കഥാവിചാരം-12 : ‘വള്ളിമുല്ല ‘ ( മജീദ് സെയ്ദ് )

ചില ജീവിതങ്ങൾ കഥയിലൂടെ നാം വായിച്ചറിയുകയും അനുഭവിച്ചു തീർക്കുകയുമാണ്. തികച്ചും അപരിചിതരായ ചില മനുഷ്യരുടെ ലോകവും അവരുടെ ജീവിതവും സംസ്കാരവും ഇല്ലായ്മകളും വല്ലായ്മകളും നിലവിളികളും നമുക്കൊപ്പം ചേരുമ്പോൾ ചില സമസ്യകൾ പൂരിപ്പിക്കാനാവാതെ മനസ്സിലവശേഷിക്കും . അത്തരത്തിലുള്ള ഒരു കഥയാണ് ശ്രീ.മജീദ് സെയ്ദിന്റെ “വള്ളിമുല്ല”.

‘പെഴച്ചവൾ’!

” തള്ള തല്ലും തെറിയും തുടങ്ങി. കൊച്ചിന്റെ തന്ത ആരാണെന്ന് ചോദിച്ചായിരുന്ന്‌ അവരുടെ മേളാങ്കം. സത്യം പറഞ്ഞാൽ എനിക്കും അത് അറിയാന്മേലായിരുന്ന്. “

” ദിവ്യഗർഭമൊണ്ടാകാൻ നീയെന്നാ കന്യാമേരിയാണോന്ന് ചോദിച്ച് പൂഴിമണ്ണിലിട്ടെന്നെ ചവിട്ടിയരച്ചു. പിഴച്ചവളല്ലേ തല്ലുകൊണ്ട് ചാവട്ടെന്ന് വിചാരിച്ച് കാഴ്ച കണ്ടു നിന്നതല്ലാതെ ഒറ്റ ഒരുത്തനും തടസ്സം പിടിക്കാൻ മുന്നോട്ടു വന്നില്ല.”

” മൂക്കിന്നും വായിന്നും ചോര ചാടി ബോധം പോണവരെ തള്ള തല്ലി. ഒടുക്കം “നിന്റെ നിഴലുപോലും എന്റെ മുറ്റത്ത് വീഴരുതെ”ന്ന് പറഞ്ഞ് ആശുപത്രി മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട അവൾ പറയനിത്താപ്പിരി നീട്ടിയ കൈയും പിടിച്ച് അയാളുടെ കൂരയിലേക്ക് പോയി.

“അയാൾ വലിച്ചെറിഞ്ഞ കഞ്ചാവ് കുറ്റിയില് പയ്യ പയ്യെ ഞാൻ എന്നെ മറന്നു തുടങ്ങി”.

പറയനിത്താപ്പിരി…
കൊച്ചുനാൾ മുതലേ പരസ്പരം തൊട്ടുള്ള നടപ്പാണ് അച്ഛനും അയാളും.
അച്ഛന്റെ കൊലപാതകം കണ്ട് വട്ടായതാണ്.
ചിലപ്പോൾ അയാൾ വട്ട് മൂത്തോടും…
കൊല്ലത്തിൽ മൂന്നുമാസം പ്രാന്ത് മൂക്കുന്ന അയാൾ വെട്ടുകത്തി വീശി എല്ലാവരെയും വെട്ടാനോടിക്കും.
പച്ചത്തെറി വിളിച്ചു പറയും..
പക്ഷേ അവൾക്ക് അയാളെ പേടിയില്ല.

” നശിച്ചവര് ചത്താ നശിപ്പിച്ചവന്റെ മേൽ ആര് നീതി നടത്തുമെന്ന്” ചോദിച്ചത് ഭ്രാന്തൻ ഇത്താപ്പിരിയാണല്ലോ?

പതിനാലാം വയസ്സിൽ ഒരു കുഞ്ഞിനെ പെറ്റു എങ്കിലും ‘പിഴച്ചവൾ’ എന്ന വിളി അവൾക്ക് സഹിക്കാൻ പാടില്ല. നിരാകരിക്കപ്പെടലിന്റേയും ഒറ്റപ്പെടുത്തലിന്റേയും ഒച്ചയനക്കങ്ങൾക്കിടയിലും ‘നിലാവിനെയും മുല്ലപ്പൂക്കളുടെ മാദക ഗന്ധത്തെയും ഉള്ളിലടച്ചിട്ട് ‘ ജീവിതത്തിന്റെ വന്യമായ ലഹരിയാസ്വദിക്കുന്ന ഈ കഥാപാത്രം വായനക്കാരനെ വൈയക്തികവും സാമൂഹികവുമായ തലത്തിൽ ചിന്തിപ്പിക്കുന്നു. എങ്ങനെയാണ് ഈ വിശേഷണം അവർക്ക് ചാർത്തപ്പെട്ടത് എന്നുള്ള ചിന്ത നമ്മുടെ ആത്മാവിനെ എരിക്കുന്നു. വഴിപിഴക്കപ്പെടൽ എന്നത് അവൾക്കെങ്ങനെ ഒരു സാമാന്യചിന്ത മാത്രമാകുന്നു???

