അകം പെയ്യുമ്പോൾ
ഓർമ്മതൻ ബലിക്കല്ലിൽ
ഇറ്റു വീണു പൊള്ളിയ
വറ്റുകൾകൊണ്ട് ശ്രാദ്ധമൂട്ടുന്നു
കനൽപകലുകൾ.
കുളിച്ചീറനായി നിന്നെന്റെ
ചുവന്ന ചെത്തികൾ
വിറയാർന്നു പിടയുന്നു
തൂശനിലാഗ്രങ്ങളിൽ
കരിന്തേളു കുത്തിയ
കടച്ചിൽ കണക്കെ
ഒമ്പതാണ്ടിന്റെ
ഗ്രഹണയിരുട്ടിൽ വെട്ടം
മറഞ്ഞ കെട്ട നാൾവഴികൾ.
അച്ഛനെരിഞ്ഞൊരാ
തിരുവാതിരനാളിൽ
കടലുകൾ കവർന്നെന്റെ ഉപ്പു
തീരങ്ങൾ കരൾ ഭുജിക്കുന്നു.
ഇല്ല… പടികടന്നൊരനക്കം
മറഞ്ഞുപോയി മുണ്ടിൻ
തലപ്പിൽ കെട്ടിൽ മറന്ന
കപ്പലണ്ടി മിഠായി
ബാക്കികൾ.
ഇല്ല …അതിരാവിലെ
നീട്ടിയൊരു വിളി
ഒപ്പമിരുന്ന പത്രവായന,
ശാസനയില്ലാ
ഒരൊറ്റ നോട്ടത്തിൻ
അന്തരാർത്ഥങ്ങൾ പൂവിടും
പ്രഭാതങ്ങളുമില്ല….
ഇസ്തിരിയിടാൻ വെളുത്ത
ഖദർ മുണ്ടിൽ കഞ്ഞി
പിഴിഞ്ഞു പിന്നിയ നാളുകൾ.
ഇല്ല,പറമ്പിലെ
ചക്കക്കണക്കുകൾ,
ഇല്ല തൊടിയിൽ ജാതിയും
കവുങ്ങും,
പേരറിയാചെടികളും
ഇല്ല ,ഇടവപ്പാതിയും മഴയും
പരൽ മീനു
മില്ലാ എടയാർ മഠ
പാടവരമ്പും
നെൽക്കതിരോർമ്മയും.
ഇല്ല ,മാസാന്ത്യം കാലിയായ
ശമ്പളക്കണക്കും,
ഇല്ല,റേഷൻ കടയിലെ കടം
പറച്ചിലിൻ ജാള്യത.
ഇല്ല ,പറ്റുപ്പടി കണക്കിൻ
താളുകളിൽ ചേർത്തെഴുതും
സ്നേഹസായാഹ്ന ങ്ങൾ,
നീർവാർച്ചയില്ലാതെ
യുള്ളിൽ പിടയുമെന്റെ
ചവർപ്പൂറിക്കൂടിയ
കണ്ണുനീരിൻ പൊള്ളലിന്
തീവ്രമാം കറുത്ത രാത്രികൾ
മാത്രമാവുന്നു.
ഇല്ല അച്ഛൻ മരിച്ച മണ്ണിന്റെ
ഉടമസ്ഥാവകാശങ്ങൾ, ഇല്ല
ജീവിത നികുതി
കേവുഭാരങ്ങൾ.
ഇല്ല…കുത്തി
യൊഴുകിയെത്തിയ വരാറിൽ
നാട്ടിടവഴികളിലൊഴുകിയ
കുഞ്ഞു പുഴകൾ…..
ഇല്ല,കുടമ്പുളിയിട്ട
മീൻരുചികൾ,
അമ്മതൻ തേങ്ങൽ
താരാട്ടുമില്ല.
ഇല്ല നടവഴിയിൽ
കാത്തിരിക്കും
കുറിഞ്ഞിപൂച്ചയും,
ഇല്ല വാക്കുകൾ
മുറിഞ്ഞ കവിതയിൽ
ചൊല്ലാൻ
പതിരായ പാഴ്ജൻ
മാക്ഷരങ്ങൾ….
നെഞ്ചിലൊരു മഹാച്ചുഴി
കറങ്ങുന്നു
സമുദ്രനീലയാഴങ്ങളിൽ
ഞാനൊറ്റയാകുന്നു ……