ഫറോവയാവുകയായിരുന്നു കുട്ടിക്കാലത്തെ എൻ്റെ ഏറ്റവും വലിയ അഭിലാഷം. സ്ക്കൂളിൽ നിന്നും മമ്മി, പിരമിഡ് എന്നീ വാക്കുകൾ കേട്ടുതുടങ്ങിയതോടെയാണ് ആ സ്വപ്നം എന്നിൽ അങ്കുരിച്ചത്. ഫറോവയെ ഞാൻ നിത്യവും സ്വപ്നം കണ്ടു. വലിയ പിരമിഡുകൾക്കിടയിൽ വിചിത്ര മുഖംമൂടി ധരിച്ച അവർ ഭൂമിയിലെ ശക്തരായ മനുഷ്യരായിരിക്കുമെന്നു കരുതിയ കാലം. പിന്നീട് പലയിടങ്ങളിൽ നിന്നായി ഈജിപ്തിനെക്കുറിച്ചുള്ള ഇത്തിരിയിത്തിരി അറിവുകൾ മനസ്സിലൊതുക്കിയ കൗമാരം. മുതിർന്നപ്പോൾ, ജീവിതം യാത്രകൾക്കായി ഉഴിഞ്ഞുവെച്ചു. സഞ്ചാരം തുടങ്ങിയപ്പോൾ തുറക്കാതെവെച്ചിരുന്ന അറിവുകളുടെ പുസ്തകം എനിക്കൊപ്പം കൂട്ട് വന്നു. ഈജിപ്തിനെയും അവരുടെ സമ്പന്നരായ രാജാക്കന്മാരെ കുറിച്ചും കാലം കടന്നുപോകുന്തോറും എന്റെയുള്ളിൽ ജിജ്ഞാസ വർദ്ധിച്ചു. കുന്നോളം വളർന്നു പന്തലിച്ച ആഗ്രഹത്തെ തളച്ചുനിർത്താൻ കഴിയാത്ത ഒരു ഘട്ടത്തിൽ ഞാൻ ഈജിപ്തിനെ ലക്ഷ്യമാക്കിയുള്ള യാത്രായ്ക്കായി തീയതി നിശ്ചയിച്ചു. ഈജിപ്ത് സന്ദർശിക്കാനുള്ള കാരണങ്ങൾ ഏതാണ്ട് അനന്തമാണ്, കാരണം നൈലിലെ ഓരോ തുള്ളി വെള്ളവും മനസ്സിൽ കുളിരായി വന്നു തൊടുമ്പോൾ, അനശ്വരനഗരങ്ങളിലെ കല്ലുകൾ, പൗരാണിക കഥകളിലെ ആവേശവും മഹത്വവും പരമമായ ആനന്ദവും സഞ്ചാരികൾക്കു മുന്നിൽ തുറന്നിടുന്നു എന്നതുകൊണ്ടു തന്നെ. യാത്രയ്ക്കൊരുങ്ങും മുൻപ് നമ്മൾ എത്തിപ്പടാൻ പോകുന്ന ദേശത്തെക്കുറിച്ചും ആ രാജ്യത്തെക്കുറിച്ചും നന്നായി പഠിക്കുന്നത് സുഗമമായ യാത്രയ്ക്കു വഴിയൊരുക്കും. എത്ര വലിയ പഠനം നടത്തിയെന്നു വന്നാലും, യാത്ര യാഥാർത്ഥ്യമാകുന്ന വേളയിൽ അനുഭവവേദ്യമാകുന്നതിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ സംഭവിച്ചുവെന്നു വരാം, അതാണ് യാത്രയിൽ കിട്ടുന്ന ലഹരിയും. ഞാൻ നാടോടികളെപ്പോലെ യാത്രയെ ജീവിതമാക്കി ഈജിപ്തിനെ കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു.
28 സെപ്റ്റംബർ 2023 വ്യാഴാഴ്ച്ചയുടെ പകൽനേരത്തു ഞാൻ കെയ്റോയിൽ എത്തി.
