ഒരിക്കൽ കൂടി

സഖീ
ഭയമേതുമില്ലാതെ നിന്റെ
കിളിവാതിലുകൾ
ഒന്നൊന്നായി
തുറന്നിടുക.

നിദ്രാലീനയായി
സ്വപ്നം കാണുന്ന നിശയെ
സൂര്യവിരലുകൾ
തൊട്ടുണർത്തും പോലെ
നിന്നെയും ഉണർത്താൻ
അവൻ അണയാറായിരിക്കുന്നു.

കുതിച്ചു പായുന്ന
അവന്റെ രഥചക്രങ്ങളുടെ
ആവേഗങ്ങൾ
നിന്റെ ഹൃദയസ്പന്ദനങ്ങളുടെ
താളമായി മാറട്ടെ

ഒരു വസന്തത്തിന്റ
ഉന്മത്തസൗരഭവുമായി
നിന്റെ നിശാഗന്ധികൾ
ഒരിയ്ക്കൽ കൂടി
മദഭരിതമായി
പൂവിടട്ടെ.

സഖീ,
നിന്റെ തല്പം
നിവർത്തുക
നിലാവിന്റെ
ഉടയാടകളാൽ
സ്വയം അലങ്കരിക്കുക.
ഭയമേതുമില്ലാതെ
ഒരു രാക്കാറ്റിന്റെ പാതിയിലേക്ക്
നിന്റെ ജാലകങ്ങൾ
തുറന്നിടുക.
മിഴിത്തുമ്പിലെ നീർത്തുള്ളിയെ
അവനു നൽകാനൊരു
ഹിമകണമാക്കുക

നിന്റെ പ്രാണനും
പ്രാണവായൂവുമായി
ജീവനും ജീവിതവുമായി
ഒരു മധുമാസം
ഒരിക്കൽ കൂടി
പൂവിടുന്നു.
അവൻ വന്നു ചേരാറായിരിക്കുന്നു.

കാണെക്കാണെ
കാറ്റ് പോലെ
മേഘം പോലെ
നീ അവനിലും
അവൻ നിന്നിലും
അലിഞ്ഞലിഞ്ഞില്ലാതാകട്ടെ.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.