അന്വേഷിച്ചുകൊണ്ടിരുന്നത്
എന്താണെന്ന് മറന്നുപോയിട്ട്
വീണ്ടും തെരച്ചിൽ തുടരുന്ന അവസ്ഥ
അനുഭവിച്ചിട്ടുണ്ടോ?
ഒരു തരത്തിലത്
നിലാവത്തഴിച്ചുവിട്ട
കോഴിയുടെ അവസ്ഥയാണ്
ട്യൂൺ ചെയ്തെടുക്കാൻ കൊതിച്ച
രഞ്ജിനിയെ മറന്ന്
കിട്ടിയ ലളിതസംഗീതപാഠം
ആസ്വദിക്കുന്നത് പോലെയാണ്
ഒരുപക്ഷേ
അന്വേഷണത്തിന്റെ
ആദ്യഘട്ടത്തിൽ
രൂപവും ശബ്ദവും
ഉള്ളിലുണ്ടായിരുന്നിരിക്കണം
ഏതോ ഒരു കാറ്റിൽ പാറിയെത്തി
മത്ത് പിടിപ്പിച്ച ഗന്ധം ഓർമ്മയിൽ
ഓളം വെട്ടിയിരിക്കണം
തേൻമധുരമെന്നൊക്കെ
വെറുതെ പറയുന്നതാണ്
ഉപ്പും പുളിയും എരിവും
കയ്പ്പിനോളമില്ലെന്നേയുണ്ടാവൂ
കണ്ടു കിട്ടിയതൊക്കെ
മനസ്സിലുള്ളതിനോട് ചേർത്തുവെച്ച്
‘അതുതാനല്ലയോയിത് ‘എന്ന്
ഉൽപ്രേക്ഷിച്ചിരിക്കണം!
കട്ടവനെ കണ്ടില്ലെങ്കിൽ
കണ്ടവനെ പിടിക്കുന്ന ഏർപ്പാട്
അങ്ങനെ ഉണ്ടായതാവും
‘ഇത് എക്സ് എന്നിരിക്കട്ടെ’
എന്നുകരുതി
ചരങ്ങൾക്ക് വിലകൾ
മാറിമാറിക്കൊടുത്ത്
കുറേക്കാലം തുടർന്നിരിക്കണം
എത്ര ശ്രമിച്ചിട്ടും
നിർധാരണം ചെയ്തു
പൂജ്യത്തിലെത്താൻ
കഴിയാതെ വന്നപ്പോഴാവും
മറവിരോഗം ബാധിച്ചത്
അതൊരു അതിജീവനതന്ത്രമാണ്!
തെരഞ്ഞതെന്താണെന്നറിയാതെ
തെരഞ്ഞു കൊണ്ടേയിരിക്കുക!
ആദിയും അന്തവുമില്ലാത്ത വൃത്തം
വരച്ചു കൊണ്ടേയിരിക്കുക
ഒടുവിൽ
എല്ലാ വഴികളും
അവരവരിലേക്ക് തന്നെയാണെന്ന്
തിരിച്ചറിയുമ്പോഴും,
അനന്തമായ എണ്ണം
ഏകകേന്ദ്രവൃത്തങ്ങൾ
മാറിമാറി വരയ്ക്കുക
അപ്പോഴേക്കും
സ്വയം തിരിച്ചറിയാതായിട്ടുണ്ടാവും.