എരോമൻ മാഷ് ഞങ്ങളുടെ ക്ലാസദ്ധ്യാപകനാണ്. ഖദര്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന,ഒരിക്കലും വടിയെടുക്കാത്ത, സൗമ്യനായ അദ്ധ്യാപകൻ. എല്ലാവരുടേയും പേടിസ്വപ്നമായ കണക്ക് ഞങ്ങള്‍ക്കദ്ദേഹം പച്ചവെള്ളം പോലെ സുഗമവും സുതാര്യവുമാക്കിത്തന്നു. അങ്ങനെ സാറിന്റെ ക്ലാസിലെ കുട്ടികളെല്ലാം പത്താംക്ലാസ് നല്ലനിലയിൽ പാസായി. കണക്ക് പേടിയായിരുന്ന എനിക്കുപോലും ആ വിഷയത്തിൽ നല്ല മാര്‍ക്കു തന്നെ കിട്ടി.!
റിസൽട്ടറിഞ്ഞദിവസം ഞങ്ങളെല്ലാവരും പഴയ ക്ലാസ്റൂമിലൊത്തുകൂടി. നമുക്കൊന്നു മാഷുടെ വീട്ടിൽ പോയാലോ ? ചര്‍ച്ച നീണ്ടു.ഒടുവിൽ, ഒരു സമ്മാനവും വാങ്ങി അദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ തീരുമാനമായി. സമ്മാനം, ഒരു ഖദര്‍മുണ്ടും ഷര്‍ട്ടും. എല്ലാവരും വിഹിതമെടുത്തപ്പോള്‍, പൈസ തികഞ്ഞു. എല്ലാവരും പോകുന്നില്ല. ക്ലാസ് ലീഡര്‍ രവിയും ഞാനുമടക്കം ആറുപേര്‍ പോകാൻ തീരുമാനമായി. അടുത്തുള്ള അങ്ങാടിയിൽനിന്ന് മാസ്റ്റര്‍ക്കു കൊടുക്കാനുള്ള വസ്ത്രങ്ങള്‍ വാങ്ങി. അങ്ങനെ, പന്ത്രണ്ടുമണിയാവുമ്പോഴേക്കും ഞങ്ങള്‍ എരോമൻമാഷുടെ വീട്ടിലെത്തി.
മാഷിന്റെ വീട് സ്കൂളിനടുത്തുതന്നയായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോളദ്ദേഹം പറമ്പിൽ കൃഷിപ്പണിയിലായിരുന്നു. ഒരു തോര്‍ത്തുടുത്ത്, മറ്റൊരു തോര്‍ത്ത് തലയിൽക്കെട്ടി അദ്ദേഹം പറമ്പുകിളയ്ക്കുകയായിരുന്നു. നല്ല കൃഷിക്കാരനാണദ്ദേഹമെന്ന്, അവിടുത്തെ തെങ്ങുകള്‍ പറയുന്നുണ്ടായിരുന്നു. തെങ്ങുകള്‍നിറയെ തേങ്ങയുണ്ട്.
ഞങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം പണിനിര്‍ത്തി, അടുത്തുവന്നു.
എല്ലാരും പാസായില്ലേ ? അദ്ദേഹം ചോദിച്ചു.
നമ്മുടെ ക്ലാസിൽ എല്ലാരും പാസായി സര്‍,ഞങ്ങള്‍ കോറസ്സായി പറഞ്ഞു.
നന്നായി, ഞാൻ പ്രതീക്ഷിച്ചിരുന്നു, മാഷ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു വിളിച്ചു.,
വരൂ മക്കളേ…
മാഷിന്റെ പിന്നാലെ ഞങ്ങളദ്ദേഹത്തിന്റെ വീട്ടിലേക്കു നടന്നു. പഴയ മാതൃകയിലുള്ള ഒരു ഇടത്തരം വീട്. ഓടുമേഞ്ഞ വീടാണ്. മുറ്റത്തെത്തിയപ്പോള്‍, അദ്ദേഹം അകത്തേക്കുനോക്കി വിളിച്ചു .
