അമ്മയ്ക്ക് പനി വന്ന ദിവസം

ജീവിതത്തിലാദ്യമായി കഷ്ടപ്പാടറിഞ്ഞത് അമ്മയ്ക്ക് പനി വന്ന ആ ദിവസമായിരുന്നു. നേരത്തെയെണീറ്റ് രാവിലേക്കുളളതും കോളേജിലേക്കുമുളള ഭക്ഷണമുണ്ടാക്കി പാത്രത്തിലാക്കി ക്ളോക്കിലേക്ക് നോക്കിയതും സമയം 8:00 മണി കഴിഞ്ഞിരുന്നു.

ഒരു ഹർത്താലുണ്ടായാൽ നന്നായിരുന്നെന്ന് പ്രാർത്ഥിച്ചുകൊണ്ട് പത്രം തുറന്നപ്പോഴാണ് റോഡിൽ നിന്നുമൊരു ശബ്ദം കേട്ടത്…
“എന്താ കുട്ട്യേ..കർക്കിടകമാസായിട്ട് ഉമ്മറമടിക്കാത്തത്..?” ആ നിമിഷമവരോട് ദേഷ്യമാണ് തോന്നിയത്.
പക്ഷേ പിന്നീടാലോച്ചിച്ചപ്പോൾ അടിച്ചുവാരാമായിരുന്നു എന്ന് തോന്നി. ഒരു കൈയ്യിൽ ചൂലും മറ്റേ കൈയ്യിൽ ദോശപ്പൊട്ടുമെടുത്തുകൊണ്ട് ധൃതിയിലടിച്ചു വാരുമ്പോഴും, “ഞാൻ ചെയ്തോളാം,ഉണ്ണി ക്ളാസിൽ പൊയ്ക്കോളൂ” എന്നമ്മ വിളിച്ചുപറയുന്നുണ്ടായിരുന്നു.

എന്ത് വന്നാലും അമ്മയെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കിലെന്ന് എനിക്ക് വാശിയായിരുന്നു…

മിക്ക ദിവസവും പോവാൻ നേരത്ത് ചോറാവാത്തതിൽ അമ്മയോട് വഴക്കിടാറാണ് പതിവ്.
എന്നാൽ.. അമ്മയ്ക്ക് പനി വന്ന ആ ദിവസം എൻ്റെ ഒരുപാട് വഴക്കുകൾക്കുളള ഉത്തരം ഒരുമിച്ചറിഞ്ഞു.
ജീവിതത്തിലാദ്യമായ് ഞാൻ ഒരമ്മയുടെ കഷ്ടപ്പാടെന്തെന്നറിഞ്ഞു.എൻ്റെ കാര്യങ്ങളെല്ലാം നോക്കി ബാഗും തൂക്കി കോളേജിലേക്കിറങ്ങുമ്പോൾ ഒരു ദിവസം പോലും വീട്ടിലെ പണിയെല്ലാം തീർത്ത് എന്നും വൈകിയിറങ്ങി റോഡിലൂടെയോടി സ്കൂളിൽ പോകുന്ന അമ്മയെ ഞാനറിഞ്ഞിരുന്നില്ല. അറിയാൻ ശ്രമിച്ചിരുന്നില്ല…

പെട്ടെന്ന് പിന്നിൽ നിന്നുമൊരു വിളി…
“ഇയ്യ് പോരുന്നുണ്ടങ്കിൽ പോന്നോ.. ഇനിക്ക് പോവാൻ സമയായി,ഞാൻ പോവാ..” അനിയനായിരുന്നു.

തിരിഞ്ഞവനെ ചീത്ത പറയാൻ തുടങ്ങുമ്പോൾ “അമ്മടുണ്ണി ഇന്ന് നല്ലോം പണിപ്പെട്ടുലേ.. പനിയാണേലും കുറച്ച് കഴിഞ്ഞ് അമ്മ എല്ലാം ചെയ്യാർന്നല്ലോ എന്തിനാ ഉണ്ണി ചെയ്യതത്…? ഇനി ലീവാക്കാൻ നിക്കണ്ട. അമ്മടെ പനിയൊക്കെ മാറീ.. സമയം ന്ല്ലോണം വൈകീണു.. അവൻ വിളിക്കണുണ്ട്.. അമ്മടെ മക്കള് പൊയ്യ്ക്കോളൂ….”

എന്തോ… ആ നിമിഷമൊന്നുമെന്നിക്ക് തിരിച്ചുപറയാനുണ്ടായിരുന്നില്ല.

ഒരുപക്ഷേ… ഞാൻ കണ്ടിട്ടും കാണാത്ത, അറിഞ്ഞിട്ടും അറിയാത്ത, ഒരമ്മയുടെ കഷ്ടപ്പാട് ആ പനിയെനിക്ക് കാണിച്ചു തരികയായിരുന്നിരിക്കാം.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിനി. ഭാരതീയർ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്