ സമനിലയിൽ കുടുക്കി. സഞ്ജയ് അയ്യർ എന്ന ആ മുൻ ലോകചാമ്പ്യൻ എന്നോട് ആരാണ് പരിശീലകൻ എന്ന് ചോദിച്ചു. എന്നെ ആദ്യം ചതുരംഗം പഠിപ്പിച്ചത് മുരുകനായിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് കാപ്പിക്കടയിലിരുന്നുള്ള നേരം പോക്ക്. പട്ടാളത്തിലായിരുന്ന മുരുകൻ്റെ സഹോദരൻ ഒരവധിക്കാലത്ത് മുരുകനെ പഠിപ്പിച്ച ചതുരംഗക്കളി എനിക്കും വശമായി. എൻ്റെ വിശാലമായ സയൻസ് ബ്രയിൻ കാരണമാകാം രണ്ട് ദിവസം കൊണ്ട് അതെൻ്റെ മനസ്സിൽ കുടിയേറി.. ഞാനെന്തോ കൗശലം പ്രയോഗിച്ചോ, കള്ളക്കളിയിലോ ജയിക്കുന്നുവെന്ന് മുരുകൻ വിശ്വസിച്ചു. അതിനാൽ ചൈൽഡ് പ്രോഡിജി എന്നെല്ലാം പറയും പോലൊരു വാർത്താപ്രാധാന്യം എനിക്ക് ലഭിച്ചില്ല.
സഞ്ജയ് അയ്യർ എന്ന് മുൻ ലോകചാമ്പ്യൻ ജോലിയിൽ നിന്ന് വിരമിച്ച് ചതുരംഗത്തിൻ്റെ ലോകവക്താവായി നടക്കുന്ന കാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ‘നന്നായി കരുനീക്കാനറിയുന്ന കുട്ടി’ എന്നൊരു പരിഗണന അദ്ദേഹം എനിയ്ക്ക് തന്നിരുന്നു. അങ്ങനെയങ്ങനയാണ് സഞ്ജയ് അയ്യർ എന്ന മുൻ ലോകചാമ്പ്യൻ്റെ ചിറകിന് കീഴിൽ ഞാൻ പരിശീലനം ആരംഭിച്ചത്. കൃത്യമായി കരുനീക്കാനല്ലാതെ ബുദ്ധിപൂർവ്വമായ കൗശലങ്ങൾ കാട്ടാൻ എനിക്കറിയില്ലായിരുന്നു. പ്രായോഗികതലത്തിൽ ലോകനിലവാരത്തിൻ്റെ ബാലപാഠങ്ങൾ അയ്യർ സാർ എനിയ്ക്ക് പറഞ്ഞു തന്നു.
അങ്ങനെയൊരു നാളിലാണത് സംഭവിച്ചത്. ചേരിനിവാസിയും അലക്കുകാരുടെ മകനുമായ മറ്റൊരു കർണ്ണന് അംഗരാജകിരീടം ലഭിക്കുന്നത്. 2018ലെ ലോകചാമ്പ്യനായ അനിരുദ്ധോ മഹോപാദ്ധ്യായ എന്ന അതീവ പ്രശസ്തനായ ഇന്ത്യയുടെ അഭിമാനമെന്ന രാഷ്ടനേതാക്കളെല്ലാം അഭിനന്ദിക്കുകയും പദ്മശ്രീ പുരസ്ക്കാരം ലഭിക്കുകയും ചെയ്ത അദ്ദേഹത്തെ ഞാൻ തോൽപ്പിക്കുന്നത്. പക്ഷെ എന്നെ തീർത്തും നിരാശപ്പെടുത്തിക്കൊണ്ട് ആ വാർത്ത വന്നത് സ്പോർട്സ് പേജിൻ്റെ ആരും തന്നെ ശ്രദ്ധിക്കപ്പേടാതെ പോകുന്ന ചെറിയ ചിത്രമില്ലാത്ത വാർത്തയായാണ്. അതിനടുത്ത നാളുകളിൽ എൻ്റെ നിരാശയെ തിർത്തും ഇല്ലാതാക്കിക്കൊണ്ട് എൻ്റെ ചിത്രം വച്ച ചില വാർത്തകളൊക്കെ ചില പത്രമാസികകളിൽ അല്പം പ്രാധാന്യത്തോടെ അച്ചടിച്ചു വന്നു. സഞ്ജയ് അയ്യർ എന്ന മുൻ ചാമ്പ്യനായിരുന്നു അതിന് പിന്നിൽ പ്രവർത്തിച്ചത്..
പിന്നീട് റോട്ടറിയുടെ ധനശേഖരണത്തിനായി ചെസ് കളിച്ചപ്പോഴാണ് അനിരുദ്ധിനെ വീണ്ടും ഞാൻ തോൽപ്പിച്ചത്.. എന്നെ അത്രയൊന്നും സന്തോഷമില്ലാതെ അദ്ദേഹം അഭിനന്ദിച്ചപ്പോൾ എനിയ്ക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല. ജയിക്കുമ്പോഴും തോറ്റവരുടെ അവസ്ഥയിലാകുന്നവരിലൊരാളാണ് ഞാൻ എന്നെനിക്ക് മനസ്സിലായി.,.
ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേയ്ക്ക് വരുന്നതിന് മുമ്പുള്ള പരിശീലനം പോലെ ദേശീയതലത്തിൽ നടത്താൻ തീരുമാനിച്ച ചെസ് ടീമിലേയ്ക്ക് എന്നെയുൾപ്പെടുത്തി സഞ്ജയ് അയ്യർ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്നാണ് ആദ്യമായി എനിക്കൊരു ഭീഷണി ലഭിച്ചത്. ചേരിക്കാരിൽ പല ഗുണ്ടകളുമുണ്ട്. അവരാണ് പലരെയും പലപ്പോഴും പേടിപ്പിക്കുന്നതും ക്വട്ടേഷനെടുത്ത് ആളുകളെ പൊതിരെ തല്ലിവിടുന്നതും, അതിനാൽ ഒരു ഭീഷണി വന്നപ്പോൾ എനിക്കത് തമാശയായി തോന്നി. പക്ഷെ പിറ്റേന്നും അതേ ഭീഷണി തുടർന്നപ്പോൾ എനിക്കത് കാര്യമായി എടുക്കേണ്ടി വന്നു.
അങ്ങനെയൊരു നാളാണ് മാട്ടുതാവണിക്കാരൻ സ്ഥിരം ഗുണ്ട എന്നെ ഷർട്ടിലുയർത്തി ‘നിനക്ക് പെരിയ കളി തന്നെ കളിക്കണമല്ലേ’ എന്ന് ചോദിച്ചത്.
എൻ്റെ ശിരസ്സിലെ മെഡുല്ല ഒബ്ലാംഗേറ്റ ഏത് പ്രതികരണമാണ് ഒരു വാടകഗുണ്ടയോട് ചെയ്യേണ്ടതെന്ന് എന്നോട് പറഞ്ഞു തന്നില്ല.. തീയും, വീഴ്ച്ചയുമെല്ലാം പെട്ടെന്ന് ശ്രദ്ധിക്കാൻ സന്ദേശങ്ങളയയ്ക്കുന്ന എൻ്റെ ഉള്ളിലെ കമാൻഡോ ഇതിനു മാത്രം നിർദ്ദേശവും തരുന്നില്ലല്ലോ എന്നോർത്ത് ഞാൻ രക്ഷപ്പെടാനുള്ള വഴികളാലോചിച്ചു. ചെറിയ വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യാൻ മുരുകൻ പറഞ്ഞു. പക്ഷെ വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരു വണ്ടി വന്നിടിച്ചാൽ അപകടമരണമെന്നല്ലാതെ അതിന് വേറൊരു കാരണം തേടിപ്പോകാൻ ഞാൻ സമൂഹത്തിലെ വലിയ ഹീറോയൊന്നുമായിരുന്നില്ല.
എങ്ങനെയായിരിക്കും ഒരു വാടകക്കൊലയാളി എന്നെ ഇല്ലാതാക്കുക എന്നാലോചിക്കുന്നതിനെക്കാൾ ബുദ്ധിപൂർവ്വമായി രക്ഷപ്പെടാനൊരു മാർഗ്ഗം തേടുകയാണ് നല്ലതെന്ന് എൻ്റെ മനസ്സ് എന്നെ ഓർമ്മപ്പെടുത്തി. ചതുരംഗം കളിച്ച് ലോകചാമ്പ്യനാകണമെന്നൊരു മോഹമൊന്നും എനിക്കില്ലായിരുന്നു. സഞ്ജയ് അയ്യർ എന്ന നല്ല മനുഷ്യൻ എന്നെ നിർബന്ധിക്കുന്നതിനാൽ ചെസ് കളിയ്ക്കുന്ന ഞാൻ ആരുക്കും ഒരു ഭീഷണിയാണെന്ന് എനിയ്ക്കൊരിക്കലും തോന്നിയിരുന്നില്ല. പക്ഷെ ഇപ്പോഴാണ് അതിൻ്റെ ഗൗരവം എനിയ്ക്ക് മനസ്സിലായത്. ഞാൻ ഈ മൽസരം കളിയ്ക്കണമെന്ന് അയ്യർ സാർ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. അങ്ങനെ ചെയ്താൽ മാട്ടുതാവണി ഗുണ്ട എന്നെ തട്ടിക്കളയും എന്നെനിയ്ക്ക് ഉറപ്പുമുണ്ട്.
