കണ്ട പുലി മാര പുലി

“വൃശ്ചികേ കുളിരാരംഭേ
ധനു മകര ഘോരകേ”

അറേക്കാല് തെയ്യം തൊടങ്ങ്ന്നത് ധനു അഞ്ചിനാന്ന്. തീരുന്നത് എട്ടിന്നും. ഓറ് ഒര് തെയ്യും കാണാതിരിക്കൂല. നട്ടപാതിരാക്കും അറേക്കാലന്നെ ഇണ്ടാവും. പോരാൻറ്റ് ഇപ്പം കൂട്ടായ്ക്കാരനും. ആട്ന്ന് എണീക്കാൻ ഏട്ന്നാ നേരം. എൻ്റെ ആവലാതി ആരോട് പറയാൻ.

തൺത്ത കാറ്റ് ജന്ലിൻ്റെ പള്ളകൂടെ അവത്തേക്ക് കേറ്ന്ന നേരത്താണ് ആര്യോ കൂറ്റ് കേട്ടത്. മൻസിലെ ചിന്തയല്ലും വിട്ടിറ്റ് എണ്ണിറ്റ് നോക്കി

“ദേവ്യേട്ടി ദേവ്യേട്ടി “

“ആരാന്ന്റ ഈ പാതിരാക്ക്”

“ഏട്ടീ ഞാൻ റിജിശാന്ന്. വിനീഷ് എണീറ്റിറ്റോ.”

“ഓൻ ഒർങ്ങേന്നല്ല. ഏടെയാന്ന്റ ഈ പാതിരാക്ക്”

“തെയ്യം കാണാപോമ്പം വിളിക്കാമ്പറഞ്ഞിന്”

“ഇപ്പെന്ത് തെയ്യാന്ന്റ”

“ഇപ്പല്ലെ തെങ്ങ പൊളിക്കാമ്പോന്ന തെയ്യം എറങ്ങല്”

“അയ്ന് പൊൽച്ച ആയ”

“ഇല്ല മൂന്ന് മണി ആയിറ്റിണ്ടാവും”

“അപ്പൂ.. അപ്പൂ നീ തെയ്യം കാണാമ്പോന്ന റിജീഷ് വന്നിറ്റ് വിളിക്ക്ന്ന”

ഒറക്കത്തിലായാലും റിജീഷിൻ്റെ പേര് കേട്ടാ ഓനെണീക്കും.

“റിജൂട്ടനെത്തിയാ എന്ന ഞാമ്പേം പോട്ട്.”

” ഡാ, മിഡ് കൗവീറ്റ് പോ. തലീല് എന്തേലും ഇട്. മഞ്ഞ് ബീന്ന്ണ്ട്. തുമ്മല് വരണ്ട.”

“അമ്മേ എപ്പളും എന്തിനാ തേങ്ങ പൊളിക്ക്ന്ന തെയ്യം രാത്രി എറങ്ങ്ന്ന്. മറ്റെല്ലാ തെയ്യും പകലാന്നല്ല എറങ്ങ്ന്ന്”

“എന്തറ തേങ്ങ പൊളിക്ക്ന്ന തെയ്യത്തിന് പേരറില്ലേ”

“എന്തോ ഇണ്ടല്ല”

”അതാന്ന് പുലികണ്ടനും പുലിമാരനും. നീ പൂരക്കളി കളിക്കുമ്പം പാടലില്ലേ ‘പുലികണ്ട പുലിമാര പുലിമാര പുലിയും’ അതന്നെയാന്ന്. നാളെ വൈന്നേരം എറങ്ങ്ന്നതെയ്യാന്ന് പുള്ളൂറ് കാളിയും പുള്ളികരിങ്കാളിയും. ആ തെയ്യത്തിൻ്റെ മക്കളാണ് ഈ ചെറീയ പുലികള് “

”നീ എന്തറ അന്തം വിട്ട് നോക്ക്ന്ന്”

”അമ്മക്കേട്ന്നാ ഈ തെയ്യത്തിനെയെല്ലാം അറീന്ന്”

”എത്ര കാലായ്ടാ ഞാനിത് കാണ്ന്ന്. ഓരോ തെയ്യത്തിനും അയിൻ്റെ ഐതിഹ്യം ഇണ്ട്. നീ തോറ്റം കോക്ക്നില്ലേ. അതല്ലും തെയ്യത്തിൻ്റെ കഥ പറീന്നതാ. ശ്രദ്ധിച്ച് കേട്ടോക്ക്.”

“എന്നിറ്റ് അമ്മ ഇത് വരെ തെയ്യത്തിൻ്റെ കഥയൊന്നും പറഞ്ഞ്തന്നിറ്റില്ലല്ല ” .

“അയ്ന്ന് നിൻക്ക് നേരം വേണ്ടേ. എപ്പും ഓട്ടും ചാട്ടും അല്ലാണ്ട് കഥകേക്കാൻ നിൻക്കോട സമയം”

”അമ്മേ അമ്മേ ഇപ്പം കഥപറഞ്ഞ് തര്വോ.
ഡാ റിജൂട്ടാ ഇങ്ങോട്ട് വാടാ. തെയ്യം കണാമ്പോന്നേന് മുന്നേ അമ്മ തെയ്യത്തിൻ്റെ കഥപറയ്ന്ന്ണ്ട്.”

വാതില് തൊർന്നിറ്റ് വിനീഷ് റിജിയെ വീട്ടിൻ്റെ അവത്തേക്ക് വിൾച്ചു.

”ഇപ്പം തെയ്യം തൊടങ്ങാനായിറ്റിണ്ടാവും. ബന്നിറ്റ് കേട്ടാ പോരെ”

റിജീഷിന് പോവാൻ തെരക്കായി. എന്നിറ്റും പൊറത്ത് തണ്പ്പായത്കൊണ്ട് മാത്രം ഓൻ അവത്തേക്ക് കേറി.

