കഥാവിചാരം- 10 : ‘സ്കൂളിലേക്കുള്ള വഴി’ (ശ്രീ.സുഭാഷ് ഒട്ടുംപുറം )

ഓരോ വ്യക്തിക്കും തങ്ങളുടെ സ്കൂൾ വഴികളെപ്പറ്റി പച്ചപ്പാർന്ന ഓർമകളുണ്ടാവും. അങ്ങനെയുള്ള മനോഹരമായ ഒരു ഓർമക്കഥയാണ് എഴുത്തു മാസികയിൽ 2021 ൽ വന്ന ശ്രീ.സുഭാഷ് ഒട്ടുംപുറത്തിന്റെ ‘സ്കൂളിലേക്കുള്ള വഴി’.

ആ വഴികൾ പലപ്പോഴും വീട്ടുമുറ്റത്തൂടെയായിരിന്നു. സ്കൂളിലേക്കുള്ള വഴി…..!

വഴിയോരത്ത് വൈക്കോൽ മേഞ്ഞ ‘സംസാരിക്കുന്ന മൺവീടുകൾ’…!
ചിലപ്പോൾ അവയ്ക്കുള്ളിൽ നിന്നും കനത്ത ശാസനകൾ പുറത്തേക്ക് വരും.

‘ആരാണ്ടാ ഒച്ചണ്ടാക്കി പോണത്’?

സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാനാവാത്ത ആ മുഴക്കങ്ങൾ മാഷിന്റെ ചൂരലോളം തന്നെ അവരെ നിശബ്ദരാക്കിയിരുന്നു.. എത്ര കരുതലോടെ നടന്നാലും ചാണകം പൂശിയ മുട്ടോളമെത്തുന്ന വരമ്പ് ചാടിക്കടക്കുമ്പോൾ തട്ടി വീഴുകയോ ചോറ്റുപാത്രം കിലുങ്ങുകയോ ചെയ്യും. അപ്പോഴും വീടിനകത്തു നിന്ന് മുഴക്കമുയരും:

“ചോറില് ചേറാക്കര്ത്”.

…..ഞങ്ങളുടെ പോക്കു വരവുകൾ ശ്രദ്ധിക്കാൻ വേണ്ടി മാത്രമാണോ വീടുകൾ ഉണർന്നിരുന്നത് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
‘കളിച്ച് നടക്കാതെ ബേകം പെരേല്ക്ക് പോടാ’ എന്ന ആജ്ഞയോ, ‘ഇന്നെന്താണ്ടാ സ്ക്കോള് നേർത്തെ വിട്ടത്?’ എന്ന അന്വേഷണമോ അതല്ലെങ്കിൽ ‘കൂട്ടം തെറ്റാണ്ട് നടക്കണം’ എന്ന ഓർമ്മപ്പെടുത്തലോ കേൾക്കാതെ അവിടെനിന്ന് കടന്നുപോയ ഒരു ദിവസം പോലും എന്റെ ഓർമ്മയിലില്ല…..

മനുഷ്യന്റെ ജീവിത ഭൂപടത്തിൽ ഒരിക്കലും മായാതെ, നിഴൽ വിരിച്ചു നിൽക്കുന്ന സ്കൂൾ വഴികളുടെ സത്യസന്ധമായ, മനോഹരമായ വിവരണങ്ങളിൽ വായനക്കാരൻ ഒഴുകാൻ തുടങ്ങുന്നു, ഈ കഥാവായനയിൽ. അതോടൊപ്പം ഇനിയൊരിക്കലും ഉണ്ടാകാൻ സാധ്യതയില്ലാത്ത സ്കൂൾനടവഴികളിലെ ശാസനകൾ നഷ്ടപ്പെട്ടുപോയ ഇന്നിന്റെ കുട്ടികളെക്കുറിച്ച്, ഒരു വിചിന്തനത്തിന് പര്യാപ്തമായ ചിന്തകളും കൂടി നമ്മിലേക്കിട്ടു തരുന്നു കഥാകൃത്ത്.

മഴക്കാറിന്റെ നിറമുള്ള ആ മൺവീട്ടുകാർക്ക് പാടത്തിന്റെ മണമായിരുന്നുവത്രേ..!

