ഇന്ന് ഞായറാഴ്ച!
പള്ളിയിൽ പോയിട്ട് ഒന്നൊന്നര മാസമായിരിക്കുന്നു!
ദൈവവിശ്വാസത്തിന് ഇളക്കമില്ലെങ്കിലും സഭാവിശ്വാസത്തിന് ആകെ ഇളക്കം തട്ടിയിരിക്കുന്നു. സഭയിൽ ഇതുവരെയും മറ്റുള്ള വിഭാഗങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ സാംക്രമികരോഗം ഇവിടെയും മെല്ലെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. തമ്മിത്തല്ലും പീഢനവുമൊക്കെ ഇവിടെയിപ്പോൾ വെറും സാധാരണ കാര്യം മാത്രം !
പള്ളി കോമ്പൗണ്ടിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ ഗേറ്റിനരികിൽ ഒരു ദയനീയ രൂപം ഒരു ളോഹ പോലുള്ള വസ്ത്രമണിഞ്ഞ് തറയിൽ ഇരിക്കുന്നു. വസ്ത്രമാകെ മുഷിഞ്ഞ് നാറിയിരിക്കുന്നു. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം മാത്രം ! കുളിച്ചിട്ട് ഏറെ ദിവസങ്ങളായിട്ടുണ്ടാവണം. പക്ഷെ മുഖത്ത് വല്ലാത്ത തേജസ് ഒപ്പം ഒരു തീക്ഷ്ണഭാവവും !
പള്ളിയിൽ വൈദികൾ സുവിശേഷം വായിക്കുന്നു. ആരാധനാലയങ്ങളിൽ നിന്ന് കർത്താവ് ചുങ്കക്കാരെയും വാണിഭക്കാരെയും ചാട്ടവാറിനടിച്ചോടിച്ച ഭാഗമാണ് വായിക്കുന്നത്. ആരാധനാലയത്തിൽ ഒരു തരത്തിലുമുള്ള വിഗ്രഹങ്ങൾ പാടില്ല, വിഗ്രഹാരാധന പാടില്ല എന്നൊക്കെയാണ് അച്ചൻ തട്ടിവിടുന്നത്. പിറകിലിരുന്ന ഞാൻ മുമ്പിലേക്ക് ഒന്നെത്തിനോക്കി. കുരിശിൽ പീഢനമേറ്റ് മരിച്ച കർത്താവും യൗസേപ്പ് പിതാവും കന്യാമറിയവും ഉണ്ണിയീശോയും അൽഫോൻസാമ്മയും ചാവറ കുര്യാക്കോസച്ചനും മദർ തെരേസയുമൊക്കെ വിഗ്രഹങ്ങളായി നിരന്നങ്ങനെ പള്ളിക്കകത്ത് നിൽക്കുന്നു.
എളിമയുടെയും വിനയത്തിന്റെയും പര്യായമാകേണ്ട വൈദികൻ മുടിയൊക്കെ കറുപ്പിച്ച് സ്വർണ്ണ ഫ്രേയ്മുള്ള കണ്ണടയും ധരിച്ച് പളപളാ മിന്നുന്ന കുപ്പായത്തിൽ നിന്നാണ് വായിക്കുന്നത്. അകത്തുള്ള ളോഹയും ഉന്നതനിലവാരത്തിലുള്ളത് തന്നെ! ലാളിത്യത്തിന്റെ ഉത്തമമാതൃകകളാണല്ലോ ഇതൊക്കെ!
സുവിശേഷ വായന കഴിഞ്ഞയുടൻ ഒരു ബാലനും ബാലികയും ഇരുവശത്തേക്കും ഭിക്ഷാപാത്രങ്ങളുമായി പഞ്ചപുച്ഛമടക്കി വിശ്വാസികളെ സമീപിക്കുന്നു. 500 രൂപ കാണിക്കയിടുന്നവൻ അത് നാലാള് കാൺകെ വിടർത്തിയിടുന്നു. 200, 100, 50, 20, 10 ഒക്കെ വീഴുന്നുണ്ട്. 10 ഉം 20 ഉം ഇടുന്നവർ അത് മറ്റാരും കാണാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞാഴ്ചത്തെ സ്തോത്രക്കാഴ്ച 13536 എന്നൊരു തുകയൊക്കെ അച്ചൻ പ്രസംഗമധ്യേ പറയുന്നത് കേട്ടു.