“നിന്ന എത്രേരായ് വിള്ക്ക്ന്ന്. നീ ഒരേ ഒറക്കെന്യാ. നിൻക്ക് ബേം എണീറ്റ് വന്നൂടേ”

റിജീഷ് ബെശ്മം പറയാണ്ടിര്ന്നിറ്റ. കാണുമ്പം അറിയാലാ കൈമലെല്ലും ശീതം കുത്തിയിര്ക്ക്ന്ന്ണ്ട്.

“ഇത് നോക്ക് നിൻ്റെ റിജുട്ടൻ നല്ല തണുപ്പിൻ്റെ കുപ്പായെല്ലും ഇട്ടിറ്റാ വന്നിന്.”

“അമ്മ പറഞ്ഞിന് ജൽദോഷം പിടിക്കുന്ന്. പൊറത്ത് നല്ല തണ്പ്പ്ണ്ട്. തെയ്യം തൊട്ങ്ങീറ്റിണ്ടാവും”

“ഒൽക്ക്യാന്ന്. തെയ്യം എർങ്ങാനൊന്നും ആയ്റ്റ. അയ്ന് വെടി പൊട്ട്യാ. തോറ്റത്തിന് നിന്നിറ്റേ ഇണ്ടാവൂ”

“വെടി പൊട്ട്ന്നത് നീ കേക്ക്വോ ഒരേ ഒറക്കൊറങ്ങിയാ”

വർത്താനം പറയുമ്പതന്നെ കതിന വെടി പൊട്ടി. തോറ്റം കയ്യേണ്ട സമയായി. ഇനി വേം തെയ്യേർങ്ങും.

” അപ്പൂ വെടി പ്പൊട്ടി ഒച്ച കേട്ടില്ലേ. ഇനി കഥ വന്നിറ്റ് പറയ”

ന്ലാവ് ഇണ്ടേങ്കിലും പോറ്ത്ത് ഇരിട്ട് കാണാനിണ്ട്. അറേക്കാല്ന്ന് ചെണ്ട കൊട്ട്ന്ന ഒച്ച ശെരിക്കും കേക്കാ.

“അപ്പൂ ചൂട്ട് വേണാ. അല്ലേങ്കില് കാമ്പ് വെൾക്കിൻ്റെ വെളിച്ചത്തിലെന്നെ നടന്നാ മതി. റോട്ട്മ്മല് എത്ത്ന്നവെരെ നോക്കീറ്റ് നടക്കണേ”

രണ്ടാളും വ്ട്ട്ന്ന് എറങ്ങി ഓട്ന്നവരെ ദേവി മിറ്റത്തേക്കന്നെ നോക്കിനിന്നു. ഉദയപുരം ക്ഷേത്രത്തില് ഇക്കൊല്ലം എല്ലാടത്തും ചെമീച്ചിറ്റ് നല്ല പാങ്ങ്ണ്ട് കാണാൻ. ചെമ്പോത്തിൻ്റെ മേലെ എല്ലും ലൈറ്റ് മിന്ന്ന്ന്ണ്ട്. വർണ്ണ കടലാസും തളിരോലയും എല്ലാട്ത്തും കെട്ടിതൂക്കിറ്റ്ണ്ട്. രണ്ടാളും എത്ത്ബളേക്കും തെയ്യം പൊറപ്പെടേണ്ട സമയായിന്. ചെണ്ടക്കാരും കൊടക്കാരിശമ്മാരും കൈയ്യില് അരിയും കുറിയും എട്ത്ത് വെളിച്ചപ്പാടും തയ്യാറായ്റ്റ് നിന്നു. കതിന വെടി പൊട്ടുബളേക്കും അണിയറേരെ ഉള്ളന്ന് പുലികണ്ടൻ പൊറത്തേക്ക് വന്നു. കാണാനിന്ന പിള്ളേരയെല്ലും തെയ്യം കണ്ണൂരിട്ടി നോക്കി. പുലിവര്ന്ന പോലെ ഒന്നലറി. രണ്ട് വാത്തും കൈയ്യാളര് പിടിച്ചിറ്റ്ണ്ട്. മെല്ലെ മെല്ലെ അടിവെച്ചാണ് വരവ്. കൈവിട്ടാ പുലി പാഞ്ഞാലോ. അറ കണ്ടാടും തെയ്യം അറേരെമുന്നിലേക്ക് പാഞ്ഞ് കയറി ഒന്നലറി. കതിന വെടിയും ഒപ്പരം പടക്കും പൊട്ടി. കൊറച്ച് കൈഞ്ഞപ്പോ പുലിമാരനും പൊറപ്പെട്ടു. രാവിലെ തെയ്യം കാണാൻ വന്നവരെല്ലാരും അറേരെ നടിലേക്ക് കൂടിനിന്നു. പിടത്തില് വെച്ച തേങ്ങേരെ മേലെ കൈവെച്ച് രണ്ട് തെയ്യും അങ്ങോട്ടും ഇങ്ങോട്ടും നോക്കി തിരിഞ്ഞും മറിഞ്ഞു കളിച്ചു. ചെണ്ടേൻ്റും, തകില്ലിൻ്റേം, കൊടക്കാരൻ മാര്ടെ കൊടേൻ്റും ഒച്ച എല്ലാ എട്ത്തേക്കും കേട്ടു. തേങ്ങാ കല്ല്മല് പൂക്കൂറ്റി കത്തി നക്ഷത്രം പറന്ന് വീണു. കളറ് കത്തിച്ച വെളിച്ചം കണ്ണില് പൂത്തിരി കത്തിച്ചു. പീടത്തില് തേങ്ങ എറിഞ്ഞ് പൊട്ടിച്ച് തെയ്യം മേലോട്ട് ആകാശത്തോളം ഉയന്നുതുള്ളി.തെയ്യത്തിൻ്റെ മേത്ത് പറ്റിച്ച പഞ്ഞി എല്ലാടത്തും പാറി. പിള്ളേരെല്ലും ആർത്ത് വിളിച്ചു.

”വിനീഷേ തെയ്യം ഇപ്ലേ തേങ്ങ പൊളിക്കാൻ പോവേന്ന്”

”കൊറച്ച് കൈഞ്ഞാടും പോവും, അച്ചന്നോട് പറഞ്ഞിറ്റ് പോവ. പടിപ്പൊരേല് ഇണ്ടാവും. ഞാൻ നോക്കീറ്റ് വെരട്ടാ”

“ഡാ ഞാനും വെര്ന്ന്”

രണ്ടാളും പടിപ്പുരയിലേക്ക് പോയി. കണ്ട പുലിയും, മാരപുലിയും വന്നവരിക്കെല്ലും കുറികൊട്ത്ത് ‘നന്നായ് വരണം’ എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.

പടിപ്പുരയീന്ന് അച്ചൻ കൂട്ടായ്ക്കാർക്കൊപ്പം പയമ പറീന്നത് വിനീഷ് കണ്ട് ആട്ത്തേക്ക് ഓടി.

“അച്ചാ നമ്മ തെയ്യം തേങ്ങ പൊളിക്ക്നട്ത്തേക്ക് പോന്നിണ്ട്”

“നീ ഈഡ ഇണ്ടായിനാ”

“ഇപ്പം തെയ്യം തൊടങ്ങുമ്പം വന്നതാന്ന്”

“നോക്കീറ്റ് പോണം. ആളൊപ്പരം തന്നെ നിക്കണം”

”ആ .. .. എന്നാ നമ്മ പോന്നേ”

പുലികണ്ടന്നും പുലിമാരനും രണ്ട് വാത്തേക്കായ് തേങ്ങ പൊളിക്കാൻ പൊർപ്പെട്ടു. കൂടെ ചെണ്ട്യും ചൂട്ടും കൊണ്ട് കൈയ്യാളരും. പിള്ളരെല്ലും വൈയ്യന്നെ ഒച്ച എട്ത്തോണ്ട് പാഞ്ഞു. നല്ല തണ്ത്ത കാറ്റ് വീശിന്ന്ണ്ട്. കാലിൻ്റെടീല് മണികല്ല് തറക്കുമ്പോ വേദന തലയോട്ടിലേക്ക് കേറ്ന്ന്. ചൂട്ടിൻ്റെ പൊക കണ്ണില് വെള്ളം നെറക്ക്ന്ന്. വൈക്ക് കമ്മ്ണിസ്റ്റ് കാടിൻ്റെ പൂൻ്റെ മേലെ മഞ്ഞിൻ്റെ വെള്ളം വീണ് തെളങ്ങ്ന്ന്ണ്ട്.

ഓടി ഓടി പുലികണ്ടൻ മുത്തത്തി കുന്നിലെത്തി. പുലിമാരൻ നെല്ല്യാട്ട് കുന്നിലെത്തൽ ഇനിയും വൈയ്യും. കാടിനുള്ളിൽ തേങ്ങാക്കല്ലിന് ചുറ്റും കാട് വയക്കി വൃത്തിയാക്കി വെച്ചിറ്റ്ണ്ട്. തേങ്ങാക്കല്ലിന്മേലെ ആരോ വെളക്ക് കത്തിച്ച് വെച്ചിറ്റിണ്ടായിന്. തെയ്യം വെര്ന്നത് കാത്ത് അട്ത്ത്ന്ന് ആളല്ലും ആട കാത്ത്നിക്ക്ന്നിണ്ട്. തെങ്ങാകല്ല് കണ്ടതും തെയ്യം മേലല്ലും ഒന്ന് കൊടഞ്ഞു. പിള്ളേര് ആർത്ത് വിളിച്ചു. തെയ്യം കുറി തേങ്ങ പൊളിക്കുന്ന കല്ല്മ്മല് ഇട്ടു, തിരി കത്തിച്ച് വെച്ചു. തേങ്ങ എട്ത്ത് ഒറ്റ ഏറ്. പലക്ഷണായ് നാല് പാടും തെറിച്ചു. പുലി അലറും പോലൊന്ന് അലറി. പിള്ളേറെല്ലും പേടിച്ചു. ഒന്ന് മേലോട്ടേക്ക് പൊന്തി. കാൽ ചെലമ്പ് ഒച്ചവെച്ചു. വണ്ണാമാറ് ചെണ്ട കൊട്ടി കൊണ്ടിരുന്നു. നേരം വൈയ്യുംമ്പനേ വന്നവരിക്കെല്ലും കുറിയും കൊടുത്ത് അനുഗ്രഹിച്ചു.

”തെയ്യം ഇപ്പം മടങ്ങി പോവും, ഇനി അറേക്കാല് നിക്കണാ”

”മറ്റെ തെയ്യം നെല്ല്യാട്ട്ന്ന് വെര്ന്നവെരെ നിക്ക”

പുലികണ്ടൻ തേങ്ങ പൊളിക്കലും കുറികൊടുക്കലും കൈഞ്ഞ് മുത്തത്തികുന്ന് കീയുമ്പം തന്നെ ശീണം തോന്നീറ്റ് ആട കണ്ട കല്ല്മ്മല് കുത്തിയിര്ന്നു. എല്ലാരും ഓടിക്കൂടി. ആരോ ചാടിപ്പോയ് വെള്ളം കൊണ്ടന്ന് കൊടുത്തു.

”ഓക്സിജൻ കൊറ്ഞ്ഞിറ്റാവും”

വിനീഷ് റെജിയുട്ടൻ്റെ ചെവീല് പറഞ്ഞു

“ബെഗ്ഡ് പറയല്ല”

”ഹമീദ് മാഷ് പറഞ്ഞത് നീ കേട്ടിറ്റെ. ഓക്സിജൻ കൊറഞ്ഞാല് ശാസംമുട്ടി മരിക്കുന്ന്”

”നീ എന്ത്ന്നാ പറയിന്ന് . തെയ്യം ശീണായ്റ്റ് ഇര്ന്നതാ. ഈ കുന്ന് കേറീറ്റ് നിനക്ക് കെതക്ക്ന്നില്ലേ, നിനക്ക് ഓക്സിജൻ കൊറഞ്ഞിറ്റാന്നോ ശീണായ്ന്”

“എനക്കറീല മാഷ് പറഞ്ഞത് ഞാൻ പറഞ്ഞു.”

” ചെമ്മിണി റഫീക് മാഷല്ലെ പറഞ്ഞിന്. ഓറ് പറഞ്ഞതെല്ലും നീ പടിച്ച് വെക്ക്”

തെയ്യം എണീറ്റ് അറേക്കാലേക്ക് പറഞ്ഞു. കൂടെ കൂക്കിക്കൊണ്ട് പിള്ളേരും. അറേക്കാല് ആളല്ലും കൊറവായിരുന്നു. പൊൽച്ചക്കൂറ്റിന് ആരിണ്ടാവാനാ. തെയ്യം അറേക്കാല് കേറുമ്പം കതിന വെടി പൊട്ടി. ചുരുണ്ട് കെടന്ന വാദ്യക്കാരെല്ലും എണീറ്റ് കൊട്ടാൻ തൊടങ്ങി. നേരം കൊർച്ച് കൈഞ്ഞപ്പം പുലിമാരനം എത്തി. കതിന വീണ്ടും പൊട്ടി. തെയ്യം രണ്ടും അന്തിരിശൻ്റട്ത്ത്ന്ന് അരിവാങ്ങി നാല് വാത്തേക്കും എറിഞ്ഞു.

ദൈവത്തിന് അണിയറീന്ന് മോത്തെവ്ദ്ന്നിണ്ട്. മോത്തെവ്ദ്ന്ന പണിക്കറ് നല്ല പാങ്ങില് തോറ്റം പാട്ട് പാട്ന്നത് പൊറത്തേക്ക് കേക്ക്ന്നിണ്ട്. പുലികണ്ടനും, പുലിമാരനും മുടിയൂരി അണിയറയിലേക്ക് ഓടി വന്നു. അറേക്കാന്ന് തെയ്യം കാണാൻ വന്നവരെല്ലും നാല് വാത്തേക്കായ് പോയി. ഇനി ദൈവം പൊറപ്പെടുമ്പേ ആള് വരൂ. റിജീഷും വിജീഷും തുമ്പ്മ്മന്ന് എണീറ്റ് വീട്ടിലേക്ക് പോയി.

കാമ്പ് വെളക്കിൻ്റെ വെളിച്ചത്തില് കൊളത്തിലെ മണ്ടപ്രക്കൻ തവളേൻ്റെ കണ്ണ് തെളിഞ്ഞ് കാണ്‌ന്ന്ണ്ട്. കൊളത്തിൻ്റെ പടീല് കുറ്റി ബീഡി വലിച്ചോണ്ട് ആരല്ലോ പയമ പറീന്ന്. പിള്ളേര് രണ്ടും കൊളത്തിൻ്റെ പടീന്ന് കാലും കൈയും കൗവി. വെള്ളം മോത്ത് വീണേരം തണ്ത്ത് വെർച്ചു. വീട്ടിലെത്തുമ്പക്ക് ചെമ്മണ്ണ് വീണ്ടും കാലിലിണ്ട്. കിണ്ടീല് വെള്ളത്ത് കാല് കൗവ്വി.

”റിജൂട്ടാ നീ ഇഢ കെട്ന്നൊ. നിൻ്റെ അമ്മ നല്ല ഓർക്കത്തിലാവും.”

“ഉം , ഇനി അമ്മേൻ്റെ ചീത്ത കേക്കാങ്കൈല”

“അമ്മേ അമ്മേ വാതില് തൊറന്നേ”

”തൊറന്നോ, ചാര്യതേഇല്ലൂ കുറ്റിയിട്ടിറ്റ . കാല് കൗവീറ്റ് കേറിയാ മതി.”

“അമ്മേ റിജൂട്ടനും ഇണ്ട്. ഓൻ ആടപ്പോയ്റ്റ് എല്ലാര്യും എണീപ്പിക്കണ്ടാന്ന് ഞാനാ പറഞ്ഞിന്”

”അത് നേരാ, ഓനും നീയും ആഢ പായിട്ട് കെടന്നോ. തലാണ വേണെങ്കില് എട്ത്തോ”

പൊലരാൻ ഇനി അധികം നേരൊന്നില്ല. കോയി കൂഇതൊടങ്ങി. ദേവകി എണീറ്റ് അട്കളിലെ പാത്രം കൗവ്വാൻ വെണ്ണീരും ചേരിയും എട്ത്ത് കെൻററിൻ്റെ പടിമ്മലേക്ക് പൊയി. വെള്ളം കോരുമ്പം കപ്പീരെ കിര്കിര് ഒച്ച ആടെല്ലും കേട്ടു. അറേക്കാന്ന് കതിനേര്യും ചെണ്ടേര്യും കൂറ്റ് കേക്ക. കൗവ്യ പാത്രുഎട്ത്ത് അട്ക്കളീലേക്ക് കേറുമ്പം അവ്ത്ത്ന്ന് എന്തോ ഒച്ച കേട്ടു.

“ഓടിക്കോ ഓടിക്കോ …… അൻ്റാട്ടിലേക്ക്… ഇപ്പം തീരും ഇപ്പം തീരും”

“അപ്പു അപ്പു, നീ എന്താന്ന്റ പരപ്പ് പറീന്ന്”

വിജീഷ് ഞെട്ടി എണീറ്റിറ്റും ഒറക്ക് പോയിറ്റ

“അമ്മേ ഓടിക്കൊ ഓക്സിജൻ ഇപ്പൊ തീരും. അൻറ്റാർട്ടിക്കേ പോയാ കുറച്ച് നേരം കൂടി ജീവിക്കാ”

“ഈ ചെക്കന് പ്രാന്തായാ. എന്തെല്ലാ പറിന്ന്”

ദേവകി മോനെ ഒറക്കത്ത്ന്ന് എണീപ്പിച്ചു.

“അപ്പൂ നീ എന്ത്ന്ന്റ പറയുന്ന്. നോക്കിയേ റിജീഷ് ഒറങ്ങ്ന്ന്. നിനക്ക് ഓർക്കൂല്ലേ.”

“അമ്മേ തേങ്ങ പൊളിക്കിന്ന തെയ്യത്തിന് ശാസം കിട്ടാണ്ട് വെര്ന്ന വൈക്ക് ഇരുന്നിനി. റഫീക്ക് മാഷ് പറഞ്ഞിന് ഭൂമീല് ഓക്സിജൻ തീർന്ന എല്ലാരും ശാസം മുട്ടി ചാവൂന്ന്. അൻൻ്റാട്ടിക്കില് കൊറച്ച് നേരം കുടി ഓക്സിജൻ ഉണ്ടാവും”

“നീ എന്ത് ബെഗ്‌ഡാന്ന് പറയുന്ന്. ഈഡ്ന്ന് ആർക്കെങ്കിലും ഓടി ആഢ എത്താനാവ്വാ. ആര് ചിണ്ടൻ പണിക്കരായിരിക്കും തെയ്യം കെട്ടീന്, ഓർക്ക് വയസ്സായിലേ. അയ്ൻ്റെ ശീണായിരിക്കും”

“എന്നാലും ഓക്സിജൻ തീർന്നാലോ”

“ആരാന്ന്റ ഇതെല്ലും നിനക്ക് പറഞ്ഞ് തെര്ന്ന്. ഇതെന്താ തീരുന്ന സാധനാ”

“റെഫീക്ക് മാഷ് പറയ്ന്ന് ഭൂമീല് ഓക്സിജൻ ഇല്ലാണ്ട്ന്നാ പാലും, കെട്ടിടും എല്ലും പൊളിയും, മൻശനും , മൃഗും എല്ലും ചാവും. വിമാനം മേലീന്ന് തായ വീയും, വണ്ടിഎല്ലും നിക്കും…. “

” ഢാ അത് തീർന്നാലല്ലേ. അയ്ന് നീ ഓർക്കത്തില് നെലവിളിക്കണാ. ആ റേഷമ്പിടീല് വെര്ന്ന മാഷല്ലെ. ഓന ഞാൻ കാണട്ട്. വേണ്ടത്ത ഓരോന്ന് പിള്ളേരെ പട്പ്പിക്ക്ന്ന്”.

“അമ്മേ വേണ്ടമ്മേ, ചോയ്ക്കണ്ട “ഞാനിനി മുണ്ടാണ്ട് കെടന്നോളും”

“എന്നാ കെട്ന്നോ. നിൻ്റെച്ചൻ വെരാനായി ചായേൻ്റെ പണി നോക്കട്ട്”

കാറ്റ് പുഞ്ചകണ്ടത്ത്ന്ന് നട്ടി നട്ട കൈപ്പക്ക വള്ളിയിൽ തൂങ്ങി ആടി പടിഞ്ഞാറോട്ടേക്ക് ഒര് പോക്ക് പോയി . സൂര്യൻ കേക്കിന്ന് ഉദിച്ച് വെരുന്ന്ണ്ട്. ആലീന്ന് പൈ കറക്കണ്ട സമയായിന്ന് വിളിച്ച് പറയ്ന്ന്ണ്ട്.

”ആ നിങ്ങ വന്നാ. കുളിച്ചിറ്റ് വരുബ്ലേക്കും ഞാനിപ്പം കറന്നിറ്റ് വര. ചായ കുടിച്ചിറ്റ് കെടന്നാ മതി.”

”ഞാൻ കറക്കണാ”

”വേണ്ടപ്പ. നിങ്ങ തളന്നിറ്റിണ്ടാവൂലെ. ഞാൻ പോയിറ്റ് വേം വര. കട്ച്ചി നേരത്തേ കരീന്ന്ണ്ട്”

കുമാരൻ കുളിച്ചിറ്റ് വരുബ്ലേക്കും ദേവകി കറന്നിറ്റ് വന്നിറ്റ് ചായക്ക് വെള്ളം വെച്ചു. കുമാരൻ നേരെ അട്ക്കളി കേറി.

“ചായക്ക് കടി എന്നാ ഇണ്ടാക്കീന്”

“എലേഡ, അപ്പർത്തെ ചെക്കന്ണ്ട് അപ്പൂൻ്റപ്പരം കെടക്ക്ന്ന്. നിങ്ങക്കൊര് വിറ്റ് കേക്കണ, അപ്പു ഒറക്കത്തില് ഒരേ പരപ്പന്നെ പറീന്ന്. ഉസ്കൂള്ന്ന് റഫീക്ക് മാഷ് എന്തോ പടിപ്പിച്ചിന്. അതന്നെ പറഞ്ഞോണ്ട് നിക്ക്ന്ന്.”

“എന്നിട്ട് നീ എന്താക്കിന്”

“ഞാൻ ഓന വിളിച്ചപ്പോ ഓക്സിജൻ തീരും ഓടിക്കോന്നാ പറയുന്ന് “

“എന്ത് ഓക്സിജൻ”

“എമ്മാപ്പ , എന്തല്ലോ പായിന്ന്ണ്ടായിന്ന്. നിങ്ങവന്ന് ചായ കുടിച്ചേ.
അറേക്കാല് ആള്ണ്ടായ്ന”

“ഇക്കൊല്ലം നല്ല ആള്ണ്ടല്ല. ഇന്ന് തീരുന്ന ദിവസായിറ്റ് ഭയങ്കര ആള്ണ്ടാവ്ന്നാ എല്ലാരും പറിന്ന്”.

“ഇന്നോടെ കൂട്ടായ് പണി കയ്ഞ്ഞല്ല. പുതിയ കൂട്ടായ് ആരെല്ലാന്ന്, പറഞ്ഞാ”

“കൂട്ടായല്ലും റെഢിയായിറ്റ്ണ്ട്. നീ ആ പിള്ളേറ വിളിക്കറ.”

“അവര് വന്നിറ്റ് കൊറച്ച് സമയേ ആയിറ്റു. കെടക്കട്ട്. എണീറ്റാ എൻ്റെ പണിയൊന്നും നടക്കൂല. ഇന്നെന്താ കറിവെക്കണ്ട്. ഇന്നല വെച്ച കോയിക്കറി ഇണ്ട്. രാത്രി ചോറ് വൈക്കാൻ വിരുന്ന് കാരാരും വന്നിറ്റല്ല. കറി അത്പോലാഢിണ്ട് . ഇന്നാരെങ്കിലും വര്വോമ്മാപ്പാ “

“നീ വേറെ കറി വെക്കാനൊന്നും നിക്കണ്ട. നിനക്ക് തെയ്യം കാണാ പോവണ്ടേ. നിൻ്റെ വ്ട്ട്ന്ന് ആരെങ്കിലും വെര്ന്ന്ണ്ട”

“ആട്ന്ന് ആര് വെരണ്ട്. അമ്മക്ക് മുട്ട് വേദനാന്ന് പറയ്ന്ന് എത്രയായ്. പിന്ന സുമതി പിള്ളേര്യും കൊണ്ട് വരൂലപ്പ”

ദേവകി കെൺറ്റ്ന്ന് വെള്ളം കോരി ചോറ് വെക്കാൻ കലംനെറ്ച്ച് അട്പ്പത്ത് വെച്ചു. രണ്ട് ചേരി പാണ്ടയും വെറിൻ്റെ പൊള്ക്കിം അട്പ്പിലേക്ക് വെച്ച് ഊതി. കനല് പൊകഞ്ഞ് തീ പിടിച്ചു. മണി പതിനൊന്നായപ്പൊ പിള്ളേര് എണീറ്റ് അട്ക്കളിലേക്ക് വന്നു.

“അമ്മേ ചായ ഇണ്ടാ”

”ചായും കടിം തര. ആദ്യം ഉമ്ക്കേരി എട്ത്ത് രണ്ടാളും പല്ല് തേച്ചിട്ട് വാ”

പിള്ളേര് പല്ല് തേച്ച് വര്ബക്ക് ദേവകി ചായും കടിം എട്ത്ത് വെച്ചിന്. പല എട്ത്ത് രണ്ടാളും അട്ക്കളില് ഇര്ന്ന് തിന്നാൻ തൊടങ്ങി.

“അമ്മേ ഇന്നല പറയാന്ന് പറഞ്ഞ തെയ്യത്തിൻ്റെ കഥ പറഞ്ഞ് തരുവാ”

“ഇപ്പളാ”

“അയിനെന്താ, അമ്മ വെർദ്ദേ ഇരിക്കല്ല്യേ”

”എന്തെല്ലാം പണിയിണ്ട്. എത്രയാ അലക്കാനില്ലത്”

“അമ്മയെന്താ ഇപ്പം അലക്ക് നിണ്ടാ”

“ഇനി നിനക്ക് കഥ പറഞ്ഞ് തന്നിറ്റാന്ന് പറയണ്ട. കഥ കേട്ടാ രണ്ടാളും ഓർത്ത് വെക്കണം. എപ്പളെങ്കിലും ഞാൻ ചൊയ്ക്കും”

“ഇതെന്താ പരീക്ഷക്ക് പടിക്ക്ന്നതാ”

“ഞാനിത് പണ്ടെപ്പോ കേട്ട് പടിച്ചതല്ലേ ഇപ്പൊ പറയിന്ന്. അത് പോലെ നീയും അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കണം”

“അമ്മേ കഥ പറയ്”

“പണ്ട് പണ്ട് ശിവനും പാർവ്വതിയും തുളൂർ വനത്തിലൂടെ നടമ്പോ അയ്ൻ്റവത്ത് രണ്ട് പുലികളങ്ങനെ സ്നേഹിച്ച് നടക്കുന്നത് കണ്ടു. അപ്പൊ പാർവ്വതിക്ക് ഒരാഗ്രഹം പുലി ആവണെന്ന്”

“എന്നിറ്റ്”

“എന്നിറ്റെന്ത് ദൈവങ്ങളല്ലേ അവര് രണ്ടാളും പുലികളായി മാറി. അതാണ് പുലികണ്നും, പുള്ളികരിങ്കാളിയും. അവര് കൊറച്ച് കാലം ഭാര്യയും ഭർത്താവുമായ് ജീവിച്ചപ്പോ പുള്ളിക്കരിങ്കാളി താതനാർ കല്ലിന്റെ തായ്മടയിൽ കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ച് മക്കളെ പൊറ്റു.”

“അപ്പോ പുളിയൂർ കാളിയോ”

”എല്ലാം ആൺ പുലിയായപ്പോ ശ്രീകൃഷ്ണനെ പ്രസാദിപ്പിച്ചാന്ന് പുലിയൂർകാളിക്ക് ജൻമ്മം നൽകിയത. ആ തെയ്യങ്ങളാ ഈട അറേക്കാലെ പ്രധാനതെയ്യം. ഇന്ന് വൈന്നേരം എറ്ങ്ങ്ന്ന വട്ട മുടിയില്ല തെയ്യുല്ലേ, അതാണ് പുള്ളൂർ കാളിയും പുള്ളി കരിങ്കാളിയും.”

“പുലികളായോണ്ടാവും കുട്ടി പുലികൾ കാട്ടിലേക്ക് പോന്ന്”

“എല്ലാ തെയ്യത്തിനും ഓരോ ആചാരങ്ങളിണ്ടല്ല. പുലികുട്ടമാര് ചാടി കളിക്ക്ന്ന് കണ്ടിട്ടില്ലേ.

മതി മതി ചായ കുടിച്ചില്ലേ. റിജീശിന ഓൻ്റെ അമ്മ പെര്ത്ന്നിണ്ടാവും. ഇന്നലെ രാത്രി വന്നതല്ലേ.”

“ഓൻ്റച്ചൻ നമ്മള അറേക്കാല് കണ്ടിന്.”

“ദേവിയേട്ടി ഞാൻ പോന്ന്, വിനീഷേ ഞാൻ വെയ്ന്നേരം വന്നിറ്റ് നീ തെയ്യം കാണാൻ പോയാമ്മതി.”

” ഉം . നീ നേരത്തേ വരണേ”

വിനീഷ് ഓടി പോന്നത് വരെ റിജീഷ് നോക്കി നിന്നു. കണ്ണില് ഒറക്ക് കേറി വെര്ന്നെന്ന് തോന്നിയപ്പോ റിജീഷ് വീണ്ടും ഓറങ്ങാനായ് പോയി.

