കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

‘പൊക്കൻ എപ്പോഴും മൗനിയായിരുന്നു. ഉള്ളു കത്തുമ്പോഴേ എന്തെങ്കിലും സംസാരിക്കു. കാടിന്റെ നിഷ്കളങ്കത ഉള്ളിലെപ്പോഴും നിറഞ്ഞുനിന്നതിനാൽ ഭാഷ അവനിൽ നിന്ന് വഴി മാറിപ്പോയിരുന്നു. പൊക്കന് കാടിനെയോ കാട്ടുമൃഗങ്ങളെയോ പേടിയില്ലായിരുന്നു. പക്ഷേ അയാൾക്ക് മനുഷ്യനെ ഭയമായിരുന്നു.’

2018 ഫെബ്രുവരി 22 നാണ് മോഷ്ടാവ് എന്നാരോപിച്ച് വയനാട്ടിലെ ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചത്. മരണശേഷം മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോൾ പോലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു! നിസ്സഹായതയ്ക്കും ദുർബലതയ്ക്കും ഒരു വിലയും കൽപ്പിക്കാത്ത സമൂഹത്തിൽ ചില നിലവിളികൾ എപ്പോഴും ശാപമായി നിലകൊള്ളുന്നു. ആ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു! അതെ, അവർക്ക് മനുഷ്യനെ ഭയമാണ്. അവനിലെ മൃഗം ഉണരുന്നത് എപ്പോഴാണെന്ന് അറിയില്ലല്ലോ!

കാട്ടിൽ മാനുകളെ വേട്ടയാടുന്ന സംഘത്തോടൊപ്പം സഹായിയായി പോകുന്ന ആദിവാസിയായ പൊക്കന്റേയും മകൻ ഉണ്ണന്റേയും കഥയാണ് എസ്. ദേവമനോഹറിന്റെ നായാട്ട്. കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്. കഥയിലെ ടോമിയും വർക്കിയും ഈപ്പനുമെല്ലാം ഇത്തരത്തിലുള്ള മൃഗ -നരനായാട്ടുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.

” വലിയ കാട്ടുമരങ്ങൾ പുതച്ചുനിന്ന ഇരുട്ടിന്റെ മറവിലൂടെ ജീവൻ കയ്യിൽ വാരിപ്പിടിച്ചു പായുന്ന രണ്ട് ആദിദ്രാവിഡര്‍ . ജീവൻ നിറഞ്ഞു പൂത്ത പച്ചപ്പുകളിൽ, തെളിഞ്ഞു ചിന്നിയ കാട്ടുചോലകളിൽ, മണ്ണു മദിച്ച കാടകങ്ങളിൽ തകർത്തു പൂത്ത ആദിമ സംസ്കൃതിയുടെ പിൻമുറക്കാർ കരിയിലകൾ ഒളിപ്പിച്ച കാട്ടുവഴികളിലൂടെ ഇരുൾ ഗർഭത്തിലേക്ക് ജീവനുവേണ്ടി ഭയന്നോടിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് മിന്നൽ പോലെ ശക്തമായ പ്രകാശം മുഖത്തടിച്ചപ്പോൾ കണ്ണുകൾ ചിമ്മിപ്പോയ പൊക്കൻ ഒരു നിമിഷം ഞെട്ടി അനക്കമറ്റു നിന്നുപോയി, കൂടെ ഉള്ളനും. അടുത്ത നിമിഷം അപകടം തിരിച്ചറിഞ്ഞ് അവർ ജീവനും കൊണ്ട് ഓടി”.

വേട്ടക്കാർക്ക് സഹായിയായി പോവുകയും വേട്ടയാടപ്പെടുകയും ചെയ്ത ഒരു അച്ഛന്റേയും മകന്റെയും ജീവനു വേണ്ടിയുള്ള ഓട്ടം.ചീറിയടുത്ത കടുവയ്ക്ക് മുൻപിലും ചിന്നം വിളിച്ചു പാഞ്ഞടുത്ത കാട്ടുകൊമ്പന്റെ മുന്നിലും ഒന്നും ഇത്രയും ഭയന്നിട്ടില്ല. കാരണം അവരാരും മനുഷ്യരല്ല എന്നത് തന്നെ!