“കരിവിരുതോം കരിവിരുതോം കരിവിരുതോം ചേമ്പേ……
കരിവിരുതോം ചേമ്പിന്
ചാണം കോരടാ ചാത്താ ” എന്നപോലുള്ള ഈണങ്ങളല്ലാതെ മുഴക്കമുള്ളതൊന്നും അവരുടെ തൊണ്ടയ്ക്ക് വഴങ്ങില്ലെന്ന് ഞങ്ങൾക്കുറപ്പായിരുന്നു.

അച്ഛനും അമ്മയും ഭാര്യയും അയാളും പഠിച്ച സ്കൂളിലേക്ക് മകളെയും ചേർക്കാൻ പോകുമ്പോൾ ഭാര്യയുടെ ഓർമ്മപ്പെടുത്തലുകൾ:
“പണ്ടത്തെപ്പോലെയല്ല ഇന്നത്തെ സ്കൂൾ വഴികൾ”.

…..ഓടിട്ട അതേ കെട്ടിടം. അതേ മുഖപ്പ്. അതേ മരത്തൂണുകൾ.

മരത്തൂണിൽ കൈചുറ്റി മകളൊന്നു വട്ടം കറങ്ങിയപ്പോൾ അകാലത്തിൽ മരിച്ച പേരോർമ്മയില്ലാത്ത പെൺകുട്ടിയെ ഓർമ്മ വന്നു.

ആ മുറ്റത്ത് വീണ്ടുമെത്തിയപ്പോൾ, ഇനി വളരാനാവാത്ത വിധം വയസ്സുറച്ചു പോയ കള്ളിമരങ്ങൾ ആ പഴയ വിദ്യാർത്ഥിയോട് മറ്റെന്തൊക്കെ പറഞ്ഞിട്ടുണ്ടാവാം..?

പഴയതും പുതിയതുമായ കാല ബിംബങ്ങളുടെ സമീകരണം കഥയെ സാന്ദ്ര മധുരമാക്കുന്നു. ആ നടത്തത്തിൽ അച്ഛൻ മകളുടെ മുഖത്തു നോക്കാതെ ആദ്യമായി പറഞ്ഞ നുണ എന്തായിരുന്നു?

പാടവരമ്പത്തൂടെ നടക്കുമ്പോൾ പൊങ്ങിവന്ന ഓർമകളുടെ മണം. പാടത്തിനപ്പുറത്തെ ഉയർന്ന തിട്ടയിലേക്ക് കണ്ണുപായിച്ചപ്പോൾ കണ്ട ഒരിക്കലും മടുക്കാത്ത ആ കാഴ്ച……!

സുഭാഷ് ഒട്ടുംപുറം

പഴയതെല്ലാം എക്കാലവും നിലനിൽക്കുമെന്ന് കരുതുന്നത് മണ്ടത്തരം തന്നെ. എങ്കിലും അയാൾ ചുറ്റുപാടും പഴയ മുദ്രകൾ തിരഞ്ഞു.
പന്നൽച്ചെടിയിൽ നിന്ന് ഒരു ഇല പറിച്ച് അയാൾ മകളുടെ കൈപ്പടത്തിനു പുറത്തുവച്ചു ഒന്ന് അമർത്തി……

ആ വെളുത്ത ഇലപ്പാടുകണ്ട വായനക്കാരൻ സ്വന്തം മനസ്സിലുള്ള സ്കൂൾവഴിയെ വീണ്ടും ഒഴുകിയിറങ്ങും…!

പഴമയുടെ പ്രതീകങ്ങൾ ഇഷ്ടപ്പെടുന്ന മലയാളിയുടെ ചില നാടൻ ആവേശങ്ങളുടെ ഉറഞ്ഞുകൂടൽ ഈ കഥയിലുണ്ട്. കഥയ്ക്ക് അനുയോജ്യമായ ചിത്രീകരണം നടത്തിയത് ശ്രീ.വിനയ് ലാൽ ആണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ശ്രീ.സുഭാഷ് ഒട്ടുംപുറം. ‘ഏകാന്തനാവികൻ’ ഇദ്ദേഹത്തിന്റെ പുതിയ ബാലസാഹിത്യകൃതിയാണ്. ബാലഭൂമിയിലെ ‘കാവോതിയുടെ മുട്ട’ എന്ന നോവലും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ ‘തളിര്’ മാസികയിലെ ‘അഥീനയുടെ തത്തകൾ’ എന്ന കഥയും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടവയാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന “തിരിച്ചു കിട്ടിയ പുഴകൾ” ഏറ്റവും പുതിയ കഥാസമാഹാരമാണ്.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.