ആശുപത്രിക്കു ചുറ്റുമുള്ള നീളൻ വരാന്തകളിൽ ചതുരത്തുണുകൾ ഉണ്ടായിരുന്നു. വരാന്തയിലേയ്ക്ക് തുറക്കുന്ന ചില്ലു ജനാലകളുമുണ്ടായിരുന്നു. വേനൽമഴയിൽ പൂത്തു മറിഞ്ഞ കാപ്പിത്തോട്ടങ്ങൾ ആശുപത്രിയെ വളഞ്ഞു പിടിച്ച് ശ്വാസം മുട്ടിച്ചു. തോട്ടങ്ങളുടെ ജൈവസാന്നിദ്ധ്യം ഫോർമലിൻ ഗന്ധത്തേയും ദീനരോദനങ്ങളേയും ബ്ലോട്ടിംഗ് പേപ്പർ പോലെ ഒപ്പിയെടുത്തു.
ശരീരം നിറയെ കൊമ്പും കുഴലുമായി കോമയിലായായിരുന്നു അയാൾ. ബോധം ഒരു വെളളി മത്സ്യത്തെപ്പോലെ വല്ലപ്പോഴും മാത്രം മിന്നിമറഞ്ഞു . കുന്നുകളിൽ ഉലഞ്ഞാടുന്ന കർപ്പൂര മരങ്ങൾ ഉൾക്കണ്ണുകളിൽ നിറഞ്ഞു നിന്നു.. അവയുടെ ജൈവ മണം വാർഡുകളിൽ കേറിയിറങ്ങി. ജീവൽ പ്രക്രിയയിൽ എവിടേയോ വെച്ച് ഈ ബോധി വൃക്ഷങ്ങൾ ആരുമറിയാതെ അയാളുടെ സിരാപടലങ്ങളിലും മസ്തിഷ്ക മണ്ഡലത്തിലും വേരുകൾ പായിക്കാൻ തുടങ്ങിയിരുന്നു. പാതിരയ്ക്ക് അപ്രതീക്ഷിതമായി ആ മണിയൊച്ച കേട്ടു . ജാലകത്തിനു് വെളിയിൽ അവളുടെ ചുവന്ന പട്ടുപുടവ ഉലഞ്ഞു.. അവളുടെ കണ്ണിൽ നിന്ന് പുറപ്പെട്ട രശ്മികൾ വജ്റസൂചി പോലെ ചില്ലുകൾ പൊട്ടിച്ച് അകത്ത് കയറി.
വരൂ സമയമായി , നമുക്ക് പോകാം , അവൾ അറിയിച്ചു..
ആരാണ് നീ , നിന്നെ ഞാനിതു വരെ കണ്ടിട്ടില്ലല്ലോ , അയാൾ പേടിച്ചു വിറച്ചു.
ഇത് പ്രകൃതി നിയമമാണ് , അവൾ പറഞ്ഞു , എന്നെ ആരും കാണാറില്ല , ഞാൻ വരുന്നത് ആരും അറിയാറുമില്ല …..
സമയമായെന്ന് അയാൾക്ക് മനസ്സിലായി. ഹോ ! നീയെത്ര ക്രൂര , ഒരു ജന്മം മുഴുവൻ നിന്നെത്തേടി നടന്നു . നിഴലിൻ വഴി പൈതൽ പോലെ പോയുഴലാ ഭോഗമിരന്നു ഞാൻ …. പ്രാണൻ പിരിയും മുമ്പ് ഒരിക്കലെങ്കിലും ആ മുഖം എന്നെ കാണിക്കുമോ? അവൾ മറുപടി പറഞ്ഞില്ല. പകരം വികാരമില്ലാത്ത , അലിവില്ലാത്ത, പകയില്ലാത്ത, പ്രപഞ്ചത്തെ വിറപ്പിക്കുന്ന ആ മുഖം ജനാലച്ചില്ലിലൂടെ അയാളുടെ നേരെ തിരിച്ചു പിടിച്ചു ! ത്രികോണക്കല്ലുകളിൽ ഉറപ്പിച്ച ചെരുവത്തിൽ സുഗന്ധവ്യഞ്ജനങ്ങളും തീർത്ഥവും വെട്ടിത്തിളച്ചു കൊണ്ടിരുന്നു – നിന്റെ ദാനധർമ്മങ്ങളും സുകുതങ്ങളും സച്ചരിതങ്ങളുമാണ് ഈ തിളയ്ക്കുന്നത് , അവൾ പരിഹാസത്തോടെ പറഞ്ഞു. അയാൾ വികാര വിക്ഷോഭങ്ങൾ അടക്കാൻ പാടുപെട്ടു.
നമ്മുടെ യാത്ര ആരംഭിക്കുകയായി… ശുദ്ധികലശമാണ്. ഇറങ്ങി വരു !
ബലിക്കല്ലിൽ കയറിനിൽക്കാൻ അവൾ ആവശ്യപ്പെട്ടു… ജീവൻ പിടയുന്ന എന്റെ അന്ത്യനിമിഷങ്ങളെ ഒന്ന് നിർവ്വചിക്കാമോ , അയാൾ ചോദിച്ചു. എനിക്ക് വേദനിക്കുമോ? സന്ധി ബന്ധങ്ങൾ പൊട്ടുമ്പോൾ , കഴുത്തെല്ലൊടിയുമ്പോൾ , ഞാൻ നാവ് കടിച്ചു പോകുമോ? ഞാൻ കരയുമോ? മുമ്പ് നീ കൂട്ടിക്കൊണ്ടു പോയവരെല്ലാം എങ്ങിനെയാണ് ഈ നിമിഷങ്ങളെ അതിജീവിച്ചത് ? പറയൂ. പ്രാണൻ പോകുന്ന അവസാന വിനാഴികയിൽ അവർ പറഞ്ഞതെന്തൊക്കെയാണ്? ഹാവു! അവൾ മറുപടി പറഞ്ഞില്ല. അല്ലെങ്കിലും മരണത്തിന്റെ കച്ചയുടുപ്പിച്ച് അവൾ കൊണ്ടുപോയ ആരുടേയും മുഖം ഓർക്കുന്നില്ലല്ലോ …..
വരാന്തയിലെ നീലവെളിച്ചത്തിൽ അവളുടെ ചുവന്ന മേലങ്കി ഒന്നുകൂടി കൊഴുത്തിരുണ്ടു. പിച്ചളപ്പിടിയുള്ള അണ്ഡാവിൽ ആയുസ്സിന്റെ ജലം അയാളുടെ ശിരസ്സിലേയ്ക്ക് കോരിയൊഴിച്ചു . പൊള്ളൽ സഹിക്കാൻ വയ്യാതെ അയാൾ തുളളി വിറച്ചു.
ഈ കർമ്മങ്ങൾ നിന്റെ യാത്രയുടെ അനിവാര്യമായ നടപടികളാണ്, അവൾ ഓർമ്മിപ്പിച്ചു. നിനക്കിതിൽ ഒരു വിധേയന്റെ പങ്കേയുള്ളൂ . അതുണ്ടാക്കുന്ന വേദന നീ അറിയാൻ പോകുന്നില്ല.. മാത്രമല്ല , ഇനി നീ ഒന്നുമറിയില്ല. അവൾ ചിരിച്ചു. ഈ ചടങ്ങുകളോട് സഹകരിക്കുക അത് നിർബ്ബന്ധമാണ്..
നിറച്ചും ഇലകൾ ഉള്ള വലിയൊരു കർപ്പൂരക്കൊമ്പ് വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ മുക്കിയെടുത്ത് പൊടുന്നനെ അവൾ അയാളുടെ പുറത്ത് പ്രഹരിച്ചു. തീപ്പൊരി പോലെ ജലകണികകൾ ചിതറി. മാതാപിതാക്കളെക്കുറിച്ചുള്ള നിന്റെ ഓർമ്മകളെ ഈ നടപടി ഇല്ലാതാക്കും , അവൾ മന്ത്രിച്ചു.. അയ്യോ! അവരെക്കുറിച്ചുള്ള ഓർമ്മകൾ ഞാനെങ്ങിനെ ഈ ഇരുൾ കുടീരത്തിൽ ഉരിഞ്ഞിട്ടു പോകും! അയാൾ ഒരു ശിശുവിനെപ്പോലെ ദീനദിനം വിലപിച്ചു. രണ്ടാമത്തെ താഡനം ഏല്പിക്കവെ അവൾ പറഞ്ഞു: ഇത് നിന്റെ സന്തതികളുടെ നിഷ്ക്കാസനത്തെ ഉദ്ദേശിച്ചാണ് …… എന്റെ കുഞ്ഞുമക്കളേ ….. അത് താങ്ങാൻ കഴിയാതെ അയാൾ ചതുരക്കല്ലിൽ മോഹാലസ്യപ്പെട്ട് വീണു. അണ്ഡാവിലെ തിളച്ച വെള്ളം ഒരിക്കൽക്കൂടി അയാൾക്ക് സ്ഥലകാലബോധം വീണ്ടെടുത്തു കൊടുത്തു. അടുത്തത് നീ സ്നേഹിച്ചവരുടെ ഓർമ്മയ്ക്കും നിന്നെ സ്നേഹിച്ചവരുടെ ഓർമ്മയ്ക്കും വേണ്ടിയാണ് ! അഗ്നി ദ്രാവകം തലയിലൂടെ കുത്തിയൊഴിച്ച് അവൾ അവസാനത്തെ കർപ്പൂരക്കൊമ്പു് കയ്യിലുയർത്തി. ഇത് നിന്റെ പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ഓർമ്മകൾ കഴുകിക്കളയട്ടെ! ആവി പറക്കുന്ന ചമ്മട്ടി പുറത്തു വീണ് പൊട്ടിയപ്പോൾ ആ സാധു ബലിക്കല്ലിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചു വീണു. ഭൂമിയിലെ നരക യാതനകളിൽ നിന്ന് പ്രാണനെ വിടുവിച്ചെടുക്കാൻ കഴിയാതെ ഈ വസുന്ധരയിൽ ഉപേക്ഷിച്ചു പോകുന്ന തപ്ത സ്മരണകളോർത്ത് , ഓർമ്മകളുടെ വ്യർത്ഥതയോർത്ത് ഓർത്ത് ഓർത്ത് ഓർത്ത് അയാൾ വാവിട്ടു നിലവിളിച്ചു…
നിർത്ത് മനുഷ്യാ നിങ്ങളുടെ നിലവിളി , അവൾ ഒച്ചയിട്ടു. . എവിടെയാണ് ‘ വേദനിച്ചത്? പറയു എവിടെയാണ് വേദനിച്ചതെന്ന് ?
ശരിയാണ് . ശരിയാണ്. അയാൾക്ക് ബോധ്യമായി താൻ നൈരാശ്യങ്ങളുടേയും വിരഹങ്ങളുടേയും ഓർമ്മകളുടേയും എല്ലാം മറുപുറമെത്തിയെന്ന് ! ഇപ്പോൾവേദന എന്നൊന്നില്ല. എല്ലാം മങ്ങൽ ബാധിച്ച പോലെ തോന്നുന്നല്ലോ …. അല്ല ,വെറും തോന്നലല്ല. ആ പ്രസ്താവം പോലും ശരിയല്ല…… അതിലും സുതാര്യമായ എന്തോ പോലെ…. അതെ അങ്ങനെയെന്തോ പോലെ ……..
അതിരാവിലെ കോടമഞ്ഞിലൂടെ ഒരാംബുലൻസ് ആശുപത്രി ഗേറ്റ് കടന്നു് പുറത്തിറങ്ങി. വെളളത്തുണിയിൽ പൊതിഞ്ഞു കിടത്തിയ അയാൾക്കരികിൽ കാലബിന്ദു പോലെ ഒരു സ്ത്രീ മൂടിപ്പുതച്ചിരുന്നു. ആരും അവരെ ശ്രദ്ധിക്കുന്നതുപോലുമില്ലല്ലോ …… വാഹനം ഹൈവേയിലേയ്ക്ക് കയറി സാവകാശം വേഗതയാർജ്ജിച്ചു … പിന്നീട് ദൂരങ്ങൾ അളന്നളന്ന് മറ്റെന്തോ അന്വേഷിച്ചു പോയി…….