ഭാരതപ്പുഴയുടെ കൈവഴികളിലും കടലുണ്ടിയിലും തട്ടിയുടഞ്ഞ ചൂടുകാറ്റ് വട്ടം പിടിച്ചപ്പഴാണ് തീവണ്ടി ഷൊർണ്ണൂർ കഴിഞ്ഞെന്നു മനസ്സിലായത്. ഓർമ്മകളുടെ കെട്ടുകൾ അഴിഞ്ഞ് കാലത്തിന്റെ താളുകൾ മറിഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജ് മലയാളവിഭാഗം മേധാവി എന്ന അദ്ധ്യായത്തിലെ വരികളിൽ തൊട്ട് നനഞ്ഞുപോയി. പശ്ചിമഘട്ടത്തിന്റെ, അട്ടപ്പാടിയുടെ, സൈലന്റ് വാലിയുടെ , കൽപ്പാത്തിയുടെ മണം തിങ്ങിയ ക്ലാസ്സ്മുറികൾ. പെരുമ്പനകൾ നിറഞ്ഞ തസ്റാക്ക്. മൈമുനയും അപ്പുക്കിളിയും രവിയും അള്ളാപ്പിച്ച മൊല്ലാക്കയും ചെതലിമലയുടെ അടിവാരങ്ങളിലെവിടെയോ പുതിയകാലത്തെ തേടുന്നു.
കൊല്ലങ്കോടിന്റെയും കോട്ടയത്തിന്റെയും രാജശാസനങ്ങൾ, അസംഖ്യം രാജാക്കൻമാരുടെയും ധീരപഴശ്ശിയുടെയും കുളമ്പടിയൊച്ചകൾ ….. ഓർമ്മകൾ ഉത്സവങ്ങളായി തിടം വച്ചിറങ്ങി വന്നു.
മലയാളം ഔദ്യോഗിക ഭാഷയാക്കിയതിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് നടത്തിയ ഭാഷാവാരാചരണം. രണ്ടാം ദിവസത്തെ പ്രഭാഷകയായി സ്റ്റേജിൽ നിറഞ്ഞു നിൽക്കുന്നു…. പ്രൊഫ. ബിന്ദു ശ്രീധരൻ , മലയാളവിഭാഗം മേധാവി .
പുരുഷാധിപത്യത്തിന്റെ നിഴലിൽ നിന്ന് മോചിതയായി നവോത്ഥാനത്തിന്റെ തീയും പേറി ഒരു സീത വിദ്യാർത്ഥികളും അദ്ധ്യാപകരും നിറഞ്ഞ സദസ്സിന്റെ മൗനത്തിൽ എരിഞ്ഞു മിന്നി..
സദസ്സ് കാതോർത്തു. രണഭേരികൾ പോലെ വാക്കുകൾ വഴിഞ്ഞിറങ്ങി.
ഗർഭിണിയെ വനാന്തർഭാഗത്ത് ഉപേക്ഷിച്ചു കടന്നു കളയുന്ന മനസ്സ് …. സൂര്യവംശത്തിന്റെ കുലമഹിമ… മര്യാദാപുരുഷോത്തമൻമാർ ! രാജത്വത്തിൽ നിന്ന് മനുഷ്യത്വത്തിലേക്കുള്ള വഴി മറന്ന സൂര്യവംശഗാഥയിൽ സ്ത്രീശാപം അഗ്നിയായി പടർന്ന കഥകൾ…..
ഏകപത്നീവ്രതനിഷ്ഠയിലും പതിവ്രതാശാപം രാമന്റെ കിരീടത്തിന്റെ ശോഭ കെടുത്തിയില്ലേ…
അല്ലെങ്കിലെന്താണീ പാതിവ്രത്യം ?
കുട്ടികൾ ഇരുന്ന ഭാഗത്തു നിന്ന് കൈയടിയും ബഹളവും.
“അതെ, സ്ത്രീയെ ശരീരമാക്കി ചുരുക്കുന്നതിന്റെ മൊത്തം പേരാണ് പാതിവ്രത്യം…” പുതിയതായി വന്ന സുവോളജി അദ്ധ്യാപിക ജോളിയുടെ കമന്റ് പെൺകുട്ടികൾ ഏറ്റെടുത്തു. ഒരു കടലിളകി. അലയൊടുങ്ങാൻ സമയമെടുത്തു.