പെട്ടെന്ന് എന്റെ മനസിൽ ഒരു ഇടി വെട്ടി. ഞാൻ പുറത്തു കണ്ട ആ ളോഹധാരിക്ക് ഇപ്പോൾ കർത്താവിന്റെ ഛായ തോന്നുന്നു! മുടിയും താടിയുമൊക്കെയുണ്ട്. ദൈവമേ! അത് അവൻ തന്നെ. ഈ മണിമാളികയിൽ അവനെവിടെയാണ് സ്ഥാനം ? കാലിത്തൊഴുത്തിൽ പിറന്ന് കഷ്ടതകൾ മാത്രമനുഭവിച്ച് ക്രൂശിതനായ കർത്താവിന് ഈ കൊട്ടാരങ്ങളിൽ എങ്ങനെ വസിക്കാനാവും?
പള്ളി കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ളോഹ അലർജിയാണ് പലർക്കും. സ്ഥിരം സെക്കന്റ് ഷോക്ക് മഫ്റ്റിയിൽ പോകുന്നതിപ്പോൾ ഒരു പുതുമയേയല്ല. ഭരണസിരാകേന്ദ്രത്തിന്റെ പാർക്കിംഗ് ഏരിയയിൽ ബൻസിൽ വന്ന് ഇറങ്ങുന്ന ജീൻസും ഖദർ ഷർട്ടുമിട്ടയാളെ സൂക്ഷിച്ചു നോക്കി. അത് കർത്താവിന്റെ പേരിൽത്തന്നെയുള്ള സ്ക്കൂളിന്റെ മാനേജരച്ചനാണ്. ഇടവക മാറി മറ്റൊരു ഇടവകയിലേക്ക് പോകുന്ന വൈദികന് ഉപഹാരമായി കാറും ഫ്രിഡ്ജും വാഷിംഗ് മെഷീനും വില കൂടിയ മൊബൈലുമൊക്കെ നൽകാൻ കുഞ്ഞാടുകൾ ഇടി കൂടുന്നു. യാത്രയയപ്പിൽ കവിതയെഴുതി വായിച്ച് മാതൃജ്യോതിസുകാർ അച്ചനെ പുകഴ്ത്തുന്നു. അത് കേട്ട് അച്ചന് തന്നെ തൊലി പൊളിഞ്ഞു പോകുന്നു. ഈ പാടുന്നത് എന്നെക്കുറിച്ച് തന്നെയോ എന്ന് അത്ഭുതം കൂറുന്നു.
പള്ളിയുടെ ഭരണക്കമ്മറ്റിയിലെ സ്ഥാനമാനങ്ങൾക്കായി പരസ്പരം പോർ വിളിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പരസ്പരം ചെളി കോരിയെറിയുന്നു. സ്ഥാനം നഷ്ടപ്പെട്ടവർ എതിർലഘുലേഖകളിൽ സായൂജ്യമടയുന്നു. പെൻഷനായവർക്ക് അധികം മത്സരമില്ലാതെ ശോഭിക്കാൻ ആരാധനാലങ്ങൾ അവസരമൊരുക്കുന്നു.
വിശ്വാസികളിൽ നിന്ന് പണം പിരിക്കാനുള്ള പുതിയ വഴികൾ കണ്ടെത്താൻ വിദഗ്ദരുടെ ഉപദേശങ്ങൾ തേടുന്നു. കാള അമറുന്ന ശബ്ദമുള്ള അച്ചൻ, സ്വരം മൈക്കിൽ ശരിയാവുന്നില്ല എന്നു പറഞ്ഞ് അരലക്ഷത്തിൽ കൂടുതൽ തുക മുടക്കി പുതിയ മൈക്ക് സെറ്റ് വാങ്ങിക്കുന്നു. ഗായക സംഘം മൈക്കിലൂടെ കാറി വിശ്വാസികളുടെ കർണ്ണപുടം തകർക്കുന്നു. ഈ കൊച്ചു പള്ളിയിൽ മൈക്ക് സെറ്റിന്റെ ആവശ്യമേയില്ല എന്ന് ആരോട് പറയാൻ?
തറയിൽ വിരിച്ച മാറ്റിലെ പൊടി അലർജിയുണ്ടാക്കും എന്ന കാരണം പറഞ്ഞ് പുതിയ വികാരി അത് മാറ്റി വെട്രിഫൈഡ് ടൈലിടുന്നു. അത് തൊട്ടു മുമ്പത്തെ വികാരി, ഉണ്ടായിരുന്ന ടൈൽ മാറ്റി, മാറ്റിട്ടതാണെന്ന് പള്ളിക്കമ്മറ്റിക്കാർ പുതിയ വികാരിയോട് പറയുന്നില്ല. 15 കാറുകൾ നേരെ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത ടൈൽ വിരിച്ച മുറ്റത്ത് കാൽ കോടി മുടക്കി കുരിശടി നിർമ്മിക്കുന്നു. അതിൽ ബസിൽ നിന്നു പോലും പണം വലിച്ചെറിഞ്ഞാൽ വീഴാൻ പാകത്തിനുള്ള ഭണ്ഡാരം സ്ഥാപിക്കുന്നു.
പർവതാഗ്രത്തിലിരിക്കുന്ന പള്ളിയിൽ നിന്ന് 50 അടി താഴെയുള്ള സ്ഥലത്ത് 5 സെന്ററിൽ പണിത പള്ളിക്കൊരു നേട്ടവുമില്ലാത്ത വീട് ബാങ്ക് ലോണെടുത്ത് വാങ്ങുന്നു. ലോൺ ക്ലോസ് ചെയ്യാൻ പുതിയ പദ്ധതികളും പിരിവുകളുമായി ഉപജാപവൃന്ദം അച്ചന്റെ ചെവിയിലോതുന്നു. പൈസയുള്ളവർ കൊടുക്കുന്ന ലക്ഷങ്ങൾ ലിസ്റ്റിന് മുകളിൽ ഇടം പിടിക്കുന്നു. അത്താഴ പട്ടിണിക്കാർക്ക് വരെ തുക നിശ്ചയിച്ച കവറുകൾ വീട്ടിലെത്തുന്നു.
സ്ക്കൂൾ, കോളേജ്, ആശുപത്രി ഇവിടൊന്നും വിശ്വാസിക്ക് കാര്യമായ പരിഗണന കിട്ടുമെന്ന് കരുതണ്ട. ഇതെല്ലാം നല്ല ഒന്നാം തരം കച്ചവട സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. അഗതി മന്ദിരങ്ങൾ സ്റ്റാർ ഹോട്ടലുകളുടെയോ റിസോർട്ടുകളുടെയോ പകിട്ടിൽ വിരാജിക്കുന്നു. പക്ഷെ അകത്ത് അഗതികളുടെ എണ്ണം പരിമിതം! പക്ഷെ പുറത്തു നിന്നും വരുന്ന വി ഐ പികൾക്ക് പാർക്കാൻ പ്രത്യേക ബംഗ്ലാവ് സൗകര്യങ്ങൾ അവിടെ ഉറപ്പ്!
മകനെ കെട്ടിക്കേണ്ടി വരുന്ന ഇടവകാംഗത്തിനെ, സ്ത്രീധനം ഊഹിച്ച് ഭീമമായ പതവാരം അച്ചൻ ഭീഷണിപ്പെടുത്തി വാങ്ങുന്നു. ഇല്ലെങ്കിൽ കെട്ടിന് കുറിയില്ലത്രെ!
പള്ളി കഴിഞ്ഞ് പുറത്തിറങ്ങി. നമ്മുടെ ളോഹധാരി അവിടെത്തന്നെയുണ്ട്. പള്ളിയിൽ 500 സ്തോത്രക്കാഴ്ച ഇട്ടവർ പോലും ആ പാവത്തിനെ ഗൗനിക്കുന്നില്ല. അദ്ദേഹം തികച്ചും നിസംഗനായിത്തന്നെയിരിക്കുന്നു.
കക്ഷി എന്റെ മുഖത്തേക്ക് നോക്കി ഒരു ഗൂഢമന്ദസ്മിതം പൊഴിച്ചു. ഞങ്ങൾക്ക് പരസ്പരം എല്ലാം മനസിലായി.
“എന്റെ മകനേ! എനിക്കാ രമ്യഹർമ്യത്തിനകത്ത് ഇരിക്കാൻ പറ്റുന്നില്ലെടാ! എനിക്കവിടെ ശ്വാസം മുട്ടുന്നു. ഈ ഗതികെട്ട അവസ്ഥയിൽ യാചകനായി ഈ റോഡുവക്കിലിരിക്കുമ്പോൾ പോലും എനിക്കൊരു സുഖമുണ്ട്. ഞാനിവിടെ ഇരുന്നോളാം. നീയിത് ആരോടും പറഞ്ഞ് കുളമാക്കേണ്ട! അങ്ങനെ ചെയ്താൽ എന്നെ സ്വീകരിച്ചാനയിക്കാൻ സഭാനേതാക്കൾ എഴുന്നള്ളും. ഞാനെങ്ങനെയെങ്കിലും ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞോളാം!”
കർത്താവിന്റെ സ്വരം ചെവിയിൽ സ്വകാര്യമായി മന്ത്രിച്ചു.
അയാൾ റോഡിലേക്കിറങ്ങി, നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച്, കൈകൾ ആഞ്ഞുവീശി നടന്നു നീങ്ങി.