ഓർക്കാപ്പുറത്ത് പാട്ടി പോയത് മുതൽ
അന്തിനേരമാവുമ്പോഴേക്കും
വീട്ടിലേക്ക് എല്ലാ കാറ്റും
മതിലും ചാടി വരുന്നു,
ചപ്പുചവറുകൾ വാരിവലിച്ചിട്ട്
മദ്യപിച്ച്
ലക്കുകെട്ട്
നാലുകാലിൽ.
പാട്ടിയുള്ളപ്പോൾ
തലയ്ക്കു വെളിവില്ലാതെ
ഒരു കാറ്റും
വരാറില്ലായിരുന്നു വീട്ടിൽ.
നേരമില്ലാനേരത്ത് പാട്ടിപോയ
നാല്പത്തിയൊന്നാം ദിനം
ആകാശത്ത് നിന്ന് പറന്നുവീണ
കരയൊപ്പമെത്താത്ത നേര്യത്
നിത്യവും കാറ്റ് ഇളക്കിക്കളിക്കുന്നു
ചുളിവുകൾ
ഞൊറികൾ
വിടർത്തിമാറ്റുന്നു.
ഇടയ്ക്കിടെ മുള്ളിൽ സാരിത്തുമ്പ്
കോർത്തുടക്കിവലിക്കുന്ന വിക്രിയ.
കാറ്റിനു കൈകൾ
*കാർത്തവീര്യാർജ്ജുനന്റെത്.
ഇടവേളകളില്ലാതെ പാട്ടി നട്ടുവളർത്തിയ
ഓരോ ചെടിമറവിലെ
പൂക്കളുടെ മടിയിൽ കാറ്റ്
പിപ്പിരിയിളകിക്കിടന്നു.
തലയിടിച്ചാരെയോ പ് രാകി
വെളിച്ചത്തിന്റ തിളക്കമുള്ള
മിനുത്ത പേനക്കത്തി അരയിൽ തിരുകി
നാടുവിട്ടുപോയൊരു പൂച്ച മട്ടിൽ
മരക്കൊമ്പിൽ പതുങ്ങുന്നു.
ആടിക്കുഴഞ്ഞ് ജനാലവിരികൾ
വലിച്ചു നീക്കി
പൊടിക്കാറ്റ് വീശി കണ്ണ് നീറ്റിച്ചു.
പാട്ടി ഉണ്ടായിരുന്നെങ്കിൽ
ഇതൊന്നും നടപ്പില്ല,
വീട്ടിലും മുറികളിലും.
പാട്ടി പോയത് മുതൽ ജലപാനമില്ലാതെ
വരണ്ട മുറ്റത്ത് കിടന്നുറങ്ങുന്ന
പേർഷ്യൻ നായയുടെ
വിശന്ന വയറ്റിൽ
ഒളിഞ്ഞു കേറിയ കാറ്റ്
യുദ്ധത്തിനു കോപ്പുകൂട്ടാനുള്ള
തിടുക്കത്തിലാണിപ്പോൾ.
വളഞ്ഞ വാലറ്റത്ത് സാറ്റ് കളിച്ച്
ഈറ കൂട്ടും ഈച്ചയെ വിഴുങ്ങാൻ
കാത്തിരിക്കുന്ന പെൺപട്ടിയെ
*സുരസ എന്ന് വിളിക്കുമായിരുന്നു,
പാട്ടിയും ഓപ്പോളും.
തിരക്കില്ലാത്ത
ഏകാന്തമായ ഇടനാഴിയിൽ
ചുറ്റിത്തിരിയുന്ന
ഓരോ കാറ്റ് പോലെയാണ്
വീട്ടിലെ ഓരോ ആളുകൾ.
ഓരോരോ ദിശകളിലേക്ക്
വീശിപ്പോകുന്ന ചൂടും തണുപ്പുമായവർ
അനുഭവപ്പെടും.
പാട്ടിയുള്ളപ്പോൾ എല്ലാ കാറ്റും
ഒരു ദിശയിൽ മാത്രം
സഞ്ചരിച്ചതോർത്തു,
ഞങ്ങൾ .
തണുത്ത കാറ്റ് പരുങ്ങുന്ന
എന്റെ നെഞ്ചിലെ
തുരുമ്പിച്ച വാതിലാരോ
തുറക്കുന്ന കരകര ശബ്ദം.
കതകിനുമറവിലാരാണ്?
പാട്ടിയോ?
പാട്ടിയൊരു തണുത്ത കാറ്റായിരിക്കുന്നു.
ഞാൻ,
തണുത്ത കാറ്റായി വന്ന
പാട്ടിക്കൊപ്പം പോയി
വന്യമായ കുളത്തിനരികിലേക്ക് .
കമ്മൽപ്പൂക്കൾ തിങ്ങിപ്പാർക്കുമിടം,
നന്ത്യാർവട്ടം സൊറപറഞ്ഞിരിക്കും
വഴുക്കുള്ള പടവ്,
കടമ്പുവൃക്ഷങ്ങൾ തഴച്ചു വളർന്ന സമതലം,
കൊലയാളിക്കാറ്റുകൾ
വമ്പൻസ്രാവിനെപ്പോലെ വിഴുങ്ങുന്ന
കനകാംബരം ചൂടിയ സായന്തനം.
തുന്നിതീരാതെ താത്തയുടെ മുഖമുള്ള
എംബ്രോയിഡറി കയ്യിലേൽപ്പിച്ചെന്നെ
പടവിലിരുത്തി പാട്ടി.
തണുത്തുറഞ്ഞ കാറ്റായവർ
താത്തയെ കൂട്ടിക്കൊണ്ടുവരാൻ
പുകപോലെ കുളത്തിലേക്ക്
നൂണിറങ്ങുന്നു.
പതച്ചുപൊങ്ങിയ
വികാരമില്ലാത്ത
മീനുകൾക്കും ഒത്ത നടുക്ക്
താത്തയുടെ ചിരിയുള്ള
കാർത്തവീര്യാർജ്ജുനനെ കണ്ടപോലെ.
കുളത്തിനും മീതെ
പറമ്പിലേക്ക് പതഞ്ഞൊഴുകിയ
വെള്ളത്തിൽ നിന്നൊരു
തണുത്ത കാറ്റ് പൊങ്ങിവന്ന്
പൊടുന്നനെ വട്ടംവരച്ചു,
നൂറുനൂറായിരം വളയങ്ങളെ.
അതിലൊരായിരം
ചിതറിയ മുടിപ്പൂക്കൾ
പാട്ടിയുടെ കനകാംബരങ്ങൾ.
ഇപ്പോൾ
മദ്യപിച്ച്
ലക്കുകെട്ട്
നാലുകാലിൽ ഒരു കാറ്റും
വരാറില്ല വീട്ടിൽ.
പാട്ടിയെന്താ വരാത്തത്,
താത്തയെയും കൊണ്ട്?
ക്ലാവുപിടിച്ച് പിഞ്ഞി
വഴുക്കുന്നുവല്ലോ-
ഈ എംബ്രോയിഡറി.
*സുരസ- ഹനുമാൻ ലങ്കയിലേക്ക് പോകും വഴി കടലിൽ വെച്ചു വിഴുങ്ങിയ രാക്ഷസി, ലങ്കാലക്ഷ്മി
*കാർത്തവീര്യാർജ്ജുനൻ- മഹിഷ്മതിയിലെ രാജാവ്, ആയിരം കൈകളുടെ ഉടമ. പരശുരാമനാൽ വധിക്കപ്പെട്ടു.