കൊട്ടുവണ്ടി*യിൽ, എന്നോ
നിറച്ച മണ്ണുമായ്
ഡ്രാക്കുളപ്രഭുവിതാ
നില്ക്കുന്നുണ്ട് മുന്നിൽ !
ഓര്‍മ്മയിൽപ്പോലും
കൃഷിചെയ്യാത്ത വയലൊന്നീ-
പ്രഭുവിൻപേരിൽ
മുദ്രപത്രത്തിൽ പതിച്ചത്രേ!
ആ വയൽ നികത്തുവാൻ
മണ്ണുമായെത്തീ സാക്ഷാൽ
ഡ്രാക്കുളപ്രഭു,വെന്നാൽ
നില്ക്കുന്നു മുന്നിൽ ഞങ്ങള്‍,
ധീരമായ് തടയുന്നൂ!
ഈ വയൽ നികത്തിയാൽ
മുട്ടില്ലേ കൃഷി,ഞങ്ങള്‍
കാര്‍ഷിക സംസ്കാരത്തെ
മനസ്സാ പൂജിക്കുവോര്‍!
കിണറിൽ ജലം വറ്റും,
മാറിടുമൃതുക്കളും,
വായുവിൻ നിലമാറും,
നശിക്കും നാടും, നാട്ടു
വഴക്കങ്ങളും മാറും !
കോമ്പല്ലിൽ ചിരിതേച്ചു
ഡ്രാക്കുള മൊഴിയുന്നൂ
നിങ്ങളൊക്കെയും തെറ്റി-
ദ്ധാരണപുലര്‍ത്തുവോര്‍ !
വികസന നിനവുകള്‍
പുതുക്കാത്തവര്‍, എന്നും
പഴമ മാത്രം സ്വന്തം
ചിന്തയാൽ ലാളിക്കുവോര്‍!
ഈ വയൽ നികത്തി
ഞാൻ പടുക്കും കൃഷിയിടം,
അവിടെ വിതയ്ക്കുന്ന
രക്ഷസ്സുവിത്തിൽനിന്ന്
ഈരിലത്തൊഴുകൈയോ-
ടുണരുന്നതീ നാടിൻ
രുധിര സംസ്കാരങ്ങള്‍,
നാടിന്റെ പരം പുണ്യം !
എന്തിനു തടയണം?,
കൂടുവിൻ കൂടെ, നമു-
ക്കിവിടെ ഹ്ലാദത്തിന്റെ
നാകങ്ങള്‍ പണിതിടാം !
ഡ്രാക്കളയ്ക്കൊപ്പം ഞങ്ങള്‍
പാനോപചാരം ചെയ്തു
വെക്കുന്ന ചുവടുകള്‍
നൃത്തമായ്ത്തീരുന്നേരം,
കാണുന്നു, നാട്ടിൻ നാനാ-
മൂലയിൽനിന്നും കണ്ണു-
പൊത്തിയങ്ങോടുന്നല്ലോ
പിതൃക്കള്‍, പ്രേതാത്മാക്കള്‍ !
*കൊട്ടുവണ്ടി – ടിപ്പര്‍ലോറി