കുത്തനെ നിൽക്കുന്ന രാത്രി

നിലാവ് വാർന്നു പോയ
വെളിച്ചങ്ങളെ നോക്കി
കണ്ണിമ വെട്ടാതെ
പാട്ടൊലിപ്പിച്ചു വരിയെഴുതുന്നത്
ഇരുപത്തി നാലാം
നിറങ്ങളിൽ.

ആകാശപ്പടവുകൾ കയറി
നക്ഷത്രങ്ങൾ കയ്യിട്ടു പിടിക്കുന്നതിന്  
മജീദിന്റുമ്മ വൈദ്യർക്കെഴുതി.
‘പെണ്ണ് കേറിക്കൂടീക്ക് ‘

പുണ്ണ് പിടിച്ച
മണ്ണിന്റെ കൂനക്ക്
അവള് വെക്കുന്ന
പുളിങ്കറി മാത്രമേ
ഒഴിച്ചു കൊടുക്കാവൂയെന്ന്
വാദ്യാരും.

അവള്
തുണി നനച്ചിട്ട
അയല് വരിഞ്ഞു മുറുകിയ
നെഞ്ചിൽ കൈവച്ച്‌  
ഞാൻ വെറുതെ ചോദിക്കും,
ഇനിയുമെത്ര ചോര കുതിർത്തു
കവിത കുറിച്ചാലാണ്
ഒരിക്കൽ നീയെന്റെ പ്രാണനായിരുന്നുവെന്ന്
അയാളറിയുന്നത്?

സത്യമായിട്ടും
എനിക്കറിയില്ല
ഈ മൗനങ്ങളുടെയൊന്നും
രഹസ്യം.

പുതുനാരി കുണുങ്ങുന്ന നേരത്തെയോർത്ത്
പിണങ്ങുന്ന പ്രേമത്തെ
ചുംബനപ്പൊതികളിൽ
കൊത്തിവലിച്ചു നീട്ടി
കൂർക്കം വലിക്കുന്നതിന്റെ
അലർച്ചകൾ
പിളർന്നു പോയി.

ആകാശങ്ങൾ തുളച്ചന്ന്
രാത്രി കുത്തനെ നിന്നിട്ടും
നീല നക്ഷത്രം ഇറങ്ങി വരുന്നില്ല.

പിന്നെങ്ങനെയാണ്
ഒറ്റ മുറിയിലെ
ചിതൽ ചീളുകൾക്ക്  
സുഖമായുറങ്ങാനാവുന്നത്.

കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.