രക്ഷപെടാനൊരു മാർഗ്ഗമന്വേഷിച്ച് ഉറക്കം തെറ്റിയ ഒരു പ്രഭാതത്തിലാണ് അത് സംഭവിച്ചത്. മാട്ടുതാവണിഗുണ്ട എൻ്റെ ചേരിയിലേയ്ക്ക് വരുന്നു. തിളങ്ങുന്ന ഒരു കത്തി കാട്ടി ശബ്ദിക്കരുതെന്ന് പറഞ്ഞ് എന്നോട് കൂടെ വരാൻ ആഞ്ജാപിക്കുന്നു. അയാളുടെ ഓമ്നി ഏതൊക്കെയോ ഉൾപ്രദേശത്തിലൂടെ സഞ്ചരിക്കുന്നു. ആൾപ്പാർപ്പില്ലാത്ത ഒരിടത്ത് ഒരു നെൽപ്പാടത്തിലൂടെ നടന്ന് കനാലും കടന്നെത്തിയ ചതുപ്പ് പ്രദേശം എന്നെ ഞെട്ടിച്ചു. ആദ്യമായി മരണഭയം എന്നിലുണ്ടായി. മാട്ടുതാവണിഗുണ്ട എന്നെ തൂക്കിയെടുത്ത് ചതുപ്പിലേയ്ക്കിടാനാഞ്ഞപ്പോൾ ചതുരംഗത്തിലെ കുതിരയെ വെട്ടിയ അംഗരക്ഷകനെ പോലെ ഞാനയാളുടെ കഴുത്തിൽ മുറുകിപ്പിടിച്ചു. കാൽ വഴുതി അയാളും ഞാനും ചതുപ്പിലേയ്ക്ക് വീണു. പെട്ടെന്നുണ്ടായ കാൽ വഴുതലായതിനാൽ ചതുപ്പിൻ്റെ ഒരരികിലാണ് ഞങ്ങൾ വീണത്. പതിയെ പതിയെ ഞങ്ങൾ ചതുപ്പിലേയ്ക്ക് താഴുന്നുണ്ടായിരുന്നു.. മുഴുവൻ താഴുന്നതിനു മുൻപ് അല്പദൂരം ചതുപ്പ് നീന്തൽ നടത്തിയാൽ രക്ഷപ്പെടാമെന്നൊരു ധൈര്യം എന്നിലുണ്ടായി. ചേരിയുടെ ദാരിദ്രം നിറഞ്ഞ എന്നെപ്പോലെയായിരുന്നില്ല താവണിഗുണ്ട. അയാൾക്ക് സാമാന്യത്തിലധികം ശരീരഭാരമുണ്ടായിരുന്നു. അയാൾ എന്നെക്കാൾ മുൻപേ താഴ്ന്നു പോകും എന്നെനിക്കുറപ്പുണ്ടായിരുന്നു. വളരെയധികം കഷ്ടപ്പെട്ട് ഞാനൊരുവിധത്തിൽ തെന്നിത്തെറിച്ച് നിൽക്കുന്ന ചതുപ്പിനൊരു വശത്തേയ്ക്ക് കയറി. അവിടെ നിന്ന് നോക്കിയപ്പോൾ താവണിഗുണ്ടയുടെ ദയനീയമുഖം എനിയ്ക്ക് കാണാനായി. ഒരു ഗുണ്ട എങ്ങനെയുണ്ടാകുന്നു എന്ന് ചേരിയിൽ വളർന്ന എനിയ്ക്ക് നന്നായി അറിയാമായിരുന്നു. അതിനാൽ അയാളെ രക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായി.
നെൽപ്പാടത്തിലേയ്ക്ക് വെള്ളം കയറ്റുന്ന പമ്പിൻ്റെ അടുത്തുണ്ടായിരുന്ന ഹോസ് പൈപ്പിൽ ഒരു പ്രതീഷ എനിയ്ക്കുണ്ടായി. അതെടുത്ത് നീട്ടിയെറിഞ്ഞ് അയാളോട് രക്ഷപെടാൻ ശ്രമിക്കാൻ ഞാൻ പറഞ്ഞു. അയാൾ എന്നെ സംശയത്തോടെ നോക്കിയെങ്കിലും പതിയെ മുന്നോട്ട് വന്നു. അയാൾ രക്ഷപ്പെടുമെന്ന് ഉറപ്പായപ്പോൾ അവിടെ നിന്നാൽ എന്നെ അയാൾ മറ്റേതെങ്കിലും വിധത്തിൽ കൊല്ലുമെന്ന് എൻ്റെ ബുദ്ധി എന്നെ ഓർമ്മപ്പെടുത്തിയതിനാൽ ഞാനവിടെ നിന്നോടി രക്ഷപ്പെട്ടു.
