മുറിപ്പാടുകൾ

“സുഖല്ല്യേ കുട്ട്യേ ? എന്താ ഇങ്ങനെ ഉണങ്ങീരിക്കണെ..? എന്തേലും ദണണ്ടോ?”

“ഒന്നൂല്യാമ്മാമ്മേ… അവിടെ എല്ലാം കൂടെ എത്താഞ്ഞിട്ടാ… ഒറ്റയ്ക്കല്ലേ… പിടിപ്പത് ഓട്ടങ്ങളാ തലേല്…”

“ഇപ്പൊ മനസ്സിലാവണില്ലേ കുട്ടിക്ക് ഞങ്ങളൊക്കെ എന്തോരം ഓട്ടം കഴിഞ്ഞിരിക്ക്യാന്….”

അവൾ ഒന്നും മിണ്ടാണ്ട് ചിരിച്ചു.

ശരിയാ, തൊടിയിലെ മാവിൽ ഇക്കുറി നല്ല മാങ്ങണ്ട്. ഇങ്ങോട്ടിറങ്ങീട്ട് നാളെത്രയായി. തറവാട് പൊളിച്ചിരിക്കുന്നു. ഇനിയൊരു കിണർ മാത്രം . അവളുടെ ചിരിനിറഞ്ഞ മുറ്റോം, ഓടികയറിയ പടികളുമില്ല. ശരിയാണ്. അവളുൾപ്പടെ എല്ലാം മാറിയിരിക്കുന്നു. എത്രയെളുപ്പമാണ് കാലമൊരാളെ ശൂന്യതയിൽ കൊണ്ടെത്തിക്കുന്നത് . മരുന്നെടുത്ത്, വെള്ളം കുടിച്ച്, അവളൊരു നിമിഷം പിറകോട്ട് പോയി.

‘അതെ. എനിക്കുണ്ടായത് ചെറിയൊരു കാര്യമായിരുന്നില്ല. നാടും വീടുമുപേക്ഷിച്ച് അന്യനാട്ടിൽ ചെറുപ്രായത്തിൽ ഞാനെങ്ങനെ പിടിച്ചുനിന്നു? ഭക്ഷണം വെച്ചു? രാത്രിയെ പേടിച്ച ഞാനെങ്ങനെ ഇരുട്ടിൽ വണ്ടിയോടിച്ചു? ഒറ്റപ്പെടലുകളുണ്ടാക്കിയ മുറിപ്പാടുകളുടെ മാറ്റം ചെറുതായിരുന്നില്ല. ഒറ്റയ്ക്ക് പിടിച്ചു നിൽക്കുമ്പോൾ കൂട്ടിനാരുമുണ്ടായില്ല. മരുന്നെടുക്കുമ്പോൾ ഒന്നിലധികം കയ്യിലെത്തുമ്പോൾ ഇനി വയ്യെന്ന് എത്രയോ തവണ കരുതിയതാണ്. എങ്ങനെല്ലാമോ ആൾക്കൂട്ടത്തിൽ ചിരിച്ചും, അഭിനയിച്ചും കരയാണ്ട് പിടിച്ചുനിന്നു.വീഴ്ചകൾ പതിവിലധികമായി, മുറിവുകൾ തുന്നിച്ചേർത്തു. ഇരുട്ടിൽ തനിച്ചാക്കപ്പെട്ടു.’

പെട്ടെന്നുറക്കമെണീറ്റ് അവൾ കൈയിലേക്ക് നോക്കി. ഓർമ്മയുടെ അതേ മുറിപ്പാടുകൾ, കണ്ണുനീർ, പ്രണയം, മറവിയിൽ മാഞ്ഞുപോയ മനുഷ്യർ, എല്ലാമായിരുന്ന ഒന്നുമല്ലാണ്ടായ മനുഷ്യർ, ചിരിയിൽ പൂക്കാലം തീർത്ത ഒരായിരം കഥകൾ പങ്കുവെച്ച ആ പ്രിയപ്പെട്ട മനുഷ്യർ ഞരമ്പിലിന്നും മായാതെയോടുന്നുണ്ട്.

ഇനിയുമെത്രനാൾ ? അറിയില്ല.

“കുട്ട്യേ…..”

ഉമ്മറപടീന്ന് അമ്മമ്മേടെ വിളി.

“നിനക്ക് മാങ്ങാകാളൻ വല്ല്യ ഇഷ്ടല്ലേ.. ഇണ്ടാക്കീട്ടിണ്ട്. വായോ, അമ്മമ്മ വാരി തരാ..”

അവളെണീറ്റു മുടി വട്ടത്തിൽ ചുറ്റി, മുഖം കഴുകി മുറ്റത്തെ പ്ലാവിലോട്ടൊന്ന് നോക്കി.

“അമ്മമ്മേ.. ചക്ക പായസം വെച്ചേര്വോ? പൂതിയാവണൂ…”

“നാളെയാവാം കുട്ട്യേ.. ഇന്നിനി വയ്യ. ഇടത്തേ മൊട്ടിന് ചെറിയൊരു വേദനണ്ട്. നാളേക്ക് മാറും…”

അമ്മമ്മയ്ക്കടുത്തേക്ക്, ഉരുളക്കായ്, മുറിവ് മറച്ച്, ഉറക്കെ ചിരിച്ച് സാരി ചുറ്റി അവൾ വേഗത്തിൽ നടന്നു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിനി. ഭാരതീയർ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്