ഉദയപുരം ക്ഷേത്രത്തില് ഇക്കൊല്ലത്തെ തെയ്യം കയ്ഞ്ഞ് രണ്ട് ദിവസം കയ്ഞ്ഞ് കരി അടിക്കലം കയ്ഞ്ഞു. പിള്ളേര് ചന്തയില് ബാക്കി വന്ന വളകഷ്ണും, പൊട്ടാത്ത ബലൂണ് കഷ്ണും, പൊട്ടാസും പറക്കി സമയം കളഞ്ഞു.

തെയ്യം കയ്ഞ്ഞ് ഒരായ്ച്ച പിള്ളേരെലും പിലാവിൻ്റെ കീന്ന് തെയ്യം കെട്ടിക്കളിക്കലന്നെ. അറേക്കാന്ന് എട്ത്ത് കൊണ്ടന്ന കുര്ത്തോല, മോപ്പാള കെട്ടീറ്റാന്ന് കളിക്കല്. പെമ്പിള്ളേര് തൊവ്വാനായ് കൂടിനിക്കും. പാട്ട എട്ത്ത് ചെണ്ടകൊട്ടി ഒച്ച ഉണ്ടാക്കും. ഗുണം വരണം ഗുണം വരണം എന്ന് പറഞ്ഞ് പിള്ളേരെ തലയില് ഇല നുള്ളിയിടും

ആയ്ച്ച അവസാനാന്ന് ദേവകി റേഷൻ പീടീല് പൊവല്. ശനിയായ്ച്ച രാവിലേ അപ്പൂന്യും കൂട്ടി പോവും. അരിയും, പഞ്ചാരയും, ചിമ്മിണിയും വാങ്ങും. വരുമ്പോ പിടീന്ന് പരിപ്പും, പച്ചക്കറിയും വാങ്ങും.

ഇന്നും രാവിലേ റേഷമ്പീടീലേക്ക് പോയി. എന്നിറ്റും അഞ്ചാറ് റേഷക്കാർഡ് മേശപ്പൊറത്ത് വെച്ചിറ്റ്കണ്ട് ദേവകി ആരോടെന്നില്ലാതെ പറഞ്ഞു.

“ആരാന്ന്പ്പാ ഈ പൊൽച്ചകൂറ്റിനേ വന്ന് കുത്തിയിരിക്ക്ന്ന്. ഓർക്ക് ചായ കൊട്ത്ത് കൊർച്ച് വൈദ് പോയി. അപ്ലേക്കും ഈഢ ആളെത്തിയ”

ഓളെ വർത്താനം കേട്ട് വന്നവരെല്ലും ചിരിച്ചു.

“അല്ല പണിക്കറും രാവിലെ വന്നാ. ചെക്കൻ പറീന്ന്ണ്ടായിനല്ല തേങ്ങ പൊളിക്കാൻ പോയപ്പം ശീണായിന്ന്. അല്ലേങ്കിലും പിള്ളേര് കെട്ട്ന്ന തെയ്യല്ലേ വയസ്കാലത്ത് നിങ്ങ കെട്ട്ന്ന്”

”എന്ത് ചെയ്യണ്ട്, പിള്ളേര് പറഞ്ഞാ കേകണ്ടേ. കോളേജ് പോന്ന പിള്ളേർക്ക് തെയ്യം കെട്ടലല്ലും നാണക്കേടായ് തൊടങ്ങി”

“അയ്ന് നിങ്ങളെ പിള്ളേർല്ലാണ്ട് തെയ്യം കെട്ടുന്ന എത്ര പിള്ളേരിണ്ട്”

“ഇതെല്ലും അവകാശാന്ന്. നമ്മടെ അവകാശം വേറെ അരിക്കെങ്കിലും കൊടുത്താ പിന്നെ അവരെ കുടുംബക്കാര് തെയ്യം കെട്ടും.”

”ഓ, അങ്ങനെല്ലും ഉണ്ടാ. കുടുംബത്തില് ആമ്പിള്ളറ് ഇല്ലെങ്കില് അത് പ്രശ്നാനല്ലേ. ഇതൊന്നും എനിക്കറിയില്ല പണിക്കറേ. നമ്മ തെയ്യം കാണാൻ വര്ന്ന് എന്നല്ലേ ഇല്ലു. ആര് കെട്ട്ന്ന് എന്ന് പോലും അറിയില്ല. എന്തായാലും ഇക്കൊല്ലത്തെ തെയ്യല്ലും ഗംഭീരായി കഴിഞ്ഞല്ല.”

“നമ്മക്കല്ലും കയ്യാണ്ടായിപ്പ. എത്ര കാലായ് തെയ്യം കെട്ട്ന്ന്. ചെണ്ടേൻ്റെ കൊട്ട് കേക്കുമ്പം തെയ്യം കെട്ടല് മതിയാക്കാനും പറ്റൂല.”

“മക്കളെല്ലാം നല്ല നിലയിലായില്ലേ പണിക്കറേ. ഇനി സൂക്കേടും കൊണ്ട് തെയ്യം കെട്ടാൻ നിക്കണ്ട. അല്ലാണ്ടന്നേ തെയ്യത്തിൻ്റെ മോത്തെവ്തലും ചെണ്ട കൊട്ടലും മറ്റും പണിയിണ്ടല്ല.”

” ഉം. റേഷമ്പീടിയ തൊറക്കാനായിറ്റേ”

“ഇപ്പം തൊറക്കും, ശനിയായ്ച്ച റഫീക്ക് മാഷ് സഹായത്തിന് ഉണ്ടാവ്വല്ല”

തോളിൽ ഒരു കറുത്ത സഞ്ചിയും മടക്കി വെച്ച് ഹംസ പീടിയ തൊറക്കാൻ വെരുന്നത് ദൂരെ നിന്നേ എല്ലാരും കണ്ടു. പൊറകിലെന്നെ മോൻ റഫീക് മാഷും ഇണ്ട്. പീടിയേരെ എറേത്ത് ഇര്ന്നവരെല്ലും എണീറ്റ് നിന്നു. റഫീക്ക് മാഷ് ഉപ്പാൻ്റട്ത്ത്ന്ന് താക്കോല് വാങ്ങി നെരപ്പലേൻ്റെ പൂട്ട് തൊറന്ന് ഓരോ പലക എട്ത്ത് മൂലക്കേക്ക് വെച്ചു. ഹാജി വന്നവര് അട്ടിയാക്കി വെച്ച റേഷങ്കാർഡ് എട്ത്ത് മേശപ്പൊറത്ത് മറിച്ച് വെച്ചു. മാച്ചി എട്ത്ത് എറേത്തല്ലും ഒന്ന് അടിച്ച് വാരി. റഫീക്ക് മാഷ് കസേല വലിച്ചിട്ടിര്ന്ന് കാർഡ് ഓരോന്നായ് വിളിക്കാൻ തൊടങ്ങി. ദേവകി മഷോടായ് വിളിച്ച് ചോദിച്ചു.

“അല്ല മാഷെ ഓക്സിജൻ തീർന്ന് എല്ലാരും ചാവൂന്ന് നിങ്ങ പിള്ളേരെ പറഞ്ഞ് പടിപ്പിച്ചിനാ. ചെക്കൻ ഈനെടെ ഓർക്കത്തിലെണിറ്റ് ഏല്ലാരും ഓടാൻ പറഞ്ഞിന്.

റഫീക് മാഷ് ചിരിച്ചു.

“അല്ലപ്പ നിങ്ങളേത് ചെക്കനാ. ഓ, റിജീഷാ, ഓനത് പറഞ്ഞിറ്റേങ്കിലേ അൽഭുതില്ലു. ചെക്കൻ എപ്പളും ക്ലാസിലിര്ന്ന് ചിന്തിച്ചോണ്ടിരിക്കലാ”

“അപ്പൂട്ടാ മാഷ് പറന്ന് കേട്ടാ. നീ ചിന്തിച്ചിരിക്കാനാന്നാ ഉസ്കൂളി പോന്ന്.”

“ഭൂമില് ഇപ്പൊ ഒക്സിജൻ തീരുന്നല്ല ഞാൻ പറഞ്ഞത്. ഓക്സിജൻ ഭൂമിയിൽ ഇല്ലാണ്ടായാലുണ്ടാവ്ന്ന അവസ്ഥ പഠിപ്പിച്ചതാണ്’

”ഞാനപ്പളേ ഓനോട് പറഞ്ഞിന് മാഷെ കണ്ടാ ഞാൻ ചോയിക്കുന്ന്; ഢാ നീ ആ ചിമ്മിണി പാത്രത്തിന് ചാരിനിന്ന് അത് തട്ടിമറിക്കണ്ട. ഇങ്ങോട്ട് വന്ന് ഈട നിക്ക്”

റഫീക് മാഷ് കണക്കെഴ്ത്‌ന്നത് കൊണ്ടന്നെ ഹാജിയാര് സാധനം വേഗം വേഗം തൂക്കി കൊട്ക്ക്ന്ന്ണ്ട്. പണിക്കരെ പേര് വിളിച്ചപ്പോ ഓറ് പൈസ കൊടുത്ത് കാർഡും വാങ്ങി സഞ്ചിയു എടുത്ത് അരിവാങ്ങാൻ ത്രാസിൻ്റെ അട്ത്തേക്ക് പോയി. വീട്ടിലെ ആളെണ്ണെത്തിന് അരിയും വാങ്ങി പീടിയേരെ പടി എറങ്ങുമ്പോ പണിക്കര് ഒന്ന് വേച്ചു . അട്ത്ത് നിന്ന ദേവകി പണിക്കരെ കൈ പിടിച്ചു. പണിക്കര് അരിസഞ്ചി തായെ വെച്ചു.

”എന്താ പണിക്കരേ ശീണുണ്ട. വൈയ്യേങ്കില് ഈ ബെഞ്ചിമ്മല് കൊറച്ച് നേരം ഇര്നിറ്റ് പോയാമതി”

പണിക്കര് ഒര് വാത്തേക്ക് ചായിന്ന്ണ്ട്ന്ന് തോന്നിയപ്പൊ ആഢ ഇണ്ടായവരല്ലാരും പണിക്കരെ പിടിച്ച് ബെഞ്ചിമ്മല് കെടത്തി. ഹാജിയാര് പാട്ടീല് വെള്ളം എട്ത്ത് ഓടി വന്ന് പണിക്കർക്ക് കൊടുത്തു. പണിക്കര് ഒരെർക്ക് വെള്ളം കുടിച്ച് അനങ്ങാണ്ട് കെടന്ന് ശാസം മേലോട്ട് വെൽച്ചു

”ഓക്സിജൻ തീർന്നിറ്റിണ്ടാവും”

റിജീഷ് പറഞ്ഞത് ആരും കേട്ടില്ല. എങ്കിലും ദേവകി പറഞ്ഞ ത് എല്ലാരും കേട്ടു.

“എൻ്റെ ദൈവേ ….. ”

പയ്യന്നുർ പരവന്തട്ടയിൽ ജനനം. പയ്യന്നുർ കോളേജിൽ നിന്ന് ബിരുദവും, മംഗലാപുരം എസ്.ഡി.എം ലോകോളേജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി അഭിഭാഷകനായി. ഇപ്പോൾ ദുബായിൽ ആർക്കേഡ് ലിങ്ക് ടെക്നിക്കൽ സെർവ്വീസസ് എന്ന സ്ഥാപനം നടത്തുന്നു. യു എ ഇ യിലെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫറാണ്. പ്രസിദ്ധീകരിച്ച കൃതികൾ 'മരുപ്പച്ചകൾ എരിയുമ്പോൾ" (നോവൽ)' 'ലിഫ്റ്റിനടുത്തെ പതിമൂനാം നമ്പർ മുറി” (കഥാസമാഹാരം) . ആനുകാലികങ്ങളിൽ കഥകളും, കവിതകളും എഴുതാറുണ്ട്.