പെൺവാക്കു കേട്ടാൽ പെരുവഴി, പെണ്ണരശുനാട്, പെണ്ണൊരുമ്പെട്ടാൽ ഇന്ദ്രനും തടുക്കുമോ… എന്നുതുടങ്ങി പെണ്ണ് ഒരു രണ്ടാംകിടയാണെന്നു ധ്വനിപ്പിക്കുന്ന ആവശ്യത്തിലേറെ പഴമൊഴികളും പുതുമൊഴികളും നമുക്കുണ്ട്. എന്തിനും പെണ്ണിനെ ഒരു കുത്തുകുത്തി നോവിക്കുമ്പോൾ ഹൊ… എന്തോ ഒരു സുഖം കിട്ടും. ഇനി അവൾ വരുതിക്കു നിൽക്കില്ല എന്നുറപ്പായാലോ, പിന്നെ ആരോപണവും ആക്ഷേപവും ലൈംഗികച്ചുവയോടെയാവും. ഒറ്റ മുദ്രകുത്താണ്, അവൾ പിഴയാണ്. അതോടെ സമാധാനമായി, സംതൃപ്തിയായി!
ഇതൊക്കെ ഓർമ വന്നത് ചുമ്മാതെ വാർത്തകൾ സ്ക്രോൾ ചെയ്ത വഴിയിലാണ്. ഒക്ടോബർ മാസം നടന്ന സംഭവം, ഐസ് ലാൻഡ് എന്ന ഉത്തര അറ്റ്ലാൻ്റിക് രാജ്യത്തിൽ വിചിത്രമായ ഒരു സമരം നടന്നു. അവിടത്തെ പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തു നടന്ന ഒരു സമരത്തിൽ പങ്കെടുത്തു. ശ്ശെടാ, എവിടെയോ എന്തോ പിശകില്ലേ? വാർത്ത വീണ്ടും വായിച്ചു. അതെ, സംഭവം സത്യമാണ്. പണിമുടക്കുന്നതു രാജ്യത്തെ സ്ത്രീകളാണ്. അതിൽ സ്ത്രീയായ അവിടത്തെ പ്രധാനമന്ത്രി കാട്രിൻ യാക്കോബ്സ്ടോട്ടിറും പങ്കെടുത്തു. എന്തിനാണന്നല്ലേ? തുല്യവേതനത്തിനും ലൈംഗികാതിക്രമങ്ങൾക്കും എതിരെയാണ്.
ഇനി ചില കാര്യങ്ങൾ കൂടി പറയാം, അതായത് ഇന്നു ലോകത്ത് ഏറ്റവും ലിംഗസമത്വമുള്ള രാജ്യം ഏതാണെന്നറിയാമോ? അത് ഐസ് ലാൻഡ് ആണ്. വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ കണക്കനുസരിച്ച്, ഐസ് ലാൻഡ് ലിംഗസമത്വത്തിൽ കഴിഞ്ഞ പതിനാലു വർഷമായി ഒന്നാം സ്ഥാനത്തുമാണ്. വേൾഡ് ഇക്കണോമിക് ഫോറം ഐസ് ലാൻഡിനു നൽകുന്ന മാർക്ക് 91.2% ആണ്. അപ്പോൾ പിന്നെ എന്താണ് ഇവരുടെ പ്രശ്നം?
ആ പ്രശ്നത്തെക്കുറിച്ചു ചിന്തിക്കും മുൻപ്, നമ്മുടെ നാട്ടിലെ ഒരു ശരാശരി വീട്ടമ്മയെക്കുറിച്ചു ചിന്തിക്കാം. സ്വാഭാവികമായും ഇപ്പോൾ അമ്പതിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ നോക്കൂ, അവരുടെ ഏറ്റവും വലിയ ആവലാതി, നാളെ എന്തു കറിവയ്ക്കും എന്നാണ് എന്നുപറഞ്ഞാൽ തെറ്റുണ്ടോ? രാവിലെ കട്ടൻ അനത്തി, വീടിൻ്റെ സ്വീകരണമുറിയിൽ പത്രം / മൊബൈൽ പിടിച്ചിരിക്കുന്ന ഭർത്താവിൻ്റെ കൈയിൽ പിടിപ്പിച്ചാൽ രാത്രി ഉറങ്ങും വരെ ജോലികളുടെ ചങ്ങലയാണ്. ഭക്ഷണം ഉണ്ടാക്കി, തുണി അലക്കി ഉണക്കി മടക്കി അലമാരയിൽവെപ്പ്, മുറ്റം ഉണ്ടെങ്കിൽ അതു വൃത്തിയാക്കൽ, വീടിനകം തൂത്തു തുടയ്ക്കൽ… എന്താ ചെറിയ കാര്യമാണോ അവർ ചെയ്യുന്നത്? നിനക്കിവിടെ എന്താ ജോലി? എന്ന ആ പുച്ഛത്തോളം വലുതല്ല മറ്റൊരു സ്ത്രീവിരുദ്ധതയും. ഇനി ഈ സ്ത്രീ ഒരു ഉദ്യോഗസ്ഥയാണെങ്കിൽ മേൽപ്പറഞ്ഞ പണികൾക്കൊപ്പം ആ ജോലികൂടി അധികമായി കയറിപ്പറ്റുന്നു.
ഈ പുരുഷന്മാരുടെ ടെൻഷൻ വല്ലതും നിനക്കറിയണോ എന്ന ചോദ്യമില്ലേ? അപ്പോൾ സ്ത്രീക്കു ടെൻഷൻ ഇല്ലേ? ഒദ്യോഗിക രംഗത്ത് പുരുഷൻ ചെയ്യുന്ന ക്ലറിക്കൽ വർക്കുകൾ സ്ത്രീയും ചെയ്യണം. അപ്പോൾ ടെൻഷൻ തുല്യമല്ലേ? ഇനി എഴുത്തുകാരുടെ കാര്യമെടുക്കാം, പുരുഷന് എഴുതാൻ തോന്നിയാൽ എഴുതാം, ലോകം അവനെ സപ്പോർട്ട് ചെയ്യും. മോനേ അച്ഛൻ എഴുതുവാണ് ശല്യം ചെയ്യല്ലേ… എന്ന് അവൻ്റെ ഭാര്യ പറയും. എന്നാൽ അവൾ ആണ് എഴുതാനിരിക്കുന്നതെങ്കിൽ കളി മാറും.
അവൾടെ ഒരു എഴുത്ത്, കൊച്ചിനെ കരയിക്കാതെടീ… എന്നാവും ചുറ്റും നിന്ന് ഉയരുക. എന്നിട്ടും അവൾ എഴുതിയാൽ നമ്മൾ പറയും, കുറേ അവളുമാരുണ്ട്, വെളുപ്പിച്ച ഫോട്ടോ എടുത്ത് ഫേസ് ബുക്കിലിട്ട് പൊട്ടത്തരം എഴുതി ലൈക്ക് വാങ്ങാനായിട്ട്. ഒന്നിനും എഴുതാനറിയില്ല. ഫോട്ടോ ഇട്ട് ആണുങ്ങളെ പറ്റിക്കുന്നവളുമാർ.
ആഹാ എന്തൊരു സമത്വം!
ഇനിയുള്ളത് കടുത്ത ലൈംഗിക അക്രമണങ്ങളാണ്. സ്ത്രീയെക്കണ്ടാൽ ഉടൻ നഗ്നത അവളെ കാട്ടണം. അതു ചെറുത്, ആക്രമിച്ച് കൊല്ലണം…. ഇതൊരു നിസ്സാര കാര്യമല്ല!
വീണ്ടും, ഐസ് ലാൻഡിലേക്ക്,
1975 ൽ ആണവിടെ ആദ്യമായി സ്ത്രീകൾ പണിമുടക്കിയത്. അന്ന് രാജ്യം ഒന്നു സ്തംഭിച്ചു. ആകെ നാലു ലക്ഷം ജനങ്ങളാണ് ആ രാജ്യത്ത് ആകപ്പാടെയുള്ളത് എന്നുകൂടി ഓർക്കണം. അവിടെ ഹോസ്പിറ്റാലിറ്റി രംഗത്തും സ്ക്കൂളുകളിലും 80 % ജീവനക്കാർ സ്ത്രീകളാണ്. അവർക്ക് പുരുഷനോളം ശമ്പളമില്ല. ഒപ്പം ലൈംഗിക ആക്രമണങ്ങളും. അങ്ങനെ പെണ്ണുങ്ങൾ പണിമുടക്കി. അതോടെ ആണുങ്ങൾ കുട്ടികളുമായി ഓഫീസിലെത്തി. കുട്ടികളെ നോക്കുന്നതു ചെറിയ കാര്യമല്ലെന്നവർ തിരിച്ചറിഞ്ഞു. ആ സമരത്തിനു കുറേ ഫലമുണ്ടായി. വേതനത്തിലെ തുല്യതയില്ലായ്മ കുറേയൊക്കെ പരിഹരിച്ചു. അപ്പോഴും ചില ജോലികളിലെ അന്തരം ഇന്നും തുടരുന്നു. ഒപ്പം അതിക്രമവും. അതു പരിഹരിക്കാനാണ് ഇന്നും ഐസ് ലാൻഡ് സ്ത്രീകൾ സമരം ചെയ്യുന്നത്. ആ സ്ത്രീകൾക്കൊപ്പം അവരുടെ പ്രധാനമന്ത്രിയും ചേരുന്നത്.
അപ്പോൾ നമ്മുടെ നാട്ടിൽ, എന്നാവും സ്ത്രീകളെ തുല്യരായി കണ്ടുതുടങ്ങുക? സ്ത്രീധനം ഇന്നും നിലനിൽക്കുന്ന, ജാതി വ്യത്യാസങ്ങളും അയിത്തവും അദൃശ്യമായി നിലകൊള്ളുന്ന നമ്മുടെ രാജ്യത്ത് സ്ത്രീ സമത്വം ഒരു നൂറു വർഷം കടന്നു പോയാലും സാധ്യമാകുമെന്നു പ്രതീക്ഷിക്കാൻ വയ്യ. കപട ഉന്നതബോധം ദൃഢമായ ഭാരതീയ പുരുഷന്മാർ യഥാർത്ഥത്തിൽ മാനസികമായി ബലഹീനരാണ്. ആ ബലഹീനത അവർ മറച്ചുപിടിക്കുന്നത് ശാരീരികമായി ദുർബലരായ അവർക്കു ചുറ്റുമുള്ള സ്ത്രീകളെ അടിച്ചമർത്തിക്കൊണ്ടാണ്.
വരുമോ ഒരു മാറ്റം? കാത്തിരിക്കാം അത്തരം ഒരു പുത്തൻ സൂര്യോദയത്തിനായി.