കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )

ഓർമകൾ മരിക്കുമോ?

“…ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം. ഓർമകൾ പങ്കുവയ്ക്കാൻ ആരുമില്ലാതെ, വെറും ശൂന്യതയുമൊത്ത് ശൂന്യമായ മനസ്സുമായി ജീവിക്കുന്നത്……വാർദ്ധക്യം ഭീകരമാകുന്നത് ആ വെറും ഓർമകൾ കൂടി നഷ്ടപ്പെടുമ്പോഴാണ്…. ‘ശേഷം ചിന്ത്യം’ എന്ന് ജാതകത്തിൽ എഴുതിയ ആളെ ഹരി ആ നിമിഷം വെറുത്തു.”

പാർക്കിൻസൻസ് രോഗത്തിന്റെ ഗുളികകളാൽ ഭാഗിച്ച അയാളുടെ പകലുകളും രാത്രികളും, ഇറ്റിറ്റുവീഴുന്ന മൂത്രത്തുള്ളികളുടെ സ്വൈര്യക്കേടുകളും ഹരിയെ വല്ലാതെ ഉലച്ചു കളഞ്ഞു. മകന്റെ ഭാര്യവീട്ടിലേക്ക് വർഷത്തിൽ ഒന്ന് രണ്ടു തവണ ഭാര്യ സുമിത്രയുമൊത്തു സന്ദർശനം നടത്തും. അതൊരു ബാറ്ററി റീചാർജിങ് ആണ്. അവിടെയുമുണ്ട് രണ്ട് വൃദ്ധാത്മാക്കൾ.

അങ്ങനെ ഒരു യാത്രയിലാണ് പഴയ ചില പരിചിത മുഖങ്ങൾ ഹരിയുടെ അരികിലേക്ക് ഓടിയെത്തിയത്. അതിലൊരാൾ സേതുവായിരുന്നു, സേതുമാധവൻ. സേതുമാധവനും രാധാലക്ഷ്മിയും, അവരുടെ പ്രണയവും ഹരി എങ്ങനെ മറക്കാനാണ്? ചുട്ടുപഴുത്ത ആദർശങ്ങളുടെ കാലമായിയിരുന്നു അത്. ഉറ്റ സുഹൃത്തായ സേതുവിന്റെ ഏതോ ഒരു പ്രശ്നവും ഉള്ളിലിട്ട് നീറ്റിയാണ് ഹരി ഇത്തവണ തിരിച്ചു പോയത്. സേതുവിന്റെയും രാധയുടെയും പ്രശ്നങ്ങളറിയാൻ ഹരി ഇറങ്ങിത്തിരിച്ചു.

സേതുവിന്റെ വീടിന്റെ ഗേറ്റ് വലിയൊരു താഴിട്ട് പൂട്ടിയിരുന്നു. മുൻ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിവന്ന സേതുവിനെ ഹരി സംശയഭാവത്തിൽ നോക്കി. ‘ഹരിയല്ലേ’ എന്നൊരൊറ്റ ചോദ്യം ചോദിച്ച് ഉടൻ ഗേറ്റ് പൂട്ടി സേതു അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

വർഷങ്ങൾക്ക്‌ ഒരു വ്യക്തിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാം?

ഉച്ചത്തിലുള്ള ചില വർത്തമാനങ്ങൾ കേട്ടോ?
കേട്ട സ്ത്രീ ശബ്ദം– അത് രാധയുടേതാണോ?
ശകാരമോ, നിലവിളിയോ?

ഹരി രാധയെ കണ്ടു. അവൾ വൃദ്ധയായിക്കഴിഞ്ഞിരുന്നു.

എങ്ങനെയാണ് ഇത്രയും പരിചയമുള്ള ഒരാൾ ഇത്രയ്ക്ക് അപരിചിതയായ ആളാകുന്നത്? കവിതകൾ ഇഷ്ടപ്പെടുകയും എഴുതുകയും പാടുകയും ചെയ്യുമായിരുന്ന, ചുറുചുറുക്കുള്ള ബുദ്ധിശക്തിയുള്ള ഒരു പെൺകുട്ടി എങ്ങനെ ഈ വിധം മാറിയെന്ന് വിശ്വസിക്കാൻ ഹരി പ്രയാസപ്പെട്ടു. ഓർമമരത്തിലെ അപ്രത്യക്ഷമാകുന്ന ഇലകളെപ്പറ്റി ഹരി ചിന്തിക്കാൻ തുടങ്ങി.

സാബു ഹരിഹരൻ

സേതുവിന് ഒരു കേൾവിക്കാരനെ വേണമായിരുന്നു. ഹരി അയാളെ ചേർത്തുപിടിച്ചു.
സേതുവിന്റെ ഫോൺ വിളികൾ മുടങ്ങാതെ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ അത് അധിക കാലം ഉണ്ടായില്ല. ഗേറ്റ് പൂട്ടി തന്നെ കിടന്നു. രാധ ഇപ്പോൾ എവിടെയാണ്?

ഓർമ്മകൾ മരിച്ചുപോകുന്നത് ജീവിച്ചിരുന്നതിന്റെ തെളിവ് നഷ്ടപ്പെട്ടു പോകുന്നതുപോലെയല്ലേ? ഒരിക്കൽ സ്നേഹിച്ചവർ മറന്നു പോകാതിരിക്കാൻ വീണ്ടും പുനർജജനിക്കുന്നുണ്ടാവും. അവർ വീണ്ടും കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്യുന്നുണ്ടാവും. ആരും അവരെ തിരിച്ചറിയുന്നുണ്ടാവില്ല.

പ്രണയിക്കാനായി പുനർജജനിക്കുന്നവർ….

ഓർമയുടെ ഒരു അവസ്ഥയാണ് മറവി. നമ്മൾ മനുഷ്യർ ഓർക്കാനാഗ്രഹിക്കാത്തതൊക്കെ ഓർത്തുവയ്ക്കുകയും ഓർത്തുവയ്ക്കേണ്ടവ മറക്കുകയും ചെയ്യുന്നവരാണ് .

നന്മ സി. വി ശ്രീരാമൻ സ്മാരക കഥാമത്സരത്തിൽ (2020) ഒന്നാം സമ്മാനം നേടിയ ‘ഓർവ്വ് എന്ന ചെറുകഥയടക്കം 13 കഥകളാണ് ശ്രീ സാബു ഹരിഹരന്റെ ഈ സമാഹാരത്തിലുള്ളത്. ധ്വനി ബുക്സ് ആണ് പ്രസാധകർ.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.