ഗിസയിലെ മഹത്തായ പിരമിഡുകൾ കാണണമെന്ന അടക്കാനാകാത്ത സ്വപ്നവുമായാണ് ഞാൻ ഈജിപ്തിലേക്ക് യാത്രയ്ക്കൊരുങ്ങിയതു തന്നെ. ഒരു മുന്നൊരുക്കവുമില്ലാതെയുള്ള യാത്ര ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, ഉദ്ദേശിച്ച സ്ഥലത്തെത്തിക്കഴിഞ്ഞാൽ നമുക്കാവശ്യമുള്ളതൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള പരിശ്രമത്തിൽ നിന്നുമെനിക്കു പറയാനാകാത്ത നിർവൃതിയാണ് ലഭിക്കുന്നത്. കെയ്റോയിൽ താമസിക്കാനുള്ള ഹോട്ടൽ ബുക്കിംഗും മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റും മാത്രമായിരുന്നു എനിക്കുറപ്പ് വരുത്തേണ്ടിയിരുന്നത്. കെയ്റോയിലെ താമസത്തിനായി ഞാൻ ദുസിത് താനി ലേക്ക് വ്യൂ കെയ്റോ ഹോട്ടൽ ബുക്ക് ചെയ്തു. അത് വളരെ നല്ല ഹോട്ടലും അനുയോജ്യമായ സ്ഥലവുമാണ്, ഹോട്ടലിൽ തന്നെ നല്ല കഫേയും റെസ്റ്റോറന്റുകളും ഉണ്ട്. മാത്രവുമല്ല ഇത് എന്റെ ബഡ്ജറ്റിലൊതുങ്ങുന്ന ഹോട്ടലുകൂടിയാണെന്നു തോന്നി. ഞാൻ എയർപോർട്ടിൽ എത്തിയപ്പോൾ ഹോട്ടലിൽ നിന്നും അയച്ച ഒരു പിക്കപ്പ് വാഹനവുമായി ഡ്രൈവർ എന്നെ കാത്തിരിക്കുന്നു. എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ എത്താൻ ഏകദേശം 45 മിനിറ്റെടുത്തു.
വിമാനത്താവളത്തിനു പുറത്തുള്ള കെയ്റോയുടെ ആദ്യ കാഴ്ച്ച എന്റെയുള്ളിൽ ആഹ്ലാദം നിറച്ചു. വിൻഡോയിലൂടെ ഞാൻ തെരുവിലേക്ക് നോക്കിയിരുന്നു. ചെറിയ ചൂടുള്ള പകൽ, നഗരത്തിന്റെ മനോഹരമായ കാഴ്ച്ച കണ്ടുള്ള യാത്രയിൽ, ഞാൻ പക്ഷേ, വിയർത്തു കുളിച്ചിരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. ചെറിയ വിശ്രമത്തിനു ശേഷം ഞാൻ ഹോട്ടൽ ലോബിയിലേക്ക് ഇറങ്ങി, റിസപ്ക്ഷനിസ്റ്റിനോട് എനിക്ക് പിരമിഡുകൾ കാണാനും, അലക്സാണ്ട്രിയയിലേക്ക് പോകാനുമായി വേണ്ടത് അറേഞ്ച് ചെയ്യാൻ സഹായം ചോദിച്ചു. റിസപ്ഷനിസ്റ്റ് എന്നെ ഹോട്ടൽ കൺസേർജിലേക്ക് നയിച്ചു, അവിടെ എന്റെ യാത്രകൾക്കു മാർഗനിർദേശം നൽകി സഹായിക്കാനായി ഉയരമുള്ള മനുഷ്യൻ ഉണ്ടായിരുന്നു. എനിക്ക് ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു. മാനേജർ എന്റെ പേരും ഞാൻ ഏതു രാജ്യക്കാരനാണെന്നും ചോദിച്ചു? എന്റെ മറുപടി കേട്ട് പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, “ഈജിപ്തിലേക്ക് സ്വാഗതം.” അയളുടെ ഉയരം, ആകർഷകമായ പുഞ്ചിരി, കട്ടിയുള്ള ശബ്ദവും ഒരു ഫറവോനെയോ പുരാതന യോദ്ധാവിനെയോ ഓർമ്മിപ്പിച്ചു. അദ്ദേഹം എന്റെ അഭ്യർത്ഥന ശ്രദ്ധിക്കുകയും തന്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ചെലവു കുറച്ച്, എന്റെ പദ്ധതികളെ അക്ഷരാർത്ഥത്തിൽ ഒരു മികച്ച പ്ലാനാക്കി മാറ്റി. എനിക്ക് റെഡിയാകാൻ രണ്ട് മണിക്കൂർ സമയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു; അപ്പോഴേക്കും ഡ്രൈവറും കാറും റെഡിയാകും. തിരികെ റൂമിൽ പോയി കുളിച്ചു ഡ്രസ്സ് ചെയ്തു രണ്ടു മണിക്കൂർ കൊണ്ട് ഹോട്ടൽ ലോബിയിൽ എത്തി. ഈജിപ്ത് കാണാനുള്ള ആവേശം എന്റെ ഹൃദയത്തിൽ നിറഞ്ഞു; ഞാൻ എന്നോടു തന്നെ പറഞ്ഞു. “ഒടുവിൽ എന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുന്നു. ഞാനും ഫറോവയുടെ പിരമിഡുകളുടെ നാട്ടിൽ എത്തിയിരിക്കുന്നു.
