കളി വാച്ച്

ഒരു വാച്ചെന്നാൽ
ചെറിയപൽച്ചക്രങ്ങളുടെ
പ്രാണായാമം മാത്രമാണോ?

ഒരിക്കൽ
രസികനായൊരു വഴിപോക്കൻ
പറഞ്ഞു:
ഒരു വാച്ചെന്നാൽ
അക്ഷമമായ
മൂന്നു സൂചികളുടെ
മലകയറ്റം….

ഒച്ചെന്നോ
ഓന്തെന്നോ
സൂചികൾക്ക് മനപ്പേർ ചൊല്ലാം

ക്ഷമയെന്നോ
അക്ഷമയെന്നോ
അതിവേഗമെന്നോ
അനിശ്ചിതത്വമെന്നോ
നിർവചിക്കയുമാവാം

സൂചികളുടെ ഗൃഹാതുരത്വം:

ഈ പഴയ വാച്ചിന്റെ
നെടിയ സൂചിക്കറിയാം
കട്ടയ്ക്കു വെച്ചോരു
മുത്തച്ഛന്റെ ഗർവ്വ്….

ഈ പഴയ വാച്ചിന്റെ
നെടിയ സൂചിയുടെ
ചലന വേഗങ്ങൾക്കറിയാം
അച്ഛനേറ്റോരു
ഹൃദയാഘാതത്തിന്നാഴം…

ഈ പഴയ വാച്ചിന്റെ
കുറിയ സൂചിക്കറിയാം
തൊട്ടിലാട്ടിയ മാതൃത്വത്തിൽ
മൂകസാക്ഷ്യം
മുത്തശ്ശിക്കഥകൾക്കേറ്റോ-
രർബുദനോവ്…..

വൈദ്യനും വണികനുമിടയിൽ
ഈ പഴയ വാച്ചൊരു കളി വാച്ച്
പൂച്ചയെ ചൊടിപ്പിക്കും
എലിസൂത്രം –
സൂചികളുടെ സൂത്രവാക്യം

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്