ഓരോ മണിക്കൂർ തോറുമുള്ള രോഗികളുടെ ഒബ്സർവേഷൻ റൗണ്ട്സിൽ ആയിരുന്നു ഞാൻ. എനിക്ക് അലൊക്കേറ്റ് ചെയ്തിരിക്കുന്ന രോഗിയോടൊപ്പം നിൽക്കുമ്പോൾ ഇടതുവശത്തെ കർട്ടനുള്ളിൽ നിന്ന് ഒരു തേങ്ങൽ കേട്ടതുപോലെ തോന്നി. വീണ്ടും ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, ആ കർട്ടന്റെ മറവിൽ ആരോ കരയുകയാണ്.
നൂറോളംപേർ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വന്നുപോകുന്ന വലിയൊരു യൂണിറ്റാണ് ഞങ്ങളുടേത്. കർട്ടൻ കൊണ്ട് ചുറ്റും മറയ്ക്കാവുന്ന ക്യുബിക്കിളുകൾ .
കർട്ടന് പിന്നിൽ ആരെന്നറിയാൻ ഞാൻ ഒരു ക്ഷമാപണത്തോടെ ആ സ്വകാര്യതയ്ക്ക് ഭംഗം വരുത്തി. മുട്ടുകാലിൽ മുഖം ചേർത്തുവച്ച് കരഞ്ഞു കൊണ്ടിരുന്ന ആ പെൺകുട്ടി ഒരു ഞെട്ടലോടെ തലപൊക്കി എന്നെ നോക്കി. എന്റെ വരവ് അവൾ തീരെ പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി. മുഖമാകെ കണ്ണീരിൽ കുതിർന്ന്, കണ്ണും മൂക്കും ചുവന്നു തുടുത്ത്….. എന്തിനാണ് ഇങ്ങിനെ കരയുന്നത് എന്നറിയാൻ മനുഷ്യസഹജമായ ഒരു ആകാംക്ഷ എന്നിൽ തലപൊക്കി.
രോഗികളുടെ സ്വകാര്യതയിൽ കടന്നുചെല്ലുന്നത് ശരിയല്ലെന്നറിയാം. എങ്കിലും എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് എന്തെങ്കിലും ആണോന്നറിയാൻ അവളുടെ അനുവാദം ചോദിച്ചു. അവൾ പറഞ്ഞു..
“നിനക്ക് ചെയ്തുതരാൻ പറ്റുന്ന കാര്യമല്ലിത്. എൻറെ ബോയ്ഫ്രണ്ട് എന്നെ ഉപേക്ഷിച്ചു പോയി. എനിക്ക് കരയണം. എനിക്കൊന്ന് കരഞ്ഞാൽ മാത്രം മതി.”
അവൾ പറഞ്ഞതുപോലെ എന്നെക്കൊണ്ട് കൂട്ടാൻ പറ്റുന്ന ഒരു മുറിവായിരുന്നില്ല അത്. അവൾക്ക് മനസ്സുതുറന്നു സംസാരിക്കാനും ആശ്വാസം പകരാനും യൂണിറ്റിൽ ലഭ്യമായിട്ടുള്ള സർവീസുകളെക്കുറിച്ച് ഞാൻ അവളോട് പറഞ്ഞു.
“അതൊന്നും വേണ്ടാ.. ഞാൻ ഓ ക്കെ ആയിക്കോളും. എനിക്ക് അല്പം സമയം കിട്ടിയാൽ മതി”. ഞാൻ പിന്തിരിയുമ്പോൾ അവൾ ഓർമിപ്പിച്ചു; “ആ കർട്ടൻ ഒന്നു വലിച്ചിട്ടേക്കണേ .”
തനിക്ക് ചുറ്റുമുള്ള സമൂഹത്തിൽ നിന്നും കർട്ടനുകൾ കൊണ്ടു മറച്ച്, ചെറിയൊരു ലോകത്തിൽ വീണ്ടും ഏകയായി അവൾ…..
വായനയ്ക്ക് വേണ്ടി നമുക്കാ പെൺകുട്ടിയെ സാറാ എന്നു വിളിക്കാം.
സാറയുമായുള്ള എൻറെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്.എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഞാൻ വീണ്ടും എൻറെ തട്ടകമായ ഡയാലിസിസ് യൂണിറ്റിൽ വന്ന ദിവസമായിരുന്നു ആദ്യത്തേത്. പല രാജ്യത്തുനിന്നു കുടിയേറിയ, പല പ്രായത്തിലുള്ള, പല വംശത്തിൽപ്പെട്ട രോഗികൾ ഉണ്ടവിടെ. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ഡയാലിസിസ് തുടങ്ങിയ പരിചയമില്ലാത്ത കുറെ പേരുകൾ രോഗികളുടെ ലിസ്റ്റിൽ കണ്ടു. എനിക്കുള്ള രോഗികളുടെ വരവും കാത്തു നിൽക്കുമ്പോഴാണ് കോളേജ് കുട്ടിയെപ്പോലെ സാറ കടന്നുവന്നത്. ടോപ്പും ഇളം നീല ജീൻസ് ഷോർട്സും വേഷം. കയ്യിൽ ഒരു ബാഗ്. മുടിയുൽപ്പന്നങ്ങളുടെ പരസ്യത്തിൽ കാണുന്ന സുന്ദരിമാരുടെ പോലെ ഒപ്പം വെട്ടിയിട്ട തിളങ്ങുന്ന കരുത്തുള്ള ഗോൾഡൻ മുടി. ഏതെങ്കിലും രോഗിയുടെ സന്ദർശകയാകും എന്നാണ് ഞാൻ കരുതിയത്.
അവൾ എന്നെ കടന്നു, ഒരു കോർണറിൽ സെറ്റ് ചെയ്തു വെച്ചിരുന്ന അവളുടെ ചെയർ കണ്ടുപിടിച്ച്, ബാഗ് ട്രോളിയിൽ എടുത്തു വച്ചു. ഒരു മാസമായി ട്രീറ്റ്മെൻറ് തുടങ്ങിയ ഞങ്ങളുടെ യൂണിറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ആ സുന്ദരിപ്പെൺകുട്ടി എന്നത് ഉൾക്കൊള്ളാൻ ഞാൻ പ്രയാസപ്പെട്ടു.
ഡയാലിസിസ് എന്ന കൗതുകപേരുള്ള ഞങ്ങളുടെ യൂണിറ്റിലേക്ക് കൂടുതൽ രോഗികളെയും എത്തിക്കുന്ന കൊട്ടേഷൻ സംഘത്തിലെ പ്രമുഖൻ പ്രമേഹം ആണ്. തൊട്ടുപിന്നാലെയുണ്ട് ഉയർന്ന രക്തസമ്മർദ്ദം, കിഡ്നിക്ക് ഉണ്ടാകുന്ന പലതരം അസുഖങ്ങൾ എന്നിവ. അതിൽ ആരാണ് ഇത്ര ചെറുപ്പത്തിലെ സാറയെ ഞങ്ങളുടെ അടുത്ത് എത്തിച്ചത് എന്നറിയാൻ അവളുടെ കേസ് ഹിസ്റ്ററിയിലൂടെ ഞാനൊന്ന് കയറിയിറങ്ങി.
21 വയസ്സാണ് സാറയ്ക്ക്. ഒക്യുപ്പേഷൻ തെറാപ്പി പഠിക്കുന്നു. പതിനെട്ടാം വയസ്സു മുതൽ തുടങ്ങിയതാണ് ഓരോ അസ്വസ്ഥതകൾ. അവ്യക്തമായ ലക്ഷണങ്ങൾ- അകാരണമായ ക്ഷീണം, ശർദ്ദിൽ, വിവിധ അണുബാധകൾ, വെയിലു കൊള്ളാൻ പോലും വയ്യ. പേര് പറഞ്ഞു ഉറപ്പിക്കാൻ ഡോക്ടർമാർക്ക് വെല്ലുവിളിയായി മാറിമറിഞ്ഞ പരിശോധനാഫലങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാറ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് 11 തവണ. ഇതിനിടയിൽ അവളുടെ യൂണിവേഴ്സിറ്റി പഠനത്തിൻറെ കാര്യം ഊഹിക്കാമല്ലോ. 17 തരം മരുന്നുകളാണ് കഴിക്കാനുള്ളത്. ഒരു 21 കാരിയുടെ ചുമലുകൾക്ക് താങ്ങാനാവുന്നതിലും വളരെയേറെ സങ്കീർണ്ണതകളും സാമ്പത്തിക ബാധ്യതയും ഉള്ള എന്തോ രോഗം. പലവിധ ടെസ്റ്റുകൾക്കൊടുവിൽ ചില ആൻറിബോഡി ടെസ്റ്റുകൾ ഡോക്ടർമാരുടെ പ്രശ്നത്തിന് ഉത്തരം കണ്ടെത്തി -“ഓട്ടോ ഇമ്മ്യൂൺ ഡിസീസ്” .
ഇങ്ങനെയൊരു അസുഖത്തെ എത്ര പേർക്ക് പരിചയം ഉണ്ടാകും എന്നറിയില്ല. ഒന്നോ രണ്ടോ മാർക്കിനു വേണ്ടി നഴ്സിംഗ് പഠനത്തിൻറെ രണ്ടാംവർഷം, ഷാഫഴ്സിന്റെ തടിയൻ മെഡിക്കൽ സർജിക്കൽ ബുക്കിൽ നിന്ന് മനപാഠമാക്കിയ ഒരു പാരഗ്രാഫ് മാത്രമായിരുന്നു എനിക്കത്. ഞങ്ങളുടെ ഒരു ജൂനിയർ കുട്ടിക്ക് ഈ അസുഖം സ്ഥിരീകരിക്കും വരെ. മനോഹരമായ അവളുടെ മുഖത്ത് അച്ചുകുത്തിയ ചിത്രശലഭത്തോടൊപ്പം വിടവാങ്ങിയ ഒരനുജത്തി .
പിന്നീട് ഞാൻ ആ പേര് വായിച്ചത് ഡയാലിസിസ് യൂണിറ്റിലെ മറ്റു ചില രോഗികളുടെ ചാർട്ടുകളിൽ ആണ് . ഇപ്പോഴിതാ സാറയുടേയും. എന്താണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്ന് നിങ്ങൾ ഇപ്പോൾ മനസ്സിൽ ചോദിച്ചില്ലേ? പദാനുപദ തർജ്ജമ “സ്വയം രോഗപ്രതിരോധ രോഗം “എന്നാണ്. അതായത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി താളം തെറ്റുന്ന അവസ്ഥ. സ്വന്തം കോശങ്ങളെയും രോഗാണുക്കളെയും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടെ ആരോഗ്യമുള്ള സ്വന്തം കോശങ്ങൾക്കെതിരെ ശരീരത്തിൻറെ പ്രതിരോധ സംവിധാനം ആക്രമണം നടത്തുന്നു. വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയും പോലെ.
നമ്മുടെ രോഗപ്രതിരോധശേഷിയെ ഒരു കാവൽനായയോട് ഉപമിക്കാം. പകലുറങ്ങുന്ന നായയെപ്പോലെ ഒരു അപരിചിതന്റെ അനക്കം കേട്ടാൽ ചാടി എഴുന്നേൽക്കുന്ന സ്വഭാവമാണ് അതിന്. ചില മരുന്നുകൾ, ഭക്ഷണങ്ങൾ, മാനസികസമ്മർദ്ദം, വെയിൽ അങ്ങനെ എന്തുമാകാം അതിൻറെ അമിതമായ പ്രതികരണത്തിന് പ്രകോപനം.
എങ്ങനെ ഈ അസുഖം ഉണ്ടാകുന്നു എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് ? ഇപ്പോഴും അറിയപ്പെടാത്ത ചില ദുരൂഹതകളാണ് ഇതിനു പിന്നിലുള്ളതെന്ന് പലരും വാദിക്കുമ്പോഴും, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ രോഗകാരണമായേക്കാമെന്ന് സ്ഥാപിക്കുന്നവരും ഉണ്ട് .
നമ്മുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെയും ത്വക്കിലൂടെയും, ശ്വാസത്തിലൂടെയുമൊക്കെ കടന്നുകൂടുന്ന വിവിധതരം രാസവസ്തുക്കൾ ശരീരത്തിൻറെ ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നു എന്ന് ഒരു കൂട്ടം പഠനങ്ങൾ പറയുന്നു.രാവിലെ പല്ല് തേക്കാൻ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റിനെ മുതൽ പ്ലാസ്റ്റിക് പാത്രങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, രാത്രിയിൽ കത്തിക്കുന്ന കൊതുകുതിരിയെ വരെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് ചില ഗവേഷകർ.
