
അവള് അവളിലേക്ക് തിരിഞ്ഞു നോക്കി.
എവിടെ, എപ്പോഴാണ് തന്നില്‍ മാറ്റങ്ങള്‍ നിറഞ്ഞത്. കേട്ട കഥകളും അനുഭവങ്ങളും വായിച്ചവയും ഒന്നും തന്നെ തന്റെ ജീവിതത്തിന്റെ സ്വച്ഛന്ദമായ ചലനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിപ്പിക്കാതെ, വര്‍ഷങ്ങളായ് പരിപാലിക്കുവാന്‍ തനിക്ക് കഴിഞ്ഞിരുന്നു.
അച്ഛനായിരുന്നു ഓരോ കാല്‍വയ്പ്പിലും പിന്‍ബലം. അച്ഛന്റെ ഒരു വാക്കിൻറെ പിൻബലം മതി ഏത് ദുഷ്കരമായ കാര്യവും ജയിച്ചു വരാന്‍. ഓരോ വിജയവും സമ്മാനിക്കുന്ന സന്തോഷത്തിനേക്കാളും മേലെയാണ് നെറുകയിൽ അച്ഛന്റെ ഒരു സ്നേഹചുംബനം. പതിവായി നെറുകയിൽ തിരുന്ന രാസ്നാദിപ്പൊടിയുടെ മണമാണ് ആ ചുംബനത്തിന്. പഠനകാലത്തും അച്ഛന് തന്നെയായിരുന്നു സഹായിയും വഴികാട്ടിയും. പിജിയുടെ റിസള്‍ട്ട് വരുന്ന ദിവസം ആകെ ടെന്‍ഷനടിച്ചു നടന്ന തന്നെ ചേര്‍ത്തിരുത്തി സമാധാനിപ്പിച്ചപ്പോള്‍ “ഓ ഒരു അച്ഛനും മോളും” എന്ന് പരിഭവിച്ച അമ്മയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
“സ്നേഹാ.. ഉറക്കമാണോ.?”
നേർത്ത ആ ശബ്ദമാണ് ഓർമകളിൽ നിന്ന് ഉണർത്തിയത്.
“ഇല്ല ഡോക്ടര്‍. വെറുതെ കണ്ണടച്ച് കിടന്നുവേന്നേയുള്ളൂ.”
ഏതോ ഹാൻഡ് സാനിറ്റൈസറിന്റെ മണവും തണുപ്പുമാണ് ഡോക്ടറുടെ സാമീപ്യത്തിനു പോലും.
“ഇപ്പോള്‍ സുഖം തോന്നുന്നുവോ? വൈശാഖിനെ കാണാന്‍ തയ്യാറായോ?”
“ഞാന്‍ …..” സ്നേഹയുടെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു.
“എനിക്ക് ഡോക്ടറോട് ഇനിയും ചിലതു കൂടി പറയാനുണ്ട്. എന്റെ ചിന്തകളിലെ ശരിയും തെറ്റും തീര്‍ത്തും എനിക്ക് ബോധ്യമായ ശേഷമേ വൈശാഖിനെ എനിക്ക് പഴയ സ്നേഹയായി കാണാന്‍ കഴിയൂ.”
“അങ്ങനെയാകട്ടെ സ്നേഹാ. നമുക്ക് ഇന്ന് വൈകുന്നേരം പുറത്തു പോയി ഒരു കോഫിയൊക്കെ കഴിച്ച് കറങ്ങി വരാം.”
സമ്മതമെന്നു തലയാട്ടി. ചിന്തകളുടെ കടന്നല്‍ക്കൂടിളകിയ അവസ്ഥയില്‍ നിന്നും ചെറിയൊരു മോചനം ലഭിച്ചപോലെ. ഇഷ്ടമുള്ള ജോലി തിരഞ്ഞെടുത്ത് ആദ്യ സിറ്റിംഗ് കഴിഞ്ഞപ്പോള്‍ മനസ്സ് ഇതുപോലെ ഭ്രാന്തമായിരുന്നു. അന്ന് അച്ഛന് എത്രനേരമെടുത്തെന്നോ എന്നെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍.
