ഗലേറിയ സാഹിത്യ പുരസ്ക്കാരം: തോമസ് ജോസഫ്, വീരാൻ കുട്ടി, ഇന്ദു മേനോൻ. പ്രവാസി പുരസ്ക്കാരം രാജേഷ് ചിത്തിരയ്ക്ക്.

തിരുവനന്തപുരം: ഈ വർഷത്തെ ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരങ്ങൾക്ക് തോമസ് ജോസഫ് (ചെറുകഥ), വീരാൻ കുട്ടി (കവിത), ഇന്ദു മേനോൻ (നോവൽ), രാജേഷ് ചിത്തിര (പ്രവാസി സാഹിത്യം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പെരുമ്പടവം ശ്രീധരൻ അധ്യക്ഷനും സച്ചിദാനന്ദൻ, സക്കറിയ, എൻ.എസ്. മാധവൻ എന്നിവർ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ജൂറിയാണ് അവാർഡ് നിർണയിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. ഡോ.പി.കെ. രാജശേഖരൻ, എം.ആർ. തമ്പാൻ, ജോസ് പനച്ചിപ്പുറം, ഡോ.എം. രാജീവ്കുമാർ, പ്രൊഫ. വിജി തമ്പി, ഡോ. ആനന്ദ് കാവാലം, പ്രൊഫ. പി.എം. വിനയകുമാർ, ഡോ. രാജു മാത്യു, ഡോ.ഹേമലത എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗലേറിയ എന്റർടൈൻമെന്റ്സാണ് കഴിഞ്ഞ വർഷം മുതൽ മലയാള സാഹിത്യത്തിൽ നാല് വിഭാഗങ്ങളിലായി അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
പൈപ്പിൻ ചുവട്ടിൽ മൂന്നു സ്ത്രീകൾ എന്ന കഥാസമാഹാരമാണ് തോമസ് ജോസഫിനെ ചെറുകഥ അവാർഡിന് അർഹനാക്കിയത്. യാഥാർഥ്യവും സ്വപ്നവും ഇടകലർത്തിയ രചനാ രീതിയിലൂടെ ജീവിതത്തിന്റെ പരുത്ത യാഥാർഥ്യങ്ങളെ വെളിപ്പെടുത്തുന്നതാണ് ഈ കഥകൾ. സങ്കട കാലഘട്ടത്തിന്റെ വ്യഥകൾ ആവിഷ്‌ക്കരിക്കാൻ സമർതഥമായൊരു ഭാഷാശൈലി തോമസ് ജോസഫ്  രൂപപ്പെടുത്തിയിരിക്കുന്നതായി ജൂറി വിലയിരുത്തി.
വീരാൻ കുട്ടിയുടെ കവിതകൾ എന്ന കവിത സമാഹാരം മികച്ച കവിക്കുള്ള പുരസ്ക്കാരം വീരാൻ കുട്ടിക്കു നേടി കൊടുത്തു. മൗലിക ഭാവന കൊണ്ടും നിരീക്ഷണ സൂക്ഷ്മത കൊണ്ടും ശൈലീവ്യക്തിത്വം കൊണ്ടും മികവ് പുലർത്തുന്ന വീരാൻ കുട്ടിയുടെ കവിതകളിൽ പ്രകൃതി, മനുഷ്യൻ, ജീവിതം  എന്നിവയുടെ ഗാഢനിരീക്ഷണവും ധ്വനി സാന്ദ്രതയും സമന്വയിക്കുന്നതായാണ് ജൂറി അഭിപ്രായപ്പെട്ടത്.