പാരതന്ത്ര്യത്തിന്റെ കൽത്തുറുങ്കുകളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് ഇന്ത്യൻ സ്ത്രീത്വത്തെ മോചിപ്പിച്ചെടുക്കാനുള്ള ആദ്യപ്രതിരോധം. മഹാഭാരതത്തിലെ അംബയിൽ കത്തിജ്വലിച്ച് രോഷവും ശപഥവുമായി മാറിയ അഗ്നിപ്രഭ. തന്നെ, അന്ധനു കൊടുത്തതിൽ പ്രതിഷേധിച്ച് ഗാന്ധാരി ഈ ലോകത്തെ ഇനിമേൽ കാണണ്ടായെന്ന് തീരുമാനിച്ച് സ്വയം വരിച്ച അന്ധത .
നിർത്താതെയുള്ള കയ്യടി എനിക്ക് ലഹരിയായി.
ഉച്ചയൂണു കഴിഞ്ഞ സമയം. ആശാന്റെ സീത അപ്പോഴും ദേഹത്ത് വേലകളി നടത്തിക്കൊണ്ടിരുന്നു. മകരത്തിലെ വെയിലുകൊണ്ട് വെന്തുപഴുത്ത കാറ്റ് വഴിയോരക്കഥ
കളുമായി ഡിപ്പാർട്ട്മെന്റിലെത്തി. കഥ കേട്ട് വിയർത്തെങ്കിലും മയങ്ങിപ്പോയി.
“ടീച്ചർ ” മയക്കം ഞെട്ടി.
” എന്താ കേശൂ”
“ടീച്ചർ ….”
അവൻ ആകെ പരവശനായിരുന്നു.
എം.എ ഒന്നാം വർഷ ക്ലാസ്സിൽ വന്നപ്പോൾ മുതൽ അവനിൽ ഒരു വേദന വിങ്ങിനിൽക്കുന്നുണ്ടെന്ന് തോന്നി. സംസാരിച്ചപ്പഴൊക്കെ അവന്റെ വാക്കുകളിൽ പേരറിയാത്ത ഏതോ ഒന്ന്…. ഒരു അനാഥത്വം മിഴികളിൽ നൊന്തു താണു. … അട്ടപ്പാടിയുടെ ഇരുളകങ്ങളിൽ നിന്നിറങ്ങി വന്ന, മണ്ണിന്റെ മണമുള്ളവൻ. ചെമ്പിച്ച് അലങ്കോലപ്പെട്ട മുടി. ഇരുളു കടഞ്ഞെടുത്ത ശരീരം. ഗോത്രത്തനിമയുടെ പ്രകൃതിഭാവം ദേഹമാകെ ഒഴുകിത്തുളുമ്പുന്നു. കണ്ണുകളിൽ എവിടെയോ ഒരു ഭയം ഒളിഞ്ഞിരിക്കുന്നു. ആധുനികതയുടെ ധാർഷ്ട്യത്തെ കാടിന്റെ മൗനം കൊണ്ടു നേരിടുന്നവന്റെ അന്ധാളിപ്പു നുണഞ്ഞു കൊണ്ടവൻ ഒടിഞ്ഞുനിന്നു. അവനിൽ ഒരു കവിയുടെ മിന്നലാട്ടം ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. നല്ല വായനക്കാ
രനും ആസ്വാദകനുമാകാൻ തികവു തേടുന്നവൻ. കവിത്രയത്തിൽ നിന്ന് ഉത്തരാധുനികതയിലേക്കും സമകാലികകവിതയിലേക്കും പടർന്നിറങ്ങുന്ന ആദിദ്രാവിഡൻ.
എല്ലാ ദിവസവും കൊണ്ടുവരുന്ന പൊതിച്ചോറുകളിൽ ഒന്നിൽ മീനുണ്ടായിരുന്നു. അവന് മീൻ ഇഷ്ടമാണെന്ന് എപ്പഴോ പറഞ്ഞ ഓർമ്മയിൽ..
“എന്താ മോനേ…എന്തായാലും എന്നോട് പറ “
“ടീച്ചർ…..
” എനിക്കു വയ്യ ടീച്ചർ… എന്തു ചെയ്യണമെന്നറിയില്ല.”
“എന്താടാ കാര്യം “
“വീട്ടിന്ന് എറങ്ങിപ്പോയില്ലെങ്കി അരിഞ്ഞു കളയുമെന്ന് പറഞ്ഞു. ”
ഒരു നടുക്കത്തിൽ ഞാനെണീറ്റു.
“ആര് “
“അച്ഛനും അമ്മാനും ….”
