ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്ക്കാര സമർപ്പണം 28 ന് : ഒരു പകൽ നീളുന്ന സാഹിത്യോത്സവം

ദുബായ്: ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്കാര സമർപ്പണം 28 ന് വൈകുന്നേരം അഞ്ചിന് ദുബായി എത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്തു മുതൽ തസറാക് സാഹിത്യോത്സവവും നടക്കും.

പെരുമ്പടവം ശ്രീരധൻ ചെയർമാനായി എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സക്കറിയ എന്നവർ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകിക ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ഗലേറിയ എൻറർടൈൻമെൻസാണ് മികച്ച മലയാള കൃതികൾക്ക് ഒരു ലക്ഷം രുപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന അവാർഡ്  ഏർപ്പെടുത്തിയിരിക്കുന്നത്.

നോവലിന് ഇന്ദുമേനോൻ (കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം), കഥയ്ക്ക് തോമസ് ജോസഫ് (പൈപ്പിൻ മൂട്ടിലെ മൂന്ന് സ്ത്രീകൾ), കവിതയ്ക്ക് വീരാൻ കുട്ടി (വീരാൻകുട്ടിയുടെ കവിതകൾ), പ്രവാസസാഹിത്യ പുരസ്കാരത്തിന് രാജേഷ് ചിത്തിര (ഉളിപ്പേച്ച്) എന്നിവരാണ് അവാർഡ് ജേതാക്കൾ. പെരുമ്പടവം, സച്ചിദാനന്ദൻ, സക്കറിയ, ഇന്ദുമേനോൻ, തോമസ് ജോസഫ്, വീരാൻകുട്ടി, രാജേഷ് ചിത്തിര എന്നിവർക്ക് പുറമേ യുഎഇയിലെ സാഹിത്യ സാംസ്കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ തസ്റാക്.കോമിൻറെ ആഭിമുഖ്യത്തിൽ രാവിലെ പത്തിന് എഴുത്തു ജീവിതവും എൻറെ ജീവിതവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സച്ചിദാനന്ദൻ, പെരുമ്പടവം, സക്കറിയ എന്നിവർ പങ്കെടുക്കും. ഉച്ച്ക്ക് രണ്ടിന് എഴുത്തിൻറെ പുതുവഴികൾ സെമിനാറിൽ ഇന്ദുമേനോൻ, വീരാൻ കുട്ടി, തോമസ് ജോസഫ്, രാജേഷ് ചിത്തിര, കെ.എം. അബ്ബാസ്, സോണിയ റഫീക്ക്, ഷാബു കിളിത്തട്ടിൽ, സാദിഖ് കാവിൽ, സലിം അയ്യനേത്ത്, സോണി വേളൂക്കാരൻ, ഉല്ലാസ് കോയ എന്നിവരും യുഎഇയയിലെ മറ്റ് എഴുത്തുകാരും പങ്കെടുക്കും. രണ്ടു മണി മുതൽ തന്നെ സ്കൂൾ വിദ്യാർത്ഥികൾക്കായി പെരുമ്പടവം ശ്രീധരന്റെ എഴുത്തുകളരിയും  തുടർന്ന് ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കുള്ള കഥ കവിത രചനാ മത്സരവും നടക്കും. കഥാകൃത്തുകളായ സി.പി. അനിൽകുമാർ, ജോസ്ലറ്റ് ജോസഫ്, ഇസ മറിയം എന്നിവർ കുട്ടികളുമായി സംവദിക്കും. വിജയികൾക്ക് ഗലേറിയ ഗാലൻറ് അവാർഡ് ദാന ചടങ്ങിൽ തസറാക് പ്രതിഭാ പുരസ്കാരം സമ്മാനിക്കും. തസറാക്.കോം ഡിജിറ്റൽ മാഗസിൻ തസറാക് ഓഡിയോ ബുക്ക് എന്നിവയുടെ പ്രകാശനവും നടക്കും.

തുടർന്ന് പെരുമ്പടവത്തിൻറെ ഒരു സങ്കീർത്തനം പോലെ എന്ന നോവലും അതിൻറെ രചനാ പശ്ചാത്തലും ആധാരമാക്കി സക്കറിയ തിരക്കഥ രചിച്ച് ബേബി സോമതീരം നിർമ്മിച്ച് ഷൈനി ബഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ : ജസ്റ്റ് എ ബുക്ക് എന്ന ചിത്രം പ്രദർശിപ്പിക്കും.