ചെറുകഥാകൃത്തായിരിക്കവേ ആദ്യമായി എഴുതിയ നോവലായ കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകത്തിലൂടെ ഇന്ദു മേനോൻ മികച്ച നോവൽ പുരസ്ക്കാരം നേടി. കുഴഞ്ഞു മറിഞ്ഞ സ്‌ഥലകാലങ്ങളിലൂടെയും അസാധാരണ കഥാപാത്രങ്ങളിലൂടെയും ഉള്ള ഒരു പുതിയ കഥയെഴുത്താണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം. ശക്തവും വാചാലവുമായ ഭാഷയിൽ ചരിത്രത്തിന്റെയും ജീവിതത്തിൻറെയും വിശാലമായ ക്യാൻവാസിൽ ഇന്ദു മേനോൻ വരച്ച നോവലാണിത് എന്ന് വിലയിരുത്തപ്പെട്ടു.
ഉളിപ്പേച്ച് എന്ന കവിത സമാഹാരമാണ് യുഎഇ യിൽ താമസിക്കുന്ന രാജേഷ് ചിത്തിരയെ മികച്ച പ്രവാസ സാഹിത്യ പുരസ്ക്കാരത്തിനു അർഹനാക്കിയത്. കവിതയുടെ പുതിയ വഴികൾ സ്വായത്തമാക്കികൊണ്ട് എഴുത്തുരീതികളെ പുനർനിർമ്മിക്കാനുള്ള ശ്രമമാണ് രാജേഷ് ചിത്തിരയുടെ കവിതകൾ എന്ന് ജൂറി വിലയിരുത്തി.
ഏപ്രിൽ 28 ന് ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വൈകിട്ട് ആറിന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് വിതരണം നടക്കും. പെരുമ്പടവം ശ്രീധരൻ, സച്ചിദാനന്ദൻ, സക്കറിയ, തോമസ് ജോസഫ്, വീരാൻ കുട്ടി, ഇന്ദു മേനോൻ, രാജേഷ് ചിത്തിര എന്നിവരോടൊപ്പം യു എ  ഇ  യിലെ  പ്രമുഖ സാഹിത്യ സാംസ്കാരിക നായകരും പങ്കെടുക്കും.
വി. മധുസൂദനൻ നായരുടെ അച്ഛൻ പിറന്ന വീട് (കവിത), ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി (നോവൽ),  ഇ.പി. ശ്രീകുമാറിന്റെ കറൻസി  (ചെറുകഥ), പി.ജെ.ജെ ആന്റണിയുടെ വരുവിൻ നമുക്ക് പാപം ചെയ്യാം എന്ന കഥാ സമാഹാരം (പ്രവാസി സാഹിത്യം) എന്നിവയായിരുന്നു മുൻ വർഷത്തെ അവാർഡ് നേടിയ കൃതികൾ.
സാഹിത്യ പുരസ്ക്കാര സമർപ്പണത്തോട് അനുബന്ധിച്ചു രാവിലെ പത്തു മുതൽ ഒരു പകൽ നീണ്ടു നിൽക്കുന്ന തസറാക് സാഹിത്യോത്സവം നടക്കും. തസറാക്. കോം എന്ന ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഗൾഫിലെ എഴുത്തുകാരും സാഹിത്യതൽപരരും പങ്കെടുക്കുന്ന രണ്ടു ശിൽപ്പശാലകളും സ്‌കൂൾ വിദ്യാർഥികൾക്കായുള്ള കഥ, കവിത രചന മത്സരങ്ങളും എഴുത്തുപുര എന്ന പേരിൽ പരിശീലന ക്യാമ്പുമാണ്  തസറാക് സാഹിത്യോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവാർഡ് ജേതാക്കൾക്കൊപ്പം ജൂറി അംഗങ്ങളും ശിൽപ്പശാലകൾക്കും എഴുത്തുപുരയ്ക്കും നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ അവാർഡ് ജൂറി അധ്യക്ഷൻ പെരുമ്പടവം ശ്രീധരൻ, സക്കറിയ, ഗലേറിയ ജനറൽ മാനേജർ മനോജ് കളമ്പൂർ എന്നിവർ പങ്കെടുത്തു.