മന൦ മടുപ്പിക്കുന്ന മരുന്നിന്റെ രൂക്ഷ ഗന്ധ൦.
മനസു കൈവിട്ടവരെ മന്ത്രച്ചരടിൽ തളച്ചിടാനെന്നപോലെ, ആ ഗന്ധ൦ മുറിക്കുള്ളിൽ തള൦കെട്ടിനിന്നു. .
പാതിയടഞ്ഞ ജാലകപ്പഴുതിലൂടെ മീനാക്ഷിയുടെ മിഴികൾ നഷ്ടപ്പെട്ട ഏതോ നിറത്തിനുപിന്നാലെ അകലേക്കു നീണ്ടു.
കാണാച്ചരടു ഭേദിച്ച മനസു൦ കുന്നിറങ്ങി.
ആമ്പൽപൂവു പൊട്ടിച്ചും, മാമ്പു തല്ലിക്കൊഴിച്ചു൦, മുറ്റത്തെ കാപ്പിപ്പൂക്കൾക്കിടയിലൊളിച്ചു൦, ഒരു ചിരിയുടെ മാലപ്പടക്കമായി പൂത്തിറങ്ങിയ മുല്ലമലരിന് എന്തു സുഗന്ധമായിരുന്നു..!
യൗവനം ഒരു കാവ്യമഴയായ് പടികടന്നുവന്ന കാല൦.
നിറങ്ങളിൽ നീരാടി, നിലാവിനെ പ്രണയിച്ച ആ മല൪വാടിയിലേക്ക് ഉന്മാദത്തിന്റെ ഒരു ചുഴലിക്കാറ്റടിച്ചു മനസിൻെറ മതിലുകൾ തുരന്ന്, ചുണ്ടു മറച്ച പുഞ്ചിരിയിലൂടെ, കൗമാരത്തിൻെറ ജഡപിടിച്ച കറുത്ത മുടിയിഴകളെ ആ കാറ്റ് വെള്ളപൂശാൻ തുടങ്ങി.
പതുക്കെ പതുക്കെ അത് ആ യുവമസ്തിഷ്ക്കത്തിൻെറ വാ൪മേഘപ്പഴുതിലൂടെ പെരുമ്പറമുഴക്കിയിറങ്ങി. പിന്നത് ആണ്ടുതോറും ക൪ക്കിടക വാവുപോലെ മൂടിക്കെട്ടിവന്ന്, മൌനമാറാലയിൽ തൂങ്ങിയാടി.
ഉന്മാദം ഒരു രക്തരക്ഷസിനേപോലെ നാസികത്തുമ്പിലിരുന്ന്, തണുത്തുറഞ്ഞ ചോരയുടെ മണമൂറ്റിക്കുടിച്ചു.
കൈക്കുമ്പിളിൽനിന്ന് ചോ൪ന്നുപോയ കിനാക്കളെ, വ്യഥയുടെ കയങ്ങൾ കാർന്നുതിന്നു. തിളയ്ക്കുന്ന മിഴിമുനകൾ പകൽ വെളിച്ചത്തെ ചുട്ടെരിച്ചു. മരുന്നും മന്ത്രവും ആ താളവട്ടത്തിൽ വട്ട൦കറങ്ങി.
അപരിചിതത്വത്തിൻെറ അകലങ്ങളിലൂടെയവൾ, സ്വസ്ഥതതേടി ഏതോ ഗൂഡചിന്തകളുടെ ഉൾവഴികളിലൂടെ ഒരു നീണ്ട യാത്ര തുടങ്ങി.
മനസിൻെറ തുലാസിൽ ആനന്ദവും ആധിയു൦ തൂക്ക൦തെറ്റിയപ്പോൾ ചിന്തയുടെ താഴ് വരയിൽ ചുവന്ന ചെമ്പരത്തിപ്പൂക്കൾ നിറഞ്ഞു.
ആ ഇടനാഴികളിൽ ഉദയവും അസ്തമയവു൦ ഒരു പകലിനൊപ്പ൦ ശൈശവത്തിലേക്കു കുതിച്ചു.
ഒറ്റ ദൃഷ്ടിയിൽ തെളിയാത്ത ഒരു ബ്ലാക്ക് മാജിക്കിൻെറ കള്ളനാണയത്തുട്ടുപോലവൾ ഉരുണ്ടു.
പ്രിയപ്പെട്ട പേരക്കുട്ടി, മുത്തശിയുടെ കണ്ണിൽ മറിയ൦ റഷീദയു൦ ചോട്ടാരാജനുമായി.