“മോളെ, നീ മറ്റുള്ളവരുടെ മനസ്സിനെയും ചിന്തകളെയും പഠിക്കുന്നവളാണ്. അവിടെ സാധാരണക്കാരന്റെ വികാരവിക്ഷോഭങ്ങള്‍ നിറയാന്‍ പാടില്ല. കണ്ടെത്തുന്നവ പുതുമയോടെ ഉള്‍ക്കൊള്ളാന്‍ കഴിയണം. എങ്കിലേ നിന്റെ ജോലിയില്‍ നിനക്ക് ശോഭിക്കാന്‍ കഴിയൂ.”
പിന്നീടങ്ങോട്ട് ഓരോന്നും പുതിയ അനുഭവങ്ങളായി സ്വീകരിക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരേ സമയം മുന്നിലെത്തുന്ന വ്യക്തിയായും, അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുള്ള ആളായും എനിക്ക് മാറാന്‍ കഴിഞ്ഞു. കുടുംബബന്ധങ്ങളിലെ നേരിയ നൂല്‍പ്പാലങ്ങള്‍, അവ തമ്മിലുള്ള അകലങ്ങളും അടുപ്പങ്ങളും എന്തിനേറെ വളരെ നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ പോലും വലിയ പ്രശ്നങ്ങള്‍ ആയി തലയിലേറ്റി കൊണ്ട് വരുന്നവര്‍ ധാരാളം. ഒരിക്കലും അവരെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യാന്‍ തോന്നിയിട്ടില്ല. അതാകണം എന്റെ വിജയവും. എന്നോട് മറ്റുള്ളവര്‍ കാട്ടുന്ന പരിഗണനയും സ്നേഹവും. പക്ഷേ, ഇന്ന്…
വാതില്‍ തുറന്നു ഡോക്ടര്‍ അകത്തേക്ക് വന്നു. ചെറുകാറ്റിന്റെ അകമ്പടിയോടെ പതിവ് സുഗന്ധവും. ഡോക്ടറുടെ മാത്രം സ്വന്തമായത്. ചില ഗന്ധങ്ങള്‍ നമ്മെ ചിലരിലേക്കോ ചില സ്ഥലങ്ങളിലേക്കോ ചിന്തകളിലേക്കോ ഒക്കെ കൂട്ടിക്കൊണ്ടു പോകാറുണ്ട്. ശ്രേയയ്ക്ക് എപ്പോഴും ബേബിസോപ്പിന്റെ മണമാണ്. വൈശാഖിനു പായ്ക്കപ്പലിന്റെ പടമുള്ള ഓൾഡ് സ്പൈസിന്റെ അക്വാ ഗന്ധവും. കടലിന്റെ നീല മണം.
“സ്നേഹാ…. നീ ഇതുവരെയും റെഡിയായില്ലേ? നേരത്തെ പറഞ്ഞിരുന്നതാണല്ലോ.”
“രണ്ടു മിനിറ്റ് ഡോക്ടര്‍. ഞാനോരോന്നു ആലോചിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.”
“ശരി ശരി. വേഗമാകട്ടെ. ഞാന്‍ പുറത്തുണ്ടാകും.”
ഡോക്ടറോട് എല്ലാം തുറന്നു പറയുമ്പോള്‍ തീരാവുന്നതെയുള്ളൂ തന്റെ വേവലാതി. ചില സ്വപ്നങ്ങള്‍ നമ്മുടെ മനസ്സില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ എത്ര വലുതാണ്. വീണ്ടും ചിന്തിച്ചിരുന്നാല്‍ ഇനിയും വൈകുമല്ലോ എന്നോര്‍ത്തു വേഗം റെഡിയായി. ഒരു നിമിഷം ഒന്നാലോചിച്ചു പ്രിയപ്പെട്ട ലാവൻഡെർ ഫെതറിന്റെ മണം പുരട്ടി താഴേക്കു ചെന്നു.
സൂര്യന് ഇളം ചുവപ്പുകുടയാല് സ്വയം സൗന്ദര്യം വാരിപ്പൊതിഞ്ഞു നില്ക്കുന്നു. ചെറിയൊരു കാറ്റ് ബോഗന്‍വില്ലയിലെ വയലറ്റ് പുഷ്പങ്ങളെ വെറുതെ ഉമ്മവച്ചു ഇളക്കി പറത്തുന്നുണ്ട്. ഒരു പകലിന്റെ അന്ത്യയാമങ്ങള്‍. ഓരോ ജീവജാലങ്ങള്‍ക്കും ചെയ്തു തീര്‍ക്കാന്‍ ഓരോരോ കര്‍മ്മങ്ങള്‍. വീട്ടിലേക്ക് പോകാനുള്ള ധൃതി ഓരോരുത്തരിലും കാണാം.
“സ്നേഹാ, ഇതുവഴി പോരൂ.
ഡോക്ടറുടെ വിളി കേട്ട ദിശയിലേക്കു സ്നേഹ നടന്നു.
“ആട്ടെ, ഇപ്പോള്‍ എന്തിനെക്കുറിച്ചാണ് സ്നേഹ ചിന്തിക്കുന്നത്? ഒരു പി.എച്ച്.ഡി എടുക്കാനുള്ള സ്കോപ് ഉണ്ടോ?”
“ഡോക്ടര്‍ കളിയാക്കിയതല്ലേ.”
അങ്ങനെ ഇല്ലെന്നു പറയാനും കഴിയില്ല. സ്വപ്നങ്ങളുടെ സങ്കീര്‍ണ്ണത എന്നെ ഏറെ ചിന്തിപ്പിക്കുന്നു. ചില സ്വപ്നങ്ങള്‍ ഇഴപിരിച്ചു മാറ്റാന്‍ കഴിയാത്ത വിധം ജീവിതത്തില്‍ പറ്റിപ്പിടിച്ചുകിടക്കും. പകലിന്റെ കൂടെ പൂർണ്ണമായും ഒഴിഞ്ഞു പോയ നേർത്തകാറ്റ് വീശിക്കൊണ്ടിരുന്നു.
“ശരിക്കും സ്നേഹാ. എനിക്കും അങ്ങനെ ചിലപ്പോള്‍ തോന്നാറുണ്ട്. സഫലമാകാതെ കിടക്കുന്ന ആഗ്രഹങ്ങള്‍ സ്വപ്ന രൂപത്തില്‍ നാം അനുഭവിക്കുന്നതായി. എന്റെ ബിന്നിച്ചന് എത്രയോ തവണ എന്നോടൊപ്പം. സത്യമല്ലാന്നു എന്നെ വിശ്വസിപ്പിക്കാന്‍ ഞാനേറെ സമയമെടുക്കും ചിലപ്പോഴൊക്കെ. പെട്ടെന്നുള്ള വേര്‍പാട് ഇപ്പോഴും മനസ്സ് അംഗീകരിച്ചിട്ടില്ല. ബോധമനസ്സില്‍ ഞാന്‍ വളരെ ബോള്‍ഡ് ആണെങ്കിലും ചില നിമിഷങ്ങള്‍ എന്റെ സ്ത്രീത്വത്തെ മാത്രം.”
പതിയെ വീശിക്കൊണ്ടിരുന്ന കാറ്റ് പൊടുന്നനെ എവിടേയോ നിശ്ചലമായതുപോലെ. അവിടമാകെ ഒരു ശൂന്യത നിറഞ്ഞു.