പാടം കഴിഞ്ഞ് കൈത്തോട്ടിൽ മുങ്ങി ചേറും ചെളിയും നീക്കി ഞാനോടി. ഗ്രാമപ്രദേശത്തെത്തിയപ്പോൾ അവിടെ കണ്ട ഒരു കാളവണ്ടിയിൽ കയറി. മാഗോളിത്തെരുവിലേയ്ക്ക് അവിടെ നിന്ന് ഏകദേശം 30 കിലോ മീറ്ററുണ്ടെന്ന് വണ്ടിക്കാരൻ പറഞ്ഞു. ഒരു വിധത്തിൽ മുരുകൻ്റെ കടയിലെത്തി ഒന്നും പറയാനാവാതെ ഞാനിരുന്നു.
ചെസ് ഇനിയൊരിക്കലും കളിക്കില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
മൂന്ന് നാൾ കഴിഞ്ഞ് മുരുകൻ്റെ കാപ്പിക്കടയിലിരുന്ന് എൻ്റെ അനുഭവങ്ങളുടെ തീക്ഷ്ണത വീണ്ടും വീണ്ടും ഓർമ്മിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തിൽ മധുരമീനാക്ഷികോവിലിൻ്റെ അടുത്തുള്ള മാട്ടുതാവണിയിൽ നിന്ന് അയാൾ വീണ്ടും മാഗോളിത്തെരുവിലേയ്ക്ക് വന്നു. ഇപ്രാവശ്യം വന്നത് എന്നോട് നന്ദി പറയാനാണ്.
മുരുകൻ്റെ കാപ്പിക്കടയിലിരുന്ന് അയാളോട് ഞാൻ പറഞ്ഞു .
നിങ്ങൾ കാരണം ഞാൻ ചെസ് നിർത്തി.
ചെസോ എന്താത്..
ചെസ് എന്തെന്ന് അറിയാതയോ ഇയാളെന്നെ കൊല്ലാൻ വന്നത്..
എടോ തന്നെ കൊല്ലാൻ വന്നത് ചെസിനു വേണ്ടിയല്ല. തൻ്റെ അളിയൻ റെയിൽവേ പ്യൂൺ അയാളാണ് തന്നെ അപകടപ്പെടുത്താൻ അയ്യായിരം രൂപ തന്നത്.
എൻ്റെ ജീവൻ്റെ വില അയ്യായിരം രൂപയെന്നറിഞ്ഞ് എനിക്കെന്നോട് അളവില്ലാത്ത സഹതാപം തോന്നി.
നിൻ്റെ പെങ്ങൾ മരിച്ച കേസിൽ നീ അയാൾക്കെതിരെ കേസ് കൊടുത്തില്ലേ.. അയാൾക്ക് സസ്പെൻഷനായി. അതിൻ്റെ വാശിയിലാണ് നിനക്കായി ഒരു ക്വൊട്ടേഷൻ എനിയ്ക്ക് കിട്ടിയത്.
എനിയ്ക്ക് ചിരിയടക്കാനായില്ല.
എൻ്റെയുള്ളിൽ മന്ത്രിയുടെ അബദ്ധനീക്കത്തിൽ ചെക്കിലകപ്പെട്ട രാജാവിൻ്റെ മുഖമായിരുന്നു
നീയെന്തിനാ ചിരിക്കുന്നത്
അപ്പോളെനിക്കിനിയും ചെസ് കളിക്കാമല്ലേ..
നീയെന്ത് വേണമെങ്കിലും കളിച്ചോ
അയാൾ കാപ്പിയുടെ മട്ടും കൂടി കുടിച്ചിറങ്ങിപ്പോയി..
ഒരു കാലാൾ ചതുരംഗക്കളത്തിൽ ആരും എതിർക്കാനാവാതെ മുന്നോട്ട് പോകുന്നതും കിരീടം വച്ചൊരു രാജാവ് നോക്കിയിരിക്കുന്നതും ചിന്തിച്ച് ഞാൻ മുരുകൻ്റെ കാപ്പിക്കടയിലിരുന്നു.