കാവൽ

മേൽക്കൂരയില്ലാത്ത
എന്റെ വീട്ടിൽ
മേഘങ്ങൾ അതിഥികളല്ല
വളർത്തു ചെടികളാണ്

മഴയെ
എനിക്കെത്തിനോക്കേണ്ടതില്ല
നിനച്ചിരിക്കാതെ അത്
കണ്ണുകളെ
നനയ്ക്കും

രാത്രിസഞ്ചാരികളായ സ്വപ്നങ്ങൾ
മഞ്ഞു തുള്ളിയെ പ്രണയിച്ചതും
എനിക്ക് കാവലിരുന്ന
കാറ്റിനെ ,കടൽ വിഴുങ്ങിയതും
നീണ്ടു വളർന്ന കരിമ്പനകൾക്ക്
നിലാവിനോട് കാമം തോന്നിയതും
വീട്ടിനുള്ളിലിരുന്ന്
ഞാനറിയുന്നുണ്ട്

എങ്കിലും,
ആകാശവും നക്ഷത്രങ്ങളും
ഈ വീട്ടിൽ സുരക്ഷിതരാണ്
ചുമരിലെ ഒരു സുഷിരത്തിലൂടെ
സൂര്യൻ ഇറങ്ങി പോയതൊഴിച്ചാൽ.

കണ്ണൂർ ജില്ലയിലെ രാമന്തളിയാണ് സ്വദേശം .ദുബായിൽ ജോലിചെയ്യുന്നു .കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം . നവമാധ്യമങ്ങളിലും. ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു