ഓഗസ്റ്റ്

ഋതുവെഴുത്തിൻ്റെ സ്നിഗ്ദ്ധമാം ഭാഷ നീ-
സ്മൃതി വിലങ്ങഴിക്കുന്ന മണ്ണാണ് നീ

ഉയിരുയിർക്കൊണ്ട് *ക്രാന്തിമൈതാനത്ത്
പുതുമതേടിക്കുതിച്ച വാക്കാണ് നീ

സ്‌മരണ ചെന്തീക്കനൽ തൊട്ട വിപ്ളവ-
ത്തരിയിൽ നിന്നു പടർന്ന തീക്കാറ്റുനീ

ഇരുളിലർദ്ധരാവിൽ പക്ഷിപാടിയ-
ഹൃദയസങ്കീർത്തനത്തിൻ്റെ കനവ് നീ

പകുതികീറിയ ഭൂപടത്തുണ്ടിലെ-
രുധിരരോഷം തുടച്ച കാറ്റാണ് നീ!

മൃതിയിൽ നിന്നമരത്വത്തിലേയ്ക്കൊരു
കൊടിയുമായ് വന്ന പുലർസന്ധ്യയാണ് നീ.

യമുനയിൽ കണ്ട നീലമേഘദ്യുതി-
യ്ക്കരികിലെന്നും തളിർത്ത കടമ്പ് നീ

മഴയിൽ നിന്നേകതാളം, ശ്രുതി, കണ്ണിലുറവ-
വറ്റാതെ കണ്ണുനീരെങ്കിലും

പക തിമിർക്കുന്ന ലോകയുദ്ധത്തിൻ്റെ
നിറുകയിൽ വീണൊരാണവപ്പകല് നീ

മരണഗന്ധത്തിലാഴ്ന്ന് പോകാതെ പോർ-
വഴിയിൽ നിന്നൂർജ്ജമുൾക്കൊണ്ടുയർന്നവർ

ഉദയസൂര്യനെ വീണ്ടും മിനുക്കവേ-
ഉലയിലായഗ്നി സൂക്ഷിച്ച പകല് നീ

തിമിരമാറ്റുവാൻ മിന്നാമിനുങ്ങിനെ-
മിഴിയിലേറ്റിത്തെളിച്ച പ്രതീക്ഷ നീ.

ഭ്രമതലങ്ങളിൽ നിന്ന് പ്രശാന്തമാം-
തിരകൾ തൻ ശാന്തസാഗരമാണ് നീ

പുതിയ ദർപ്പണം, മുന്നിൽ **ഹിരോഷിമ-
ക്കതിരു കാക്കുന്ന പൂന്തോട്ടമാണ് നീ.

കണ്ണിനായ് കണ്ണ് ചൂഴ്ന്നെടുക്കാതെയുൾ-
ക്കണ്ണിലെ കാഴ്ച തേടുന്ന കണ്ണ് നീ.

ദിക്ക് തെറ്റിക്കുതിച്ച കാലത്തിൻ്റെ
ചിത്രമെല്ലാമൊഴുക്കിലാക്കിക്കൊണ്ട്

പെയ്ത്ത് നിർത്താത്ത മേഘമോഹത്തിൻ്റെ
ദൃഷ്ടിവീണ പ്രളയമാകുന്നു നീ

സൂര്യചന്ദ്രതാരങ്ങൾ പകുക്കാത്ത
ധ്യാനലീനപ്രപഞ്ചസ്വരം പോലെ

ആധിയും, വ്യാധിയാഹ്ളാദഹർഷങ്ങൾ
ഭൂമി പോലെ സഹിക്കുന്നുവെങ്കിലും

നിന്നോടൽപ്പം പ്രിയം വിലങ്ങിൽ തൊടും
മണ്ണ് സ്വാതന്ത്ര്യമെന്നും കൊതിച്ചിടും

നിന്നോടൽപ്പം പ്രിയം അർദ്ധരാവിലെ
നിർണ്ണയത്തിൻ്റെ മൂവർണ്ണഭാഷ നീ..

*മുംബൈയുടെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു മൈതാനമാണ് ഗോവാലിയ ടാങ്ക്. ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാനം എന്ന പേരിൽ അറിയപ്പെടുന്നു1942 ഓഗസ്റ്റ് 8-ന് മഹാത്‌മാ ഗാന്ധി ഈ മൈതാനത്തുവച്ചാണ് ക്വിറ്റ് ഇന്ത്യാ പ്രസംഗം നടത്തിയത്..

**ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് (ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം) 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ആദ്യമായി അണുബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് മരണമടഞ്ഞ 1,40,000-ത്തോളം ആളുകളുടെ ഓർമ്മയ്ക്കായാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത് ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.