മതിൽ

നാട്ടിലെ വലിയവീട്ടിൽ അമ്മ ഒറ്റയ്ക്കാണ്.

നല്ല ആൾ സഞ്ചാരമുള്ള റോഡരികിലാണ് വീട്. വഴിയിലൂടെ പോകുന്നവരും വരുന്നവരും എല്ലാം വീട്ടിലേക്ക് എത്തിനോക്കുന്നതു വീടിനു ചുറ്റുപാടും വെച്ചിരിക്കുന്ന സിസിടിവി ക്യാമറയിലൂടെ ലോകത്തിൻ്റെ രണ്ടറ്റങ്ങളിൽ ഇരുന്ന് മക്കൾ കണ്ടുപിടിച്ചു. പത്രക്കാരനും പാൽക്കാരനും മീൻകാരനും മാത്രമല്ല; കുഞ്ഞുങ്ങളെ സ്കൂൾ ബസ്സിൽ കയറ്റിവിടാൻ റോഡിലേക്ക് ഇറങ്ങുന്ന അമ്മമാരും ചിലപ്പോൾ അച്ഛന്മാരും ഗേറ്റിനു മുകളിലൂടെ കുശലന്വേഷണങ്ങൾ നടത്തും. അസൂയക്കും കുശുമ്പിനുമുള്ള വക കണ്ടുപിടിക്കുന്നവരും ആ കൂട്ടത്തിലുണ്ട്.

ചുറ്റിനും പുതിയ വീടുകളും, പുതിയ താമസക്കാരും, അപരിചിതരും വളർന്നു. അമ്മയുടെ സുരക്ഷയെ കരുതി പഴയ മതിൽ ഇടിച്ചുകളഞ്ഞു, ബെൽറ്റ് വാർത്ത് കുറച്ചുകൂടി ഉറപ്പിൽ രണ്ടടി കൂടി പൊക്കി പുതിയ മതിൽ കെട്ടി. ക്രാസിക്കിടയിലൂടെയുള്ള സൗഹൃദങ്ങളും സംഭാഷണങ്ങളും നിലച്ചു. പത്രക്കാരൻ ഒന്നുകൂടി പൊക്കി എറിഞ്ഞ് പത്രം കൃത്യമായി ഇറയത്ത് എത്തിച്ചു. പാൽക്കാരൻ ഏന്തിവലിഞ്ഞ് ഗേറ്റിനോട് ചേർന്നുള്ള തൂണിൽ ഒരു വിധം പാൽക്കുപ്പി വെച്ചു മടങ്ങി.

പിറ്റേന്ന്…..

കാലിക്കുപ്പിക്ക് പകരം തലേന്നത്തെ പാല് പിരിഞ്ഞിരിക്കുന്നത് കണ്ടു സൈക്കിളിന് മുകളിൽ ഇരുന്നു പാൽക്കാരൻ ഒന്നുകൂടി എത്തി വലിഞ്ഞു നോക്കി.

ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു.

അമ്മച്ചിയുടെ നൈറ്റി മുറ്റത്തെ പൈപ്പിന് ചുവട്ടിൽ കിടക്കുന്നു; വീണ്ടും നോക്കിയപ്പോൾ മനസ്സിലായി അല്ല അമ്മച്ചി തന്നെയാണ് വീണു കിടക്കുന്നത്.. തട്ടിയും കൊട്ടിയും ഒച്ച ഉണ്ടാക്കിയിട്ടും അമ്മച്ചിക്ക് അനക്കം ഇല്ലാഞ്ഞതിനാൽ അയൽവക്കത്ത് നിന്ന് ആരൊയൊക്കെയോ കൂട്ടി വന്നു. ഒരു വഴിപോക്കൻ പയ്യൻ മതില് ചാടി അകത്തുകടന്നു അമ്മച്ചിയെ കുലുക്കി വിളിച്ചു. വിളി കേൾക്കാത്ത ലോകത്തേക്ക് അമ്മച്ചി ഇന്നലെത്തന്നെ പോയിരുന്നു!

സിസിടിവിയിലെ കാഴ്ചക്കാരിൽ ഒരാളപ്പോൾ നീണ്ട 12 മണിക്കൂർ ജോലിക്കിടയിലും, മറ്റൊരാൾ രാത്രിയുടെ അന്ത്യയാമങ്ങളിൽ സുഖനിദ്രയിലും ആയിരുന്നു!

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി