ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്

കണ്ണു നനയാതെ എനിക്കെന്നെ ഓർക്കാനാവില്ല.

ഒമ്പതാം ക്ളാസിലെ ഏറ്റവും മാർക്ക് കുറഞ്ഞ കുട്ടി ആയതിനാൽ പുറത്ത് നിർത്തി ടീച്ചർ പേപ്പർ തന്നത് ഇപ്പോഴും ഓർമയായുളളിലുണ്ട്.

എന്നിട്ടും, ഒരു വാക്ക് കൊണ്ട് പോലും അമ്മ അതും പറഞ്ഞ് എന്നെ വേദനിപ്പിച്ചിട്ടില്ല.പത്താം ക്ളാസിൽ പണിത്തിരക്കെല്ലാം കഴിഞ്ഞ് എല്ലാ രാത്രിയും പുലരും വരെ അമ്മയെന്നെ അടുത്തിരുത്തി പഠിപ്പിച്ചു.

അമ്മ ഒരൊറ്റയാളുടെ കഴിവാണ് എൻറെ 9 A+. എൻറെ കഴിവിൽ വിശ്വസിച്ച ഒരേ ഒരാൾ. ജീവിതത്തിൽ ആദ്യമായി ‘പഠിച്ചു’ എന്നതിന്റെ പേരിൽ ഒരു കുഞ്ഞ് ട്രോഫി എനിക്കു കിട്ടി. അന്നായിരുന്നു അക്കാലത്ത് ഞാൻ ഏറ്റവുമധികം സന്തോഷിച്ചതും.

അപ്പൊ, പത്തിൽ ഞാൻ പഠിച്ചോ !
ഇല്ല, അമ്മ പഠിപ്പിച്ചു.

പത്തിൽ ഞാൻ ജയിച്ചോ !
ഇല്ല, അമ്മ ജയിപ്പിച്ചു.

അതിനു ശേഷം ഒരാചാരം എന്ന പോൽ പ്ളസ്ടുവിൽ സയൻസ് എടുത്തു.

അങ്ങനെയാണ് എന്നിൽ വിശ്വസിച്ച അടുത്തയാളായ സിജില ടീച്ചറോട് കൂടുതൽ കൂട്ടായതും.
പഠിക്കാൻ ഒത്തിരിയുണ്ട്. എന്ത്, എങ്ങിനെ എന്നൊന്നുമറിയില്ല. എങ്ങനെയെന്നറിയാതെ അഞ്ജനയും, അപർണയും, അനുപയും, ഞങ്ങൾ നാലും പ്രിയപ്പെട്ട കൂട്ടുകാരായി. പിന്നീടങ്ങോട്ട് അവരായിരുന്നു എൻറെ ധൈര്യം. ‘Friendship’ എന്ന വാക്കിന്റെ പൂർണ രൂപം അവരിലൂടെയാണ് ഞാൻ അറിയുന്നത്. എല്ലാ വേദനയിലും ഒരാൾക്ക്‌ പോലും പകുത്തു നൽകാതെ അവരെന്നെ ചേർത്ത് പിടിച്ചു.

അപ്പൊ, പ്ളസ്ടുവിൽ ഞാൻ പഠിച്ചോ !
ഇല്ല, അഞ്ജന പഠിപ്പിച്ചു.

പ്ളസ്ടുവിൽ ഞാൻ ജയിച്ചോ !
ഇല്ല, അഞ്ജന ജയിപ്പിച്ചു.

അതെല്ലാം കഴിഞ്ഞ് മൂന്നു കൊല്ലത്തെ BA Mass Communication ജീവിതം.
കരയിൽ നിന്നും കടലിലേക്ക്..

ഏറ്റവുമധികം ട്രോമകളും, Insecuritiesഉം, Pain ഉം അനുഭവിച്ച കാലം. അതിനിടയിൽ, ഒരു NSS Campൽ വെച്ചാണ് ജാബിറിനെയും തീർത്ഥയെയും അടുത്ത് പരിചയപ്പെടുന്നത്. ഈ ജീവിതത്തിൽ മനസ്സ് നിറയെ കടപ്പാടുളള രണ്ടു മനുഷ്യൻ.

എൻ്റെയെല്ലാ വിഷമങ്ങൾക്കും പുലരും വരെ കൂട്ടിരുന്ന, എന്നെ ഏറ്റവുമധികം കരഞ്ഞു കണ്ടിട്ടുളള രണ്ടേ രണ്ടു പേർ. എൻറെ left and right എന്ന് എല്ലാവരും കളിയാക്കിയിരുന്ന ജാബിറും റംസാനും. എൻറെ എല്ലാ വേദനകളിലെയും തണൽമരങ്ങൾ.

കോളേജ് അവധിയായിരുന്ന ശനിയും ഞായറും വരെ എനിക്ക് പഠിക്കാൻ, വാതോരാതെ വർത്താനം പറയാൻ, മനസ്സ് തുറന്ന് ചിരിക്കാൻ മൂന്നു വർഷകാലം തുണ വന്ന മനുഷ്യർ.

അപ്പൊ, ഡിഗ്രിക്ക് ഞാൻ പഠിച്ചോ !
ഇല്ല, അവർ പഠിപ്പിച്ചു.

ഡിഗ്രിക്ക് രണ്ടാം റാങ്ക് കിട്ടിയോ?
അതെ, കിട്ടി.

അപ്പോ നീ പഠിച്ചില്ലേ..!
ഇല്ല, അവർ പഠിപ്പിച്ചു.

അതും കഴിഞ്ഞ് പി. ജി രണ്ടു കൊല്ലം ഭാരതീയാർ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ. ‘സ്വർഗം’ എന്ന വാക്കിന്റെ പൂർണ്ണ രൂപം എനിക്കവിടെയായിരുന്നു. വേദനയിൽ ഒപ്പം നിൽക്കുന്ന, നമ്മുടെ വേദനകൾ അവരുടെ വേദനകളാക്കുന്ന ഒരു കൂട്ടം ടീച്ചർമാരും കുട്ടികളും. അവിടെ ആരുമൊന്നും ഒറ്റയ്ക്ക് നേടിയതായോ, കഴിച്ചതായോ, പോയതായോ ഞാൻ കേട്ടിട്ടില്ല.

ക്ളാസിനിടയിൽ Hypertension അടിച്ച് ഡോക്ടറെന്നെ CCUൽ ആക്കിയപ്പോൾ കോവിഡിനിടയിലും ഒരു ഡിപ്പാർട്ട്‌മെന്റ് മൊത്തം എന്നേക്കാൾ വേഗത്തിൽ അതിനു മുന്നേ കാവലിനായി അവിടെ എത്തിയത് മറന്നാൽ ഞാൻ ഞാനലാണ്ടായിപ്പോവും.

വേദനയിൽ കൂടുതൽ കൂടുതൽ സ്നേഹിക്കുന്ന, എൻറെ വേദനകളുടെ കാരണത്തെ ഞാൻ പോലുമറിയാതെ എന്നിൽ നിന്നും എടുത്ത് കളഞ്ഞ മനുഷ്യരുളിടം.

അപ്പൊ, പി. ജി യ്ക്ക് നീ ജയിച്ചോ !
ഇല്ല, ഒരു ഡിപ്പാർട്ട്‌മെന്റ് മുഴുവൻ എന്നെ ജയിപ്പിച്ചു.

പി. ജി യ്ക്ക് ഒന്നാം റാങ്ക്‌ കിട്ടിയോ?
അതെ, കിട്ടി.

അപ്പോ നീ പഠിച്ചില്ലേ?
ഇല്ല, ഒരു ഡിപ്പാർട്ട്‌മെന്റ് മുഴുവൻ എന്നെ
പഠിപ്പിച്ചു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിനി. ഭാരതീയർ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്