“ഡോക്ടര്ക്കറിയോ. എനിക്കൊരിക്കല്‍ പനി പിടിച്ചു ഒരു ബോധവുമില്ലാതെ കിടക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ ഉണര്‍ന്നപ്പോള്‍ കഞ്ഞി കുടിക്കാന്‍ വല്ലാത്ത ആഗ്രഹം. എന്ത് ചെയ്യാന്‍ ? പകുതി മയക്കത്തിലാണ്. അങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ അമ്മയെ സ്വപ്നം കണ്ടു. സ്വപ്നമാണെന്ന് തോന്നിയില്ല. അമ്മേ, എനിക്ക് അല്പം കഞ്ഞി വേണമെന്ന് പറഞ്ഞു. തേങ്ങാപ്പാലൊഴിച്ച കഞ്ഞി ചൂടോടെ കുടിച്ചു. കണ്ണു തുറക്കുമ്പോള്‍, കട്ടന്‍ കാപ്പിയുമായി അരികിലിരിപ്പുണ്ട് വൈശാഖന്!”
പിന്നീടൊരു വാഗ്വാദമായിരുന്നു. അമ്മ വന്നിരുന്നു എന്നു ഞാൻ പറയുന്നതിനെ കണക്കട്ട് കളിയാക്കും. എത്ര അകലെയാണെങ്കിലും ചെറിയൊരു വയ്യായ്ക വന്നാലെത്ര വേഗമാണ് അമ്മ അടുത്തെത്തുക. പനിയോരങ്ങളില് നേര്‍ത്ത തണുപ്പുള്ള കൈകള്‍ ഉഴിയുമ്പോഴുള്ള സുഖം. ചിലപ്പോഴൊക്കെ കുഞ്ഞായി തന്നെയിരുന്നാല്‍ മതിയെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍. ചെമ്പ് കുട്ടുകത്തിൽ നെല്ലുപുഴുങ്ങുന്ന മണമാണ് ആ നേരങ്ങൾക്ക്.
“സ്നേഹാ. ഇത് പി.എച്ച്ഡി.ക്കുള്ള സ്കോപ്പ് തന്നെയാണ് കേട്ടോ. വൈശാഖിനെയും മകളെയും അമ്മയെ ഏല്‍പ്പിച്ചു എന്തിനുള്ള പുറപ്പാടാണ് ?”
സ്വപ്നങ്ങളുടെ പിറകെ പോയാല്‍ പിന്നെ മടക്കം വിഷമകരം തന്നെ. എഴുത്തുകാരൊക്കെ പകുതി ഭ്രാന്തന്മാരാന്നു പറയുന്നത് ശരിയാകും. ദിവാസ്വപ്നത്തിലാണല്ലോ അവരുടെ ഭാവനകള്‍ ചിറകുകുടഞ്ഞു പറന്നു പൊങ്ങുന്നത്.
ചന്ദനത്തിരിയുടെ നേര്‍ത്ത സുഗന്ധം അവിടെയാകെ പൊതിഞ്ഞു നിന്നിരുന്നു. സന്ധ്യാസമയത്തെ വേഗം മറികടന്നു ഇരുട്ടെത്തുന്നത് പോലെ.
“ഡോക്ടര്‍, നമ്മൾ പുറത്തേക്കിറങ്ങിയത് എനിക്ക് നല്ലൊരാശ്വാസമായി. പുതിയൊരുണര്‍വ്വ് വന്നതുപോലെ.”
മൂടിക്കെട്ടിയിരുന്ന് ഇരുന്ന് മനസ്സിന് തന്നെ ആകെയൊരു മരവിപ്പായിരുന്നു. അതൊക്കെ എന്നെ വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു.
“സ്നേഹാ. ഞാനും എന്തൊക്കെയോ മനസ് തുറന്നു പറയുകയും സംസാരിക്കുകയും ചെയ്തു.”
എത്ര ഉയര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളില്‍ വളരെ ലോലമായ ഒരു ഭാവമുണ്ട്. എപ്പോഴും മറഞ്ഞിരിക്കാത്ത ഒരു തരളത. നിമിഷ നേരത്തേക്കെങ്കിലും അതു നമ്മെ കീഴടക്കും. സാഹചര്യങ്ങളുടെ അടിമകളായി പോകും നമ്മൾ.
അറിയാതെ ഒരു കടലിളക്കം സ്നേഹയുടെ ഉള്ളിൽ സംഭവിച്ചുകൊണ്ടിരുന്നു. എനിക്ക് ഇനിയും വൈശാഖിനെ പിരിഞ്ഞിരിക്കാനാവില്ല. ഡോക്ടറോട് എല്ലാം തുറന്നു പറഞ്ഞാലോ. വീണ്ടും കാറ്റുവീശിത്തുടങ്ങി. മുടിയിഴകൾ പാറി മുഖത്തേയ്ക്കു വീണത് ഒതുക്കിക്കൊണ്ട് ഡോക്ടർ ദൂരേക്ക് നോക്കി നിൽക്കുകയാണ്. പറയാനൊരുങ്ങിയത് വേണ്ടെന്നു വച്ച് സ്നേഹ കാട്ടിലാടാതെ നിൽക്കുന്ന മരച്ചില്ലയെ നോക്കിനിന്നു.
“നമുക്ക് മടങ്ങിയാലോ? ഇരുട്ട് വീണു തുടങ്ങുന്നു.”
“സ്വയം രോഗിയായി അഭിനയിക്കുകയും, അനുഭവിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും അല്ലേ ഡോക്ടര്‍.”
“ഇല്ല സ്നേഹാ. ഈ ചോദ്യങ്ങളൊക്കെ നിന്റെ ഉള്ളിലുള്ള സമസ്യകളുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമം ആണ്. സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തൂ. നിനക്കതിന് കഴിയും. വേഗം തിരികെ വൈശാഖിന്റെ അടുത്തെത്തണ്ടേ?”
“എത്തണം.”
എന്തുകൊണ്ടായിരിക്കും പിന്നെയും താനങ്ങനെ പ്രതികരിച്ചത്? ഏത് തിരമാലയാകാം തന്റെ മണൽത്തീരത്തിലേക്ക് വീണ്ടുമാ കടൽശംഖിനെ കൊണ്ടെത്തിച്ചത്.
വഴിയില്‍ കണ്ട പരിചിത മുഖങ്ങളിലെ പുഞ്ചിരിയും സ്നേഹാന്വേഷണങ്ങളുമൊന്നും അവള് കണ്ടതേയില്ല. റൂമിൽ എത്തിയപാടെ കിടക്കയിലേക്ക് ചാഞ്ഞു.
“അടിക്കവനെ. അടിച്ചു കൊല്ലൂ.”
“മാഡം. ആരെയാ കൊല്ലേണ്ടത്?”
പ്രഷര്‍ ചെക്ക് ചെയ്യാന്‍ വന്ന ലിന്ഡയാണത് ചോദിച്ചത്. ഡോക്ടര്‍ നേരത്തെ പറഞ്ഞ് ഏർപ്പാട് ചെയ്തിരുന്നു സ്നേഹയുടെ പ്രഷര്‍ നോക്കാന്‍.
“ഏയ്… എന്തൊക്കെയോ സ്വപ്നങ്ങള്‍. ലിന്‍ഡ എന്താ ചോദിച്ചത്. കൊല്ലാനോ ? ആരോ ഒരാള്‍ ഒരു കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടു. അതാവും അങ്ങനെ വിളിച്ചു കൂവിയത്. ഇതെന്താ അപ്പാരറ്റസുമൊക്കെയായി? സ്വപ്നങ്ങള്‍ രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഭയന്നാണോ? സാരമില്ല ലിന്‍ഡാ എന്തായാലും ഇപ്പോള്‍ നോക്കണ്ട. അരമണിക്കൂര്‍ കഴിയട്ടെ.”
ചെറിയൊരു മയക്കം സ്നേഹയെ സ്വപ്നങ്ങളുടെ കൊട്ടാരങ്ങളിലേക്ക് പതിയെ നടത്തി. തിരമാലകൾക്കും താഴെ ആകാശം പോലെ കടൽ നീലനിറമാർന്നു കിടക്കുന്നതിനും താഴെ ഒരു കൊട്ടാരം.
“സ്നേഹാ… നീ വീണ്ടും ഉറക്കമായോ? അതോ പി.എച്ച്.ഡിയുടെ ഭാഗമോ? എന്തായാലും മുഖം കണ്ടാല്‍ മനസ്സിന്റെ ആയാസം കുറഞ്ഞതായറിയാം. വരൂ സ്നേഹാ, ഞാനിന്ന് ഇവിടെ കൂടാന്‍ തീരുമാനിച്ചു. നമുക്ക് ബാല്‍ക്കണിയില്‍ ഇരിക്കാം. എന്റെ മനസ്സിലെ കുറെക്കാര്യങ്ങള്‍ എനിക്ക് നിന്നോട് പങ്കുവയ്ക്കാനുണ്ട്. മനസ്സിലാക്കാനും കേള്‍ക്കാനും നിന്നെക്കഴിഞ്ഞേയുള്ളൂ ആരും. അങ്ങനെയൊരാളിനോട് മാത്രമേ എല്ലാം തുറന്നു പറയാന്‍ കഴിയൂ.”
അവസാനവാചകം സ്നേഹയെ വല്ലാതെ സ്പര്‍ശിച്ചു. അതെ, എനിക്കും എല്ലാം തുറന്നു പറയണം.
“രണ്ടു മിനിറ്റ് ഡോക്ടര്‍. ഞാന്‍ വന്നോളാം.”
“ശരി എന്നാല്‍ ഞാനങ്ങോട്ടു നടക്കാം. നീയങ്ങു വന്നോളൂ.”
സ്നേഹയ്ക്ക് ഒരു പ്രത്യേക ഊര്‍ജ്ജം കൈവന്നതു പോലെ. പാറിക്കിടന്ന മുടിയൊക്കെ ഒന്നു ചീകിയൊതുക്കി അവള് പുറത്തേക്കിറങ്ങി. കോറിഡോറിലൂടെ കൈകോര്‍ത്തു നടക്കുന്ന ദമ്പതികളുടെ കാഴ്ച സ്നേഹയുടെ മനസ്സില്‍ തട്ടിനിന്നു. ഒരു നെടുവീര്‍പ്പ് അറിയാതെ അവളില്‍ നിന്നു പുറപ്പെട്ടു.
“ആഹാ എത്തിയോ. വളരെ മിടുക്കിയായിരിക്കുന്നല്ലോ സ്നേഹ.”
“ശരിയാ, ഡോക്ടറുടെ സാന്നിധ്യം കൂടി ആയപ്പോള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചത് പോലെ. വൈശാഖ് എപ്പോഴും പറയാറുണ്ട്. നമ്മള് രണ്ടാളും ചേര്‍ന്നാണത്രേ കാന്തികപ്രഭാവം സൃഷ്ടിച്ചത്.”
അറിയാതെയെങ്കിലും വൈശാഖിലേക്ക് എത്തിയത് നന്നായെന്നു അവള്‍ക്ക് തോന്നി.
“ഡോക്ടര്‍, ഞാന്‍ എന്നെ വിശ്വസിക്കുന്നതിലുമേറെ വൈശാഖിനെ വിശ്വസിക്കുന്നു. അതാണ് എന്റെ പ്രശ്നവും. എന്റടുത്തു വരുന്ന കേസുകളുടെ സ്വഭാവം ഡോക്ടര്‍ക്ക് അറിയാവുന്നതാണല്ലോ. പാവോലാവിന്റെ കണ്ടീഷനിംഗ് പോലെ ചിലപ്പോഴൊക്കെ ഞാനും അത്തരത്തില്‍ ചിന്തിക്കുന്നതായി എനിക്ക് തന്നെ തോന്നിയിരുന്നു. അതു നിസ്സാരമാക്കി കളയാനും കഴിഞ്ഞിരുന്നില്ല . എന്നാല്‍ ആ സ്വപ്നം.”
“ഒരു സ്വപ്നത്തിന്റെ ബലത്തിലാണോ സ്നേഹാ നിന്റെ ആത്മവിശ്വാസങ്ങളൊക്കെ തകര്‍ന്നത്? വിശ്വസിക്കാന്‍ കഴിയുന്നില്ല.”
നിശബ്ദത ഒരു മൂടല്‍മഞ്ഞു പോലെ ചുറ്റാകെ പൊതിഞ്ഞു. സ്നേഹ ഡോക്ടറുടെ അടുത്തേക്ക് ചാഞ്ഞിരുന്നു. അവളെ ചേര്‍ത്തു പിടിച്ചു തോളില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ഡോക്ടര്‍. അവള് ചെറിയൊരു മയക്കത്തിലേക്ക് അടുക്കുന്നതായി തോന്നി.
“മോളെ, നീ വിചാരിക്കുന്നതു പോലൊന്നുമല്ല സംഭവിച്ചത്. എന്താണ് നിന്റെ മനസ്സിലിപ്പഴും ?”
“അത്.. എന്നെ ചുറ്റിവരിഞ്ഞിരുന്ന വൈശാഖിന്റെ കൈ പതിയെ അയഞ്ഞു ശ്രേയമോളുടെ ദേഹത്തേക്ക്….”
കടൽത്തിരകൾക്ക് താഴെ അടിയൊഴുക്കുകളിൽ കുറുകെ നീന്തി തുടിക്കുന്ന നീരാളികൾ. അക്വാ എന്ന് ഓമനപ്പേരിട്ട് കടലിന് മണമുണ്ട് എന്ന് പറഞ്ഞിരുന്നത് വെറുതെയാണുന്ന് തോന്നിപോയി. കടൽച്ചൊരുക്കിന്റെ ഉപ്പുമണം രക്തത്തിലേക്ക് തിരപോലെ ഇരച്ചു കയറിയതുപോലെ. സ്നേഹ സ്വപ്നത്തിലെന്ന പോലെ പൊടുന്നനെ ഡോക്ടറുടെ കൈയ്യില്‍ ആഞ്ഞടിച്ചു.
“സ്നേഹാ…. സ്നേഹാ …”
അവള് ബോധം മറഞ്ഞു ഡോക്ടറുടെ മാറിലേക്ക് ചരിഞ്ഞു. കുറച്ചു വെള്ളം മുഖത്തൊക്കെ തളിച്ച്കഴിഞ്ഞപ്പോള് സ്നേഹം പതിയെ മയക്കത്തില്‍ നിന്നും മോചിതയായി.
“എന്താ എനിക്ക് പറ്റിയെ ? വൈശാഖ് എവിടെ ? മോള് എവിടെ ?”
“അവര്‍ രാവിലെ എത്തും സ്നേഹാ. നിനക്ക് തിടുക്കമായോ അവരെ കാണാന്‍ .?”
“നാളത്തെ ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ പോരെ ?”
“മതി ഡോക്ടര്‍. ഞാന്‍ പറഞ്ഞ കേസ്, ഓക്കെയാക്കി വിട്ടു അല്ലേ ഡോക്ടര്‍.”
ഒരു നേര്‍ത്ത ചിരിയില്‍ എല്ലാമൊതുക്കി ഡോക്ടര്‍ പതിയെ മുറിയിലേക്ക് നടന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഏതോ കസ്തൂരി സുഗന്ധം അവിടെമാകെ പരക്കുന്നതായി സ്നേഹയ്ക്ക് തോന്നി.