ഇന്നലെ രാത്രി എന്നെ കൊല്ലാൻ അച്ഛൻ വെട്ടിയതാ… ഓടിമാറിയോണ്ട് പൊറം കൊറച്ചു മുറിഞ്ഞേയൊള്ളൂ ..എന്റെ പെറകെ അച്ഛനും അമ്മാനും മടാളായിട്ടോടി. “
ഷർട്ടൂരി കാണിച്ച് അവൻ തേങ്ങി.
“വീട്ടിപ്പോകാൻ എനിക്ക് പേടിയാ ടീച്ചറേ… അവർ എന്നെ കൊല്ലും.” ഭയം കലർന്ന ഒരു നിരാശ അവനിൽ പതഞ്ഞു.
“എന്തിനാ മോനേ… നിന്നെ കൊല്ലുന്നേ
നീ കാര്യം പറ..”
ഇന്നലെ രാത്രി കുടിമൂപ്പൻ ഒരു പൂജാരിയുമായി വന്നു. മുറ്റത്തു കാളിയുടെ കോലം വരച്ചു. അരിപ്പൊടിയും ചാന്തും നെറച്ചു. തെച്ചിപ്പൂക്കളും അരളിപ്പൂക്കളും … വേറെ കാട്ടു
പൂക്കളും നെരന്നു. ബലിക്കായി മൂന്നു പോരുകോഴികൾ … രക്തത്തിൽ മുക്കിയെടുത്ത പൂവും ആടയുമായി മൂന്നു കരിങ്കോഴികൾ. പാതിരാത്രി കഴിഞ്ഞു. മന്ത്രങ്ങൾ ഉച്ചത്തി
ലായി. പൂജാരി കൈയിലൊരു വാളുമായി തുള്ളിയൊറഞ്ഞു. അമ്മേം അച്ഛനും അമ്മാനും കുങ്കച്ചനും എല്ലാരും തുള്ളുന്നൊണ്ടാരുന്നു.
“കൊണ്ടു വാ…. ഇവിടെക്കൊണ്ടുവാ ….
അമ്മേടെ മുമ്പിലെ … ഈ കളത്തില് വാ……” പൂജാരി അലറി
മുറിയിൽ പതുങ്ങിയ എന്നെ ആരൊക്കെയോ കടന്നു പിടിച്ചു.
“അയ്യോ…എന്നെ വിടോ…… എനിക്കൊരു ബാധേല്ലേ…. വിടോ ….
എന്നെ വിടാൻ…” അലർച്ച തേങ്ങലായി പൊന്തി.
കളത്തീന്ന് കുതറിയ എന്നെ അച്ഛനും അമ്മാനും കുങ്കച്ചനും കൂടി കത്രികപ്പൂട്ടിട്ട് കാളിയുടെ കളത്തിക്കെടത്തി.
മന്ത്രങ്ങൾ ഉച്ചത്തിലായി. ഒരു കരിങ്കോഴിയുടെ ഉയിരറ്റു . മൊഖത്തേക്കിറ്റിയ ചോര വടിച്ചു കളയാൻ കൈ വലിച്ചെടുത്തു. കൈ എളക്കാൻ പറ്റിയില്ല. ആണിയടിച്ച പോലെ പതിപ്പിച്ചു.
ചോരച്ചാലിലേക്ക് മന്ത്രങ്ങൾ തൊളഞ്ഞിറങ്ങി.
ഓം കാളീം മേഘസമപ്രഭാം
ത്രിനയനാം
വേതാളകണ്ഠസ്ഥിതാം ..
ഖഡ്‌ഗം ഖേട കപാല ദാരുക ശിര:
കൃത്യ കരാഗ്രേഷു ച :
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം…
ഓം ഐം ക്ലീം സൗ: ക്രീം ഭദ്രകാള്യൈ നമ:
അടുത്ത കുരുതി. കരിങ്കോഴിയുടെ പിടച്ചിൽ.. കണ്ണിലും മൂക്കിലും രക്തം ചീറ്റിത്തെറിച്ചു.
അലറിക്കൊണ്ട് ഞാൻ പൂട്ടുകൾ പൊട്ടിച്ചു.
പുറത്തുചാടിയോടി. പിറകെ ആരൊക്കെയോ
“പിടിക്കവനെ … നിക്കടാ…” ജീവൻ കൈയിൽ പിടിച്ചു കൊണ്ടു പറന്നു.
“എന്റെ കരിങ്കാളിയമ്മേ… പരീക്ഷിക്കല്ലേ..” അമ്മയുടെ പ്രാർത്ഥന
“കൊണ്ടുവാ …..
ഉയിരില്ലാമലും പർവാല്ലൈ..”
വെളിച്ചപ്പാടിന്റെ അലർച്ച കൊലയലകളായി ഇരുട്ടിൽ തട്ടി പ്രതിധ്വനിച്ചു.
“അയ്യോ …”
പൊറത്തൊരു മിന്നൽ… നീറ്റൽ
“നിക്കെടാ അവിടെ … ആരുടെയൊക്കെയോ അലറൽ പിണഞ്ഞു പാഞ്ഞെന്നെ കൊത്തി.
“.. നിക്കെടാ ….”
നിന്നില്ല….
നിന്നത് ഇറക്കത്തെ മൂസ്സേട്ടിന്റെ തടിമില്ലിലാ . രാവിലെ നടന്നാ ഹോസ്റ്റലിലെത്തിയേ …”
“എന്തിനാ ഇതൊക്കെ… എന്നെ എന്തിനാ ടീച്ചറേ…”
ആ കുങ്കച്ചന്റെ മോളു നീലിക്ക് ഈ ധനുവത്തിലെ കാർത്തികയ്ക്ക് പതിനാറു തെകേം.. അന്ന് പൊടമുറി വച്ചിരുന്നതാ….എനിക്ക് മംഗലം വേണ്ടാന്ന് പറഞ്ഞേനാ…
ആദ്യം തല്ലി. പിന്നിപ്പം അവരെന്നെ കൊല്ലാൻ നോക്ക്വാ… എനിക്ക് പെണ്ണുകെട്ടണ്ടാ… മൂപ്പനുമാവണ്ട…”
“അതെന്താ… നീകൂടി സമ്മതിച്ചിട്ട് നേരെത്ത നിശ്ചയിച്ചതല്ലേ…”
“നിശ്ചയിച്ചതൊക്കെ ശരിയാ… പക്ഷേ എനിക്കു പറ്റില്ല ടീച്ചർ ….
എന്റെ മനസ്സ് ചെതറിപ്പോന്നു…..”
“നിനക്കെന്താ പറ്റ്യേ ?
സത്യം പറ….നിനക്കാരോടേലും പ്രേമൊണ്ടോ? “
ഒരു മൗനം അവനെ മൂടിക്കളഞ്ഞു.
“കേശൂ…..”
“വെള്ളയില്ലാതെ എനിക്ക് പറ്റില്ല ടീച്ചർ…
ഞാൻ മരിച്ചു പോകും. ജീവിക്കുന്നേൽ ഞങ്ങളൊരുമിച്ചേ ഒള്ളൂ …. ” അവൻ കരയുന്നുണ്ടായിരുന്നു…
“അതില്ലാണ്ടാക്കാൻ അവർ ഒള്ള കൂടോത്രം മുഴുവൻ ചെയ്യുവാ..” ഉള്ളു നൊന്തുവന്ന വാക്കുകളിൽ ഒരു പ്രണയം പൊള്ളി നിൽക്കുന്നുണ്ടായിരുന്നു.
“ഞാനെന്തു ചെയ്യും ടീച്ചർ ….
ഇതു പറയാൻ എനിക്കാരുമില്ല …”
ഒരു കാല്പനികന്റെ സത്യസന്ധതയിൽ ഞാൻ മുങ്ങിത്താണു..
ഒരു മൗനത്തിന്റെ അരികിലൂടെ മുറിയിലാരോ എത്തി.
“എന്താ അമ്മേം മോനും തമ്മിലൊരു പയ്യാരം”
ഹാജർബുക്കിൽ ഒപ്പിടാൻ മുറിയിലേക്ക് കേറിവന്ന വസുമതി ടീച്ചർ കളിയാക്കി. എന്നും കൊണ്ടുവരുന്ന ചോറു പൊതികളിൽ ഒന്ന് കേശൂന് കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നത് ടീച്ചറിന് അറിയാം. അതിനാ ഒരു കളിയാക്കൽ
” ഓ… അവന്റെ ഓരോ കാര്യങ്ങള് … ചുമ്മാ ..”
തിരുവിതാംകൂറുകാരിയുടെ നിസ്സാരവൽക്കരണം എന്റെ വാക്കുകളിൽ ……
അവർ ഒപ്പിട്ടു ബാഗും തൂക്കി പോയ പിറകെ അവനെ വിളിച്ചടുത്തിരുത്തി. കൈ തോളത്തു വച്ചു.