‘തിരുനെല്ലിക്കാടിന്റെ കൂടാരത്തിൽ നിന്ന് ഇരുളഴിഞ്ഞിറങ്ങി അട്ടികളായി കട്ടപിടിച്ചു കിടന്നു. മൂങ്ങകളും ചീവീടുകളും കാട്ടുജീവികളും അവരുടെ സാമ്രാജ്യത്തിൽ അസമയത്ത് കടന്നു കയറിയവർക്കെതിരെ പ്രതിഷേധിച്ചു.. അഞ്ഞൂറാണ്ടു കാലത്തെ കാടിന്റെ കനം തിടം വെച്ചു നിൽക്കുന്ന തമ്പാട്ടി തേക്ക്”….. ഭാഷയെ അതിമനോഹരമായി അണിയിച്ചൊരുക്കുന്നതോടൊപ്പം പഴമയുടെ ഗരിമയും കഥയോടൊപ്പം മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങുന്നു.

വേട്ടയാടി കിട്ടിയ മാനിന്റെ കൈകാലുകളും തലയും കുറച്ച് ഇറച്ചിയും പൊക്കനും കിട്ടി. മാനിന്റെ തല സൂപ്പ് വച്ചാൽ നല്ല രുചിയാണെന്നും അതിന്റെ ഒരു പങ്ക് തങ്ങൾക്കും വേണമെന്നുള്ള വർക്കിയുടെ ഓർമ്മപ്പെടുത്തൽ മനസ്സിലെ അടങ്ങാത്ത ദുരാഗ്രഹത്തിന്റെയും ചൂഷണത്തിന്റെയും അടയാളങ്ങളാണ്. തേനെടുക്കാനും വിറകുപെറുക്കാനും പോകുന്ന വഴികൾ താണ്ടി ശരവേഗത്തിൽ ഓടിയെങ്കിലും പൊക്കനും മകൻ ഉള്ളനും റേഞ്ചർ ഖാദറിന്റെ പിടിയിലായി. പിടിക്കപ്പെട്ടാൽ വേട്ട നടത്തിയത് ഒറ്റയ്ക്കാണെന്ന് പറയണം എന്ന വർക്കിയുടെ ഉപദേശം ഉള്ളന്റെ ഉള്ളു പിടപ്പിച്ചു.

പിന്നീടുണ്ടാവുന്ന കഥാ സാഹചര്യം പത്ര- മാധ്യമങ്ങളിൽ സാധാരണ വരാറുള്ള വാർത്തകൾ പോലെ തന്നെ. യഥാർത്ഥ പ്രതികളെ പിടികൂടിയെങ്കിലും പൊക്കനും ഉണ്ണനും ജയിലിലെ കടുത്ത പീഡനങ്ങൾ നൽകിയ ഞെട്ടലിൽ നിന്നും വിമുക്തരായില്ല. ആദിവാസി സമൂഹത്തിന്റെ തനത് ഭാഷാരീതിയും കഥയിൽ ഉടനീളം വരുന്നുണ്ട്.

” മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനോടൊപ്പം, മാനുഷികതയുടെയും നിസ്വാർത്ഥതയുടെയും സ്നേഹാധിക്യത്തിന്റെയും തെളിച്ചമുള്ള വെളിച്ചവും അവതരിപ്പിക്കുന്നതിലൂടെ ദുരന്തത്തിനപ്പുറമുള്ള പ്രത്യാശയുടെ വീഥിയിലേക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു” എന്ന് അവതാരികയിൽ ശ്രീ പി.കെ രാജശേഖരൻ.

ദേവമനോഹറിന്റെ 2024 ൽ പുറത്തിറങ്ങിയ ‘ജനിക്കാത്തവരുടെ ശ്മശാനം’ എന്ന കഥാസമഹാരത്തിലുള്ള പന്ത്രണ്ട് കഥകളിലൊന്നാണ് ‘നായാട്ട്’. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.