ദാക്ഷായണീ, എന്റെ സ്കൂളിലെ മക്കള്‍ വന്നിട്ടുണ്ട്, ഓര്‍ക്കു ചായവേണം. കേറിയിരിക്ക് മക്കളേ, ഞാനൊന്ന് കുളിച്ചിട്ടുവരാം, ഞങ്ങളോടിങ്ങനെ പറഞ്ഞുകൊണ്ടദ്ദേഹം വീടിന്റെ പിന്നിലേക്കുപോയി.
മാഷിന്റെ ഭാര്യയാകണം,സാരിയുടുത്ത ഒരു സ്ത്രീ പുറത്തേക്കുവന്നു, അവര്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു, കേറിയിരിക്കൂ, ചായ ഞാനിപ്പോ കൊണ്ടുവരാം, അവര്‍ അകത്തേക്കുപോയി.
ഞങ്ങള്‍ ഉമ്മറത്തേക്കുകയറി, വൃത്തിയുള്ള തിണ്ണയിലിരുന്നു.
കുളികഴിഞ്ഞ്, വേഷം മാറിയ മാഷ് പുറത്തുവന്നു.
മക്കളെന്തിനാണ് വന്നത് ? അദ്ദേഹം ചോദിച്ചു. ഈ സന്തോഷവാര്‍ത്ത എന്നെ അറിയിക്കാൻ വന്നതാവുമല്ലേ ? ഞാനും ഇന്ന് സ്കൂളിലേക്കു വരണമെന്ന് കരുതിയിരുന്നു. ആ കണ്ടംകൂടി കിളച്ചിട്ട് വരാന്നു കരുതി. ഏതായാലും നിങ്ങള്‍ വന്നതുനന്നായി.
തിണ്ണയിലിരുന്ന ഞങ്ങള്‍ പരസ്പരംനോക്കി സംശയിച്ചുനിന്നു. കാര്യം ആരു സംസാരിക്കും ? ഒടുവിൽ രവിതന്നെ സംസാരിക്കാൻ ഒരുങ്ങി. അവനല്ലേ ലീഡര്‍.
ഞങ്ങള്‍ മാഷിനെ കാണാൻ വന്നതിന് ഒരു കാരണമുണ്ട് സര്‍.
എന്താണത് ? മാഷ് ചോദിച്ചു.
കൈയിലെ പൊതിയുയര്‍ത്തി രവി പറഞ്ഞു, ഇത് മാഷക്ക് തരാൻ വന്നതാണ്
എനിക്കോ ? എന്താത് ? മാഷ് അദ്ഭുതപ്പെട്ടു.
നമ്മുടെ ക്ലാസിന്റെ വക ഒരുസമ്മാനം സാറിന്, മാഷ് ഞങ്ങളെ നന്നായി പഠിപ്പിച്ചതുകൊണ്ടല്ലേ ഞങ്ങളെല്ലാരും പാസായത് ?
മക്കളേ, നിങ്ങളെന്താ ഈ പറയുന്നത് ? ഞാൻ നന്നായി പഠിപ്പിച്ചതുകൊണ്ട് എനിക്കു തരുന്ന സമ്മാനമെന്നോ ?ഞാൻ നിങ്ങളെ പഠിപ്പിച്ചത് കണക്ക് മാത്രം. ബാക്കിയെന്തെല്ലാം വിഷയങ്ങളുണ്ട് ? മറ്റദ്ധ്യാപകരും നിങ്ങളെ പഠിപ്പിച്ചില്ലേ ? മക്കളേ, എന്റെ ജോലിയെന്താണ് ?
ഞങ്ങള്‍ അദ്ഭുതത്തോടെ മാഷെ നോക്കി. പഠിപ്പിക്കൽ…….ആരോ പറഞ്ഞു
എന്നുവച്ചാൽ, അദ്ധ്യാപനം, മാഷ് പറഞ്ഞു. പഠിപ്പിക്കൽ എന്റെ ജോലിയാണ്. ജോലിചെയ്യുന്നതിന് സര്‍ക്കാരെനിക്ക് ശമ്പളം തരുന്നില്ലേ ?
സര്‍, ഇതു ഞങ്ങളുടെ സന്തോഷംകൊണ്ടു തരുന്നതാണ്, രവി പറഞ്ഞു.
എന്നുവച്ചാൽ, മാഷ് പറഞ്ഞു, നിങ്ങളെനിക്ക് കൈക്കൂലിതരികയാണ്. അല്ലേ ?
അല്ല സര്‍.
അതെ കുട്ടികളേ, ജോലിചെയ്യുന്നതിന് ശംമ്പളം വാങ്ങുന്നവര്‍ക്ക്, അവര്‍ ജോലിചെയ്തതിന്റെ പേരിൽ, മറ്റുള്ളവര്‍ കാര്യം സാധിക്കാൻ വേണ്ടിയോ, സന്തോഷംകൊണ്ടോ കൊടുക്കുന്നതുതന്നയാണ് കൈക്കൂലി. നിങ്ങളെല്ലാരും പഠിച്ചുയര്‍ന്ന് നാളെ വിവിധ ജോലികള്‍ ചെയ്യേണ്ടവരാണ്. അതിന് ഉത്തരവാദപ്പെട്ടവര്‍ നിങ്ങള്‍ക്ക് ശമ്പളം തരുന്നു. അപ്പോള്‍, ആ ജോലിചെയ്യുകയെന്നത് നിങ്ങളുടെ കടമയാണ്. ആ കടമ നിര്‍വ്വഹിക്കാതെയിരിക്കുന്നത് രാജ്യദ്രോഹമാണ്. അതിനാൽ, നിങ്ങളൊരിക്കലും ആരിൽനിന്നും, നിങ്ങള്‍ ജോലി ചെയ്തതിന്റെ പേരിൽ പ്രതിഫലങ്ങളും സമ്മാനങ്ങള്‍ സ്വീകരിക്കരുത്, മനസ്സിലാവുന്നുണ്ടോ ?
ഉണ്ട് സര്‍. ഞങ്ങള്‍ പറഞ്ഞു.
നിങ്ങള്‍ പരീക്ഷ പാസായത്, മക്കളേ, നിങ്ങളുടെ കഴിവുകൊണ്ടാണ്. ഞങ്ങളുടെ ജോലി ഞങ്ങളും ചെയ്തു. അത്രയേ ഉള്ളൂ. അതിരിക്കട്ടെ, എന്താണ് നിങ്ങളുടെ സമ്മാനം?
ഖദര്‍ ഡ്രസ്സാണ് സര്‍.
ശരിക്കും ആദരണീയനായ ഒരാള്‍ക്ക് സമ്മാനിക്കാനുള്ളതാണത്. നമ്മളൊക്കെ എത്ര സമ്മാനങ്ങള്‍ നല്കിയാലും അധികമല്ലാത്ത ഒരാളെ ഞാൻ നിങ്ങള്‍ക്കു കാണിച്ചുതരാം. നമ്മുടെ നാട്ടിലുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയെ അറിയുമോ നിങ്ങള്‍ ?
ഇല്ല സര്‍. നമ്മുടെ അയൽവീട്ടിലെ അച്യുതൻനായര്‍. അവശനായ ആ മഹാനുഭാവന് നിങ്ങളിതു സമ്മാനിച്ചോളൂ. അര്‍ഹരെ ആദരിക്കുമ്പോള്‍ , നമ്മളാണ് ആദരിക്കപ്പെടുന്നത്
മാഷുടെ വീട്ടിൽനിന്ന് ചായയും അടക്കാപൂവൻ പഴങ്ങളുംകഴിച്ച്, മാഷുടെ പിന്നാലെ അച്യുതൻനായരുടെ വീട്ടിലേക്കുനടക്കുമ്പോള്‍ ഞങ്ങളെല്ലാരും പുതിയ കാര്യങ്ങള്‍ മനസ്സിലായതിന്റെ ത്രില്ലിലായിരുന്നു.