ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )

ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു. ചെടിക്കുളം ആയിഷാ എൽപി സ്കൂളിലാണ് പഠിച്ചത് . അമ്പലക്കണ്ടിയിലെ ചാണകം മെഴുകിയ വീട്ടിൽ നിന്നും ആയിഷയുടെ പരുക്കൻ തറയിലേക്കുള്ള ദൂരം ഒന്നര കിലോമീറ്ററായിരുന്നു. പത്തു മണിക്കടിക്കുന്ന ആരംഭ ബെല്ലിലേക്കെത്തുവാൻ അര മണിക്കൂർ തികച്ചു വേണ്ടെങ്കിലും എട്ടു മണിക്കേ നടപ്പാരംഭിക്കും. വെറുതേയങ്ങ് നടന്നാൽ പോരല്ലോ. പോകുന്ന വഴിക്കെന്തെല്ലാം കുറുമ്പുകൾ കാണിക്കാനുള്ളതാ!

ഞങ്ങൾ മൂന്നു പേരായിരുന്നു സുഹൃത്തുകൾ. ഞാനും, സുധീഷും, വിഷ്ണുപ്രിയയും. (പ്രിയരേ നിങ്ങളിത് വായിക്കുന്നുവോ?) ‘വിഷ്ണു പ്രിയേ… ഇന്നെങ്കിലും കുറച്ച് നേരത്തേ പോകണം. ഇന്നവൻ വരുമെന്ന് തോന്നുന്നില്ല. ഇന്നലത്തെ തല്ലു കേസിൽ മേഴ്സി ടീച്ചർ പൊക്കും!’ യെസ്, ദ ഗ്രേറ്റ് സുധീഷ്. എൽ പി സ്കൂളിലെ അധോലോക രാജാവ്. മുതലാളിയായ ജീസനോട് പെൺ കുട്ടികളെ ലൈനടിച്ച കാര്യം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു രൂപായും രണ്ടു രൂപായുമൊക്കെ ഗുണ്ടാ പിരിവ് നടത്തിയിരുന്നു സുധീഷ്. തന്റെ ബാല്യത്തിന്റെ തേൻ മുട്ടായി എനിക്കായി പകുത്ത് തന്ന നല്ല ചങ്ങാതീ..’എടീ നീയിന്തെടുക്കാ? പോകുന്ന വഴിക്കഞ്ചൂനേം കൂട്ടേണ്ടതാ. വേഗം നടക്ക് ‘

പഴുത്ത മാങ്ങയുടെ ചാറ് പടർന്നിറങ്ങിയ കൈമുട്ട് നീല പാവാടയിൽ തുടച്ചവൾ നടത്തത്തിന്റെ വേഗത കൂട്ടുന്നുണ്ട്. അഞ്ചു മിനിറ്റ് താമസിച്ചാൽ കിട്ടിയേക്കാവുന്ന വക്കച്ചൻ മാഷിന്റെ ചൂരൽ കഷായം വരാന്തയിൽ പ്രകമ്പനം കൊണ്ടു… വക്കച്ചൻ മാഷങ്ങനെയായിരുന്നു. കൈയ്യിലെപ്പോഴും ചൂരൽ വടി മുറുകെ പിടിക്കുമെങ്കിലലും അദ്ദേഹത്തിന്റെ സ്നേഹ മഴയിൽ നനഞ്ഞിട്ടുള്ളവരാണ് ഞങ്ങളെല്ലാവരും. ഓർമ്മകൾ ചെമ്പകം മൊട്ടിട്ട ചരൽ മുറ്റവും കടന്ന് ആയിഷയുടെ വരാന്തയിൽ കിതച്ചു നിന്നു.

‘എന്താ പോലും ഒരു തിക്കും തിരക്കും?’ ഓഹ്, നമ്മുടെ ഓട്ടക്കാരൻ അഭിക്ക് സബ് ജില്ലയിൽ മൂന്നാം സ്ഥാനം കിട്ടിയതിന്റെ ആഘോഷമാ .. പായസ വിതരണം ബൈ സാബു സാർ! അഭിനന്ദേ നിനക്കിനി അഭിനന്ദനങ്ങൾ. ‘

പായസം കുടിച്ചിട്ട് വേണം ക്ലാസ്സിൽ കയറാൻ. എന്നിട്ട് ബെഞ്ചിലിരുന്ന് തിക്ക് കൂടണം. ഡസ്ക്കുകളിൽ സ്കെച്ച് പേനകൾ കൊണ്ട് വരയിട്ട് എന്റെ വീതം കണക്കു പറഞ്ഞ് വീതിച്ചെടുക്കണം. എന്നിട്ടതിലൊരു മാവിൻ തൈ നടണം. കണ്ണിമാങ്ങകൾ മൊട്ടിടുന്ന കാലത്ത് അവയൊക്കെയും തല്ലി കൊഴിക്കണം.

‘ഓഹ്, മുൻ ബെഞ്ചുകളിലെ പഠിപ്പിസ്റ്റുകൾ ഉസാഘകളിൽ അഭിരമിക്കുകയാണല്ലോ.. എടീ നീയാ നോട്ട് ബുക്കീന്ന് നടു പേജിങ്ങ് കീറിയെടുക്ക് .. അവന്മാരുടെ കോളറുകളിലേക്കവ പറത്തി വിടണം… ഇങ്ങനെ പേടിച്ചാലോ? ഏറിവന്നാൽ ഇന്ദിര ടീച്ചർ രണ്ടടി തരും. അത്രയല്ലേ ഉള്ളൂ? അത് നമുക്കങ്ങ് സഹിക്കാം.’

ലാസ്റ്റ് ബെഞ്ചിലതാ അനാഥമാക്കപ്പെട്ട നിലയിലൊരു മലയാള പുസ്തകം. അതിന്റെ രണ്ടാം പേജൊന്ന് തുറന്നേ.. ചിലപ്പോൾ മയിൽപ്പീലി ഇരട്ട പെറ്റിട്ടുണ്ടാകും… ക്ലാസ്സ് വിട്ടിറങ്ങും മുന്നേ പൊട്ടിയ കളർ ചോക്കുകളെടുത്ത് പോക്കറ്റിലിടണം…. പ്രൊഫഷണൽ കള്ളന്മാരുടെ സൂഷ്മത വേണം. ഇല്ലെങ്കിൽ പണിപ്പാളും!…

‘വാടീ… ഇനിയിവിടെ നിക്കേണ്ട. എന്താന്നറിയില്ല കരച്ചില് വരുന്ന പോലെ. ലോങ് ബെല്ലടിച്ചു… ദേശീയ ഗാനത്തിന്റെ കൈയ്യും പിടിച്ച് വേഗത്തിൽ നടന്നോ. മഴ വരുന്നുണ്ട്… അല്ലെങ്കിൽ വേണ്ട ഈ മഴയങ്ങ് നനയാം. അന്നു പിടിക്കാത്ത പനി ഇന്ന് പിടിക്കുമോ?… ഈ കുട മഴ നനയാതിരിക്കാനുള്ളതല്ല. യദു മോന്റെ വീടിന്റെ വളവിലെ കൈത്തോട്ടിൽ നമ്മളിന്നലെ കണ്ട പരൽ മീനുകൾ മഴയിൽ പെരുകിയിട്ടുണ്ടാകും. കുട വെള്ളയൊരു കുളമാക്കി. ഓർമ്മകൾ പോലെ അവയിൽ പരൽ മീനുകൾ നീന്തിത്തുടിച്ചു…’

അനുബന്ധം: ഒരു വർഷത്തിന് മുൻപ് ആയിഷയുടെ ഓർമ്മയ്ക്കായി വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി. അന്നവിടെ എഴുതിയ ഒരു കുറിപ്പ് കൂടി ചുവടെ ചേർക്കുന്നു.

ചിന്തകൾ വല്ലാണ്ടു ഭ്രാന്തു പിടിപ്പിച്ച ഒരു കാലഘട്ടത്തിലാണ് അവൾ വീണ്ടുമെന്റെ കൈ പിടിച്ചത്. പ്രിയ ആയിഷ. ചുണ്ടുകളിൽ സ്നേഹാർദ്രമായ പ്രാർത്ഥന. ഒരോ കാൽവെപ്പിലും ശബ്ദിക്കുന്ന കാൽത്തളകൾ.. കവിതയില്ലാതെ കരഞ്ഞ രാത്രികളിൽ അവളെന്നെ ഓർമ്മയുടെ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ജയിൽ ഭിത്തിയിൽ ചിത്രങ്ങൾ വരയ്ക്കുവാനായ് ഒരു മയിൽ പീലിയും സമ്മാനിച്ചു.വികൃതമായി വരച്ചു… ‘രണ്ടുമലകൾ, നടുവിലൊരു സൂര്യൻ’. വേറെന്തു വരയ്ക്കാൻ? ഏറിയാൽ ആകാശത്തിന്റെ കോണിൽ രണ്ടു പക്ഷികൾ കൂടി ചെരിഞ്ഞു പറക്കും. പണ്ടുമങ്ങനെ തന്നെയായിരുന്നല്ലോ. ‘—‘ആയിഷ, അവളൊരു കിനാവാണ്. മറവിയുടെ ചിതലുകൾ തിന്നു തീർക്കാത്ത ഗ്രൂപ്പ് ഫോട്ടോയിൽ, ഇരട്ട പിന്നിയ മുടിയുമായി നിന്ന കിനാവ്. അക്ഷരപ്പെരുമയിൽ മഷിത്തണ്ടായ കിനാവ്! നിരാശയുടെ കരിപുരണ്ട ആകാശത്ത്, കർക്കിടക മേഘങ്ങൾക്കിടയിൽ നിന്നുമവൾ തോരാതെ പെയ്യുന്നു. കുട ഞാനെടുക്കാറില്ല, നനയാനാണിഷ്ടം. കുടയിൽ പരൽ മീനുകൾ നീന്തട്ടെ .വരൂ നമുക്കീ ഓർമ്മപ്പെരുമഴയിൽ ഒന്നിച്ച് നനയാം. കടലാസു വഞ്ചികൾ തുഴഞ്ഞ് തുഴഞ്ഞ് പോകാം. പണ്ട്, ബാലരമയിൽ പദപ്രശ്നം പൂരിപ്പിച്ച പകലിൽ നിനക്ക് കിട്ടാതെ പോയ ഒരു വാക്കില്ലേ? അതാണ് ആയിഷ. അവളാണ് ആയിഷ!

“എന്തു കൊണ്ടാണെന്നറിയില്ല; ചെമ്പക ഗന്ധമാണ് നിൻ സ്മൃതികൾക്ക് സ്നേഹിതേ.. എത്രയാണെന്നുമറിയില്ല നിന്നെ ഞാനത്രമേൽ ഓർത്തു വെക്കുന്നു ആയിഷേ! ..” ഇത് നിന്റെയും (എന്റെയും) ‘ പ്രേമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലന്നേ കുറിച്ച ഗീതം !