” മഴ കുത്തിപ്പൊളിക്കുന്ന കർക്കടകത്തിലാണ് ഞങ്ങടച്ഛന്റെ ആണ്ട് ദെവസം. മഞ്ഞപ്പിത്തമടിച്ച കൊല്ലം എന്നെ വീട്ടിലാക്കി അനുരാധേനേയും കൂട്ടി തള്ള പോയി. പിന്നെ രാത്രിയിലെ സ്റ്റേജ് പരിപാടിയും കഴിഞ്ഞെ വീട്ടിലെത്താറൊള്ള്. അന്ന് സന്ധ്യ കഴിഞ്ഞപ്പോൾ എനിക്കുള്ള മരുന്നും കൊണ്ട് അമ്മാവൻ വീട്ടിലേക്ക് വന്നു. തിളപ്പിച്ചാറ്റിയ മരുന്ന് എന്നെക്കൊണ്ട് വലിച്ചു കുടിപ്പിച്ചിട്ട് അയാൾ പരിപാടി സ്ഥലത്തേക്ക് പോയി. എന്നെ കഞ്ചാവടി പഠിപ്പിച്ചത് പറയനിത്താപ്പിരിയാന്നാ എല്ലാരുടെയും വിചാരം. എന്നാൽ അങ്ങനെയല്ല. അയാൾ തരുന്നതിനു മുൻപ് കഞ്ചാവിന്റെ സൊഖം ഞാൻ അറിഞ്ഞിട്ടുണ്ട്. അന്ന് വലിക്കുവല്ലാരുന്ന്.. തെളപ്പിച്ച് കുടിക്കുവാരുന്ന്…. “.

തന്റെ ജീവിതം സാബുമോൻ എന്ന കഥാപാത്രത്തോടാണവൾ വിവരിക്കുന്നത് . കഥാപാത്രത്തോടൊപ്പം പല നീർച്ചുഴികളിലും പെട്ട് വായനക്കാരനും കറങ്ങി നിവരുന്നു.

‘വള്ളിമുല്ല’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് അനുജത്തി അനുരാധയുമായി പ്രണയത്തിലാണെന്ന് പറഞ്ഞെത്തിയ സാബുമോൻ എന്ന കഥാപാത്രം ഒന്നര കൊല്ലത്തെ ഓൺലൈൻ പ്രേമം തകർന്ന വിഷമത്തിൽ അവരുടെ കല്യാണം മുടക്കണമെന്ന ഉദ്ദേശവുമായി ഇറയത്ത് തൂങ്ങാൻ വന്നതാണ്. അന്ധയായ അവളുടെ ഫോട്ടോ വച്ച് പറ്റിക്കപ്പെട്ടതാണെന്ന് പിന്നീട് അയാൾക്ക്‌ പിടികിട്ടി. ‘ആധുനികപ്രേമി’കളുടെ പ്രതിനിധിയാണ് സാബുമോൻ.

പ്രണയഭംഗങ്ങളുടെ പരിസമാപ്തി വിചിത്രങ്ങളാകുന്ന പുതിയ യുഗത്തിന്റെ വക്താവാണ് സാബുമോൻ എന്ന കഥാപാത്രം. ആസിഡ് ഒഴിക്കുക,മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക , വെട്ടിനുറുക്കുക തുടങ്ങിയ ട്രെൻഡ് മാറ്റി അവരുടെ വീട്ടിൽ തന്നെ തൂങ്ങാൻ 140 കിലോമീറ്റർ ബൈക്ക് ഓടിച്ചു വന്ന കഥാപാത്രം !

