ഉഭയജീവിതം

ഖനീഭവിച്ച വേദന ഇങ്ങനെയും മനസ്സിലേക്ക് കടന്നു വരുമെന്ന് പാഞ്ചാലി  അറിയുന്നത് അതിന്‍റെ മരണ ശേഷമാണ്. പാഞ്ചാലിക്ക് അതൊരു ഉഭയജീവി മാത്രമായിരുന്നില്ല. തന്നോടൊപ്പം പുതു വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയ അതുമായി അഞ്ച് വര്‍ഷത്തെ സൗഹൃദപ്പഴക്കമുണ്ടായിരുന്നു. എന്നാല്‍ അത് മരണപ്പെട്ടിരിക്കുന്നു.

അതിന്‍റെ മരണത്തില്‍  പാഞ്ചാലിക്കല്ലാതെ മറ്റാര്‍ക്കും ഒരു ദുഖവും അനുഭവപ്പെട്ടില്ല. അനുഭവപ്പെടുകയുമില്ല. അനുഭവപ്പെടുകയുമില്ല. അല്ലെങ്കിലും ഒരു പേക്കാച്ചിത്തവളയെ ആരാണ് ഇത്ര ഗാഢമായി സ്നേഹിക്കുക, അവളല്ലാടതെ ? അവളുടെ നഗ്നത കണ്ട നാലാമതൊരു ജീവിയാണ് ഈ പച്ചത്തവള. കുളിമുറിയില്‍ ആരും കാണാതെ കൂട്ടിവെച്ചിരിക്കുന്ന ബക്കറ്റിന്‍റെ മറയിലൊളിച്ച് തന്‍റെ അര്‍ധനഗ്നത നോക്കി നിശബ്ദമായി വായില്‍ വെള്ളമിറക്കുന്നത് കണ്ടപ്പോള്‍, വെറുതെ ഒരു തമാശയ്ക്ക് തോന്നിയതാണ് പാഞ്ചാലിക്ക് അങ്ങനെ.

ഇപ്പോള്‍ തോന്നുന്നു അത് വേണ്ടായിരുന്നെന്ന്. ചിലപ്പോഴൊക്കെ ഈ തവള കാലിലും കൈയിലുമൊക്കെ പാഞ്ഞു കയറുമ്പോള്‍ , അതിന് തന്നോട് പ്രേമമുണ്ടോ എന്നും തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നാന്‍ കാരണം അതൊരു ആണ്‍ തവളയായത് കൊണ്ടാണ്.

ഇത്തരം ജീവികള്‍ മനുഷ്യസ്ത്രീകളെ പ്രേമിക്കാറുണ്ടോ ? കാമിക്കുമോ ? പാമ്പ് കാമിക്കുമെന്ന് മുത്തശ്ശി പറയുമായിരുന്നു. ആര്‍ത്തവത്തുണികള്‍ വെളിയില്‍ തൂക്കരുതെന്നും ആര്‍ത്തവരക്തത്തിന്‍റെ ഗന്ധം പിടിച്ച് നാഗത്താന്മാര്‍ വന്ന് ചുറ്റിവരിയുമെന്നും അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. വയസ്സറീച്ചതില്‍ പിന്നെ അതൊരു തരം മൂഢ വിശ്വാസം മാത്രമായാണ് കരുതിയത്. എന്നാല്‍ മനുഷ്യസ്ത്രീയെ പ്രേമിച്ച ഡോള്‍ഫിനെക്കുറിച്ച് ആധുനിക ഗവേഷകര്‍ വെളിപ്പെടുത്തിയപ്പോള്‍, ഇതിനും തന്നോട് പ്രേമമാണെന്ന് തന്നെ പാഞ്ചാലി ഉറപ്പിച്ചു.

മനുഷ്യസ്ത്രീയെ തൊടുമ്പോള്‍ ഡോള്‍ഫിന് ഉത്തേജനം ഉണ്ടാകുമത്രേ! അപ്പോള്‍ ഈ തവളയ്ക്കും?

കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം മുമ്പാണ് മേല്‍ പറഞ്ഞ തവള പാഞ്ചാലിയുടെ അടുക്കളയിലേക്ക് കുടിയേറിയത്. ശേഖരനും പാഞ്ചാലിയും ഏറെ വര്‍ഷത്തെ വിദേശ സമ്പാദ്യത്തിന്‍റെ ഫലമായി പണി കഴിപ്പിച്ച ഒറ്റ നില വീട്. അടുക്കള വിസ്താരമുള്ളതായിരിക്കണമെന്ന് അവളുടെ നിര്‍ബബന്ധമായിരുന്നു. അങ്ങനെ തന്നെയാവട്ടെ എന്ന് അയാളും കരുതി.

ഗൃഹപ്രവേശത്തിന്‍റെ തിരക്കൊഴിഞ്ഞ നേരത്ത് രാത്രി വൈകി, അടുക്കളയിലേക്ക് പോയതാണ് പാഞ്ചാലി. അതിഥികളും ബന്ധുക്കളും ഗൃഹദര്‍ശനം നടത്തി പോയിക്കഴിഞ്ഞിരുന്നു. മക്കള്‍ രണ്ട് പേരും, അനുമോളും മാളുവും, പകല്‍ നേരത്തെ ആഘോഷ ലഹരിയില്‍ മയങ്ങിപ്പോയിരുന്നു. ശേഖരേട്ടന്‍, പുതുവീട്ടിലെ ആദ്യരതിക്ക് വട്ടം കൂട്ടി കിടപ്പു മുറിയില്‍ കാത്തിരിപ്പുണ്ട്. അടുക്കള വൃത്തിയാക്കാതെ ഉറങ്ങാന്‍ പോയാല്‍ ഉറക്കം വരില്ല. തിടുക്കപ്പെട്ട് ഒരുക്കുന്നതിനിടയില്‍ ഒരു വഴുപ്പന്‍ സ്പര്‍ശനം. പെട്ടെന്നുള്ള ഇക്കിളിയില്‍ ഉടക്കി കാല്‍ പിറകോട്ട് വലിച്ചു.

താഴേക്ക് നോക്കുമ്പോള്‍ ഒരു പച്ചത്തവള. ഒരു സുന്ദരന്‍ പച്ചത്തവള. പേടിച്ച്, രക്ഷപ്പെടാന്‍ പുറത്തേക്കുള്ള വഴി തേടിക്കൊണ്ടിരിക്കുന്നു. അടഞ്ഞ വാതിലിന്‍റെ പള്ളയിലേക്ക് അത് പല തവണ പാഞ്ഞു കയറി. പുറത്തേക്കുള്ള ഇടനാഴി പരതുകയായിരുന്നു. പാഞ്ചാലിക്ക് അതൊരു കൗതുകമായി തോന്നി. അത് കൊണ്ട് തന്നെ ബോധപൂര്‍വം അവള്‍ കതക് തുറന്നു കൊടുത്തുമില്ല. പുതുഗേഹത്തിലെ ആദ്യരാത്രിയില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടി അന്തിയുറങ്ങി.

പിറ്റേന്ന് പുലര്‍ച്ചെ, അടുക്കള വാതില്‍ തുറക്കപ്പെട്ടതും തവള ഒരൊറ്റ ചാട്ടം, പുറത്തേക്ക്. ഇത് കണ്ട് അവള്‍ക്കല്പം ശുണ്ഠി വന്നു. ഞാന്‍ നിന്നെ കറിവെക്കാനൊന്നും പോന്നില്ല. ഇങ്ങനെ പേടിച്ച് ചാടാന്‍.

അന്ന് വൈകുന്നേരം തന്നെയാണ് മറ്റൊരു സംഭവം ഉണ്ടായതും .അടുക്കളത്തോട്ടത്തിലാണ് പാഞ്ചാലി അത് കണ്ടത്. തവളയും അതിന് പിറകെ അതിവേഗത്തില്‍ ഇഴഞ്ഞു നീങ്ങുന്ന ചേരയും. ഇരയെ പിടിക്കാനുള്ള വേട്ടക്കാരന്‍റെ ഔത്സുക്യമായിരുന്നു ചേരയ്ക്ക്. തവളയ്ക്ക് നിലനില്‍പിന്‍റെ വെപ്രാളവും.

പാഞ്ചാലിയുടെ സാന്നിധ്യം അിറഞ്ഞതും ചേരയിലെ വേട്ടക്കാരന്‍ ഒന്ന് പകച്ചു. വേട്ടക്കാരന്‍ ഇരയായി മാറുമെന്ന തിരിച്ചറിവ്, ചേരയെ മേലാസകലം ഒന്നുലച്ചു. പിന്നില്‍ നടന്ന സംഭവങ്ങളൊന്നുമറിയാതെ തന്നെ തവള അടുക്കള വാതിലിലൂടെ അകത്തേക്ക് കയറി, ചൂലിന്‍റെ മറവില്‍ ഒളിച്ചിരുന്നു. ഇരയാകുമെന്ന് ഭയപ്പെട്ട് വേട്ടക്കാരന്‍ അടുത്ത് കണ്ട ഒരു മാളത്തിലേക്ക് അഭയം തേടി.

കായിക ബലമില്ലാതെ, സാന്നിധ്യം കൊണ്ട് മാത്രം ഒരു ജീവന്‍ രക്ഷപ്പെടുത്തിയ ആശ്വാസത്തിലായിരുന്നു പാഞ്ചാലി. അടുക്കളയില്‍ ചൂലിന്‍റെ മറവില്‍ പറ്റി നിന്ന തവളയോട് സ്വകാര്യത്തിലെന്ന വണ്ണം പാഞ്ചാലി പറഞ്ഞു. ഇനി പുറത്തിറങ്ങണ്ട. അവിടെ കാത്തിരിപ്പുണ്ട്. നിന്നെ വിഴുങ്ങാന്‍ പിളര്‍ന്ന വായുമായി. ജീവിതാന്ത്യം വരെ ഇവിടെ നിന്നോളൂ.

തവള ഒന്ന് കണ്ണടച്ച് തുറന്നു. തൊണ്ടക്കുഴി ഒന്നനക്കി. അറം പറ്റിയ വാക്കുകളായിരുന്നു.

ജീവിതാന്ത്യം വരെ അവിടെ തന്നെ കഴിഞ്ഞു. അഞ്ച് വര്‍ഷം. അടുക്കളക്കൂട്ടുകാരായി പാഞ്ചാലിയും തവളയും. മദ്യത്തിന്‍റെ അഭൗതീകമായ ലഹരിയില്‍ സ്വയം ബോധരഹിതമാകുന്ന രാത്രികളില്‍ പാഞ്ചാലി അടുക്കളയില്‍ തവളയോട് സ്വയം വെളിപ്പെടുത്താറുണ്ടായിരുന്നു. പ്രവാസത്തിന്‍റെ ചൂടേറ്റ മണല്‍തരികളില്‍ നിന്നും തന്‍റെയും മക്കളുടേയും ജീവിതച്ചിലവിനുള്ള പണം, വേര്‍തിരിച്ചെടുക്കുന്ന ഭര്‍ത്താവ് ശേഖരേട്ടന്‍റെ രതിപരാജയങ്ങളെക്കുറിച്ച്, മുറച്ചെറുക്കനായിരുന്ന പോലീസുകാരന്‍ വിനീതിന്‍റെ വീര്യമുള്ള രതിയെക്കുറിച്ച്, സാഹിത്യകാരന്‍ സാബുവിന്‍റെ കവിത തുളുമ്പുന്ന രതിയെപ്പറ്റിയുമെല്ലാം പാഞ്ചാലി നിര്‍ലജ്ജം തവളയുമായി പങ്ക് വെക്കുമായിരുന്നു. അപ്പോഴൊക്കെ അത് കണ്ണടച്ച് തുറക്കുകയും തൊണ്ടക്കുഴി അനക്കുകയും ചെയ്തിരുന്നു.

വര്‍ത്തമാനം അധികരിക്കുമ്പോള്‍ തവള നിശബ്ദമായ അനക്കത്തോടെ അവളുടെ കാലില്‍ കയറിയിരിക്കും. അവള്‍ കൈകള്‍ കൊണ്ട് തവളയെ എടുത്ത് മാറ്റും. മദ്യം നുരയുന്ന രാവുകളില്‍ പാഞ്ചാലി ഏറെ കാല്പനികമാവും, തവളയോട്. അവള്‍ വൈകിയുണരുന്ന രാവിലെകളില്‍ കിടപ്പുമുറിയുടെ വാതില്‍ക്കലേക്ക് തവള അന്വേഷിച്ചെത്തുമായിരുന്നു. തന്നെ കരുതിയിരിക്കാന്‍ ഒരു ഒരു ജീവി ഈ ഭൂമുഖത്ത് ഉള്ളതില്‍ അപ്പോഴൊക്കെ അവളില്‍ സന്തോഷം ഉണ്ടാക്കുമായരുന്നു.

നിശബ്ദമായ ആ കരുതലാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. നഗ്നമായ കൈകളില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന മരിച്ച തവളയെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. ഇന്നലെ കുളിക്കാന്‍ നേരം, കാല്‍ നഖം ഉരച്ച് വൃത്തിയാക്കുന്നതിനിടയിലാണ് ബക്കറ്റിന്‍റെ മറവില്‍ തന്‍റെ നഗ്നത കാണാന്‍ ഒളിച്ചിരുന്ന തവളയെ അവള്‍ കണ്ടത്. അവള്‍ ചിരിച്ച് കൊണ്ട് ചോദിച്ചു. കുളി സീന്‍ കാണാന്‍ വന്നതാണോ ?

തവള കണ്ണടച്ച് തുറന്നു.

എങ്കില്‍ ഇതാ കണ്ടോളൂ. അവള്‍ മധ്യ ഉടല്‍ മൂടിക്കെട്ടിയ തോര്‍ത്ത് വലിച്ച് മാറ്റി  മുഴുവനായും തവളയ്ക്ക് മുമ്പില്‍ തുറന്നിട്ടു. ശേഖരേട്ടന്‍ പരാജയപ്പെട്ട, ദിലീപ് വലിച്ചു കീറിയ, സാബു കവിത രചിച്ച ശരീരം. അതുവരെ അവള്‍ കേള്‍ക്കാതിരുന്ന ഒരു ശബ്ദമായിരുന്നു തവളയില്‍ നിന്നും പുറത്തേക്ക് വന്നത്. പിന്നെ, കുളിമുറി വാതിലിന്‍റെ അടിയിലെ വിടവിലൂടെ ഞെങ്ങിഞെരുങ്ങി തവള പുറത്തേക്ക് കടന്നു. പാഞ്ചാലി അതിശയപ്പെട്ടു.

തുറന്നിട്ട പെണ്‍ ശരീരം കണ്ട് ഓടിപ്പോകുന്ന ജീവി.

പിറ്റേന്ന് പുലര്‍ച്ചെയാണ് അടുക്കള വാതിലിനിടയില്‍ രമിച്ചു കിടക്കുന്ന തവളയെ അവള്‍ കണ്ടത്. മരിച്ച തവളയെ കിടത്തിയിരിക്കുന്ന പാഞ്ചാലിയുടെ ഉള്ളം കൈകള്‍ക്ക് ഒരു വിറയലുണ്ട്. ഒരു പ്രണയത്തിന്‍റെ ശവസംസ്കാരം വേണം. അവള്‍ കരുതി.

ദേ,അമ്മയ്ക്ക് വട്ടായി. ചത്ത തവളയെ പിടിച്ച് കരയുന്നു. മാളുവിന്‍റേതാണ് ആ ശബ്ദം.

അല്ലെങ്കിലും എല്ലാവര്‍ക്കും പാഞ്ചാലി ഒരു ഭ്രാന്തിപ്പെണ്ണാണ്.എങ്ങനെയാണ് തൊഴി വന്നതെന്നറിയില്ല. തൊഴിയേറ്റ കൈകള്‍ക്ക് നല്ല വേദനയുണ്ട്. അതിലേറെ മനസ്സിനും.

ഭ്രാന്തി, മുഴു വട്ടാ നിനക്ക്.  ശേഖരേട്ടന്‍റേതാണ് അലര്‍ച്ച.

അടുക്കളത്തൊടിയില്‍ തെറിച്ച് വീണ തവളയുടെ ശവം അവള്‍ കണ്ടു.

കടൽ മരങ്ങൾ, ആയ, സിൻഡ്രല്ല, ഖിസൈസിലെ ശ്മശാനം, വിയുക്ത (കഥകൾ), പാം തിരഞ്ഞെടുത്ത കഥകൾ (എഡിറ്റർ), എന്നിവയാണ് കൃതികൾ. ലോക മലയാള കഥ പുരസ്കാരം, അബുദാബി ശക്തി കഥ പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ് അവാർഡ്, എൻ മൊയ്തു മാസ്റ്റർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി.