വേവു കായ്ക്കുന്ന നോവിൻ
വിത്തുകൾ സൂക്ഷിച്ച കുംഭങ്ങളാണ്
രക്തസാക്ഷിപ്പുരകൾ.
തൊണ്ടയിടറി ചുമയ്ക്കുമച്ഛന്റെ
നെഞ്ചുമുറിഞ്ഞു വലിയ്ക്കും
ബീഡിത്തുമ്പിലെ കനൽപോലെയത്
എരിഞ്ഞുകൊണ്ടിരിക്കും.
ചുവന്നമുളകുപോലെ
അമ്മിക്കല്ലിൽ അരഞ്ഞുതീർന്ന
അമ്മയൂട്ടിയ,
മകന്റെ മുറിവാഴങ്ങളിലെ
പുകച്ചിൽ തികട്ടി
ചുട്ടുനീറുന്ന നീർവറ്റിയ
അമ്മിഞ്ഞകൾ.
ഓർമ്മയുടെ കടവാവലുകൾ
പറന്നുപോയ യൗവനചിറകരിഞ്ഞ
യൊരുത്തിയുടെ
അർദ്ധവിരാമമിട്ട ദാമ്പത്യ
രേഖാശാസ്ത്രം.
നരയ്ക്കാതെ നിന്നു
നരകിച്ച പെങ്ങളുടെ
ചോറ്റു പാത്രത്തിൽ
കയ്യിട്ടുവാരിയ ബാല്യം തിന്ന
പാതിവെന്ത വറ്റുകൾ.
പടികടന്നുപോയ സ്വപ്നത്തിലെ
അർദ്ധമയക്കത്തിൽ ഒരച്ഛന്റെ
നിശ്വാസ ചുംബനമേറ്റുവാങ്ങിയ
അഞ്ചുവയസ്സുകാരന്റെ
നെറ്റിയിലെ വിയർപ്പുരുക്കങ്ങളുടെ
അന്താക്ഷരി വൈര്യങ്ങൾ.
ഇരുട്ടിൽ നിശാപുഷ്പങ്ങളുടെ
ദലമടർത്തിയ ശലഭങ്ങളെ
വെറുക്കാൻ പഠിപ്പിച്ച
പ്രത്യയശാസ്ത്രങ്ങളെ
കടലെടുക്കാൻ മോഹിപ്പിക്കുന്ന
നീതിശാസ്ത്രങ്ങൾ ചുട്ടെരിക്കാൻ
രക്തസാക്ഷികൾ മോഹിക്കുന്നുണ്ടാകും.