“കേശൂ…. “
കണ്ണുകളിലൂടെ ഉള്ളിലേക്ക് തറഞ്ഞ ഒരു വിളിയിൽ അവൻ വിതുമ്പി.
“ടീച്ചറേ….”
അവന്റെ തേങ്ങലിന് ഗോത്രസ്മൃതി തുടിക്കുന്ന മണ്ണിന്റെ മണമുണ്ടായിരുന്നു..
“മോനേ,നാളെ നമുക്ക് നിന്റെ ഊരിൽപോകാം.നിന്റച്ഛനോടും ഊരുമൂപ്പനോടും ഞാൻ സംസാരിക്കാം. ഈ രാത്രി കഴിയട്ടെ. ” അവൻ കണ്ണുകൾ തുടച്ചു.
മലയിലേക്ക് കയറിത്തുടങ്ങിയപ്പഴേ ഒരുതണുത്ത കാറ്റ് ഇലകളിൽ തട്ടി ദേഹത്തു വീണുടഞ്ഞു.. മരങ്ങളെല്ലാം അകന്നാണു നിന്നതെങ്കിലും താഴെ വേരുകളും മുകളിൽ ഇലകളും പരസ്പരം തൊട്ടു. ചിലതൊക്കെ കെട്ടിപ്പിണഞ്ഞു. ഓരോ മരവും കാട്ടിൽ ഒറ്റയ്ക്കാ .. മനുഷ്യനെപ്പോലെ….
ആ വിചാരം കഴിഞ്ഞ കാലങ്ങളെ കൊരുത്തെടുത്തു പുറത്തിട്ടു. അവ ദീർഘനിശ്വാസങ്ങളിൽ പുകഞ്ഞുതീർന്നു.
ഓരോ മരവും ഒരു ലോകമാണെന്ന് തോന്നി. കൂടുകളിലും പൊത്തുകളിലും കൊമ്പുകളിലും ജീവിതം മെനഞ്ഞെടുക്കുന്ന എത്രതരം കിളികൾ? പാറുന്ന ചിത്രശലഭങ്ങൾ. സ്ഥിരം താമസക്കാരും വിരുന്നു വന്നു പോകുന്നവരും. അവർ ചൊല്ലുന്ന ആക്രമണത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ. പറന്നെത്തുന്ന ദിക്കിലെ പകൽച്ചരിതങ്ങൾ . എല്ലാം തല കുലുക്കി കേൾക്കുന്ന ഇലച്ചാർത്തുകൾ. എത്ര നേരം മത്സരിച്ചോടിയാലും ക്ഷീണിക്കാത്ത അണ്ണാറക്കണ്ണൻമാർ. കുരങ്ങും ഉറുമ്പും ചീവീടും അരണയും …. അങ്ങനെ എത്ര?..
താഴെ നിഴൽത്തണുപ്പിൽ സമൃദ്ധിയുണ്ണുന്ന എത്രയെത്ര ജീവിതങ്ങൾ. തളിർത്തും പൂത്തും കായ്ച്ചും കാലങ്ങളെ ചുമക്കുന്നവരാണ് മരങ്ങൾ. യഥാർത്ഥത്തിൽ ഋതുക്കൾ ഉത്സവമാഘോഷിക്കുന്നത് മരങ്ങളിലും ചെടികളിലുമാണ്. നാം വെറും കാഴ്ചക്കാർ . ഒരു മരം എഴുതുന്ന ആത്മകഥയിൽ എത്ര അദ്ധ്യായങ്ങളുണ്ടാകും! എത്രയെത്ര ജീവിതങ്ങൾ ! പക്ഷികളും ശലഭങ്ങളും തലമുറകളായി ചൊല്ലിയേൽപ്പിച്ച എത്ര കഥകൾ …ഹോ… ഏത് ഇതിഹാസവും കുമ്പിട്ടു പോകും. വല്ലാത്ത ചിന്തകൾ :::
” ടീച്ചർ … … ആ കാണുന്നതാ ഞങ്ങടെ വീട് ” അവൻ ചൂണ്ടിയ ദിക്കിലേക്ക് മരങ്ങളിൽ നിന്ന് ഞാൻ ഉണർന്നു. കുറച്ചു മുകളിൽ മരങ്ങളുടെ ഇടയിൽ കുറെ ചെറിയ വീടുകൾ. ഒരു വീടിന്റെ മുന്നിൽ ആൾക്കാരു കൂടി നിൽക്കുന്നു. നിലവിളിയും ബഹളോം കേൾക്കാം
“എന്റെ വീട്ടിലാ.. പ്രശ്നമാ… നമുക്ക് തിരിച്ചു പോകാം ടീച്ചർ. എനിക്കു പേടിയാ..”
എന്തോ ഒരത്യാഹിതം മനസ്സിൽ കണ്ടു. ആരെന്നറിയാതെ ഉള്ളു നൊന്തു.
“എന്തായാലും വന്നതല്ലേ… നമുക്കു നോക്കാം
നീ വാ..”
“വേണ്ട ടീച്ചർ. ടീച്ചർക്കവരെ അറിയാത്തകൊണ്ടാ … രീതികൾ തെറ്റിച്ചാ കൊന്നു കളയും ” . ഉള്ളൊന്നു കാളിയെങ്കിലും മുന്നോട്ടു പോയി.
വീടിന് തൊട്ടടുത്തെത്തിയപ്പോൾ അവൻ ഒരു മരത്തിനു പിന്നിലേക്ക് വലിഞ്ഞു.
“ടീച്ചറേ അവിടെന്താന്ന് നോക്ക് … ഞാൻ പിന്നെ വരാം. നേരെ എന്നെ കണ്ടാ പ്രശ്നമാവും. “
” അയ്യോ…എന്നെ കൊല്ലല്ലേ… ” നടന്നെത്തവെ ഒരു നിലവിളി വന്ന് ചങ്കിൽ ചുറ്റി. മുറ്റത്ത് തെങ്ങിലൊരാളെ കെട്ടിയിട്ടിരിക്കുന്നു. നാലഞ്ചു പേർ ചുറ്റിലുമുണ്ട്. രണ്ടു പേരുടെ കൈകളിൽ വലിയ പത്തലുണ്ട്. കുറച്ചുപേർ തിണ്ണയിലും മുറ്റത്തുമായി അവിടവിടെ കൂടി നിൽക്കുന്നു.
“അയ്യോ … “
പത്തലു പൊങ്ങിത്താഴ്ന്നു ……
ഒരു ഭയം ഉള്ളിൽ നുരഞ്ഞു പൊന്തി. തിരിച്ചു പോയാലോ…. ഒരു നിമിഷം നിന്നു.
“ആരാ അവിടെ “
ചോദ്യത്തിനുത്തരമായി മുറ്റത്തെത്തി നിന്നു.
കേശൂന്റെ അമ്മ മാല മുന്നിൽ ….
“ടീച്ചറെന്താ പറയുന്നേ….. ഞാക്ക് ഒരേയൊരു മോനാ അവൻ …. നാളെ ഈ വീട്ടുക്ക് കാരണോരും കുടിക്ക് മൂപ്പനുമാവണ്ടോനാ…” മാല പൊട്ടിത്തെറിച്ചു.
“എന്റെ കേച്ചനെന്തിയേ ടീച്ചറേ….”
ഒരു മൗനം ഉത്തരമായി ചൂഴ്ന്നു.
“അവനിഷ്ടമല്ലാത്ത കല്യാണത്തിന് എന്തിനാ നിർബന്ധിക്കുന്നേ…
അവനൊരാളെ ഇഷ്ടമാണല്ലോ. അതങ്ങ് നടത്തിക്കൊടുത്തുകൂടേ… വീടിന് കാരണോരും കുടിക്ക് മൂപ്പനുമായി വരുംകാലമിരിക്കുമല്ലോ ..”
“ആരെ ?” ഒരമ്മയുടെ തേങ്ങൽ …
“ഒരാളെ ഇഷ്ടമാന്നാ പറഞ്ഞേ.. മരിച്ചാലും മറക്കാനാവാത്ത, പിരിഞ്ഞിരിക്കാൻ പറ്റാത്ത ഇഷ്ടം. പേരു പറഞ്ഞത് ഞാനങ്ങു മറന്നു …..
ആ…വെള്ളേന്ന് മറ്റോ ആണെന്നാ… തോന്നുന്നേ ” നിവർന്നു നിന്ന മാല കൈ വീശി സ്വന്തം നെഞ്ചത്ത് ഒറ്റയടി. ഒരു നിലവിളി അകമ്പടി വന്നു.
“ആ ആളിനെയാ അവടെ കെട്ടിയിട്ടു തച്ചു കൊല്ലുന്നേ “
നിലവിളികൾക്കിടയിലൂടെ ഞെരുങ്ങിയിറങ്ങിയ വാക്കുകൾ എന്നെ അടിമുടി ഉലച്ചുകളഞ്ഞു. വിശ്വാസം വരാതെ തെങ്ങിൻ ചുവട്ടിലേക്ക് കണ്ണുകൾ പാഞ്ഞു. പത്തിരുപത്തിരണ്ടു വയസ്സുള്ള ഒരു ചെറുപ്പക്കാരനെയാണ് കെട്ടിയിട്ടിരിക്കുന്നത്. സംശയം കൊണ്ട് മാലയെ നോക്കി. തലയാട്ടിക്കൊണ്ട് അവൾ വീണ്ടും അങ്ങോട്ടു തന്നെ കൈ ചൂണ്ടി. ഉള്ളിലൊരു കൊല്യാൻ മിന്നി. മനസ്സിലെന്തോ കത്തിയെരിഞ്ഞു……ശ്ശെ…..
ഒറ്റ നിമിഷം കൊണ്ട് തെങ്ങിഞ്ചോട്ടിലെത്തി.
“നിന്റെ പേരെന്താ..”
അവൻ്റെ തല കുനിഞ്ഞിരുന്നു.
വെളുത്ത ശരീരത്തിന്റെ മൃദുലതകളിൽ വടികൾ വരഞ്ഞെടുത്ത ചോരച്ചാലുകൾ. പെൺകുട്ടികളുടേതുപോലെയുള്ള മുലകൾ .
“നിന്റെ പേരെന്താടാ ” ഞാൻ നിന്നു വിറച്ചു.
“അമ്മാവോട് പറയെടാ “
പത്തലുകാരന്റെ ശബ്ദം ചാട്ടുളി പോലെ പാഞ്ഞു വന്നു.
“വെള്ള ”
അവന്റെ തല പൊങ്ങി. ഒരു സ്ത്രൈണത ഉടലാകെ നിന്നു. എന്റെ തല കറങ്ങി. ലജ്ജയും ഭയവും ദേഷ്യവും കൊണ്ട് ഞാൻ തിളച്ചു പൊന്തി. മുറ്റത്തു നിന്നു വഴിയിലേക്ക് പാഞ്ഞു.
“….സന്ധ്യാവിളക്കിനു മുൻപ് കേച്ചൻ വന്നില്ലെങ്കിൽ കരിങ്കോഴിക്കു പകരം വെള്ളെ… ” ആരോ അലറുന്നുണ്ടായിരുന്നു.
മരത്തിന്റെ നിഴലിൽ നിന്ന് കേശൂനെ വലിച്ചിറക്കി. തെങ്ങിഞ്ചോട്ടിലെത്തി.
” എടാ ..”
“ഇവനാണോ നീ പറഞ്ഞ ആ ഒരാൾ ” കേശു തല താഴ്ത്തി നിന്നു.
“നീ പറഞ്ഞ വെള്ള…. ഇതാണോന്ന് …”
അവൻ തലയുയർത്തി വിതുമ്പി…
അതെയെന്നു തലയാട്ടിത്തീരുന്നതിനു മുൻപ് ഉള്ളിൽ തിളച്ച ഒരു കുടം ലജ്ജയും ദേഷ്യവും നിരാശയും അവന്റെ ചെള്ളയിൽ വീണു പൊള്ളി.
മുറ്റം നിശ്ചലമായി. വെള്ളയും ഞെട്ടി. ഒരില പോലും അനങ്ങുന്നില്ല. നിശ്ശബ്ദത ഭ്രാന്തു പിടിച്ചോടി നടന്നു. കുലത്തിലൊരു ആണിനെയും ഒരു പെണ്ണും തല്ലിയിട്ടില്ല. അതും മുപ്പനാവണ്ടോനെ… .
ചെള്ള തൂക്കുന്ന അവന്റെ ദൈന്യം കണ്ണുകളിൽ തറഞ്ഞു. നോക്കി നിൽക്കെ ഒരു അണക്കെട്ട് അവന്റെ കണ്ണുകളിൽ പൊട്ടിത്തകർന്നു. ആ പ്രളയത്തിൽ നിലയില്ലാതെ ഞാനും.
“ടീച്ചറേ….” കണ്ണീരിൽ മുങ്ങിയ ഒരു വിളി എന്നിലെ അമ്മയെ നോവിനാൽ പതപ്പിച്ചു കളഞ്ഞു.
“മോനേ…”
ഒരമ്മയുടെ മാറിലേക്കവൻ വീണു.
അവനെയും കൊണ്ട് വീടിനുള്ളിൽ കയറി മുറിയുടെ കതകടച്ചു.
ശാന്തിയുടെ കവാടങ്ങളിലേക്ക് കണ്ണീർച്ചാലിലൂടെ നീന്തി. ഒരു തീർത്ഥയാത്ര. പ്രകൃതിയുടെ, ജനിമൃതികളുടെ ,മനുഷ്യ വംശത്തിന്റെ, നൈരന്തര്യത്തിന്റെ, പ്രണയത്തിന്റെ, രതിയുടെ, കുലത്തിന്റെ , പാരമ്പര്യത്തിന്റെ ആയിരമായിരമിഴകളിൽ കാലങ്ങളെയും കഥകളെയും കൊരുത്തൊഴുകുന്ന നദിയായി ഞാൻ..മഹാഗുരുവായി . അവൻ ശിഷ്യനും.
ഹിമാലയത്തിന്റെ സ്വച്ഛസാന്ദ്രതയും ശാന്തിയും പകർന്ന് അവന്റെ കണ്ണീരിന്റെ തിളപ്പിലേക്ക് നിറഞ്ഞൊഴുകുന്ന തണുപ്പിന്റെ മന്ത്രണങ്ങളായി, മരുന്നായി മാറിയ നിമിഷങ്ങൾ …. അല്ല മണിക്കൂറുകൾ..
കുലം മുടിക്കില്ലെന്ന ശപഥം ഗുരുദക്ഷിണയായി വാങ്ങി.
അവൻ ഉണർന്നെഴുന്നേറ്റു, ഞാനും.
ഞാൻ കതകു തുറന്ന് പുറത്തിറങ്ങി. കേശു, അല്ല കേച്ചൻ എന്നോട് ചേർന്നുവിളങ്ങി. ഒരു പുഞ്ചിരി അവനെ വലം വച്ചു നിന്നു.
പകലറുതിയിലേക്ക് വീഴുന്ന സൂര്യൻ വിതുമ്പിച്ചോന്നു.
“വെളളയെ അഴിച്ചു വിടൂ…
നീലിയുമായുള്ള മംഗലം ശുഭമുഹൂർത്തത്തിൽ നടക്കട്ടെ.”
ഒരു കൈകൊണ്ട് കേച്ചനെ തള്ളി അവന്റച്ഛന്റടുക്കലേക്ക് നീക്കി നിർത്തി.. അയാളവനെ ചേർത്തു പിടിച്ചു. മുറ്റമൊന്നാകെ എന്റെ മുന്നിൽ തൊഴുതു നിന്നു.. കേട്ടിട്ടില്ലാത്ത മന്ത്രോച്ചാരണങ്ങൾ മുഴങ്ങി.
കാളിയമ്മ വന്താച്ച്… വരം തന്നാച്ച്
ശ്ലോകങ്ങൾ ഒഴുകിയിറങ്ങി.
മലയിറങ്ങുമ്പോഴും വെള്ള കരയുന്നുണ്ടായിരുന്നു.
“വെഷമിക്കണ്ടാ മോനെ നിനക്കും ജീവിക്കാൻ ഈ ഭൂമിയിലിടമുണ്ട്. “
മനസ്സുകൊണ്ട് അവന് നന്മ നേർന്നു…..
“ടീച്ചർ ഉറങ്ങുവാന്നോ. കോയമ്പത്തൂരായി… എറങ്ങ്. സ്ഥലമായി. ” വെളിയിൽ കേശു കൈയിൽ പിടിച്ച് വെപ്രാളപ്പെട്ടു.
മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ബാഗെടുത്തു പ്ളാറ്റ്ഫോമിലേക്ക് ഓടിയിറങ്ങി.
“ബോഗിയും സീറ്റ് നമ്പറും മെസേജ് ചെയ്തത് നന്നായി. അല്ലേൽ ടീച്ചർ ഉറങ്ങിയങ്ങ് മദ്രാസിൽ വരെ പോയേനേ…” അവൻ വെറുതെ ചിരിച്ചു , ഞാനും.
റയിൽവേസ്റ്റേഷനു വെളിയിൽ യതിയുടെ ആശ്രമത്തിലേക്ക് പോകാനുള്ള വണ്ടി വന്നു.
കേശു മുൻസീറ്റിലും നീലിയും മൂന്നു വയസ്സുകാരി മോൾ ചന്ദനയും ഞാനും പിൻസീറ്റിലുമായി യാത്ര തുടർന്നു.
ചന്ദനയെ ഞാൻ എഴുത്തിനിരുത്തണമത്രെ! .