ജീവിതത്തിൽ ദൈവം നൽകുന്ന അപൂർവം സമ്മാനങ്ങളാണ് യാത്രകൾ. വിവേകത്തോടെ ജീവിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നവൻ യഥാർത്ഥത്തിൽ ഭാഗ്യവാനാണ്. ഡ്രൈവറും ഗൈഡും വരാൻ കാത്തിരിക്കുകയായിരുന്നു ലോബിയിൽ ഞാൻ. അവിടെയിരുന്നു പലരെയും വെറുതെ നിരീക്ഷിച്ചു. ആ ഹോട്ടലിൽ ലോകമെമ്പാടുമുള്ള ആളുകൾ വന്നെത്തിയിട്ടുണ്ട്. അവരുടെ വ്യത്യസ്ഥമായ ഭാഷ, വസ്ത്രധാരണം ഒക്കെ എന്നെ ആശ്ചര്യപ്പെടുത്തി. ആരോ എന്റെ പേര് വിളിച്ചു; ചിന്തയിലാണ്ടുപോയ ഞാൻ വിളി കേട്ടിടത്തേക്കു നോക്കി. അത് കൺസേർജിലെ മാനേജർ ആയിരുന്നു. അയാൾ എന്റെയടുത്തു വന്നുപറഞ്ഞു “ഡ്രൈവർ കാത്തു നിൽക്കുന്നുണ്ട്”. ഞാൻ ബാഗും ഫോണുകളും തൊപ്പിയും എടുത്തു ഹോട്ടലിന്റെ മുൻവാതിലിനു പുറത്തേക്കുനടന്നു. ഈജിപ്തിലെ പ്രഭാത വെളിച്ചവും ചൂടുള്ള കാറ്റും എന്റെ മുഖത്തെ പൊളിച്ചു കടന്നുപോയി, ഡ്രൈവറായ ഹക്കീമിനെ ഞാൻ കണ്ടുമുട്ടി. കൺസേർജിലെ മാനേജർ എന്നെ അയാൾക്ക് പരിചയപ്പെടുത്തിയപ്പോൾ ഹക്കിം ചിരിച്ചുകൊണ്ടു ഹസ്ത ദാനം നൽകി. മാനേജർ ഹക്കീമിന് അറബിയിൽ ഇന്നത്തെ യാത്രാപദ്ധതി വിശദീകരിച്ചു; അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. “സർ, എന്നാൽ നമുക്ക് സന്തോഷത്തോടെ സഞ്ചാരം തുടങ്ങാം.”
ആദ്യം ഗിസയിലെ പിരമിഡുകളും സ്ഫിൻക്സും കാണുക. തുടർന്ന് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം, സഖാറ, ഇല്ലഇ നദി കോപ്റ്റിക് മ്യൂസിയം, ഒടുവിൽ ദഹ്ശൂർ എന്നിവിടങ്ങളും കാണുക. ഇതാണ് ഞങ്ങളുടെ പ്ലാൻ. യഥാർത്ഥത്തിൽ ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള ശൈത്യകാലമാണ് ഈജിപ്ത് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഹക്കിം എനിക്ക് ഒരിക്കലും അപരിചിതനായി തോന്നിയില്ല. അവന്റെ മുഖം, പുഞ്ചിരി, ശബ്ദവുമൊക്കെ എന്റെ ബാല്യകാല സുഹൃത്തിന്റേതു പോലെ പലപ്പോഴും തോന്നി. ഞങ്ങൾ യാത്ര തുടങ്ങി. ഞാൻ ഹക്കീമിനോട് ഇംഗ്ലീഷിൽ കുറച്ച് കാര്യങ്ങൾ ചോദിച്ചു, അദ്ദേഹത്തിന് അറബിയിൽ എന്നോട് പ്രതികരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേരും പറഞ്ഞതു പരസ്പരം മനസ്സിലായില്ല എന്നതാണ് വളരെ രസകരം. എന്നാൽ ഞങ്ങളുടെ ആ സംസാരിങ്ങൾക്കിടയിൽ ഒരു വലിയ പുഞ്ചിരി എപ്പോഴും വിടർന്നു നിന്നു. പഴയ കെയ്റോ നഗരത്തിലൂടെ ഹക്കിം എന്നെ കൊണ്ടുപോയി.
പഴയ നഗരമായ കെയ്റോ അതിന്റെ തിരക്കേറിയ തെരുവുകളും വഴിയോര ചന്തകളും വഴിയോര കച്ചവടക്കാരും എന്നെ ആകർഷിച്ചു. എനിക്ക് ഹക്കീമിനോട് പലതും ചോദിച്ചു മനസ്സിലാക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഭാഷ ഒരു തടസ്സമായി ഞങ്ങൾക്കിടയിൽ. ഹക്കിം പെട്ടെന്ന് ഒരു പാലത്തിനടിയിൽ കാർ നിർത്തി. ഞങ്ങളുടെ ടൂർ ഗൈഡ് അലിയും കാറിൽ കയറി. എന്നെ അഭിവാദ്യം ചെയ്ത ഗൈഡ് അലി ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കുറ്റമറ്റതും ഹോളിവുഡിനെ ഓർമ്മിപ്പിക്കുന്നതും ആയിരുന്നു. സത്യത്തിൽ എനിക്കിപ്പോൾ ശരിക്കും ആശ്വാസമായി. കെയ്റോയിലെ തെരുവുകളിലൂടെ കാറിൽ പോകുമ്പോൾ അലി എന്നെ ഈജിപ്തിന്റെ കഥകളിലൂടെ കൊണ്ടുപോയി. ഞാൻ അവന്റെ കഥകൾ കേൾക്കുകയായിരുന്നു, അവൻ പറയുന്നതെല്ലാം എന്റെ മനസ്സിൽ ദൃശ്യങ്ങളായി പതിഞ്ഞു. ഈജിപ്ത് ഫറവോൻമാർ ഭരിച്ച കഥ കേട്ട എന്റെ മനസ്സ് എന്നെ 3000 വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയി. കഥ പറയുമ്പോൾ അലിയുടെ മുഖം ഈജിപ്തിലെ ഭരണാധികാരിയെപ്പോലെ എനിക്കു തോന്നി. പുരാതന ഈജിപ്ഷ്യൻ ജനതയുടെ കഥയിൽ മുഴുകുകയും കഥയുടെ ഭാഗമാകുകയും ചെയ്യുന്ന ഒരു വലിയ അവസ്ഥയിലേക്ക് ഞാൻ ഇഴുകിച്ചേർന്നു.
ഒരു നല്ല പുസ്തകം വായിക്കുമ്പോൾ എനിക്ക് മെല്ലെ രചയിതാവിനോടൊപ്പം നടക്കുകയും അയാളിൽ നിന്ന് തന്നെ കഥ കേൾക്കുന്നതുപോലെ തോന്നുകയും ചെയ്യാറുണ്ട്, അത്തരത്തിൽ സഞ്ചാരിയെ ആനന്ദിപ്പിക്കാൻ കഴിയുന്ന നല്ല കഥപറച്ചിലിലുകാരനാണ് അലിയെന്ന് എനിക്കു മനസ്സിലായി. പുരാതന ഈജിപ്ഷ്യൻ ചരിത്രത്തെക്കുറിച്ചും അതിൽ അടങ്ങിയിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായി പറയാൻ കഴിവുള്ളവൻ. കെയ്റോയുടെ എല്ലാ കോണിലൂടെയും അലി എന്നെ കൊണ്ടുപോയി, അത് ഗംഭീരമായിരുന്നു. ഈജിപ്തിന്റെയും അവിടത്തെ ജനങ്ങളുടെയും ഹൃദയത്തിലേക്ക് അദ്ദേഹത്തിന്റെ കഥകളിൽ മുഴുകി ഞാൻ സഞ്ചരിച്ചു. അലിയുടെ സ്വരത്തിൽ മുഴുകിയിരുന്നതിനാൽ ഞാൻ സമയം പോയതറിഞ്ഞില്ല.
ഗ്രേറ്റ് പിരമിഡിനുള്ളിൽ ഞാൻ കാലെടുത്തുവച്ചതാണ് എന്റെ ആ ദിവസത്തിന്റെ ഏറ്റവും വിസ്മരണീയമായ അനുഭൂതികളിലൊന്ന്. കിംഗ്സ് ചേമ്പറിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ കുനിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ തിരതല്ലിയത് എന്താണെന്നു പറയാൻ വാക്കുകളില്ല. . 3500 വർഷം പഴക്കമുള്ള ഒരു സ്മാരകത്തിന്റെ ഹൃദയത്തിനുള്ളിലാണെന്നത് അതിശയിപ്പിക്കുന്നതായിരുന്നു. ചരിത്രകുതുകികൾക്ക് ഒഴിവാക്കാനാകാത്ത ഒരിടം തന്നെയാണ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോ. ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഈ വർഷം തുറക്കാനിരിക്കെ, 20 ദശലക്ഷത്തിലധികം ആളുകൾ ഈ വിശാലമായ മെട്രോപോളിസിലേക്കു യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിത്യതയ്ക്കായി നിർമ്മിച്ച ഗിസ പിരമിഡുകൾ ഏകദേശം 4,500 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്. ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ ആകർഷണമായ, ഖുഫു, ഖഫ്രെ, മെൻകൗറെ എന്നീ രാജാക്കന്മാരുടെ മൂന്ന് പിരമിഡുകൾ ഗ്രേറ്റർ കെയ്റോയിലെ ഗിസ പീഠഭൂമിയിലാണ്. ഗ്രേറ്റ് സ്ഫിങ്ക്സിന് ചുറ്റുമാണിവ സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്കു പ്രത്യേകം ടിക്കറ്റ് എടുത്തു പിരമിഡിനുള്ളിലേക്ക് പോകാം, ഖുഫു രാജാവിന്റെ ഗ്രേറ്റ് പിരമിഡ് ഏറ്റവും പ്രധാനപ്പെട്ടതാണ്. അൽപ്പം ക്ലോസ്ട്രോഫോബിക് അനുഭവപ്പെടുന്നുണ്ടെങ്കിലും കാണാൻ അധികമൊന്നുമില്ലെങ്കിലും, കിംഗ്സ് ചേമ്പറിലേക്കും അതിന്റെ ശൂന്യമായ ഗ്രാനൈറ്റ് സാർക്കോഫാഗസിലും നടക്കുന്നത് എനിക്ക് പ്രത്യേക അനുഭവമായി.
ഗിസയിലെ ഗ്രേറ്റ് പിരമിഡ്, ഖുഫുവിലെ ഗ്രേറ്റ് പിരമിഡ് എന്നും അറിയപ്പെടുന്നു, പുരാതന ഈജിപ്ഷ്യൻ പിരമിഡ്, ഗിസയിലെ മൂന്ന് പിരമിഡുകളിൽ ഏറ്റവും വലുത്, വടക്കൻ ഈജിപ്തിലെ നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്ത് പാറക്കെട്ടുകളുള്ള ഒരു പീഠഭൂമിയിൽ സ്ഥിതിചെയ്യുന്നു. ഈജിപ്തിലെ നാലാമത്തെ രാജവംശത്തിലെ രണ്ടാമത്തെ രാജാവായ ഖുഫു (ചിയോപ്സ്) ആണ് ഇത് നിർമ്മിച്ചത്, ഗിസയിലെ പിരമിഡുകൾ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈജിപ്ത് എന്ന “ഫറവോൻമാരുടെ നാട്”. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവും പഴക്കമേറിയതും ആകർഷകവുമായ ചരിത്രപരവും സാംസ്കാരികവുമായ ആകർഷണങ്ങൾ ഓരോ നിർമ്മിതികളിലും സഞ്ചാരികൾക്കു ഇവിടെ കണ്ടെത്താം. എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്നതും വലിയ ചെലവില്ലാത്തതുമായ യാത്രാ കേന്ദ്രങ്ങളിലൊന്നാണ് സഞ്ചരികൾക്ക് ഏറെ പ്രിയങ്കരമായ ഈജിപ്ത്. ഞാൻ ഈജിപ്ത് സന്ദർശിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള അതിൻ്റെ ചരിത്ര പശ്ചാത്തമാണ്, കാരണം ഭൂമിയിലെ ആദിമവാസികളുടെ പ്രധാന നേട്ടങ്ങളും അതിശയകരമായ ഫലഭൂയിഷ്ഠമുള്ള തീരപ്രദേശത്തോടു കൂടിയ നൈൽ നദിയും, ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായും നിലകൊള്ളുന്ന ഖുഫുവിന്റെ ഗ്രേറ്റ് പിരമിഡും ഇവിടെയാണ് നിലകൊള്ളുന്നത്.
(ആ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ )