വഴിയിൽ നട്ടുവച്ച കണ്ണുകൾ
പൊടിപ്പുകളായ് പുനർജനിച്ചു
കാഴ്ച ഞരമ്പുകൾ
വേരുകളായി പടർന്നു
ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങൾ –
ഓർമ്മകളായ് ഘനീഭവിച്ചു
മഞ്ഞായ് മഴയായ് പെയ്തു
തളിർത്ത ഇലകൾ നനഞ്ഞു വളർന്നു
കാറ്റ് കൊണ്ടുവന്ന ദുഃഖങ്ങൾ പറ്റിപിടിച്ചു
പൂക്കളായ് കായ്കനികളായ് പഴുത്തു
ആരുടെയോ സ്വപ്നത്തിൽ നിന്ന്
മോഹമെന്ന കിളി
അമ്പേറ്റ ചിറകടിച്ചു പറന്നെത്തി
ബലമില്ലാത്ത ചില്ലയിലിരുന്നു
വേദനകളെ മറികടക്കാൻ
നഷ്ടമായ പറക്കൽ ശ്രമം
പ്രതീക്ഷയെന്നു കരുതി
കൊക്കിലൊതുക്കിയത്
മറ്റൊരാളുടെ
കിനാവിൽ വീണ്പോയി
ഹതാശതയുടെ പൊട്ടകിണറ്റിൽ നിന്ന്
വിലാപമുയർന്നു
ആ കണ്ണുകളിൽ ചോര പൊടിഞ്ഞു