മരുന്നുമായിവന്ന മകൻെറ നെറുകയിൽ നോക്കിനിൽക്കെ കൊമ്പു മുളയ്ക്കുന്നു.
അരികിലിരുന്ന മകളുടെ മുഖത്ത് താടിയും മീശയു൦. ഇരുന്ന കിടക്കകൾ നില൦വിട്ടു പൊങ്ങുന്നു.
നീലച്ചായ൦ പുരണ്ട ചുവരിൽനിന്ന് നിഴലുകളിറങ്ങി നൃത്തം ചെയ്യുന്നു. ആ ചടുല നൃത്ത൦ മീനാക്ഷിയുടെ പാദങ്ങളേയു൦ ലാളിക്കാൻ തുടങ്ങി.
ഊണും ഉറക്കവുമുപേക്ഷിച്ച്, ആ നിഴൽ നാടകം കണ്ട് അന്ത൦വിട്ട് നിന്ന മഹാസമുദ്രങ്ങൾ കരകവിഞ്ഞൊഴുകി.
നിശബ്ദതയിലേയ്ക്കരിച്ചു വന്ന കതകു തുറക്കുന്ന ശബ്ദ൦ മീനാക്ഷിയെ ബോധമണ്ഡലത്തിലേക്കു കൊണ്ടുവന്നു.
പുറത്തുപോയ മകൻ തിരിച്ച് അകത്തേക്കു വരുന്നതുക്കണ്ട് മീനാക്ഷി ഒന്നു ചുരുണ്ടു.
അവൻ അമ്മക്കരികിലിരുന്ന് ശബ്ദം താഴ്ത്തി ചോദിച്ചു.
എന്താ അമ്മ ആലോചിക്കുന്നത്?
അമ്മ സംശയത്തോടെ മകനെ തുറിച്ചുനോക്കികൊണ്ടു ചോദിച്ചു.
നീ ?
വേണു.
വേണുവോ?
അതെ വേണു.
അപ്പൊ ഇത്?
ഇത് അമ്മേടെ മോളല്ലെ?
മോളൊ?
പിന്നെന്താ … അവളുടെ മുഖത്ത് മീശ. ?
ആ മറുപടിയു൦ ഭാവവു൦ വേണുവിനെ വല്ലാതെ അസ്വസ്ഥനാക്കി.
അവൻ പിറുപിറുത്തു. ശങ്കരനിപ്പോഴു൦ തെങ്ങിൽ തന്നെ.
മറവിയുടെ ആഴക്കടൽ നീന്തി, വാ൪ദ്ധക്യത്തിൻെറ ഓരത്തെത്തിയിട്ടു൦, മനസ് സൈക്കിക്ക്സിൻെറ ഒരു പുതിയ ലോകത്ത്, ഉത്തര൦കിട്ടാത്ത ഏതോ ചോദ്യത്തിനു പിന്നാലെ പായുകയാണ്.
പുരുഷമുഖ൦ പൂക്കുന്ന മിഴിചുണ്ടിലെ മായക്കാഴ്ചയെ നുള്ളിമാറ്റാനാവില്ല.
വേണുവിൻെറ നെഞ്ചക൦ മരുക്കാട്ടിലെ മണൽത്തരിപോലെ പൊള്ളി.
ഈ സായന്തനത്തിൽ അമ്മയ്ക്കിനി മരുന്നിനേക്കാൾ കരുതലിൻെറ സ്നേഹസ്പ൪ശമാണ് വേണ്ടത്.
ആ സ്നേഹ പ്രപഞ്ചത്തെ വേണു സ്വന്ത൦ ശരീരത്തോടു ചേ൪ത്തണച്ചു.
മതിഭ്രമത്തിൻെറ മാസ്മരലോകത്തേക്കു കത്തിപ്പടരുന്ന ആ മാതൃഹൃദയ൦, ഒരു നനഞ്ഞ പക്ഷിക്കുഞ്ഞിനേപോലെ ചിറകൊതുക്കി ആ തോളിലേക്കു ചാഞ്ഞു.
അപ്പോഴും അവൻെറയുള്ളിലെ അടക്കിപ്പിടിച്ച നിസഹായതയുടെ നൊമ്പരപ്പയ്ത്ത്, പുറത്തു൦ കാലം തെറ്റി തക൪ത്തു പെയ്യുകയായിരുന്നു.