
പൊട്ടക്കുളങ്ങര ബാലൻ്റെ ചായക്കടയിലാണ് എല്ലാ സന്ധ്യകളിലും ഞങ്ങൾ വന്നു കൂടാറുള്ളത്. ബാബു മാഷും ജനമേജയനും പി.ടി നാണുവും രമേശനും സദാനന്ദനുമെല്ലാം അക്കൂട്ടത്തിലുണ്ടാവും. വർഷങ്ങളായുള്ള ശീലമാണ്. ഇടയ്ക്കോരോ കട്ടൻ ചായയും കുടിച്ച് പല വിഷയങ്ങളെപ്പറ്റിയും ചർച്ച ചെയ്ത് രാത്രി വൈകും വരെ അവിടെയിരിക്കും. ശില്പി ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആശയം ബാബു മാഷവതരിപ്പിച്ചത് അവിടെയായിരുന്നു. ക്ലബ്ബിൻ്റെ രൂപവത്കരണ ശേഷം വാർഷികങ്ങൾ, വിനോദയാത്രകളങ്ങനെ പല പരിപാടികളുമുണ്ടായി. അന്നത്തെ ചെറുപ്പക്കാരൊക്കെ ഇന്ന് അമ്പതുകളുടെ ഒടുവിലും അറുപതുകളുടെ തുടക്കത്തിലുമായി നിലകൊണ്ടിട്ടുണ്ട്. എന്നാലും ഈ ഒത്തു കൂടലിന് മാത്രം മാറ്റമുണ്ടായിട്ടില്ല.
ഈയിടെയായി പുതിയ ആളുകൾ ഞങ്ങളുടെ കൂട്ടായ്മയിലേക്ക് കടന്നുവരാറില്ല. തലമുറകളുടെ വിടവ് എന്നാണ് ബാബു മാസ്റ്റർ അതിനു കാരണം കണ്ടെത്തിയത്. ശരിയാവാം. ഞങ്ങൾക്കും അതിലൊരു കുഴപ്പവും തോന്നിയിട്ടില്ല. അവരായി അവരുടെ പാടായി. അത്ര മാത്രം.
ഇന്നു ചെന്നപ്പോൾ അവിടെ പുതിയൊരാളുണ്ടായിരുന്നു. ഗംഗാധരൻ മാസ്റ്റർ. ചെറുപ്പക്കാരനാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിട്ടില്ലെന്നു തോന്നുന്നു. മുഖത്ത് തെളിയുന്നത് കനത്ത ആശാഭംഗമാണ്.
എന്തു പറ്റി മാഷേ? ഞങ്ങളോരോരുത്തരും ചോദിച്ചു.
ഒന്നുമില്ല. മാഷ് പറഞ്ഞു.
സ്കൂളിൽ വല്ല പ്രശ്നവും?
ഇല്ല.
പിന്നെ? ഭാര്യയുമായി പിണങ്ങിയോ?
മാഷതിന് മറുപടി നല്കിയില്ല.
ഞങ്ങളുടെ സ്ഥിരം ചർച്ചകൾക്ക് തടസ്സമായി. മാഷ് പോകുന്നുമില്ല.
ഞങ്ങൾ ബാലനെ നോക്കി.
മാഷ് കുറേ നേരമായി ഇവിടെ ഒറ്റയിരിപ്പാണ്- ബാലൻ സ്വകര്യമായി പറഞ്ഞു. മൂപ്പർക്ക് എന്തോ കുടുംബ പ്രശ്നമാണെന്നു തോന്നുന്നു.
മാഷേ എന്താണ് പ്രശ്നം? ബാബുമാഷ് നയത്തിൽ ചോദിച്ചു. ഏതു പ്രശ്നവും നമുക്ക് പരിഹരിക്കാം. ഭാര്യയുമായി പിണങ്ങിയോ?
അതൊക്കെ സാധാരണയാ മാഷേ രമേശനാണ് പറഞ്ഞത്. ചട്ടീം കലവുമാവുമ്പോ തട്ടീം മുട്ടീം എന്നല്ലേ പഴമക്കാർ പറയുന്നത്. ആ പിണക്കമൊക്കെ ഒരു ദിവസത്തേക്കുമാത്രം.
ശരിയാ, ഞങ്ങളെല്ലാരും സമ്മതിച്ചു. പക്ഷേ മാഷ് ഒന്നും പറയുന്നില്ല.
തടത്തിൽ കണാരൻ മാസ്റ്റരുടേയും ഗോമതിയമ്മയുടേയും ഏകമകനാണ് ഗംഗാധരൻ. കണാരൻ മാസ്റ്റർ മരണപ്പെട്ടതിനു ശേഷമാണ് ഗംഗാധരൻ അതേ സ്കൂളിൽ അദ്ധ്യാപകനായി ചേർന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഞങ്ങളെല്ലാം ആ കല്യാണത്തിനു കൂടിയവരാണ്.
ആർക്കെങ്കിലും കട്ടൻ വേണോ? ഞാൻ അടുപ്പ് കൊടുത്താൻ പോവുകയാ ബാലൻ പറഞ്ഞു.
എല്ലാർക്കുമിരിക്കട്ടെ ഓരോ കട്ടൻ ടി.പി. നാണു പറഞ്ഞു.
ഒരു കട്ടൻ ചായ ഗംഗാധരൻ മാസ്റ്റരുടെ മുന്നിലും വെച്ച് ബാലൻ പറഞ്ഞു, ഇങ്ങളീ കട്ടനും കുടിച്ചിട്ട് വേഗം വീട്ടിലേക്കു പോകാൻ നോക്ക് മാഷേ, അവിടെ അച്ചെറ്യോള് ബേജാറായിട്ട്ണ്ടാവും.
ഗംഗാധരൻ മാഷ് പതുക്കെ മുഖമുയർത്തി. ആ കണ്ണുകളിൽ നനവ്പടർന്നിരുന്നു.
ചായ ഒരിറക്ക് കുടിച്ച ശേഷം മാഷ് പറഞ്ഞു: വീട്ടിൽ പോയിട്ടെന്താ, അവിടെയാണ് പ്രശ്നം.
ഞങ്ങൾ പരസ്പരം നോക്കി.
ഞങ്ങളോട് പറയാവുന്ന പ്രശ്നമാണെങ്കിൽ പറയൂ മാഷേ ,സദാനന്ദൻ പറഞ്ഞു.
അടുപ്പമുള്ളവരോട് പങ്കിടുമ്പോൾ വിഷമങ്ങൾ ലഘൂകരിക്കപ്പെടും എന്നല്ലേ. ഞങ്ങളെത്തന്നെ നോക്കൂ എത്രയോ വർഷങ്ങളായി തുടരുന്ന സൗഹൃദമാണ്. ഞങ്ങളുടെ വിഷമങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും അങ്ങനെ മന:സമാധാനം നേടുകയും ചെയ്യും. ഞാനിങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും തലകുലുക്കി.
ശരിയാണ്.
അതാണ് ഞങ്ങളുടെയും ഈ കൂട്ടായ്മയുടെയും ശക്തി, രമേശൻ പറഞ്ഞു.
എനിക്കങ്ങനെ അടുത്ത കൂട്ടുകാരില്ല മാഷ് പറഞ്ഞു.
സഹപ്രവർത്തകരിലും? ജനമേജയൻ ചോദിച്ചു.
സഹപ്രവർത്തകരെല്ലാം സ്ത്രീകളാണ്. അവരുമായി എനിക്ക് കമ്പനിയില്ല. ഗംഗാധരൻ മാഷ് പറഞ്ഞു.
പ്രായവ്യത്യാസമുണ്ടെങ്കിലും ഞങ്ങളെ മാഷ് കൂട്ടുകാരായി കരുതിക്കോളൂ. ബാലൻ പറഞ്ഞു. വീട്ടിലെന്താണ് പ്രശ്നം? ഭാര്യയുമായി വല്ല പിണക്കവും?
ഞാനുമായല്ല പ്രശ്നം, ഭാര്യയും അമ്മയുമായാണ് മാഷ് പറഞ്ഞു.
അമ്മായിയമ്മപ്പോര് , അല്ലേ? നാണു ചോദിച്ചു.
അതെ. അവരു തമ്മിൽ എപ്പോഴും പ്രശ്നമുണ്ടാവും. അവൾക്കൊരു ചുരിദാറുവാങ്ങിയാൽ മതി , അമ്മ ലഹള തുടങ്ങും. സാരിയുടുത്താൽ മതിയെന്ന് അമ്മ പറയും. അവൾക്ക് ചുരിദാറാണ് ഇഷ്ടം. രണ്ടു പേരും എന്നെ പക്ഷം പേർക്കാൻ തുടങ്ങും. എനിക്ക് ഇരു പക്ഷത്തും നില്ക്കാനും വയ്യ. പിന്നെ അതിൻ്റെ പേരിൽ ഇരു ഭാഗത്തു നിന്നുമുള്ള ബോംബുകൾ എൻ്റെ മേലേക്കാണ് വർഷിക്കുക. മടുത്തു, ജീവിതം തന്നെ മടുത്തു. മാഷ് തലതാഴ്ത്തി.
ഇതാണോ പ്രശ്നം? ബാലൻ ചോദിച്ചു. നമുക്കിത് പുഷ്പം പോലെ കൈകാര്യം ചെയ്യാം. ബാലൻ ചിരിച്ചു.
പക്ഷേ, എങ്ങനെ ? ഞങ്ങളെല്ലാരും ബാലനെ നോക്കി.
കല്ലിടുക്കിലെ കല്യാണിയമ്മയെ ആർക്കെങ്കിലുമോർമ്മയുണ്ടോ? ബാലൻ ചോദിച്ചു.
കുപ്പായമിടാത്ത കല്യാണിയമ്മയല്ലേ? ബാബു മാഷ് ചോദിച്ചു. ഞാൻ കാണുമ്പോത്തന്നെ അവർക്ക് പത്തെഴുപത് വയസ്സുകാണും. ഓറ് മരിച്ചിട്ട് ഒരു പാടു കൊല്ലമായില്ലേ?
ഓറെ മോനല്ലേ അപ്പക്കാരൻ കേളപ്പച്ചൻ ? ഞാൻ ചോദിച്ചു. കേളപ്പച്ചനും മരിച്ചിട്ട് നാലഞ്ചു കൊല്ലം കഴിഞ്ഞു. അതു തന്നെ ബാലൻ പറഞ്ഞു.
മാഷ് കേൾക്കുന്നുണ്ടല്ലേ? ബാലൻ ഗംഗാധരൻ മാഷോട് ചോദിച്ചു. മാഷ് തലയാട്ടി.
പഴയ കാലമാണ്. കേളപ്പച്ചൻ്റെ കല്യാണം കഴിഞ്ഞത് ഓറ അച്ഛൻ മരിച്ചതിൻ്റെ അടുത്ത വർഷമാണ്. ചിരുതയെന്നായിരുന്നു കേളപ്പച്ചൻ്റെ ഭാര്യയുടെ പേര്. അന്നത്തെ പുതിയ തലമുറയിൽ പെട്ട ആൾ. അവരുടെ കാലമായപ്പോഴേക്കും സ്ത്രീകൾ കുപ്പായവും, ബോഡീസുമൊക്കെ ധരിക്കാൻ തുടങ്ങിയിരുന്നു. ബോഡീസിൽ നിന്ന് ബ്രായിലെത്തിയ പുരോഗമനം വന്നുതുടങ്ങുന്നത് അക്കാലത്താണ്.
ഞങ്ങൾ പരസ്പരം നോക്കി. ബാലനെന്താണ് പറഞ്ഞു വരുന്നത്?
ബാലൻ പറഞ്ഞു: ഒരു ദിവസം അപ്പക്കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ കേളച്ചച്ചൻ കണ്ടത് കോലായയിൽ മുഖവും വീർപ്പിച്ചിരിക്കുന്ന കല്യാണിയമ്മയെയാണ്. സംഗതി എന്തോ ഗുരുതര പ്രശ്നമാണെന്ന് കേളപ്പച്ചന് മനസ്സിലായി. ചിരുത ,കിടപ്പുമുറിയിൽ പിണങ്ങിയിരിക്കുന്നുണ്ടാവുമെന്ന് അയാൾ ഊഹിച്ചു.
എന്താണമ്മേ ?
എന്താന്നോ? ഇഞ്ഞ് അതൊന്ന് നോക്യാട്ടെ.
അവർ മുറ്റത്തെ അയയിലേക്ക് ചൂണ്ടി.
കേളപ്പച്ചൻ നോക്കി, അത് തുണി ഉണങ്ങാനിട്ടതല്ലേ?
തുണി തന്നെ, കല്യാണിയമ്മ പറഞ്ഞു. അക്കൂട്ടത്തിലൊരു കൊട്ട കണ്ടോ?
അയയിൽ ഉണങ്ങാനിട്ട ചീരുവിൻ്റെ ബ്രാ കാണിച്ചു കൊണ്ട് അവർ പറഞ്ഞു.
പുതിയൊരു തരം ബോഡീസ് കിട്ടാനുണ്ടെന്നും കേളപ്പേട്ടൻ കൊണ്ടു തരണമെന്നും ചീരു പറഞ്ഞതനുസരിച്ച് രണ്ടു ദിവസം മുമ്പ് വാങ്ങിയതാണ്. പടച്ചോനേ, അതിലും കുഴപ്പമായോ ?
അതിനെന്താണമ്മേ ?
എന്താന്നോ?തേങ്ങാക്കൊലക്ക് കൊട്ടയിട്ന്ന പോലത്തെ കുപ്പായമൊന്നും ഇവിടെ പറ്റൂല.
അമ്മയ്ക്ക് ഇഷ്ടായില്ലേ?
ഇല്ല.
അമ്മയ്ക്കിഷ്ടല്ലാത്തതൊന്നും ഇവിടെ വേണ്ട എന്നു പറഞ്ഞു കൊണ്ട് കേളപ്പച്ചൻ അയയിൽ നിന്ന് ആ തുണിയെടുത്ത്, തീപ്പെട്ടിക്കോലുകത്തിച്ച് അതിന് തീ കൊളുത്തി.
അങ്ങനെ അന്നത്തെ പുതിയ തലമറയുടെ പരിഷ്ക്കാരവസ്ത്രം ചാമ്പലായി !
കല്യാണിയമ്മയുടെ മുഖത്ത് പൂത്തിരികത്തി. അവർക്ക് ആ വിജയം മതിയായിരുന്നു.
കേളപ്പച്ചനറിയാമായിരുന്നു, അകത്ത് അതിലും വലിയൊരു ലഹള തന്നെ കാത്തിരിക്കുന്നുണ്ടെന്ന് .
അകത്തുകയറിയ അയാൾ “എണേ ചിരൂ’ എന്ന ഒറ്റസംബോധന കൊണ്ടുതന്നെ ഭാര്യയുടെ പിണക്കം മാറ്റി.
എന്നാലുമെൻ്റെ പുതിയ ബ്രാ എന്ന് അവർ ചിണുങ്ങിയപ്പോൾ കേളപ്പേട്ടൻ പറഞ്ഞു:
നാളെ വരുമ്പോ നിനക്ക് ഞാൻ രണ്ട് ബ്രാ കൊണ്ടുത്തരും. പക്ഷേ നീയത് , അമ്മ കാണുന്നിടത്തൊന്നും ഉണങ്ങാനിടില്ലെന്നുറപ്പു തരണം,
ചീരു സമ്മതിച്ചു. അങ്ങനെ അമ്മയേയും ഭാര്യയേയും ഭംഗിയായി കൈകാര്യം ചെയ്ത കഥ കേളപ്പച്ചൻ തന്നെ എനിക്ക് പറഞ്ഞുതന്നതാ – ബാലൻ പറഞ്ഞു നിർത്തി.
മാഷേ, മാഷക്ക് കാര്യം മനസ്സിലായോ രമേശൻ ചോദിച്ചു.
മനസ്സിലായി; ഗംഗാധരൻ മാഷ് പറഞ്ഞു. നയതന്ത്രത്തിലൂടെയാണ് എൻ്റെ പ്രശ്നവും പരിഹരിക്കേണ്ടത്.
അങ്ങനെ ചെയ്യാം.
മാഷ് ഞങ്ങളോട് യാത്ര പറയുമ്പോൾ, ഇങ്ങനെയും പറഞ്ഞു : നാളെ മുതൽ എന്നേയും നിങ്ങളുടെ കൂട്ടായ്മയിൽ ചേർക്കണേ, ഞാൻ വരും.
ബാലൻ കട പൂട്ടിയ ശേഷം ഞങ്ങൾ അവരവരുടെ വീടുകളിലേക്കു മടങ്ങി.














