കുട്ടി ഓലമറക്കിടയിലൂടെ പുറത്തേക്കു നോക്കി. കുഞ്ഞമ്മ മണിക്കുട്ടിയെ വിൽക്കാൻ വില പേശുകയാണോ ?. അങ്ങനെ എങ്കിൽ, ആ കാശു കൊണ്ട് ഫീസടയ്ക്കണ്ട. പഠിക്കുകയും വേണ്ട. അവൾക്കുള്ളിൽ സങ്കടം ആർത്തിരമ്പി. അറവുകാരൻ മത്തായി മണിക്കുട്ടിയെ കൊല്ലാൻ കൊണ്ട് പോകുന്നത് എങ്ങനെ കണ്ടു നിൽക്കും?
മുറ്റത്തേക്ക് ഇറങ്ങി ചെന്ന് പറയാം എന്ന് വിചാരിച്ചതാ. പക്ഷെ പാവാടയിൽ, തുടയിൽ ഒക്കെ ചോര. പരിഭ്രമിയ്ക്കാൻ ഒന്നുമില്ലെങ്കിലും കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. പള്ളിക്കൂടത്തിൽ ആണെങ്കിൽ പാഡ് കിട്ടുമായിരുന്നു. കുഞ്ഞമ്മയോട് വിവരം പറയാൻ എങ്ങനെ പുറത്തിറങ്ങും? ഇനി ഈ ചുവപ്പ് എല്ലാമാസവും ക്ഷണിക്കാതെ വരും. നന്ദിതയും, സൗമിനിയും ഒക്കെ അടക്കിപ്പിടിച്ചു പറയുന്ന രഹസ്യങ്ങളിൽ ഇനി തനിക്കും പങ്കു ചേരാം.
പക്ഷെ മത്തായിച്ചൻ പോകാതെ കുഞ്ഞമ്മയോട് ഈ വിവരം എങ്ങനെ പറയാനാണ്? അമ്മ ഉണ്ടായിരുന്നെങ്കിൽ അരികിലേക്ക് അണച്ചുപിടിച്ചു പേടിയ്‌ക്കേണ്ട എന്ന് പറയുമായിരുന്നു. അവൾ കൈ എത്തിച്ചു ചുവരിലെ ചില്ലിട്ട ചിത്രം എടുത്തു നെഞ്ചോടമർത്തി. അമ്മയുടെ കണ്ണുകളിലേക്ക് സങ്കടത്തോടെ നോക്കി. അവ സംസാരിയ്ക്കുന്നുണ്ടോ? പെട്ടെന്നാണ് ഓലമറ നീക്കി കുഞ്ഞമ്മ അകത്തേയ്ക്കു വന്നത്.
“നിനക്ക് ഫീസിനുള്ള കാശു മത്തായിച്ചൻ തന്നിട്ടുണ്ട് കേട്ടോ. “കുട്ടിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. കുഞ്ഞമ്മയോട് പറയാനുള്ള പ്രധാന കാര്യം അറിയിക്കും മുൻപ് അവർ വാതിൽ ചാരി പുറത്തേക്കു പോയി. അവൾ കൈയിൽ ഇരുന്ന നൂറിന്റെ നോട്ടുകളിലേക്കു നോക്കി. പെട്ടെന്നാണ് ഓലമറ നീക്കി മത്തായിച്ചൻ അകത്തേക്കു വന്നത്.
“മണിക്കുട്ടിയെ കൊണ്ട് പോയി വളർത്താൻ ആണോ മേടിച്ചത്. കൊല്ലാൻ ആണേൽ എനിയ്ക്ക് ഈ കാശു വേണ്ട ” കുട്ടി പറഞ്ഞു.
“ഈ മണിക്കുട്ടി ഉള്ളപ്പോ എനിക്കെന്തിനാ ഇനി വേറൊരു മണിക്കുട്ടി.. ഇതല്ലേ എന്റെ പൊന്നു മണി” മത്തായിച്ചൻ അവളെ സ്നേഹത്തോടെ നോക്കി ചിരിച്ചു.
“കിളുന്തു പെണ്ണാ കേട്ടോ.. നോക്കീം കണ്ടും പെരുമാറണെ.. ” കോലായയിൽ നിന്നു കുഞ്ഞമ്മ പറഞ്ഞത് എന്തെന്ന് അവൾക്കു മനസ്സിലാകും മുൻപ് മത്തായിച്ചൻ അവളെ പൂണ്ടടക്കം ചേർത്ത് പിടിച്ചു. ഇത്തിരി കൂമ്പിയ നെഞ്ചിലും, വിശന്നു ഒട്ടിയ വയറിലും അയാളുടെ പരുക്കൻ കൈകൾ ആർത്തിയോടെ പരതി.
“എന്നെ തൊടേണ്ട” കുട്ടി ഭയത്തോടെ അകന്നു മാറി.
“നൂറിന്റെ നോട്ടു എത്രയെണ്ണമാ കൊച്ചേ തന്നത് മിണ്ടാതെ നിന്നോ “
കീറിത്തുടങ്ങിയ പാവാടയുടെ ചരടിലേക്കു അയാളുടെ കൈകൾ നീണ്ടു, പൊടുന്നനെ പാവാട ഞൊറിയിലെ ചുവപ്പ് കണ്ടു അയാൾ മുഖം ചുളിച്ചു. ഓലവാതിൽ വലിച്ചു തുറന്ന് പുറത്തേയ്ക്ക് പോയി
“നീ ഇതെന്നാ പണിയാ മാധവീ കാണിച്ചത്. ആ പെണ്ണിന്റെ അടുത്തേക്കു എന്നെ പറഞ്ഞു വിട്ടു പറ്റിയ്ക്കുവായിരുന്നു അല്ലെ “?
“ഞാൻ പറഞ്ഞല്ലോ മത്തായിച്ചാ… കിളുന്തല്ലേ.. ഇത്തിരി ക്ഷമ വേണ്ടേ? “
“എന്ത് ക്ഷമിയ്ക്കാൻ…? അവൾ അവിടെ ചോരയൊലിപ്പിച്ചു നിൽക്കണ നേരത്താ നീ എന്നെ അകത്തോട്ടു കേറ്റിവിട്ടത്. “
ഓലവാതിൽ തുറന്നു കുഞ്ഞമ്മ അകത്തേയ്ക്കു വന്നപ്പോൾ അവൾക്കു ആശ്വാസം തോന്നി.
“ഓ പെണ്ണിന് ആദ്യമായിട്ടു പൂത്തു ചുവക്കാൻ കണ്ട നേരം”കുഞ്ഞമ്മ ദേഷ്യത്തോടെ അവളെ നോക്കി.
“എനിക്കൊരു പാഡ് വേണം കുഞ്ഞമ്മേ” അവൾ പേടിയോടെ പറഞ്ഞു.
“പിന്നേ.. നിനക്കിപ്പോ പാഡ് മേടിയ്ക്കാൻ പോകുവല്ലേ ഞാൻ. വേണമെങ്കിൽ ദേ ഈ തുണി മടക്കി ഉടുക്ക്. അശ്രീകരം” ഒരു പഴന്തുണി കഷണം അവൾക്കു നേരെ എറിഞ്ഞു ചവിട്ടിത്തുള്ളി പുറത്തേക്കു പോകും മുൻപ് കുഞ്ഞമ്മ അവളുടെ കൈയിൽ ഇരുന്ന ഫോട്ടോ തട്ടിപ്പറിച്ചു ദൂരേക്ക് എറിഞ്ഞു.
“നീ പൂത്തു ചുവന്നെന്നോർത്തു ചത്തു പോയ തള്ള എണീറ്റു വരികയൊന്നുമില്ല” അവർ മുറുമുറുത്തു. ഉടഞ്ഞു ചിതറിയ ഫോട്ടോയിൽ അമ്മയുടെ മുഖം ഒന്ന് കൂടി തെളിഞ്ഞു കാണാം.
പുറത്തു മത്തായിച്ചന്റെ ശബ്ദം കനത്തു വരുന്നുണ്ട്. കുഞ്ഞമ്മ ശബ്ദം കുറച്ചാണ് സംസാരിയ്ക്കുന്നത്
“ഒന്ന് ക്ഷമിക്കു.. എന്റെ മത്തായിച്ചാ.. തൽക്കാലം ശമിയ്ക്കാൻ ആണേല് അകത്തു മുറീല് ഒരു തള്ള ഉണ്ട്. കാലത്തെ പഴങ്കഞ്ഞി കുടിയ്ക്കാൻ വന്നതാ. ഞാൻ ആ ചായിപ്പിൽ ഇരുത്തീട്ടുണ്ട്. ചെന്ന് നോക്ക്. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ടു ആഴ്ച്ച അല്ലെ ആയുള്ളൂ “
“ഓ തള്ളയെങ്കിൽ തള്ള… ബിരിയാണിയ്ക്ക് പകരം പഴങ്കഞ്ഞി ആകും യോഗം.. കൈയിലെ കാശ് പോയി..എന്ന് പറഞ്ഞാ മതി”
ഒന്ന് കാർക്കിച്ചു തുപ്പി മത്തായിച്ചൻ ചായ്പ്പിലേക്കു പോകുന്നത് കുട്ടി ഓലപ്പഴുതിലൂടെ കണ്ടു. കുഞ്ഞമ്മ തന്ന പഴന്തുണിക്കഷണം മടക്കാൻ അറിയാതെ നിന്ന അവൾ ചിതറിക്കിടന്ന ചില്ലുകൾ പെറുക്കി എടുത്തു ഫോട്ടോയിൽ വെയ്ക്കാൻ ശ്രമിച്ചു. തൊട്ടടുത്ത നിമിഷത്തിൽ ചായിപ്പിൽ നിന്നൊരു നിലവിളി കേട്ട് അവൾ നടുങ്ങി.
“ഇത്തിരി പഴങ്കഞ്ഞി ചോദിച്ചു വന്നതിനു നീ എന്നെ കൊലയ്ക്കു കൊടുത്തല്ലോടീ മൂധേവി… ഈ പ്രാന്തൻ എന്നെ കൊല്ലുമല്ലോ ദൈവമേ.. ഇവൻ ഇതെന്താ ഈ കാണിയ്ക്കണേ.. നിന്റെ അമ്മേടെ പ്രായം ഉണ്ടെടാ എനിയ്ക്ക് “
വടി കുത്തി പാടം കടന്നു വരാറുള്ള ചീരുമുത്തശ്ശിയുടെ ശബ്ദം കുട്ടി പെട്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടടുത്ത നിമിഷത്തിൽ വയറിനു താഴെ പൊത്തിപ്പിടിച്ചു മത്തായിച്ചൻ കോലായിലേക്കു ഇറങ്ങുന്നത് അവൾ കണ്ടു. വേദന കൊണ്ട് പുളഞ്ഞ മത്തായിച്ചന്റെ അടുത്തേക്ക് കുഞ്ഞമ്മ ഓടി വരുന്നു
“ഈ പണ്ടാരത്തള്ള ഇതെന്നാ പണിയാ ഈ ചെയ്തേ… ഞാൻ ഇനി എന്ത് പറഞ്ഞാ ഇങ്ങേരെ ആശുപത്രിയിൽ കൊണ്ട് പോണത്.. ” കുഞ്ഞമ്മ കരയുന്നു. ചീരു മുത്തശ്ശി ഭദ്രകാളിയെപ്പോലെ നിന്നു വടി ചുഴറ്റി.
“ഈ പേനാക്കത്തി അടയ്ക്ക മുറിയ്ക്കാൻ മാത്രം ഉള്ളതല്ലടീ മൂധേവി.. ഇത്തരക്കാരെ ഒക്കെ കൈകാര്യം ചെയ്യാൻ കൂടി ഒള്ളതാ.. മുഴുവൻ മുറിഞ്ഞു കാണുകേല ആശുപത്രിയിൽ ചെന്നാ തുന്നിക്കെട്ടുമായിരിക്കും..” മുടി അഴിച്ചിട്ടു പടി ഇറങ്ങുന്ന ചീരു മുത്തശ്ശിയോട് കുട്ടിക്ക് വല്ലാത്ത സ്നേഹം തോന്നി.
ഓട്ടോ വിളിയ്ക്കാൻ ഓടിപ്പോകുന്ന കുഞ്ഞമ്മയെയും കരയുന്ന മത്തായിച്ചനെയും കണ്ടു കുട്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.
മുറ്റത്ത് ആദ്യമായ് പൂത്ത ചെമ്പരത്തി അവളെ നോക്കി ചിരിച്ചു. തൊടിയിലൂടെ മണി കിലുക്കി ഓടിക്കളിച്ച മണിക്കുട്ടിയെ നോക്കി അവൾ ആശ്വാസത്തോടെ ഭിത്തിയിൽ ചാരി ഇരുന്നു. അവളുടെ കണ്ണുകൾ ചിരിയ്ക്കുമ്പോഴും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.