80 ശതമാനവും സ്ത്രീകളെ കൂടുതൽ ഇഷ്ടപ്പെടുന്ന ഈ രോഗം 15 മുതൽ 35 വയസ്സിനുള്ളിൽ തന്നെ അവരിൽ കടന്നുകൂടാൻ ശ്രമിക്കും. സ്ത്രീകളോടുള്ള ഈ അഭിനിവേശത്തിന് കാരണം അവരിലെ എക്സ് ക്രോമസോം ആണെന്ന് പറയപ്പെടുന്നു.
ഈ രോഗം ഉണ്ടോ എന്ന് എങ്ങനെ അറിയാം എന്നായിരിക്കും നിങ്ങളുടെ അടുത്ത ചോദ്യം അല്ലേ? അതിൻറെ ലക്ഷണങ്ങൾ ആദ്യം പറഞ്ഞതുപോലെ പോലെ അവ്യക്തമാണ്. എപ്പോഴും തോന്നുന്ന ഭയങ്കരമായ ക്ഷീണം, ചിലർക്ക് ശരീരം മുഴുവൻ ചൊറിയുക, കവിളത്ത് ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള പാടുകൾ, വന്നും പോയുമിരിക്കുന്ന പനി, സന്ധികളിൽ വേദന, നീരുവീക്കം, പേശികൾക്കും നാഡികൾക്കും തളർച്ച, വെയിൽ കൊണ്ടാൽ തൊലി ചുവന്നു തിണർക്കുക, വായ വരളുക, വിട്ടുമാറാത്ത വായ്പുണ്ണ്, കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകൾ, ദഹനേന്ദ്രിയങ്ങളുടെ അസുഖങ്ങൾ അങ്ങനെ എന്തും ഈ അസുഖത്തിലേക്കുള്ള ചൂണ്ടുപലകയാകാം.
ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്ന പേര് പരിചയമില്ലെങ്കിലും അതിൻറെ പല വകഭേദങ്ങളുമായി ജീവിക്കുന്ന പലരെയും നമുക്കറിയാം. ഇത് വായിക്കുന്ന നമ്മളിൽ പലരിലും ഈ അസുഖം യാതൊരു ലക്ഷണങ്ങളുമില്ലാതെ ഉറങ്ങിക്കിടക്കുന്നുണ്ടാകാം. 80 മുതൽ 100 രോഗങ്ങളെ ഈ കുടക്കീഴിൽ നിർത്തുന്നുണ്ട് വൈദ്യശാസ്ത്രം.
അവയിൽ നമുക്ക് പരിചയമുള്ളവ സന്ധിവാതം, തൈറോയ്ഡിനെ ബാധിക്കുന്ന ഹാഷിമോട്ടോസ് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ലൂപ്പസ്, കൊച്ചു കുട്ടികൾക്ക് ഉണ്ടാകുന്ന ടൈപ്പ് വൺ ഡയബറ്റിസ്, ഇതൊക്കെയാവാം.
ഓട്ടോ ഇമ്മ്യൂൺ ഡിസീസ്ൻറെ ചികിത്സയെക്കുറിച്ച് ആകും ഇനി നിങ്ങൾക്ക് അറിയേണ്ടത് അല്ലേ? അമിതമായി പ്രതികരിക്കുന്ന ഈ കാവൽ നായയെ ഉറക്കിക്കിടത്തുക എന്നതുതന്നെയാണ് ചികിത്സയുടെ രീതി. അതിനായി സ്റ്റിറോയ്ഡും, പ്രതിരോധശേഷി കുറയ്ക്കുന്ന immunosuppressants ഉം ആണ് പ്രധാനമായും ഉപയോഗിക്കുക. പലർക്കും ആയുഷ്ക്കാലചികിത്സ തന്നെ വേണ്ടിവരും. രണ്ടോ മൂന്നോ വയസ്സുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന പ്രമേഹവും ഇൻസുലിൻ ചികിത്സയും നിങ്ങൾ കേട്ടിട്ടുണ്ടാകും. തുടർച്ചയായ ചികിത്സയും ചിട്ടയായ ജീവിതക്രമവും കൊണ്ട് ജീവിതം താളാത്മകമായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് കഴിയും. വളരെനാൾ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ തുടർന്നാൽ ഡോക്ടർമാർ ഇത്തരം മരുന്നുകളുടെ ഡോസ് കുറയ്ക്കുകയോ ചിലത് ഒഴിവാക്കുകയോ ചെയ്തേക്കാം.
ഇത്തരം രോഗികൾ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യം ഇങ്ങനെ ഉറക്കിക്കിടത്തിയിരിക്കുന്ന നായ കള്ളനെ കണ്ടാലും പ്രതികരിക്കില്ല എന്നതാണ്. അതായത് എളുപ്പത്തിൽ അണുബാധകൾക്ക് വിധേയമാകാം അവരുടെ ശരീരം. അത്തരം സാഹചര്യങ്ങൾ അറിഞ്ഞു സ്വയം സംരക്ഷിക്കുന്നതാകും ബുദ്ധി. കോവിഡ് പഠിപ്പിച്ച വൃത്തി ശീലങ്ങൾ – സോപ്പിട്ട് കൈ കഴുകുക, പൊതുവായ ദേഹശുദ്ധി, അനാവശ്യമായ രോഗി സന്ദർശനങ്ങളും തിരക്കുകളും ഒഴിവാക്കുക എന്നിങ്ങനെ….
നമുക്ക് എങ്ങനെ നമ്മളെ തന്നെ സഹായിക്കാം എന്ന് മനസ്സിലായല്ലോ. അറിയപ്പെടുന്ന കാരണങ്ങൾ ഒഴിവാക്കുക. അവ്യക്തമായ രോഗലക്ഷണങ്ങൾ നിരന്തരം വേട്ടയാടുമ്പോൾ രോഗനിർണയം നടത്തും വരെ ചികിത്സ തേടുക.
പ്രോസസ് ചെയ്ത ആഹാരങ്ങളും മാംസാഹാരങ്ങളും ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് അതിൻറെ സ്വാഭാവിക ദഹനവ്യവസ്ഥയോട് നീതിപുലർത്താൻ കഴിയും. ജൈവാഹാരങ്ങൾക്ക് ഒരു പരിധിവരെ സഹായിക്കാൻ കഴിയും എന്ന് ഒരു കൂട്ടം ഗവേഷകർ പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്.
പൊതുവേ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ഇങ്ങനെയൊക്കെയാണ് എന്നിരിക്കെ നമുക്ക് സാറയിലേക്ക് മടങ്ങാം. കിഡ്നിയെ ബാധിച്ച ലൂപ്പസ് ആണ് സാറയുടെ കിഡ്നി കളെ പ്രവർത്തനരഹിതമാക്കിയത്. മറ്റ് ഡയാലിസ് രോഗികളെ പോലെ ഭക്ഷണത്തിനും പാനീയങ്ങളുടെ അളവിലും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സാറ പുതിയ ശീലങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നു. അവളുടേതായ “നോർമൽ ലൈഫ്”.
പഠനം പൂർത്തിയാക്കി അവളിപ്പോൾ ടൗണിൽ ഒരു ക്ലിനിക്കിൽ ജോലിചെയ്യുന്നു. ആഴ്ചയിൽ മൂന്നു ദിവസം മുടങ്ങാതെ ഡയാലിസിസിന് വരുന്നുണ്ട്. ദിവസവും ഓരോ മണിക്കൂർ എക്സർസൈസും. ഒരു നിത്യരോഗി എന്ന് കണ്ട് അവളെ ഉപേക്ഷിച്ചു പോയ ബോയ്ഫ്രണ്ടിന് അവൾ മാപ്പുകൊടുത്തിരിക്കാം. രോഗം ഒരു കുറ്റമല്ലെന്നറിയുന്ന, അവളുടെ വീഴ്ചകളിൽ താങ്ങാകാൻ കഴിയുന്ന ഒരു പങ്കാളിയെ ദൈവം അവളിലേക്ക് എത്തിക്കട്ടെ.
എനിക്കിപ്പോൾ അവളെ കാണുമ്പോൾ വിഷമം തോന്നാറില്ല. ആ മുഖത്തിപ്പോൾ നല്ല തെളിച്ചമാണ്. ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയും. ഒരു കിഡ്നി ട്രാൻസ്പ്ലാൻറ് ആയിരിക്കാം അവളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. അവൾക്ക് യോജിച്ച കിഡ്നിയുമായി സുമനസ്സുള്ളവർ അവളെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.
നമുക്കും പ്രാർത്ഥിക്കാം. ഇതുപോലുള്ള ഒരുപാട് സാറമാരെ നമ്മുടെ പ്രാർത്ഥനയിലും പ്രവർത്തികളിലും ഓർക്കാം.