മജീദ് സെയ്ദ്

പക്ഷേ അനുരാധ അന്ധയാണെന്നും ജനിച്ചിട്ട് ഇന്നേവരെ മൊബൈല് കൈകൊണ്ട് തൊട്ടിട്ടില്ലെന്നും, വേണു എന്ന അയൽക്കാരന്റെ മകൻ അനുരാധയുടെ fake ID വെച്ച് അയാളെ പറ്റിക്കുകയായിരുന്നു എന്നും സാബുമോന് മനസ്സിലാവുന്നു. സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ ഇക്കാലത്തു നിത്യ സംഭവമാകുമ്പോൾ സമകാലികതയെ അടയാളപ്പെടുത്തൽ കൂടിയാകുന്നു ഇത്.

‘ തള്ളയുടെ വായീന്ന് പെഴയെന്ന് കേട്ട് ദേഷ്യത്തിൽ ‘സഖാവനന്തൻ സ്മാരക’ വായനശാലയുടെ ടെറസിലിരുന്ന് കഞ്ചാവ് ഞെരിടുമ്പോൾ ഞങ്ങടെ പെരപ്പുറത്ത് വള്ളിമുല്ല പൂവിടുന്നത് ഞാൻ കണ്ടു. വള്ളിമുല്ലയെന്നു വെച്ചാൽ എന്റെ അനിയത്തിപ്പെണ്ണിന് പ്രാന്താണ്. വീടിന്റെ നാലു മൂലയ്ക്കും അവളത് നട്ടുവച്ചിട്ടുണ്ട്”.

“പൂത്തുലഞ്ഞ വള്ളിമുല്ലക്കാട് പോലെ ആകാശവും തിളങ്ങുന്നുണ്ട്. തലയ്ക്കുചുറ്റും തെരുതെരെ വട്ടത്തിൽ ഊതിപ്പറത്തിയ പുകവളയങ്ങളെ മുല്ലപ്പൂക്കളായി സങ്കൽപ്പിച്ചുകൊണ്ട് അവൾ ടെറസിലേക്ക് മലർന്നു കിടക്കും. ” ലഹരി മൂത്ത അവളുടെ ചിന്തകളിൽ വസന്തം നിറഞ്ഞു നിന്നത് മനോഹരമായി കഥകൃത്ത് അവതരിപ്പിക്കുന്നു.

കഞ്ചാവടിക്കുകയും മദ്യം കഴിക്കുകയും പുകവലിക്കുകയും ചെയ്യുമ്പോഴും ബദലുകളില്ലാത്ത മനുഷ്യസ്നേഹവും കാരുണ്യവും ഈ കഥാപാത്രത്തിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ.

പച്ചക്കാന്താരിയരച്ച ചക്കപ്പുഴുക്കിന്റെ മേലേക്ക് മീൻചാർ കമഴ്ത്തുമ്പോൾ സാബുമോന്റെ വിചാരം ഉണ്ടായി. രണ്ടുപേരും കൂടി തൂങ്ങാനിട്ടിരുന്ന കയറിന്റെ കീഴിരുന്നാണ് കഴിച്ചത്. പിന്നീട് അവർ തന്റെ കഥകൾ പറഞ്ഞതെല്ലാം അവനോടായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ വീട് തല്ലിപ്പൊളിച്ച കേസിൽ തള്ളയെ സ്റ്റേഷനിൽ നിന്നിറക്കാൻ പോയതും അവനോടൊപ്പം തന്നെ.

“സന്തോഷായിട്ട് ജീവിക്കാൻ ആർക്കുമാരുടെയും കൂട്ടൊന്നും വേണ്ട, കൊറച്ചോർമകൾ മതി”യെന്നു പറയാതെ വെട്ടുകത്തിയും വീശി പറയനിത്താപ്പിരിയെപ്പോലെ അവന്റെ പിന്നാലെ അവൾ ഓടിയതെന്തിന്???

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ നിരന്തരമായ അപമാനങ്ങൾ അവളെ എങ്ങിനെ സമരോത്സുകയും തന്റേടിയുമാക്കി മാറ്റിയെന്നത് വായനക്കാരന്റെ ചിന്തകൾക്ക് വിട്ട് അവരെ സ്വാതന്ത്രയാക്കി വായനക്കാരന് വിട്ടുകൊടുത്താണ് കഥാകൃത്ത് നിവരുന്നത്. കെ. ഷെരീഫിന്റെ അനുയോജ്യമായ ചിത്രീകരണം കഥയെ സമ്പുഷ്ടമാക്കി. ‘വള്ളിമുല്ല ‘ പ്രസിദ്ധീകരിച്ചിരിക്കുന്നത് ജൂൺ പതിനെട്ടിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.